സഹകരണ ജീവനക്കാരെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി പി. നന്ദകുമാർ.

adminmoonam

സർക്കാരിന് പ്രത്യേക ബാധ്യതയൊന്നും വരാത്ത മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിൽ സഹകരണ ജീവനക്കാരെ കൂടി ഉൾപ്പെടുത്തണമെന്ന് സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി പി. നന്ദകുമാർ ആവശ്യപ്പെട്ടു. ഈ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് യൂണിയനുകളുമായി ചർച്ചയ്ക്ക് സർക്കാർ തയ്യാറാകണം. സഹകരണ മേഖല ജനകീയമാക്കുന്നതിനും വിപുലമാക്കുന്നതിനും നല്ല ഇടപെടലുകളാണ് എൽ.ഡി.എഫ് സർക്കാർ നടത്തുന്നത്. ഈ സർക്കാരിന്റെ പല നിലപാടുകളും സഹകരണ മേഖലയ്ക്ക് ഗുണം ചെയ്തതായും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ലാസ് ഫോർ ജീവനക്കാരുടെ പ്രൊമോഷൻ നിഷേധിക്കുന്ന1:4 നിയമം ഭേദഗതി ചെയ്യുക, കമ്മീഷൻ ജീവനക്കാരുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുക, ശമ്പള പരിഷ്കരണ നടപടികൾ വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എം.വഹീദ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗം പി.എസ്. മധുസൂദനൻ, സംഘടനാ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.ജാനകി, സംസ്ഥാന സെക്രട്ടറി എസ്. ടി.ജയ്സൺ എന്നിവർ ആശംസകൾ അർപ്പിച്ചു.

പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച മാർച്ചിൽ മൂവായിരത്തോളം അംഗങ്ങൾ പങ്കെടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി വി.എ.രമേശ് സ്വാഗതവും തിരുവന്തപുരം ജില്ലാ പ്രസിഡണ്ട് ബി. അനിൽകുമാർ നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News