സഹകരണത്തിന് കോവിഡ്- 19 നല്‍കിയത് ഭാവിവെളിച്ചം
കെ. സിദ്ധാര്‍ഥന്‍
2020 ജൂണ്‍ ലക്കം
സഹകരണ മേഖലയുടെ സംഘടിതശക്തിയാണ് കോവിഡ് കാലത്ത് തെളിഞ്ഞത്. കേരളത്തില്‍ സഹകരണ വിപണന സംവിധാനം എങ്ങനെയെല്ലാം ഫലപ്രദമായി നടപ്പാക്കാമെന്ന് നമ്മുടെ കണ്‍സ്യൂമര്‍, മാര്‍ക്കറ്റിങ് സംഘങ്ങള്‍ കാണിച്ചുതന്നു.
കോവിഡ്-19 എന്ന മാഹാമാരി ലോകത്തിന് നല്‍കിയ പാഠം ഏറെയാണ്. ഉയര്‍ത്തിക്കാട്ടിയ വികസന കാഴ്ചപ്പാടുകള്‍ ചില അടിയന്തര സാഹചര്യം നേരിടാന്‍ പോലും പര്യാപ്തമല്ലെന്ന് അമേരിക്ക തെളിവു നല്‍കി. പൊതുജനാരോഗ്യ സംവിധാനത്തില്‍ കേരളം മാതൃകയാണെന്ന് ലോകത്തിന് ബോധ്യപ്പെട്ടു. കേരളത്തിലെ ഗ്രാമീണതലംവരെയുള്ള പൊതുജനാരോഗ്യ സംവിധാനത്തിന് ഏതു മഹാമാരിയേയും പിടിച്ചുനിര്‍ത്താന്‍ ശേഷിയുണ്ടെന്ന് തിരിച്ചറിഞ്ഞു. ഇതിനൊക്കെയപ്പുറം, നാടും രാജ്യവും അടച്ചിടേണ്ടിവരുമെന്നും ജീവിതം അടച്ചിട്ട വീടിനുള്ളിലാകുമെന്നും ഒരിക്കലും കരുതിയിരുന്നവരല്ല നമ്മള്‍. അതും ഒരു പുതിയ പാഠമായിരുന്നു. പരിമിതമായ ഭക്ഷ്യവസ്തുക്കള്‍, ആര്‍ഭാടങ്ങളില്ലാത്ത ജീവിതം, രോഗം വന്നാല്‍ ആശുപത്രിയില്‍ പോലും പോകാനാവാത്ത സ്ഥിതിയാണെന്നു ബോധ്യമുള്ളതിനാല്‍ ആരോഗ്യ കാര്യത്തിലുള്ള കരുതല്‍ – ഇതൊക്കെ ജീവിതത്തില്‍ പാഠങ്ങളായി. തിരക്കുപിടിച്ച ഓട്ടത്തിനിടയില്‍ പരസ്പരം മിണ്ടാനും പറയാനും സമയം കിട്ടാതിരുന്നവര്‍ കഥകള്‍ പറഞ്ഞു. അക്രമങ്ങളും ക്രിമിനല്‍ കേസുകളും കുറഞ്ഞു. അപകട മരണവും ആത്മഹത്യയും പേരിനു മാത്രമായി. എന്തും മറുനാട്ടില്‍നിന്നെത്തുമെന്നും പണം നല്‍കാനുണ്ടെങ്കില്‍ ഒന്നിനും മുട്ടുണ്ടാവില്ലെന്നുമുള്ള ബോധം തകര്‍ന്നുവെന്നതാണ് മറ്റൊരു കാര്യം. വീട്ടില്‍ പച്ചക്കറിക്കൃഷി ഒരുക്കണമെന്നും തരിശിടുന്ന ഒരു ഭൂമി പോലും ഇനിയുണ്ടാവരുതെന്നും ഒരു മുഖ്യമന്ത്രിക്ക് പത്രസമ്മേളനത്തിലൂടെ പറയേണ്ടിവന്നു. ഇവിടേക്കെത്തുന്ന ചരക്കു ലോറികളുടെ കണക്ക് നിരത്തേണ്ടിവരുന്നു. ആ എണ്ണത്തിലെ കുറവ് നമ്മുടെ നെഞ്ചിടിപ്പിന്റെ തോതുയര്‍ത്തി. അയല്‍ സംസ്ഥാനം റോഡടച്ചാല്‍ പിടഞ്ഞുവീഴുന്ന ജീവനും എരിയുന്ന വയറും നമ്മുടെ സംസ്ഥാനത്തുണ്ടെന്ന് നാം തിരിച്ചറിഞ്ഞു. കാസര്‍കോട് അത്തരമൊരു പാഠമായിരുന്നു.
ഇനി ഈ പാഠങ്ങള്‍ തുറന്നുനല്‍കുന്ന ചില വഴികളുമുണ്ട്. പ്രത്യേകിച്ച് സഹകരണ മേഖലയ്ക്ക്. കേരളം നേരിട്ട പ്രതിസന്ധികള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ മുന്നിട്ടിറങ്ങിയത് സഹകരണ സ്ഥാപനങ്ങളാണ്. കണ്‍സ്യൂമര്‍-മാര്‍ക്കറ്റിങ് സംഘങ്ങള്‍ പ്രത്യേകിച്ചും. കേരളത്തിലെ സഹകരണ മേഖലയെന്നാല്‍ ക്രെഡിറ്റ് സംഘങ്ങളും അവയുടെ സാമ്പത്തിക അടിത്തറയുമാണെന്ന ഇതുവരെയുള്ള ധാരണയും കോവിഡ് തിരുത്തി. കണ്‍സ്യൂമര്‍-മാര്‍ക്കറ്റിങ് സംഘങ്ങള്‍ ജനങ്ങളുടെ ജീവിതത്തെ അറിഞ്ഞു. ദേശീയതലം മുതല്‍ പ്രാദേശിക തലം വരെയുള്ള സഹകരണ സ്ഥാപനങ്ങളുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനം ഈ മേഖലയുടെ ശക്തിതെളിയിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭക്ഷ്യധാന്യക്കിറ്റും അവശ്യസാധനങ്ങളുമെല്ലാം കേരളത്തിലെ ഓരോ വീട്ടിലും ഉറപ്പാക്കിയത് സഹകരണ സ്ഥാപനങ്ങളുടെ ഇടപെടല്‍ കൊണ്ടാണ്. ഒരുപക്ഷേ, രോഗപ്രതിരോധവും ക്രമസമാധാനവും മാറ്റിനിര്‍ത്തിയാല്‍ ഒരു ദുരന്തമുഖത്ത് സര്‍ക്കാരിന് ഇത്രയധികം സഹായകമായ മറ്റൊരു മേഖലയുണ്ടാവില്ല. സ്വയംപര്യാപ്തമാകാനുള്ള പാഠമാണ് കോവിഡ് നല്‍കുന്നതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അതെ. സഹകരണമേഖല കണ്‍സ്യൂമര്‍-മാര്‍ക്കറ്റിങ് രംഗത്താകെ അതിന്റെ ശക്തി തിരിച്ചറിയുകയും കോവിഡ് തുറന്നുവിട്ട സാധ്യതകള്‍ ഭാവിയില്‍ ഉപയോഗപ്പെടുത്തുകയും വേണം. അതും സ്വയംപര്യാപ്തതയിലേക്കുള്ള വഴിയാണ്.
