സഹകരണ നിയമത്തിൽ പുതിയ ഭേദഗതി അണിയറയിൽ.ഈ നിയമസഭാ സമ്മേളനത്തിൽ ബിൽ പാസാക്കും.
സഹകരണ നിയമത്തിൽ പുതിയ ഭേദഗതിക്കു വകുപ്പ് തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അണിയറയിൽ ദ്രുതഗതിയിൽ നടക്കുകയാണ്. ഈ നിയമസഭാ സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിച്ച് പാസ്സാക്കാൻ ആണ് ഉദ്ദേശിക്കുന്നത്. റിസർവ് ബാങ്ക് പുതിയ ഒട്ടേറെ നിബന്ധനങ്ങൾ കൊണ്ടുവന്ന സാഹചര്യത്തിലാണ് തിരക്കിട്ട് നിയമനിർമാണം നടത്തുന്നത്. സഹകരണമേഖലയെ കൈപ്പിടിയിൽ ആക്കാൻ റിസർവ് ബാങ്കും കേന്ദ്ര സർക്കാരും ശ്രമിക്കുന്നുവെന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിൽ ആണ് സർക്കാർ സഹകരണ നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നത്. നേരത്തെ സർവകക്ഷിയോഗം വിളിക്കുമെന്ന് വകുപ്പ് മന്ത്രി പറഞ്ഞിരുന്നു എന്നാൽ കൂടുതൽ ആലോചനകൾക്ക് ശേഷം ആണ് നിയമനിർമാണം മതിയെന്ന തീരുമാനത്തിലെത്തിയത്. നിയമഭേദഗതിയിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ നിർബന്ധിതമായി ലയിപ്പിക്കാൻ രജിസ്ട്രാർക്ക് അനുവാദം നൽകുന്ന രീതിയിൽ നിയമത്തിൽ മാറ്റം കൊണ്ടുവരും എന്ന് അറിയുന്നു.
റിസർവ് ബാങ്കിന്റെ അനുമതിയോടെ മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിക്കുന്നതിനായി നിർബന്ധിത വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതി സഹകരണ നിയമത്തിൽ ഉണ്ടാകും എന്നാണ് അറിയുന്നത്. സഹകരണ സംഘം രജിസ്ട്രാർക്ക് ഒരു പ്രത്യേക ഉത്തരവിലൂടെ ലയനം നടത്താൻ അധികാരം നൽകുന്ന രീതിയിലാണ് സഹകരണ നിയമത്തിൽ ഭേദഗതി വരുത്തുന്നത്. ഓഹരി ഉടമകളായ സഹകരണ സംഘങ്ങൾക്കു അവരുടെ പണം പിൻവലിക്കാൻ നിയമത്തിലെ വ്യവസ്ഥയുണ്ടാകും.
കേരളബാങ്ക് രൂപീകരണത്തിനായി സഹകരണ വായ്പാ ഘടന രണ്ടു തട്ടിലേക്ക് മാറ്റി കൊണ്ട് നേരത്തെ സഹകരണ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നിരുന്നു.ഭേദഗതി പ്രകാരം 2022 ജനുവരി പകുതി വരെയാണ് മലപ്പുറം ജില്ലാ ബാങ്കിനു പ്രവർത്തനാനുമതി ഉള്ളത്. ഇതിനു മുൻപായി റിസർവ് ബാങ്ക് അനുമതിയോടെ പ്രത്യേക ഉത്തരവിറക്കി മലപ്പുറം ജില്ലാ ബാങ്കിനെയും കേരള ബാങ്കിന്റെ ഭാഗമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. ഈ സർക്കാരിന്റെ കാലഘട്ടത്തിലെ അവസാന നിയമസഭാസമ്മേളനം ആയതിനാലാണ് ഇതിനായി പുതിയ ബിൽ പാസാക്കുന്നത്.