സഹകരണ എക്‌സ്‌പോ: സംഘങ്ങളില്‍നിന്നു രണ്ടരക്കോടി രൂപ സമാഹരിക്കാന്‍ നിര്‍ദേശം

moonamvazhi

കേരളസര്‍ക്കാരിന്റെ മൂന്നാം നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി 2023 ഏപ്രില്‍ 22 മുതല്‍ 30 വരെ എറണാകുളത്തു സംഘടിപ്പിക്കുന്ന സഹകരണ എക്‌സ്‌പോയുടെ നടത്തിപ്പിലേക്കായി സഹകരണസംഘങ്ങളില്‍നിന്നു രണ്ടരക്കോടി രൂപ സംഭാവനയായി സ്വരൂപിക്കാന്‍ സഹകരണസംഘം രജിസ്ട്രാര്‍ നിര്‍ദേശിച്ചു. ഇതിനായി ഓരോ ജില്ലയില്‍നിന്നും സമാഹരിക്കേണ്ട തുക നിശ്ചയിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയില്‍നിന്നാണ് ഏറ്റവും കൂടുതല്‍ തുക ( 28 ലക്ഷം രൂപ ) സ്വരൂപിക്കേണ്ടത്. തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍നിന്നായി 25 ലക്ഷം രൂപ വീതം സമാഹരിക്കണം. പാലക്കാട്ടുനിന്നു 24 ലക്ഷം രൂപയും കൊല്ലം ജില്ലയില്‍നിന്നു 22 ലക്ഷം രൂപയുമാണു സമാഹരിക്കേണ്ടത്. മറ്റു ജില്ലകളില്‍നിന്നു സ്വരൂപിക്കേണ്ട തുക ഇപ്രകാരമാണ് :  പത്തനംതിട്ട ( 9 ലക്ഷം രൂപ ), ആലപ്പുഴ ( 12 ലക്ഷം ), കോട്ടയം ( 18 ലക്ഷം ), ഇടുക്കി ( 7 ലക്ഷം ), മലപ്പുറം ( 19 ലക്ഷം ), വയനാട് ( 5 ലക്ഷം ), കാസര്‍ഗോഡ് ( 6 ലക്ഷം ). അതതു ജില്ലയില്‍ ഹെഡ്ഓഫീസുള്ള അപെക്‌സ്, ഫെഡറല്‍ ഉള്‍പ്പെടെയുള്ള എല്ലാ സഹകരണസംഘങ്ങളില്‍നിന്നും സംഭാവന പിരിക്കാന്‍ നിര്‍ദേശമുണ്ട്. കേരള ബാങ്ക്, മാര്‍ക്കറ്റ്‌ഫെഡ് ഉള്‍പ്പെടെയുള്ള അപെക്‌സ് സ്ഥാപനങ്ങള്‍, ഹോസ്പിറ്റല്‍ സൊസൈറ്റികള്‍ എന്നിവയില്‍നിന്നു അവയുടെ സാമ്പത്തികസ്ഥിതിക്കനുസരിച്ചു തുക സമാഹരിക്കാനാണു നിര്‍ദേശം.

ഒമ്പതു ദിവസത്തെ എക്‌സ്‌പോയില്‍ സഹകരണമേഖലയിലെ എല്ലാ പ്രാഥമികസംഘങ്ങളുടെയും ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വിപണനം നടത്താനും അവസരമുണ്ടാകും. ഇതിനു പുറമേ അന്തര്‍ദേശീയ-ദേശീയ-സംസ്ഥാനതലങ്ങളില്‍ സഹകരണപ്രസ്ഥാനം കൈവരിച്ചിട്ടുള്ള നേട്ടങ്ങളും ഏറ്റെടുത്ത വെല്ലുവിളികളും നടപ്പാക്കുന്ന ജനപ്രിയ പ്രവര്‍ത്തനങ്ങളും ജനങ്ങളിലെത്തിക്കാനും അവസരമൊരുക്കും. ശീതീകരിച്ച മൂന്നൂറു സ്റ്റാളുകളാണു എക്‌സ്‌പോ പവലിയനില്‍ സജ്ജമാക്കുക. സെമിനാറുകള്‍, ചര്‍ച്ചകള്‍, ബിസിനസ്മീറ്റുകള്‍ എന്നിവ മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News