സമീപകാലത്ത് സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് പുറത്തു വന്ന തട്ടിപ്പുകള്‍ക്ക്
പിന്നാലെ സഹകരണ നിയമത്തില്‍ ഭേദഗതിക്ക് ഒരുങ്ങുകയാണ് സര്‍ക്കാര്‍. രണ്ട് മാസത്തിനുള്ളില്‍ നിയമഭേദഗതിയുടെ കരട് തയ്യാറാക്കാന്‍ സഹകരണ നിയമപരിഷ്‌കാര സമിതിക്ക് നിര്‍ദേശം നല്‍കി. സഹകരണ രജിസ്ട്രാറുടെ മേല്‍നോട്ടത്തില്‍ മുഴുവന്‍ സഹകരണ ബാങ്കുകളിലും പരിശോധന നടത്തുന്നതിനു പിന്നാലെയാണ് നിയമഭേദഗതിക്കുള്ള നീക്കം.
സഹകരണ വിജിലന്‍സ് സംഘത്തിന് സംഘങ്ങളില്‍ നേരിട്ട് പരിശോധന നടത്തുന്നതിനും ക്രമക്കേട് കണ്ടെത്തിയാല്‍ ക്രിമിനല്‍ നടപടി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനും അധികാരം നല്‍കും.
ഇതിനായി സഹകരണ നിയമത്തിലും സി.ആര്‍.പി.സി.യിലും ആവശ്യമായ ഭേദഗതി വരുത്തും.ക്രിമിനല്‍ സ്വഭാവമുള്ള സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ലോക്കല്‍ പൊലീസിന് കേസെടുക്കാം.സാമ്പത്തിക ക്രമക്കേടുകള്‍, പണാപഹരണം, വായ്പ്പത്തട്ടിപ്പ്, സ്വര്‍ണപ്പണയത്തട്ടിപ്പ് എന്നിവയിലെല്ലാം
ഉടനടി ക്രിമിനല്‍ കേസെടുക്കും. ഇതിനായി സഹകരണ സംഘം നിയമത്തിലെ 65, 66 വകുപ്പുകള്‍ ഭേദഗതി ചെയ്യും.
നിലവിലെ ഓഡിറ്റ് സംവിധാനം പൂര്‍ണമായും സ്വതന്ത്രമാക്കും. ഓഡിറ്റ് ആന്റ് അക്കൗണ്ടന്റ് സര്‍വീസില്‍ നിന്ന് ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഓഡിറ്റ് ഡയരക്ടറാക്കും. 250 കോടി രൂപയ്ക്കുമേല്‍
പ്രവര്‍ത്തന മൂലധനമോ ബിസിനസോ ഉള്ള സഹകരണ സ്ഥാപനങ്ങളെ ഒരു ഗ്രൂപ്പാക്കി മൂന്ന് ഓഡിറ്റര്‍മാരുടെ ടീം രൂപീകരിച്ച് പരിശോധനച്ചുമതല നല്‍കും. മേല്‍നോട്ടം ജില്ലാതല ജോയിന്റ് ഡയരക്ടര്‍മാര്‍ക്ക് നല്‍കും.ടീം ഓഡിറ്റിലൂടെ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്താനാകുമെന്നാണ് വിലയിരുത്തല്‍. ഇതിനായി നിയമം ഭേദഗതി
ചെയ്യും.
സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ മാനദണ്ഡവും പരിഷ്‌കരിക്കും. ജോലി ക്രമീകരണം റദ്ദാക്കി അതത് സ്ഥലങ്ങളിലേക്ക് തിരിച്ചയക്കും. ഒരു തസ്തികയില്‍ ദീര്‍ഘകാലം ജോലി ചെയ്യുന്നതും ഒഴിവാക്കും.സ്റ്റാഫ് പാറ്റേണ്‍ പുന:ക്രമീകരിച്ച് വകുപ്പിനെ അടിമുടി പരിഷ്‌കരിക്കാനാണ് ആലോചന.