സഹകരണ അംഗ സമാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ 4.20 കോടിരൂപ അനുവദിച്ചു

moonamvazhi

സഹകരണ സംഘങ്ങളിലെ രോഗബാധിതരാകുന്ന അംഗങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന അംഗസമാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ 4.20കോടി രൂപ അനുവദിച്ചു. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള മുഴുവന്‍ തുകയും ഒറ്റത്തവണയായി അനുവദിക്കാനാണ് സര്‍ക്കാര്‍ ഉത്തരവിറക്കയിട്ടുള്ളത്. മെയ് 23ന് ചേര്‍ന്ന വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തിന്റെയും സഹകരണ സംഘം രജിസ്ട്രാര്‍ നല്‍കിയ കത്തിന്റെയും അടിസ്ഥാനത്തിലാണ് തീരുമാനം. സബ്‌സിഡിയായാണ് ഈ തുക അനുവദിച്ചിട്ടുള്ളത്.

സഹകരണ സംഘങ്ങളുടെ വിഹിതവും സര്‍ക്കാരിന്റെ സഹായവുമാണ് അംഗസമാശ്വാസ നിധിയില്‍ സഞ്ചിത മൂലധനമായി വരുന്നത്. സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍, സംഘങ്ങള്‍ എന്നിവ അതത് വര്‍ഷത്തെ അറ്റാദായത്തില്‍നിന്ന് പത്ത് ശതമാനത്തില്‍ അധികരിക്കാത്ത തുകയാണ് നിധിയിലേക്ക് നല്‍കുന്നത്. ബജറ്റില്‍ പ്രത്യേകമായി നീക്കിവെക്കുന്ന വിഹിതമാണ് സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കുന്നത്. 2018 ജൂണിലാണ് കേരള സഹകരണ അംഗസമാശ്വാസ നിധി നിലവില്‍ വരുന്നത്. ഇതിനുള്ള നിയമം 2013ലും ചട്ടം 2014ലും തയ്യാറാക്കിയിരുന്നു. എന്നാല്‍, സ്‌കീം തയ്യാറാക്കി പദ്ധതി നടപ്പില്‍വന്നത് 2018 ജൂണിലാണ്.

മൂന്നുഘട്ടമായി ഇതിനകം അംഗസമാശ്വാസ നിധിയില്‍നിന്ന് സഹായം അനുവദിച്ചിട്ടുള്ളത്. 32,525 അപേക്ഷകളാണ് ഇതുവരെ ഈ പദ്ധതിിയില്‍ പരിഗിണിച്ചത്. മൂന്നുഘട്ടങ്ങളിലായി 68.24 കോടിരൂപയാണ് നല്‍കിയത്. അംഗസമാശ്വാസ പദ്ധതി പ്രകാരം പരമാവധി സഹായം 50,000 രൂപയാണ്. മൂന്നാംഘട്ടത്തില്‍ മാത്രം 10,271 അപേക്ഷകളിലായി 21.36 കോടിരൂപയാണ് ധനസഹായമായി അനുവദിച്ചിട്ടുണ്ട്.

ക്യാന്‍സര്‍, വൃക്കരോഗം, ഗുരുതര കരള്‍ രോഗം, വൃക്ക മാറ്റി വയ്ക്കല്‍, കരള്‍ മാറ്റി വയ്ക്കല്‍, ഹൃദയ ശസ്ത്രക്രിയ, എച്ച്‌ഐവി, അപകടത്തില്‍പ്പെട്ട് കിടപ്പിലായവര്‍, മാതാപിതാക്കള്‍ മരിച്ചുപോകുകയും അവര്‍ എടുത്ത വായ്പയ്ക്ക് ബാധ്യതപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ എന്നിവര്‍ക്കാണ് സമാശ്വാസ പദ്ധതിയില്‍ നിന്നും സഹായം അനുവദിക്കുന്നത്. താലൂക്ക് സഹകരണ യൂണിയന്‍ സെക്രട്ടറി വഴിയാണ് അംഗങ്ങള്‍ സമാശ്വാസനിധിയില്‍ നിന്നുളള ധനസഹായത്തിന് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.

Leave a Reply

Your email address will not be published.