പട്ടിണിയെ ഓടിക്കാനിറങ്ങിയവര്‍
രാജ്യം ലോക്ഡൗണ്‍ പ്രഖ്യാപിക്കുംമുമ്പേ അത് നടപ്പാക്കിയ നാടാണ് കേരളം. ആദ്യം കാസര്‍കോടും പിന്നെ സംസ്ഥാനമാകെയും അടച്ചുപൂട്ടിയപ്പോള്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഒട്ടേറെ ആശങ്കകളുണ്ടായിരുന്നു. വീട്ടില്‍ ഭക്ഷണത്തിനുള്ള സാധനങ്ങള്‍പോലും കരുതിയിട്ടില്ല. എല്ലാ കടകളും അടഞ്ഞുകിടക്കുന്നു. പുറത്തിറങ്ങി നടക്കാന്‍ പോലും അനുവാദമില്ലാത്തതിനാല്‍ അടുപ്പക്കാരോടും അടുത്തുള്ളവരോടും പങ്കിട്ടുകഴിക്കാനുള്ള സാധ്യതയുമില്ല. ഈ ആശങ്ക അകറ്റാന്‍ മുഖ്യമന്ത്രി ഒരു പ്രഖ്യാപനം നടത്തി : ‘ ഒരാള്‍ പോലും കേരളത്തില്‍ പട്ടിണി കിടക്കാത്ത സാഹചര്യം സര്‍ക്കാര്‍ ഒരുക്കും ‘. ആ പ്രഖ്യാപനം പാലിക്കാന്‍ സംസ്ഥാനതലത്തില്‍ ചുമതലപ്പെട്ട രണ്ട് സ്ഥാപനങ്ങളാണ് സപ്ലൈകോയും കണ്‍സ്യൂമര്‍ഫെഡും. ഇതിനുപുറമെ, റേഷന്‍ ഭക്ഷ്യസാധനങ്ങള്‍ പൊതുവിതരണ കേന്ദ്രങ്ങളിലൂടെ എല്ലാ കുടുംബങ്ങളിലുമെത്തിച്ചു. റേഷന്‍ സാധനങ്ങള്‍ കിട്ടിയതുകൊണ്ടുമാത്രം ഒരു കുടുംബത്തിനും കഴിയാനാവില്ല. മറ്റ് അവശ്യസാധനങ്ങള്‍ വേണം, പാലും പച്ചക്കറിയും വേണം. ഇതൊക്കെ ഉറപ്പുവരുത്താന്‍ കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ സഹകരണ സംഘങ്ങള്‍ വഹിച്ച പങ്ക് വലുതാണ്. ഒരുതരം നിശ്ശബ്ദവിപ്ലവം ഇതിനിടയില്‍ നടന്നുവെന്ന് പറയാം.
ഒന്നര മാസത്തോളം കേരളത്തിലെ ജനങ്ങളെയാകെ തീറ്റിപ്പോറ്റാനുള്ള സാധനങ്ങളൊന്നും കണ്‍സ്യൂമര്‍ഫെഡിലോ സപ്ലൈകോയിലോ ഉണ്ടായിരുന്നില്ല. എങ്കിലും, സര്‍ക്കാരും ഈ സ്ഥാപനങ്ങളും പറഞ്ഞു: ‘ എല്ലാം ഭദ്രമാണ് ഒരു ക്ഷാമവും ഇവിടെ നേരിടില്ല ‘. ആ വാക്ക് വിശ്വസിച്ചതുകൊണ്ട് ജനങ്ങളാരും അക്ഷമരാവുകയോ ആശങ്കപ്പെടുകയോ ചെയ്തില്ല. എന്നാല്‍, എല്ലാം ഭദ്രമാക്കാന്‍ ഈ സ്ഥാപനങ്ങള്‍ നടത്തിയ പരിശ്രമം കടുത്തതാണ്. എല്ലാ സംസ്ഥാനങ്ങളില്‍നിന്നും കര്‍ഷകര്‍ക്ക് താങ്ങുവില നല്‍കി ഉല്‍പന്നങ്ങള്‍ സംഭരിക്കുന്ന ദേശീയ സഹകരണ ഫെഡറേഷനാണ് നാഫെഡ്. അവരുടെ കൈയില്‍ ധാന്യങ്ങളുണ്ട്. കണ്‍സ്യൂമര്‍ഫെഡും സപ്ലൈകോയും സാധനങ്ങള്‍ വാങ്ങാന്‍ ഇവര്‍ക്ക് ഓര്‍ഡര്‍ നല്‍കി. ഇതിനുപുറമെ, അരി ആന്ധ്രയില്‍നിന്നെത്തിക്കണം, പഞ്ചസാര മഹാരാഷ്ട്രയില്‍ നിന്നുവേണം. അങ്ങനെ കടമ്പകള്‍ ഒരുപാട്. അരി, പഞ്ചസാര മില്ലുകള്‍ ഭൂരിഭാഗവും ഇതിനകം പൂട്ടിക്കഴിഞ്ഞിരുന്നു. കിട്ടിയ സാധനങ്ങളെത്തിക്കാന്‍ ചരക്കുവണ്ടികളും ഇല്ല. വരാന്‍ തയാറായ വാഹനങ്ങള്‍ പലയിടത്തായി തടയപ്പെട്ടു. ഇതോടെ സഹകരണ വകുപ്പ് സെക്രട്ടറി, കണ്‍സ്യൂമര്‍ഫെഡിന്റെയും സപ്ലൈകോയുടെയും എം.ഡി.മാര്‍ എന്നിവര്‍ ചേര്‍ന്ന് മറ്റ് സംസ്ഥാനങ്ങളിലെ ഗതാഗത വകുപ്പ് -പോലീസ് മേധാവികളെ ഉള്‍പ്പെടുത്തി ഒരു വാട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങി. ചരക്ക് വാഹനങ്ങളുടെ നീക്കം സുഗമമാക്കാനായിരുന്നു ഇത്. ഓരോ ലോറിയും യാത്ര മുടങ്ങുന്ന ഘട്ടത്തില്‍ അപ്പപ്പോള്‍ അതത് സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടല്‍ സാധ്യമാക്കി. അങ്ങനെ കേരളത്തിലേക്ക് സാധനങ്ങളെത്തിത്തുടങ്ങി.
കടല, ചെറുപയര്‍, ഉഴുന്നു പരിപ്പ്, തുവരപ്പരിപ്പ് എന്നിവയൊക്കെയാണ് നാഫെഡില്‍നിന്ന് കേരളത്തിലെത്തിച്ചത്. ഇവയോരോന്നും 8700 ടണ്‍ വീതം സപ്ലൈകോയ്ക്ക് മാത്രം നാഫെഡ് നല്‍കിയിട്ടുണ്ട്. ഇതിനുപുറമെയാണ് കണ്‍സ്യൂമര്‍ഫെഡ് വാങ്ങിയ സാധനങ്ങള്‍. എന്നാല്‍, ഇവകൊണ്ടുമാത്രം ഓരോ വീടിനും നല്‍കാനുള്ള സാധനം മതിയാകുമായിരുന്നില്ല. വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ളവ വേറെയും കണ്ടത്തണം. ഇതിനാണ് കേരളത്തിലെ സഹകരണ സംഘങ്ങള്‍ സഹായിച്ചത്. മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ഉലുവ തുടങ്ങിയ സാധനങ്ങളെല്ലാം തയാറാക്കിയത് സഹകരണ സ്ഥാപനമായ റെയ്ഡ്‌കോയാണ്. മില്ലുകളിലെല്ലാം ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ആളെക്കൊണ്ട് ജോലിചെയ്യിപ്പിച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഉല്‍പാദിപ്പിച്ചത് കോഴിക്കോട് ആസ്ഥാനമായുള്ള നോര്‍ത്ത് മലബാര്‍ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് സൊസൈറ്റി ( എന്‍.എം.ഡി.സി. ) യാണ്. ഈ സാധനങ്ങളെല്ലാം കിറ്റുകളിലാക്കി സര്‍ക്കാര്‍ പദ്ധതിയനുസരിച്ചും ആവശ്യക്കാര്‍ക്ക് നേരിട്ടും വിതരണം ചെയ്തതും സഹകരണ സംഘങ്ങളുടെ ഏകോപനത്തില്‍. ഭക്ഷ്യസാധനങ്ങള്‍ മാത്രമല്ല, മരുന്നുകള്‍ ജനങ്ങള്‍ക്ക് കിട്ടാനുള്ള കരുതലൊരുക്കിയതും സഹകരണ സംഘങ്ങളാണ്. നീതി മെഡിക്കല്‍ സ്്‌റ്റോറുകള്‍ തുറന്നുവെച്ചു. ഇവിടേക്ക് ആവശ്യത്തിനുള്ള മരുന്ന് എത്തിക്കാനുള്ള ദൗത്യം കണ്‍സ്യൂമര്‍ഫെഡ് ഏറ്റെടുത്തു. കൊറിയര്‍-കാര്‍ഗോ സര്‍വീസുകളെല്ലാം നിലച്ചതിനാല്‍ പ്രത്യേക വാഹനങ്ങളിലാണ് നീതി മെഡിക്കല്‍ സ്‌റ്റോറുകളിലേക്ക് മരുന്നെത്തിച്ചത്.
