സഹകരണ ആശുപത്രികള്‍ മെഡിസെപ്പിന്റെ ഭാഗമാകണമെന്ന നിര്‍ദ്ദേശവുമായി സര്‍ക്കാര്‍
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി നടപ്പാക്കിയ മെഡിസെപ്പ് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഭാഗമാകണമെന്ന് സഹകരണ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം. എംപാനല്‍ ചെയ്യപ്പെട്ട 44 സഹകരണ ആശുപത്രികളില്‍ 19 മാത്രമാണ് ഇതുവരെ പദ്ധതിയില്‍ ചേര്‍ന്നത്. സംസ്ഥാനത്തെ മുഴുവന്‍ സഹകരണ ആശുപത്രികളും പദ്ധതിയുടെ പങ്കാളികളാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി പ്രതിനിധികളുമായി സംസാരിച്ചിരുന്നു.
ഇന്‍ഷൂറന്‍സ് കമ്പനി അനുവദിക്കുന്ന ചികിത്സ ചെലവ് സംബന്ധിച്ചുള്ള തര്‍ക്കമാണ് സഹകരണ ആശുപത്രികളെ പദ്ധതിയില്‍നിന്ന് പിന്തിരിപ്പിക്കുന്നത്. ഒരോ രോഗത്തിനുമുള്ള ചികിത്സയുടെ ചെലവിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇതില്‍ മരുന്നുള്‍പ്പടെ നല്‍കണം. അതിനാല്‍, പാക്കേജിനനുസരിച്ച് ചികിത്സ നല്‍കുമ്പോള്‍ വിലകുറഞ്ഞ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും നല്‍കേണ്ടിവരും. ഇത് സഹകരണ ആശുപത്രികളുടെ ചികിത്സ ഗുണനിലവാരത്തെ ബാധിക്കുമെന്നാണ് ആശുപത്രി പ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്ന ഒരുകാര്യം.
പല സഹകരണ ആശുപത്രികളിലും സ്ഥിരം ഡോക്ടര്‍മാരില്ല. അതിനാല്‍, ഡോക്ടര്‍മാര്‍ക്ക് നല്‍കേണ്ട ഫീസും മറ്റും ഇന്‍ഷൂറന്‍സ് തുക ലഭിക്കുന്നതുവരെ മാറ്റിവെക്കാനാകില്ല. മെഡിസെപ്പിന്റെ ഭാഗമായുള്ള ചികിത്സയ്ക്ക് ഫീസ് നിരക്ക് കുറയ്ക്കാന്‍ ഡോക്ടര്‍മാരും തയ്യാറാകില്ല. ഇതെല്ലാം സഹകരണ ആശുപത്രികള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ്. പദ്ധതിയുമായി നിസ്സഹകരണം പാടില്ലെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാക്കേജിനൊപ്പമുള്ള അധികതുക ആശുപത്രികള്‍ക്ക് ലഭ്യമാക്കുന്നതില്‍ കാലതാമസം ഉണ്ടാകാന്‍ പാടില്ലെന്നും പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നും മുഖ്യമന്ത്രി ചിഫ് സെക്രട്ടറി വി.പി.ജോയിക്ക് നിര്‍ദ്ദേശം നല്‍കി.