സഹകരണസംഘം രജിസ്ട്രാര്‍ക്ക് അമിതാധികാരം നല്‍കുന്ന ഭേദഗതിക്കെതിരെ മഹാരാഷ്ട്രയില്‍ പ്രതിഷേധം

moonamvazhi

1960 ലെ മഹാരാഷ്ട്ര സഹകരണസംഘം നിയമം ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍നീക്കത്തില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. സര്‍ക്കാരില്‍നിന്നു വായ്പയോ ഓഹരിയോ സാമ്പത്തികസഹായമോ ലഭിക്കാത്ത സംഘങ്ങളിലും സര്‍ക്കാരിനു നിയന്ത്രണാധികാരം നല്‍കുന്നതാണു പുതിയ ഭേദഗതി. സഹകരണമന്ത്രി അതുല്‍ സാവെയാണു ഭേദഗതിബില്‍ സഭയില്‍ അവതരിപ്പിച്ചത്.

ഏതെങ്കിലും സംഘത്തില്‍ സാമ്പത്തികക്രമക്കേട് കണ്ടെത്തിയാല്‍ ആറു മാസത്തേക്കു സംഘത്തിന്റെ കാര്യങ്ങള്‍ നോക്കാന്‍ സംഘത്തിലെ മൂന്നോ അതില്‍ക്കൂടുതലോ അംഗങ്ങളെ ഉള്‍പ്പെടുത്തിയ സമിതിയേയോ അഡ്മിനിസ്‌ട്രേറ്ററെയോ അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ സമിതിയേയോ നിയമിക്കാന്‍ രജ്‌സ്ട്രാര്‍ക്ക് അധികാരം നല്‍കുന്നതാണു ഭേദഗതി. ഇതിനായി സഹകരണനിയമത്തിലെ 78 എ സെക്ഷനില്‍ ഭേദഗതി വരുത്തും. സര്‍ക്കാരിന്റെ സാമ്പത്തികസഹായമില്ലാത്ത സംഘങ്ങളെയും ഈ വ്യവസ്ഥക്കു കീഴില്‍ കൊണ്ടുവരാനാണു നീക്കം. സര്‍ക്കാര്‍ഓഹരിയോ വായ്പയോ സാമ്പത്തികസഹായമോ ഗാരണ്ടിയോ ഉള്ള സംഘങ്ങളില്‍ മാത്രമേ ഇപ്പോള്‍ രജിസ്ട്രാര്‍ക്ക് ഇടപെടാന്‍ അധികാരമുള്ളു.

ഭേദഗതിയെ എതിര്‍ത്ത പ്രതിപക്ഷകക്ഷികള്‍ ബില്‍ നിയമസഭയുടെ സംയുക്തസമിതിക്കു വിടണമെന്ന് ആവശ്യപ്പെട്ടു. ഭേദഗതിയോടെ രജിസ്ട്രാര്‍ക്കു പരിധിയില്ലാത്ത അധികാരം കിട്ടുമെന്നും ഇതുവഴി പ്രതിപക്ഷകക്ഷികളുടെ കീഴിലുള്ള സഹകരണസംഘങ്ങളെ സര്‍ക്കാര്‍ നിയന്ത്രിക്കുമെന്നുമാണു പ്രതിപക്ഷത്തിന്റെ വിമര്‍ശനം. ഭവനസംഘങ്ങളടക്കം മഹാരാഷ്ട്രയില്‍ 2.25 ലക്ഷത്തിലധികം സഹകരണസംഘങ്ങളുണ്ടെന്നാണു കണക്ക്. മുംബൈയില്‍ മാത്രം 1.25 ലക്ഷത്തോളം സംഘങ്ങളുണ്ട്. ഇതില്‍ 88,000 ഭവനനിര്‍മാണസംഘങ്ങളാണ്.

സംഘങ്ങളിലെ ഭരണസമിതിയംഗങ്ങളുടെയും ഭാരവാഹികളുടെയും കാലാവധി തുടരാനുള്ള വ്യവസ്ഥയില്‍നിന്നു കോവിഡ് മഹാമാരിയെക്കുറിച്ചുള്ള പരാമര്‍ശം എടുത്തുകളയാനുള്ള മറ്റൊരു ഭേദഗതിയും സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. കാലാവധി കഴിഞ്ഞ ഭരണസമിതിക്കു പുതിയൊരു സമിതി വരുന്നതുവരെ തുടരാന്‍ കഴിയുമായിരുന്നു. കോവിഡ് മഹാമാരിയല്ലാത്ത ഇന്നത്തെ സാഹചര്യത്തില്‍ ഈ വ്യവസ്ഥയില്‍നിന്നു കോവിഡിന്റെ പരാമര്‍ശം നീക്കാനാണു രണ്ടാമത്തെ ഭേദഗതി കൊണ്ടുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News