തീര്‍ന്നില്ല. ഇതിനിടയിലാണ് കര്‍ഷകരുടെ പ്രശ്‌നം ഉയരുന്നത്. പല കാര്‍ഷിക വിളകളുടെയും വിളവെടുപ്പ് ഘട്ടമാണ് ലോക്ഡൗണിലായത്. കര്‍ഷകരുടെ വിളകളൊന്നും നഷ്ടമാവരുതെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എല്ലാ വിളകളും സംഭരിക്കാന്‍ കൃഷി വകുപ്പ് തീരുമാനിച്ചു. ഹോര്‍ട്ടി കോര്‍പ്പിനാണ് ഇതിനുള്ള ചുമതല നല്‍കിയത്. ഓരോ കൃഷിഭവന്‍ വഴിയും കര്‍ഷികോല്‍പ്പന്നങ്ങള്‍ ശേഖരിക്കാനും അതിന് വിപണിവില ഉറപ്പാക്കാനും തീരുമാനിച്ചു. സംഭരിക്കുന്ന സാധനങ്ങള്‍ ആവശ്യക്കാര്‍ക്ക് വില്‍പന നടത്തണം. ഇതിനൊക്കെയുള്ള പദ്ധതി ഹോര്‍ട്ടി കോര്‍പ്പ് തയാറാക്കിയെങ്കിലും ഒരു പ്രശ്‌നം ഉയര്‍ന്നു. ഇങ്ങനെ സംഭരിക്കാനും വിപണനം നടത്താനുമുള്ള സംവിധാനം ഹോര്‍ട്ടികോര്‍പ്പിനില്ല. അങ്ങനെ ആ ദൗത്യവും സഹകരണ സംഘങ്ങള്‍ ഏറ്റെടുത്തു. ഓരോ പ്രാദേശിക തലത്തിലും സംഭരണവും ചന്തയും സഹകരണ സംഘങ്ങള്‍ നടത്തി. ലാഭം പോലുമില്ലാതെ. ഇതോടെ, എല്ലാ പഞ്ചായത്തുകളിലും നല്ല പച്ചക്കറി എത്തിക്കാന്‍ സര്‍ക്കാരിനായി. കര്‍ഷകര്‍ക്ക് ഇടനിലക്കാരുടെ ചൂഷണമില്ലാതെ വിപണിവില ലഭിക്കുകയും ചെയ്തു. നാല്‍പ്പതു ദിവസത്തോളം നീണ്ട ലോക്ഡൗണ്‍ കാലത്ത് മലയാളിയെ അല്ലലില്ലാതെ കാത്തതിന് പിന്നില്‍ സഹകരണ മേഖലയുടെ വലിയൊരു കൂട്ടായ്മയുണ്ട്. ആ കൂട്ടായ്മ ഒരുസ്ഥിരം സംവിധാനമാക്കി മാറ്റാനായാല്‍ കേരളത്തിന് സഹകരണ മേധാവിത്വത്തിന്റെ മറ്റൊരു മാതൃക തീര്‍ക്കാനാകും.
നായകത്വം ഏറ്റെടുത്ത് കണ്‍സ്യൂമര്‍ഫെഡ്
ലോക്ഡൗണ്‍ വന്നതോടെ സംസ്ഥാനത്തുടനീളം അവശ്യസാധനങ്ങള്‍ എത്തിക്കാനുള്ള ദൗത്യം കണ്‍സ്യൂമര്‍ഫെഡ് ഏറ്റെടുത്തു. ആദിവാസി മേഖലകളില്‍ ഭക്ഷ്യധാന്യങ്ങളുടെ പ്രത്യേകം കിറ്റ് എല്ലാ വീട്ടിലുമെത്തിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചതും കണ്‍സ്യൂമര്‍ഫെഡിനോടാണ്. ഇതോടെ, സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രത്യേക യോഗം വിളിച്ചുചേര്‍ത്തു. ഹോം ഡെലിവറി പദ്ധതി തുടങ്ങാനായിരുന്നു ഇതിലുള്ള തീരുമാനം. ഒപ്പം, സാധനങ്ങള്‍ കൂടുതല്‍ സംഭരിക്കാനുള്ള നടപടികളും തുടങ്ങി. ജീവനക്കാര്‍ക്കുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചു. 30 കോടി രൂപയുടെ ഭക്ഷ്യവസ്തുക്കളുടെ സ്റ്റോക്കാണ് ലോക്ഡൗണിലേക്ക് പോകുന്ന ഘട്ടത്തില്‍ കണ്‍സ്യൂമര്‍ഫെഡില്‍ ഉണ്ടായിരുന്നത്. കൊറോണ പശ്ചാത്തലത്തില്‍ 25 കോടിയുടെ സാധനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി. അരി, പഞ്ചസാര തുടങ്ങി 12 കോടിയുടെ സാധനങ്ങള്‍ കിട്ടാനുണ്ടായിരുന്നു. പഞ്ചസാര മഹാരാഷ്ട്രയില്‍നിന്നും മൈസൂരില്‍നിന്നുമാണ് ലഭിക്കേണ്ടത്. മഹാരാഷ്ട്രയിലെ മുഴുവന്‍ മില്ലുകളും പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. മൈസൂരിലെ മില്ലുകള്‍ മാര്‍ച്ച് ഇരുപത്തിനാലോടെ പൂട്ടി. അരി എത്തേണ്ടത് പ്രധാനമായും ആന്ധ്രയില്‍നിന്നാണ്. അരിമില്ലുകള്‍ പൂട്ടിയതോടെ അതും കിട്ടാനില്ലാതെയായി. കണ്‍സ്യൂമര്‍ഫെഡിന് വേണ്ടി അരി കയറ്റിയ രണ്ട് ലോറികള്‍ വിജയവാഡയില്‍ തടഞ്ഞിടുന്ന സ്ഥിതിയുണ്ടായി. ഇതൊക്കെ അതിജീവിച്ച് ഒന്നര മാസത്തേക്കുള്ള സാധനങ്ങള്‍ കണ്‍സ്യൂമര്‍ഫെഡ് സ്റ്റോക്ക് ചെയ്തു.
മൊബൈല്‍ ത്രിവേണികള്‍ ഉള്‍പ്പടെ 227 ത്രിവേണികള്‍ക്കും 34 ഗോഡൗണുകളില്‍ നിന്നായി 300 പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും സാധനങ്ങള്‍ വിതരണം ചെയ്തു. എറണാകുളം കോര്‍പ്പറേഷന്‍ അതിര്‍ത്തിയിലും തിരുവനന്തപുരം ജില്ലയിലും ഹോം ഡെലിവറിയായി സാധനങ്ങള്‍ നല്‍കി. മറ്റ് ജില്ലകളില്‍ സഹകരണ സംഘങ്ങള്‍ നടത്തുന്ന നീതി സ്‌റ്റോറുകളെക്കൂടി ഉള്‍പ്പെടുത്തി ഈ വിതരണം വിപുലപ്പെടുത്താനുള്ള നടപടിയും സ്വീകരിച്ചു. മാര്‍ച്ചില്‍ മാത്രം 30 കോടിയുടെ ഭക്ഷ്യക്കിറ്റാണ് വിതരണം ചെയ്തത്. കെ.എസ്.ആര്‍.ടി.സി. വര്‍ക് ഷോപ്പുകളുമായി സഹകരിച്ച് പത്തനംതിട്ടയില്‍ മൊബൈല്‍ ത്രിവേണികള്‍ റിപ്പയര്‍ ചെയ്ത് ഓടിച്ചു.
നീതി മെഡിക്കല്‍സ് വിഭാഗത്തില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ നിയന്ത്രണത്തില്‍ 70 മെഡിക്കല്‍ സ്റ്റോറുകളും സഹകരണ സംഘങ്ങളുടെ ഉടമസ്ഥതയില്‍ 859 മെഡിക്കല്‍ സ്്‌റ്റോറുകളും പ്രവര്‍ത്തിക്കുന്നു. നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച ആദ്യത്തെ രണ്ടാഴ്ചയ്ക്കുള്ളില്‍ 15 കോടി രൂപയുടെ വില്‍പനയാണ് നടന്നത്. 15,000 സാനിറ്റൈസറുകള്‍, രണ്ടു ലക്ഷം മാസ്‌ക്കുകള്‍ എന്നിവ വിറ്റു. ഇവയുടെ സ്റ്റോക്ക് ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തി. കൊറിയര്‍ സര്‍വീസ് ഇല്ലാത്തതിനാല്‍ നീതി മെഡിക്കല്‍ സ്റ്റോറുകളില്‍ മരുന്നെത്തിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടു. ഇത് പരിഹരിക്കാന്‍ മരുന്ന് പ്രത്യേക വാഹനങ്ങളില്‍ എത്തിച്ചു. കണ്‍സ്യൂമര്‍ഫെഡിന് കീഴിലുള്ള 937 നീതി മെഡിക്കല്‍ സ്‌റ്റോറുകള്‍ വഴി പ്രമേഹ, വൃക്ക രോഗികള്‍ക്കും വയോജനങ്ങള്‍ക്കും മരുന്നുകള്‍ ഹോം ഡെലിവറിയായി നല്‍കി.
