സഹകരണ ജീവനക്കാര്‍ക്ക് ജനനത്തീയതി തിരുത്താന്‍ അവസരം നല്‍കി ചട്ടം ഭേദഗതി

Deepthi Vipin lal

സര്‍വീസ് ബുക്കില്‍ ജനനത്തീയതി തിരുത്തുന്നതിനുള്ള വ്യവസ്ഥയില്‍ ഇളവുനല്‍കി സഹകരണച്ചട്ടം ഭേദഗതി ചെയ്തു. ഒരാള്‍ സര്‍വീസില്‍ പ്രവേശിച്ച് അഞ്ചുവര്‍ഷത്തിനുള്ളില്‍ മാത്രമെ ജനനത്തീയതി തിരുത്താനാകൂവെന്നതായിരുന്നു നിലവിലുള്ള ചട്ടം. ഈ പരിധി കഴിഞ്ഞവര്‍ക്ക് തിരുത്താന്‍ അവസരമില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. ഇത് പരിഹരിക്കാന്‍ നിലവില്‍ സര്‍വീസിലുള്ളവര്‍ക്ക് സര്‍വീസ് ബുക്കിലെ ജനനത്തീയതി തിരുത്താന്‍ ഒരു വര്‍ഷം പ്രത്യേക അവസരം നല്‍കി സഹകരണച്ചട്ടം ഭേദഗതി ചെയ്തു. വിരമിക്കാന്‍ രണ്ടു വര്‍ഷം ബാക്കിയുള്ളവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ സര്‍വീസ് ബുക്കില്‍ തിരുത്തലിന് അപേക്ഷ നല്‍കാനാകൂവെന്ന വ്യവസ്ഥയോടെയാണ് ഭേദഗതി കൊണ്ടുവന്നത്.

ജോലിയില്‍ പ്രവേശിച്ച് അഞ്ചു വര്‍ഷം കഴിഞ്ഞവര്‍ക്ക് ജനനത്തീയതി തിരുത്താന്‍ ഒരു വര്‍ഷം അധികമായി അനുവദിക്കും. ചട്ടം ഭേദഗതി വിജ്ഞാപനം വന്ന 2021 ഏപ്രില്‍ 17 മുതല്‍ ഒരു വര്‍ഷമായിരിക്കും ഇതിനുള്ള അവസരം. അപ്പക്‌സ്-ഫെഡറല്‍ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് സഹകരണ സംഘം രജിസ്ട്രാറുടെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ തിരുത്തല്‍ വരുത്താനാകൂ. ഒരു ജില്ലയ്ക്കുള്ളില്‍ പ്രവര്‍ത്തന പരിധിയുള്ള സംഘങ്ങളിലെ ജീവനക്കാരുടെ സര്‍വീസ് ബുക്കിലെ ജനനത്തീയതി തിരുത്തലിന് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ആണ് മുന്‍കൂര്‍ അനുമതി നല്‍കേണ്ടത്.

സഹകരണച്ചട്ടത്തിലെ 197-ാം ചട്ടത്തിലാണ് സര്‍വീസ് ബുക്ക് സംബന്ധിച്ചുള്ള കാര്യം വിശദീകരിക്കുന്നത്. ഈ ചട്ടത്തിലാണ് ഭേദഗതി കൊണ്ടുവന്നത്. ജോലിയില്‍ പ്രവേശിക്കുന്ന ഓരോ വ്യക്തിയുടെയും സര്‍വീസ് ബുക്ക് പ്രത്യേകം നിര്‍ദേശിക്കുന്ന രീതിയില്‍ സഹകരണ സംഘം തയാറാക്കി സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ. ജീവനക്കാരന്റെ ജനനത്തീയതി, യോഗ്യത, നിയമനത്തീയതി, വിരമിക്കല്‍ തീയതി എന്നിവയെല്ലാം സര്‍വീസ് ബുക്കില്‍ വ്യക്തമാക്കണം.

എസ്.എസ്.എല്‍.സി. ബുക്കില്‍ രേഖപ്പെടുത്തിയ ജനനത്തീയതിയാണ് ജീവനക്കാരുടെ സര്‍വീസ് ബുക്കിലും ഉണ്ടാവുക. ഇത് തെറ്റായ ജനനത്തീയതിയാണെങ്കില്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ ഔദ്യോഗികമായി തിരുത്തല്‍ വരുത്താറുണ്ട്. എന്നാല്‍, ഈ തിരുത്തല്‍ സര്‍വീസ് ബുക്കില്‍ വരുത്തണമെങ്കില്‍ സഹകരണ സംഘത്തില്‍ ജോലിയില്‍ പ്രവേശിച്ച് അഞ്ചു വര്‍ഷത്തിനുള്ളിലായിരിക്കണമെന്നാണ് വ്യവസ്ഥ. ഇതു കാരണം പല ജീവനക്കാര്‍ക്കും സര്‍വീസ് ബുക്കിലെ തെറ്റായ ജനനത്തീയതി തിരുത്താനാകുന്നില്ലെന്നായിരുന്നു പരാതി. ജനനത്തീയതിയിലെ തെറ്റു കാരണം നേരത്തെ വിരമിക്കേണ്ടിവരുന്നുവെന്നതാണ് ജീവനക്കാരുടെ പ്രശ്നം.

Leave a Reply

Your email address will not be published. Required fields are marked *

Latest News