സഹകരണ എക്‌സ്‌പോയുടെ സ്വാഗതസംഘം ഓഫീസ് തുറന്നു
ഏപ്രില്‍ 18 മുതല്‍ 25 വരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിക്കുന്ന സഹകരണ എക്‌സ്‌പോയുടെ സ്വാഗതസംഘം ഓഫീസ് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. എക്‌സ്‌പോയുടെ ബ്രോഷര്‍ ടി.ജെ. വിനോദ് എം.എല്‍.എ. ക്കു നല്‍കി മന്ത്രി പ്രകാശനം ചെയ്തു. എക്‌സ്‌പോക്കായി തുടങ്ങിയ വെബ്‌സൈറ്റിന്റെ പ്രകാശനവും ഇതോടൊപ്പം നടന്നു.
സഹകരണ മേഖല എത്രമാത്രം ശക്തിപ്പെട്ടുവെന്നും അതു സമാന്തര സാമ്പത്തിക മേഖലയായി പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്നും ബഹുജനങ്ങളെ ബോധ്യപ്പെടുത്തുന്നതാകും സഹകരണ എക്‌സ്‌പോയെന്നു മന്ത്രി വാസവന്‍ അഭിപ്രായപ്പെട്ടു.
മറൈന്‍ ഡ്രൈവിനു സമീപം നാഷണല്‍ ബുക്സ്റ്റാളിലെ ഹാളിലാണു എക്‌സ്‌പോ സ്വാഗതസംഘം ഓഫീസ്. കലാ, സാംസ്‌കാരിക, സാഹിത്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സഹകരണ സംഘങ്ങളുടെ ഇരുനൂറോളം സ്റ്റാളുകള്‍ എക്‌സ്‌പോയിലുണ്ടാകും. സഹകരണ മേഖലയിലെ 340 ഉല്‍പ്പന്നങ്ങള്‍ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും. പ്രൈമറി, അപെക്‌സ്, ഫെഡറല്‍ മേഖലകളിലെ വിവിധ സംഘങ്ങള്‍ക്കു അവയുടെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്താന്‍ എക്‌സ്‌പോയില്‍ അവസരമൊരുക്കും.