ഓണ്‍ലൈന്‍ വിപണനം
ഓണ്‍ലൈന്‍ വിപണിയിലേക്കുള്ള കണ്‍സ്യൂമര്‍ഫെഡിന്റെ ചുവടുമാറ്റം പെട്ടെന്നുള്ള തീരുമാനമായിരുന്നു. ആവശ്യക്കാര്‍ക്ക് എങ്ങനെ സാധനമെത്തിക്കുമെന്ന ചിന്തയില്‍നിന്നാണ് ഓണ്‍ലൈന്‍ വിപണനത്തിലേക്ക് കടന്നത്. ഓരോ സാധനത്തിനും ഓര്‍ഡര്‍ സ്വീകരിച്ചാല്‍ ലോക്ഡൗണ്‍ കാലയളവില്‍ വിതരണം ചെയ്യാനാവില്ലെന്ന് കണ്‍സ്യൂമര്‍ഫെഡിന് ബോധ്യമുണ്ടായിരുന്നു. അതിനാല്‍, നിത്യോപയോഗ സാധനങ്ങള്‍ മൂന്നു കിറ്റുകളാക്കിയാണ് ആദ്യഘട്ടത്തില്‍ ഓണ്‍ലൈന്‍ വിതരണം തുടങ്ങിയത്. 499 രൂപ വിലയുള്ള കനിവ്, 799 രൂപയുടെ കാരുണ്യം, 999 രൂപയുടെ കരുതല്‍ എന്നിങ്ങനെയാണ് കിറ്റുകള്‍ക്ക് പേരിട്ടത്. അരി, പഞ്ചസാര, തേയില, വെളിച്ചെണ്ണ, ഉപ്പ്, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, കടല, പീസ് പരിപ്പ് എന്നിവയാണ് കനിവ് കിറ്റിലെ സാധനങ്ങള്‍. ഈയിനങ്ങള്‍ക്ക് പുറമെ, ആട്ട. വാഷിങ് സോപ്പ്, ബാത്ത് സോപ്പ്, ബിസ്‌കറ്റ്, മില്‍മ, യു.എച്ച്.ടി. ടോണ്‍ മില്‍ക്ക് എന്നിവ കാരുണ്യത്തില്‍ അധികമുണ്ടാകും. ഗ്രീന്‍പീസ്, ഡിഷ് വാഷ് ബാര്‍ എന്നിവ കരുതല്‍ കിറ്റില്‍ അധികമുണ്ടാകും. എറണാകുളം നഗരത്തിലാണ് ആദ്യം ഓണ്‍ലൈന്‍ വിപണി തുടങ്ങിയത്. പിന്‍കോഡിന്റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ തരംതിരിച്ച് വിതരണം ചെയ്യുന്ന വിധത്തിലാണ് ക്രമീകരണം.
കരുതല്‍ ക്ഷീരകര്‍ഷകര്‍ക്കും ജീവനക്കാര്‍ക്കും
പാല്‍ ഒഴുക്കിക്കളയുന്ന ക്ഷീര കര്‍ഷകരാണ് കോവിഡ് കാലത്ത് കണ്ട ഏറ്റവും ദുഃഖകരമായ കാഴ്ച. കര്‍ഷകരില്‍നിന്ന് പാല്‍ ശേഖരിക്കാനാവില്ലെന്ന് മില്‍മ തീരുമാനിക്കുന്ന ഘട്ടമുണ്ടായി. പാല്‍ വിറ്റുതീര്‍ക്കാന്‍ കടകളില്ല. കടകള്‍ തുറന്നാലും വാങ്ങാനെത്താന്‍ ആളുകള്‍ക്കാവില്ല. ശേഖരിക്കുന്ന പാല്‍ പാല്‍പ്പൊടിയാക്കി മാറ്റി കരുതിവെക്കുകയെന്നതാണ് അടുത്ത പോംവഴി. കേരളത്തില്‍ പാല്‍പ്പൊടിയുണ്ടാക്കാനുള്ള സംവിധാനമില്ല. അത് തമിഴ്‌നാടിനെ ആശ്രയിച്ചാണ് ചെയ്യുന്നത്. തമിഴ്‌നാട്ടിലേക്ക് പാല്‍ എത്തിക്കാനുള്ള സൗകര്യമില്ല. ഇതോടെയാണ് മില്‍മയ്ക്ക് പാല്‍ ശേഖരിക്കാന്‍ കഴിയാതെ വന്നതും കര്‍ഷകര്‍ക്ക് പാല്‍ ഒഴുക്കിക്കളയേണ്ടിവന്നതും. ഈ ഘട്ടത്തില്‍ പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും വില്‍പന കണ്‍സ്യൂമര്‍ഫെഡ് ഏറ്റെടുത്തു. ഏപ്രില്‍ ഒന്നു മുതല്‍ എല്ലാ ഔട്ട്‌ലെറ്റുകളിലും മില്‍മ പാലും മില്‍മ ഉല്‍പ്പന്നങ്ങളും വില്‍പന തുടങ്ങി. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഹോം ഡെലിവറിയായി സാധനങ്ങള്‍ എത്തിച്ചുനല്‍കി. സഹകരണ സ്ഥാപനങ്ങളുടെ വലിയ സഹകരണത്തിന്റെയും കര്‍ഷകരോടുള്ള കരുതലിന്റെയും അടയാളമായി ഈ ഇടപെടല്‍.
ഈ ഘട്ടത്തിലാണ് കാസര്‍കോടുനിന്ന് അശുഭകരമായ വാര്‍ത്തകള്‍ പുറത്തുവന്നു തുടങ്ങിയത്. മംഗലാപുരത്തേക്കുള്ള റോഡുകള്‍ കര്‍ണാടക അടച്ചതോടെ അതിര്‍ത്തിഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. ചികിത്സ കിട്ടാതെ പത്തു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. സാധനങ്ങള്‍ കിട്ടാത്ത സ്ഥിതിയായി. ഇതോടെ, അതിര്‍ത്തിഗ്രാമങ്ങളില്‍ ഭക്ഷ്യസാധനങ്ങളെത്തിക്കാന്‍ പ്രത്യേക സ്റ്റോറുകള്‍ തുടങ്ങാന്‍ കണ്‍സ്യൂമര്‍ഫെഡ് തീരുമാനിച്ചു. ഇതിന് വഴിയൊരുക്കിയത് അവിടെയുള്ള പ്രാഥമിക സഹകരണ സംഘങ്ങളാണ്. ഓരോ പ്രദേശത്തുമുള്ള പ്രാഥമിക സംഘങ്ങള്‍ സ്റ്റോറിനുള്ള സ്ഥലവും സൗകര്യവുമൊരുക്കി. സാധനങ്ങള്‍ കണ്‍സ്യൂമര്‍ഫെഡ് നല്‍കി. തീരുമാനമെടുത്ത് മൂന്നു ദിവസത്തിനുള്ളില്‍ പത്ത് സ്്‌റ്റോറുകളും കാസര്‍കോട്ട് സജ്ജമായി. സഹകരണ സംഘങ്ങളുടെ കൂട്ടായ്മയാണ് ഇതും സാധ്യമാക്കിയത്.
