സഹകരണ അംഗസമാശ്വാസ നിധി ഉദ്ദേശലക്ഷ്യങ്ങൾ പാളുന്നു – ജോയിന്റ് രജിസ്ട്രാർമാർക്ക് കർശന നിർദ്ദേശം.
കേരള സഹകരണ അംഗസമാശ്വാസ നിധി സർക്കാർ ആവിഷ്കരിച്ച രീതിയിൽ ആകാത്തതിനെ തുടർന്ന്, ജോയിന്റ് രജിസ്ട്രാർമാർക്ക് രജിസ്ട്രാറുടെ താക്കീത്. സമർപ്പിക്കുന്ന അപേക്ഷകൾ പൂർണമായും പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങളും വിധേയമായിരിക്കണമെന്ന് സഹകരണ സംഘം രജിസ്ട്രാർ നിർദേശിച്ചു. കഴിഞ്ഞവർഷം ജൂണിലാണ് സർക്കാർ പദ്ധതി ആവിഷ്കരിച്ചത്. പദ്ധതിയിലെ നിർദ്ദേശങ്ങൾക്കും ഉദ്ദേശലക്ഷ്യങ്ങൾക്കും വിപരീതമായുള്ള അപേക്ഷകൾ ജില്ലാ ജോയിന്റ് രജിസ്ട്രാർമാർ ശുപാർശചെയ്തു പരിഗണനയ്ക്കായി സമർപ്പിക്കുന്നത് ഒഴിവാക്കണമെന്ന കർശനമായ നിർദ്ദേശം രജിസ്ട്രാർ നൽകി. സഹകരണ സ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് ആശ്വാസമാകുന്നതിലേക്കായി സർക്കാർ ആവിഷ്കരിച്ച പദ്ധതി പ്രകാരം സഹായം അനുവദിക്കുന്നതിനായി ജോയിന്റ് രജിസ്ട്രാർമാർ സമർപ്പിക്കുന്ന അപേക്ഷകൾ പൂർണമായും പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങളും വിധേയമായിരിക്കണമെന്ന് രജിസ്ട്രാറുടെ സർക്കുലറിൽ പറയുന്നു. അപ്രകാരം അല്ലാതെയുള്ള അപേക്ഷകൾ ശുപാർശചെയ്ത് സഹകരണ രജിസ്ട്രാർക് സമർപ്പിക്കുന്ന പക്ഷം, ഗുരുതര വീഴ്ചയായി കണക്കാക്കുന്നതും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ തുടർനടപടി സ്വീകരിക്കുന്നതുമാണെന്ന് സഹകരണ സംഘം രജിസ്ട്രാർ ഡോക്ടർ പി.കെ.ജയശ്രീ പറഞ്ഞു.