അടിയന്തര ഘട്ടത്തില്‍ ആത്മാര്‍ത്ഥമായി കൂടെനിന്ന ജീവനക്കാര്‍ക്കാണ് കണ്‍സ്യൂമര്‍ഫെഡ് മാനേജ്‌മെന്റ് ക്രെഡിറ്റ് നല്‍കുന്നത്. അതുകൊണ്ടുതന്നെ ജീവനക്കാര്‍ക്കായി 1.25 കോടി രൂപയുടെ പാക്കേജ് നടപ്പാക്കാന്‍ കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതി തീരുമാനിച്ചു. ഒപ്പം, അര്‍ഹതപ്പെട്ട മുഴുവന്‍ ജീവനക്കാര്‍ക്കും ലീവ് സറണ്ടര്‍ നല്‍കി. ഇത് ലഭിക്കാത്ത ജീവനക്കാര്‍ക്ക് ശമ്പളം മുന്‍കൂറായി നല്‍കാന്‍ തീരുമാനിച്ചു. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ്, മൊബൈല്‍ ത്രിവേണികള്‍, ഗോഡൗണുകള്‍, നീതി മെഡിക്കല്‍ സ്‌റ്റോറുകള്‍, നീതി മെഡിക്കല്‍ വെയര്‍ഹൗസുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് 2000 രൂപ അലവന്‍സായി നല്‍കി. ജീവനക്കാരുടെയും കൂടുംബത്തിന്റെയും ദൈനംദിന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ഏപ്രിലില്‍ 3000 രൂപ എംപ്ലോയീസ് അഡ്വാന്‍സായും നല്‍കി. വില്‍പ്പനവിഭാഗത്തിലെ ജീവനക്കാരുടെ ദൈനംദിന പ്രശ്ങ്ങളില്‍ അടിയന്തരമായി ഇടപെടണമെന്നാണ് റീജിയണല്‍ മാനേജര്‍മാര്‍ക്കുള്ള നിര്‍ദേശം. എല്ലാ തലത്തിലും സുരക്ഷാ ക്രമീകരണം ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കണ്‍സ്യൂമര്‍ഫെഡിന്റെ 2019-20 വര്‍ഷത്തെ ലാഭവിഹിതത്തില്‍നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപയും നല്‍കി.
ഒരു ചങ്ങലയില്‍ നാഫെഡ്മുതല്‍ റെയ്ഡ്‌കോവരെ
ലോക്ഡൗണ്‍ കാലത്ത് സഹകരണ മേഖല ഒരു ചങ്ങല പോലെ പ്രവര്‍ത്തിച്ചുവെന്നതാണ് പ്രധാന മാറ്റം. കണ്‍സ്യൂമര്‍-മാര്‍ക്കറ്റിങ് സംഘങ്ങള്‍ക്ക് ഏകോപനമോ കേന്ദ്രീകൃത പ്രവര്‍ത്തനമോ സംസ്ഥാനത്തുണ്ടായിരുന്നില്ല. വായ്പാ മേഖലയ്ക്ക് സമാനമായ രീതിയില്‍ ശക്തമായൊരു ഘടനയും ഇത്തരം സംഘങ്ങള്‍ക്കുണ്ടായിരുന്നില്ല. കണ്‍സ്യൂമര്‍ഫെഡ് അതിന്റെതായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നതല്ലാതെ പ്രാഥമിക കണ്‍സ്യൂമര്‍ സഹകരണ സംഘങ്ങളില്‍പ്പോലും കണ്‍സ്യൂമര്‍ഫെഡിന് നിയന്ത്രണമോ ഏകോപനമോ ഉണ്ടായിരുന്നില്ല. വായ്പാ സംഘങ്ങളാണ് കണ്‍സ്യൂമര്‍ സ്റ്റോറുകള്‍ ഏറെയും നടത്തുന്നത്. ഇത് ക്രെഡിറ്റ് ബിസിനസ്സിനപ്പുറമുള്ള ഒരു ജനകീയ ഇടപെടലായി മാത്രമാണ് അത്തരം സംഘങ്ങള്‍ കാണുന്നത്. നീതി മെഡിക്കല്‍ സ്റ്റോര്‍, ഡയാലിസിസ് സെന്ററുകള്‍ തുടങ്ങിയവയെല്ലാം ഈ രീതിയില്‍ നടത്തുന്നുണ്ട്.
മാര്‍ക്കറ്റിങ് സൊസൈറ്റികളുടെ അപ്പക്‌സ് ഫെഡറേഷന്‍ മാര്‍ക്കറ്റ് ഫെഡ് ആണ്. എന്നാല്‍, മാര്‍ക്കറ്റിങ് സൊസൈറ്റികള്‍ക്ക് സഹായം നല്‍കുകയും അവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഒന്നായല്ല മാര്‍ക്കറ്റ് ഫെഡ് പ്രവര്‍ത്തിക്കുന്നത്. ഒരു ഫെഡറേഷന്‍ എന്ന നിലയ്ക്കപ്പുറം സ്വന്തം നിലയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന ഒരു സംസ്ഥാന തല സൊസൈറ്റി എന്ന രീതിയില്‍ മാത്രമേ മാര്‍ക്കറ്റ്‌ഫെഡിന്റെ പ്രവര്‍ത്തനത്തെ ഇപ്പോള്‍ വിലയിരുത്താനാകൂ. അതേസമയം തന്നെ, മാര്‍ക്കറ്റിങ് ഫെഡറേഷനേക്കാള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റിങ് സഹകരണ സംഘങ്ങള്‍ കേരളത്തിലുണ്ടെന്നതും വസ്തുതയാണ്.
മാര്‍ക്കറ്റിങ്-കണ്‍സ്യൂമര്‍ സഹകരണ രംഗത്ത് പ്രാഥമികമായെങ്കിലും ഒരു ഏകോപനമുണ്ടാക്കാന്‍ കോവിഡിന് കഴിഞ്ഞു. അത് ദേശീയതല ഏജന്‍സിയായ നാഫെഡില്‍നിന്നുതന്നെ തുടങ്ങി. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭക്ഷ്യക്കിറ്റിലേക്കും പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന എന്നിവയിലേക്കും സാധനങ്ങള്‍ നല്‍കിയത് നാഫെഡ് ആണ്. രാജസ്ഥാനിലെ കര്‍ഷകരില്‍നിന്ന് ശേഖരിച്ച കടലയും ചെറുപയര്‍, ഉഴുന്നുപരിപ്പ്, തുവരപ്പരിപ്പ് എന്നിവയും കേരളത്തിലേക്ക് എത്തിച്ചത് ഈ ദേശീയ അപ്പക്‌സ് ഫെഡറേഷനാണ്.
കണ്‍സ്യൂമര്‍ഫെഡ് സംസ്ഥാനതലത്തില്‍ അപ്പക്‌സ് സംഘത്തിന്റെ റോള്‍ ഏറ്റെടുത്തു. ഇതിനൊപ്പം സംസ്ഥാനത്തെ മറ്റ് സംഘങ്ങളില്‍നിന്നുള്ള സാധനങ്ങള്‍ ശേഖരിക്കുകയും വേണം. തേയില, വെളിച്ചെണ്ണ, കാപ്പിപ്പൊടി തുടങ്ങി 123 ഉല്‍പ്പന്നങ്ങളാണ് സഹകരണ സംഘങ്ങളുടേതായി സംസ്ഥാനത്തുള്ളത്. ഇതെല്ലാം ഏകോപിപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അതൊരു വലിയ മാറ്റത്തിന്റെ തുടക്കമാകുമായിരുന്നു. അതിന് കഴിഞ്ഞില്ല. പെട്ടെന്നുണ്ടായ അടച്ചുപൂട്ടലില്‍ ഒരു മുന്നൊരുക്കത്തിന് സാധ്യതയുണ്ടായില്ല. മാത്രവുമല്ല, ഇത്തരം സംഘങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാമോയെന്നതിനെക്കുറിച്ച് ഒരു വ്യക്തയും സഹകരണ വകുപ്പില്‍നിന്ന് ലഭിച്ചതുമില്ല. ബാങ്കുകള്‍ക്കും കണ്‍സ്യൂമര്‍ഫെഡിനും പ്രവര്‍ത്തനാനുമതി ലഭിച്ചപ്പോള്‍ പ്രാഥമിക സംഘങ്ങള്‍ക്കും അവയുടെ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തനാനുമതി ഉണ്ടായിരുന്നില്ല. ഈ സംശയം തീര്‍ക്കാന്‍തന്നെ ദിവസങ്ങളെടുത്തു. എന്നിട്ടും, കേന്ദ്രീകൃതമായ ഒരു തീരുമാനം സഹകരണ വകുപ്പില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ ഉണ്ടായില്ല. ചില പ്രധാന സംഘങ്ങള്‍ പ്രത്യേക അനുമതി വാങ്ങി പ്രവര്‍ത്തിച്ചതുകൊണ്ടാണ് മറ്റ് സാധനങ്ങള്‍ കണ്‍സ്യൂമര്‍ഫെഡിന് കിട്ടിയത്. ഇതില്‍ പ്രധാനം റെയിഡ്‌കോയും എന്‍.എം.ഡി.സി.യുമായിരുന്നു. കണ്‍സ്യൂമര്‍ഫെഡിനും സപ്ലൈകോയ്ക്കും ആവശ്യമായ അത്രയും വെളിച്ചെണ്ണ എന്‍.എം.ഡി.സി. നല്‍കി. സ്വന്തം നിലയില്‍ റെയിഡ്‌കോയ്ക്ക് ഒട്ടേറെ ഉല്‍പ്പന്നങ്ങളുണ്ട്. അവ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന അളവില്‍ പാക്കറ്റുകളിലാക്കി നല്‍കാന്‍ റെയിഡ്‌കോ കഠിനപ്രയത്‌നം തന്നെ നടത്തി. അഞ്ചരക്കോടിയുടെ ഭക്ഷ്യധാന്യങ്ങളാണ് റെയ്ഡ്‌കോ എത്തിച്ചുനല്‍കിയത്. മല്ലി, മുളക്, മഞ്ഞള്‍, ഉലുവ എന്നിവയെല്ലാം എത്തിച്ചത് റെയിഡ്‌കോയാണ്. രണ്ടു ഘട്ടമായി 10 ലക്ഷം പാക്കറ്റുകള്‍ ഇവര്‍ തയാറാക്കി നല്‍കി. ജീവനക്കാരുടെ ജോലിയും സമയവും ക്രമീകരിച്ചു. ആരോഗ്യസുരക്ഷാ ക്രമീകരണം ഒരുക്കി. മാര്‍ക്കറ്റിങ് സംഘങ്ങളെ ഏകോപിപ്പിക്കാനും അവയുടെ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനും മാര്‍ക്കറ്റ്‌ഫെഡിന് കഴിഞ്ഞില്ല. നേരത്തെ അങ്ങനെയൊരു ഘടനാരീതി ഇല്ലാത്തതിന്റെ പ്രശ്‌നമായിരുന്നു ഇത് . പക്ഷേ, മാര്‍ക്കറ്റ് ഫെഡ് സ്വന്തം നിലയില്‍ ഈ പ്രശ്‌നങ്ങളില്‍ ഇടപെട്ടു. കണ്‍സ്യൂമര്‍ഫെഡിന് പഞ്ചസാര കിട്ടുന്നില്ലെന്ന് തിരിച്ചറിഞ്ഞ ഘട്ടത്തില്‍ മഹാരാഷ്ട്രയില്‍നിന്ന് 230 ടണ്‍ പഞ്ചസാര എത്തിച്ചുനല്‍കിയത് മാര്‍ക്ക്റ്റ്‌ഫെഡാണ്. ഇതിനു പുറമെ സപ്ലൈകോയ്ക്ക് ആവശ്യമായ 25 ടണ്‍ വെളിച്ചണ്ണയും ഫെഡറേഷന്‍ നല്‍കി.
കാപ്പിയും പച്ചക്കറിയും സംഭരിച്ചും പരീക്ഷണം
കര്‍ഷകരില്‍ നിന്ന് പച്ചക്കറി സംഭരിക്കണമെന്നും അത് ആവശ്യക്കാര്‍ക്കായി വിതരണം ചെയ്യണമെന്നും സര്‍ക്കാര്‍ ഹോര്‍ട്ടി കോര്‍പ്പിനാണ് നിര്‍ദേശം നല്‍കിയത്. ഇടിച്ചക്ക മുതല്‍ വെള്ളരിക്കവരെയുള്ള ഓരോ പച്ചക്കറിയ്ക്കും വിപണിവിലയോ അതിനേക്കാള്‍ ഏറെയോ നല്‍കി സംഭരിക്കാനായിരുന്നു തീരുമാനം. ഈ വിലവിവരപ്പട്ടികയനുസരിച്ച് കൃഷിഭവന്‍ വഴിയാണ് സംഭരണത്തിനുള്ള നടപടി സ്വീകരിച്ചത്. പക്ഷേ, എവിടെ സംഭരിക്കുമെന്നത് ഹോര്‍ട്ടികോര്‍പ്പിന് പ്രശ്‌നമായി. അവര്‍ക്ക് സ്വന്തമായി സംഭരണശാലകളില്ല. സഹകരണ സംഘങ്ങളിലൂടെ സംഭരണം നടത്താമെന്നായിരുന്നു തീരുമാനം. അങ്ങനെ, മലബാറില്‍ ഈ ദൗത്യം ഏറ്റെടുക്കണമെന്ന ആവശ്യവുമായി ഹോര്‍ട്ടി കോര്‍പ്പ് സമീപിച്ചത് എന്‍.എം.ഡി.സി.യെ യായിരുന്നു. കര്‍ഷകര്‍ എത്തിക്കുന്ന പച്ചക്കറി ശേഖരിക്കാന്‍ ഒരു സംഭരണശാലവേണം. ഇത് ആവശ്യക്കാര്‍ക്ക് വില്‍ക്കാന്‍ ഒരു ചന്തയൊരുക്കണം. ഇതായിരുന്നു ആവശ്യം. ഇത് കമ്മീഷന്‍ വ്യവസ്ഥയില്‍ ചെയ്യണമെന്നായിരുന്നു ആദ്യ പ്ലാന്‍.
പച്ചക്കറി സംഭരണമോ വിപണനമോ മുമ്പ് കാര്യമായി നടത്താത്തതിനാല്‍ ഹോര്‍ട്ടി ഹോര്‍പ്പിന്റെ ആവശ്യം തുടക്കത്തില്‍ ഏറ്റെടുക്കാന്‍ എന്‍.എം.ഡി.സി. മടിച്ചു. എങ്കിലും, സംഭരണശാലയും വിപണനത്തിനുള്ള സ്ഥലവും ജീവനക്കാരുടെ സഹായവും വിട്ടുനല്‍കാമെന്നറിയിച്ചു. കമ്മീഷന്‍ വ്യവസ്ഥയില്‍ ഏറ്റെടുത്താല്‍ സംഭരിക്കുന്ന സാധനങ്ങളെല്ലാം വിറ്റഴിക്കാനാവില്ലെന്ന ആശങ്കയാണ് എന്‍.എം.ഡി.സി. പങ്കുവെച്ചത്. ഈ പ്രശ്‌നം പലയിടത്തും ഉണ്ടായിരുന്നു. അതെങ്ങനെ പരിഹരിക്കാമെന്ന് കൃഷിവകുപ്പ് ആലോചിച്ചു. അങ്ങനെയാണ്, ഓരോ പഞ്ചായത്ത് തലത്തിലും ചന്തകള്‍ ഒരുക്കാനും ഓരോ സ്ഥലത്തും ആവശ്യമുള്ളതിലധികം വരുന്ന സാധനങ്ങള്‍ മറ്റൊരിടത്തേക്കു എത്തിക്കാനുമുള്ള തീരുമാനത്തിലെത്തിയത്. വയനാട്ടിലാണ് എന്‍.എം.ഡി.സി. കാര്‍ഷികോല്‍പന്ന സംഭരണം തുടങ്ങിയത്. അതൊരു വലിയ വിജയമായിരുന്നു. കര്‍ഷകര്‍ക്കുള്ള പണം അപ്പപ്പോള്‍ നല്‍കി. പരമാവധി സാധനങ്ങള്‍ വിറ്റഴിക്കാനുള്ള ശ്രമവും എന്‍.എം.ഡി.സി. നേരിട്ട് നടത്തി. ചെറുകിട കച്ചവടക്കാര്‍ക്ക് പച്ചക്കറി ലഭ്യമാക്കാമെന്ന് അറിയിച്ചു. അങ്ങനെ, പച്ചക്കറി ഏറ്റെടുത്തുള്ള എന്‍.എം.ഡി.സി.യുടെ പരീക്ഷണവും വലിയ വിജയമായി.
ഈ ഘട്ടത്തിലാണ് വയനാട്ടിലെ കാപ്പി കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ വാര്‍ത്തയായത്. ലോക്ഡൗണ്‍ ഘട്ടം കാപ്പി വിളവെടുക്കേണ്ട സമയമായിരുന്നു. വിളവെടുപ്പ് നടന്നില്ലെങ്കില്‍ നശിച്ചുപോകും. ഇതോടെ, കര്‍ഷകരില്‍ നിന്ന് കാപ്പി സംഭരിക്കാന്‍ എന്‍.എം.ഡി.സി. തീരുമാനിച്ചു. 85 ലക്ഷം രൂപയുടെ കാപ്പിയാണ് ഇങ്ങനെ സംഭരിച്ചത്. ഇത് കാപ്പികര്‍ഷകര്‍ക്കും ആശ്വാസമായി.
ഈ വെല്ലുവിളികളൊന്നും എന്‍.എം.ഡി.സി. ഏറ്റെടുത്തില്ലെങ്കില്‍ ഒന്നും സംഭവിക്കുമായിരുന്നില്ല. കോപ്പോള്‍ വെളിച്ചണ്ണയുടെ ഉള്ള സ്റ്റോക്കുകള്‍ കണ്‍സ്യൂമര്‍ഫെഡിനോ സപ്ലൈകോയ്‌ക്കോ നല്‍കി അവസാനിപ്പിക്കാമായിരുന്നു. പല സംഘങ്ങളും അങ്ങനെയാണ് ചെയ്തതും. പക്ഷേ, വാട്‌സാപ്പ് ഗ്രൂപ്പ് ആരംഭിച്ച് നടത്തിയ ചര്‍ച്ചയും അതിന് ജീവനക്കാര്‍ നല്‍കിയ പിന്തുണയുമാണ് ചെറുതെങ്കിലും ഒരു വലിയ വിജയം അവകാശപ്പെടാന്‍ എന്‍.എം.ഡി.സി.യെ അര്‍ഹമാക്കിയത്. കോവിഡ് കാലത്തെ പ്രവര്‍ത്തനം തങ്ങള്‍ക്കുണ്ടാക്കിയ ആത്മവിശ്വാസം ചെറുതല്ലെന്ന് പ്രസിഡന്റ് പി. സൈനുദ്ദീനും ജനറല്‍ മാനേജര്‍ എം.കെ. വിപിനയും പറഞ്ഞു. ജീവനക്കാരാകെ ഒരേ മനസ്സോടെ നിന്നതിന്റെയും ടീം വര്‍ക്കിന്റെയും ശക്തിയാണ് എന്‍.എം.ഡി.സി.ക്ക് ഇപ്പോഴുമുള്ളതെന്ന് ഇരുവരും പറഞ്ഞു.
ഇത് ഭാവിയിലേക്കുള്ള വഴി
കേരളത്തില്‍ സഹകരണ വിപണന സംവിധാനത്തിന്റെ ഭാവിയിലേക്കുള്ള വഴിയാണ് കോവിഡ് ഒരുക്കിയത്. പ്രാഥമിക സഹകരണ സംഘങ്ങളെക്കൂടി പങ്കാളിയാക്കി ഓണ്‍ലൈന്‍ വിപണന സംവിധാനം ഒരുക്കാനാകുമെന്നാണ് കോവിഡ് നല്‍കിയ പാഠം. ഗ്രാമ തലത്തില്‍പ്പോലും ആവശ്യക്കാര്‍ക്ക് ഓര്‍ഡറനുസരിച്ച് സാധനങ്ങളത്തിക്കാനാകുന്ന സ്ഥാപന സംവിധാനം സഹകരണ മേഖലയ്ക്കുണ്ട്. അതേസമയം, സഹകരണ സംഘങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം ഒരു കുടക്കീഴില്‍ വിപണന സൗകര്യം ഒരുക്കേണ്ടതും അനിവാര്യമാണെന്ന് ഈ ഘട്ടം ഓര്‍മിപ്പിക്കുന്നുണ്ട്. സഹകരണ വായ്പാമേഖലയ്ക്ക് തുല്യമായ രീതിയില്‍ത്തന്നെ കണ്‍സ്യൂമര്‍-മാര്‍ക്കറ്റിങ് മേഖലയില്‍ കൃത്യമായ പ്രവര്‍ത്തനഘടന വേണ്ടതുണ്ട്. അപ്പക്‌സ് സ്ഥാപനങ്ങള്‍ മേല്‍നോട്ടത്തിനും മാര്‍ഗനിര്‍ദേശത്തിനും അടിസ്ഥാന സൗകര്യം ഉറപ്പാക്കുന്നതിനുമുള്ള ദൗത്യമാണ് ഏറ്റെടുക്കേണ്ടത്. പ്രാഥമിക തലത്തില്‍ പ്രവര്‍ത്തന മേഖല ഉറപ്പാക്കി എല്ലായിടത്തും സാന്നിധ്യം ഉറപ്പാക്കാന്‍ സംഘങ്ങള്‍ക്കാവണം.
കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംഭരണത്തിലും പ്രത്യേക ശ്രദ്ധവേണമെന്ന് കോവിഡ്കാലം ഓര്‍മപ്പെടുത്തുന്നുണ്ട്. പച്ചക്കറി, നാളികേരം, നെല്ല്, നാണ്യവിളകള്‍ എന്നിവയെല്ലാം സംഭരിക്കുന്ന സഹകരണ മേഖലയില്‍ പ്രത്യേക സംവിധാനം ഒരുക്കേണ്ടതുണ്ട്. സംഭരണവും വിപണനവും ഒരു പദ്ധതിയായി നടപ്പാക്കുമ്പോഴാണ് അതില്‍ വിജയം നേടാനാവുന്നത്. മാര്‍ക്കറ്റിങ് സംഘങ്ങള്‍ക്ക് നബാര്‍ഡ് നല്‍കുന്ന പ്രവര്‍ത്തന മൂലധന സഹായം പുതിയ സാഹചര്യത്തില്‍ പരിഷ്‌കരിക്കേണ്ടതുണ്ട്. നാണ്യവിളകള്‍ സംഭരിക്കാനുള്ള പണം നബാര്‍ഡ് നല്‍കുകയാണ് വേണ്ടത്. ഇങ്ങനെ സംഭരിച്ച വിളകള്‍ വില്‍ക്കുന്ന ഘട്ടത്തില്‍ നബാര്‍ഡിന്റെ പണം തിരികെ നല്‍കണം. സംഘങ്ങള്‍ക്ക് കമ്മീഷന്‍ ലഭിക്കുന്ന വിധത്തിലുള്ള പങ്കാളിത്തം മാത്രം മതിയാകും.
കൃഷിക്ക് പ്രാധാന്യം നല്‍കി , വിളകള്‍ സംഭരിച്ച് വിപണി ഉറപ്പാക്കാനുള്ള ഇടപെടലാണ് വരുംകാലത്ത് സഹകരണ സംഘങ്ങള്‍ നടത്തേണ്ടത്. പച്ചക്കറിയുടെ ആഴ്ചച്ചന്തകള്‍ ഏറെ പ്രധാനമാണ്. മറുനാട്ടില്‍ നിന്നെത്തുന്ന വിഷമുള്ള പച്ചക്കറികളെ അകറ്റാനും നാട്ടുവിളകള്‍ക്ക് വിപണിയും കര്‍ഷകന് വിലയും ഉറപ്പാക്കാനും ഈ ചന്തകളിലൂടെ കഴിയും. സഹകരണ സംഘങ്ങളിലൂടെ ഇത്തരം ചന്തകള്‍ നടത്താന്‍ നബാര്‍ഡ് നിര്‍ദേശിക്കുന്നുണ്ട്. അതിന് സാമ്പത്തിക സഹായവും നല്‍കുന്നുണ്ട്. കോവിഡ് പുതിയ പാഠമാണ് നല്‍കുന്നത്. ആ പാഠം സഹകരണ സംഘങ്ങള്‍ക്ക് പുതുവഴിയിലേക്കുള്ള വെളിച്ചം കൂടിയാണ്.
എന്‍.എം.ഡി.സി: മണ്ണിലിറങ്ങിയ സംഘം
ലോക്ഡൗണ്‍ തുടങ്ങിയ ആദ്യ ദിവസം മുതല്‍ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ച സംഘമാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ത്ത്് മലബാര്‍ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് സപ്ലൈ ആന്‍ഡ് മാര്‍ക്കറ്റിങ് സൊസൈറ്റി ( എന്‍.എം.ഡി.സി. ). വെളിച്ചെണ്ണയാണ് എന്‍.എം.ഡി.സി.യുടെ പ്രധാന ഉല്‍പ്പന്നം. പിന്നെ, ദേശീയ പട്ടിക ജാതി-പട്ടിക വര്‍ഗ ഫെഡറേഷന് ആവശ്യമായ സുഗന്ധ വ്യഞ്ജനങ്ങള്‍ നല്‍കുന്നതും എന്‍.എം.ഡി.സി.യാണ്. ആദിവാസി ഊരുകളില്‍ ചെറു കൂട്ടായ്മയുണ്ടാക്കി അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ദേശീയ വിപണി ഉറപ്പാക്കുന്ന ഇടപെടലാണ് ഈ രീതിയില്‍ എന്‍.എം.ഡി.സി. ചെയ്യുന്നത്. നാലു ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന ജീവനക്കാരെല്ലാം ലോക്ഡൗണ്‍ വന്നതോടെ വീട്ടിലേക്ക് മടങ്ങി. രണ്ട് ഷിഫ്റ്റുകളിലായി പ്രവര്‍ത്തിച്ചിരുന്ന രണ്ട് ഓയില്‍ മില്ലും പൂട്ടി. വിതരണം ചെയ്യാത്ത ബാക്കി വെളിച്ചണ്ണ ഗോഡൗണിലേക്ക് മാറ്റി.
വാട്‌സാപ്പ് ഗ്രൂപ്പ്
ഇതിനിടയിലാണ് ആദിവാസി ഊരുകളിലേക്ക് ഭക്ഷ്യക്കിറ്റുകളെത്തിക്കണമെന്നും അതിനായി വെളിച്ചെണ്ണ വേണമെന്നും കണ്‍സ്യൂമര്‍ഫെഡ് ആവശ്യപ്പെടുന്നത്. സ്റ്റോക്കുള്ള കോപ്പോള്‍ വെളിച്ചണ്ണ നല്‍കാമെന്ന് എന്‍.എം.ഡി.സി. അറിയിച്ചു. അത് മതിയാവുമായിരുന്നില്ല. പ്രവര്‍ത്തിക്കാനുള്ള ബുദ്ധിമുട്ടും ജോലിക്കെത്താനുള്ള ജീവനക്കാരുടെ പേടിയും കാരണം മറ്റ് പല സംഘങ്ങളും ഉല്‍പാദനമെല്ലാം നിര്‍ത്തിവെച്ച ഘട്ടമായിരുന്ന ഇത്. പരമാവധി വെളിച്ചെണ്ണ നല്‍കാന്‍ നോക്കാമെന്ന മറുപടിയാണ് എന്‍.എം.ഡി.സി. ജനറല്‍ മാനേജര്‍ ആദ്യം കണ്‍സ്യൂമര്‍ഫെഡിന് നല്‍കിയത്. സംഘത്തിലെ ജീവനക്കാരെയും ഭരണസമിതി അംഗങ്ങളെയും ഉള്‍പ്പെടുത്തി പെട്ടെന്ന് ഒരു വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി. സപ്ലൈകോയ്ക്കും എസ്.സി.-എസ്.ടി. ഫെഡറേഷനും കണ്‍സ്യൂമര്‍ഫെഡിനും അടിയന്തരമായി വെളിച്ചണ്ണ വേണം. അത് നല്‍കാന്‍ നമ്മുടെ കൈയില്‍ സ്റ്റോക്കില്ല. അതിനായി ഉല്‍പ്പാദനം നടക്കണം. എന്താണ് മാര്‍ഗം – ഇതായിരുന്നു വാട്‌സാപ്പിലൂടെ നടത്തിയ ചര്‍ച്ച. അത് ബുദ്ധിമുട്ടാവില്ലേയെന്ന് ചിലര്‍ ചോദിച്ചു. ഈയൊരു ഘട്ടത്തില്‍ നമ്മള്‍ ഈ റിസ്‌ക് എടുക്കണമെന്നായി കുറച്ചുപേര്‍. സുരക്ഷിതമായി വേണമെന്ന് ഭരണസമിതി അംഗങ്ങളും നിര്‍ദേശിച്ചു. അങ്ങനെ ഉല്‍പ്പാദനം തുടങ്ങാന്‍ തീരുമാനിച്ചു. അതിന് അനുമതി തേടി ആദ്യം പോലീസിനെ സമീപിച്ചു. തങ്ങളല്ല തഹസില്‍ദാരാണ് നല്‍കേണ്ടതെന്ന് പോലീസ്. തഹസില്‍ദാരെ സമീപിച്ചപ്പോള്‍ അനുമതി നല്‍കാനാവില്ലെന്ന് മറുപടി. ഒടുവില്‍ കളക്ടറെ കണ്ട് കാര്യം ബോധ്യപ്പെടുത്തി. അങ്ങനെ രണ്ടു മില്ലുകളും തുറക്കാന്‍ അനുമതി കിട്ടി. വരാനാവുന്ന തൊഴിലാളികളെയിറക്കി ഉല്‍പ്പാദനം തുടങ്ങി.
പാക്കിങ് പൂര്‍ത്തിയാകുന്നതിനനുസരിച്ച് ഓരോ ജില്ലയിലേക്കും വെളിച്ചെണ്ണ എത്തിച്ചുകൊണ്ടേയിരുന്നു. സ്ഥാപനത്തിന് ആകെയുള്ളത് ഒരു ചരക്ക് വാഹനമാണ്. അത് നിര്‍ത്താതെ ഓടി. വാടകയ്ക്ക് വാഹനം എവിടെയും കിട്ടിയില്ല. ഇതിനിടെ വയനാട്ടിലേക്ക് പോയ വണ്ടിയും ഡ്രൈവറെയും ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചു. ആദിവാസി ഊരിലേക്കുള്ള സാധനങ്ങളാണെന്ന് പറഞ്ഞിട്ടും മണിക്കൂറുകള്‍ കഴിഞ്ഞാണ് കടത്തിവിട്ടത്. ഡ്രൈവറെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ പിന്നാലെ നിര്‍ദേശം വന്നു. സാധനമെത്തിക്കാനുള്ള പെടാപ്പാട് പിടിച്ച ഓട്ടത്തിനിടയിലും ജീവനക്കാരുടെ കൂട്ടായ്മക്കിടയിലുമാണ് ഇരുട്ടടി പോലെ ഈ തീരുമാനം വന്നത്. പകരം ഡ്രൈവറില്ല. എല്ലാ ശ്രമവും പാഴായി എന്ന തോന്നലാണ് മൊത്തം ജീവനക്കാരിലുമുണ്ടാക്കിയത്. ഇതോടെ, അവസാന വഴിയെന്ന നിലയില്‍ ജനറല്‍ മാനേജര്‍ എം.കെ. വിപിന മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഇ-മെയില്‍ അയച്ചു. സുരക്ഷിതമായാണ് ഡ്രൈവര്‍ പോകുന്നതെന്നും ഓരോ യാത്രയ്ക്കുശേഷവും ഡ്രൈവറെ നിരീക്ഷണത്തിലയച്ചാല്‍ അവശ്യസാധനങ്ങള്‍ ഉറപ്പുവരുത്താനാവല്ലെന്നുമാണ് മുഖ്യമന്ത്രിയെ അറിയിച്ചത്. ഇത് കിട്ടി ഒരു മണിക്കൂറിനുള്ളില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. ഡ്രൈവറെ നിരീക്ഷണത്തില്‍നിന്ന് മാറ്റാന്‍ വയനാട് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം പോയി. സാധനങ്ങള്‍ വിതരണം ചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരെ നിരീക്ഷണത്തിലാക്കുന്ന രീതി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പതിവ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെടുകയും ചെയ്തു.
കൊപ്ര നേരിട്ട് എടുക്കുന്നു
ഇതിനു ശേഷമാണ് മറ്റൊരു പ്രശ്‌നം വന്നത്. സ്റ്റോക്കുണ്ടായിരുന്ന കൊപ്രയെല്ലാം തീര്‍ന്നു. വെളിച്ചണ്ണ ഇനിയും വേണം. സപ്ലൈകോയ്ക്കും കണ്‍സ്യൂമര്‍ഫെഡിനും നല്‍കാന്‍ വെളിച്ചണ്ണ ഇല്ലാതാകുമെന്ന സ്ഥിതിയായി. ഇതോടെ കര്‍ഷകരില്‍നിന്ന് നേരിട്ട് കൊപ്രയെടുക്കാനുള്ള ശ്രമം തുടങ്ങി. കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട്, വയനാട് ജില്ലകളില്‍ നിന്നുള്ള പ്രധാന നാളികേര കര്‍ഷകരെ ബന്ധപ്പെട്ടു. വിപണി വില നല്‍കുമെന്നും സംഘത്തിന്റെ വാഹനം സ്ഥലത്തെത്തി എടുക്കുമെന്നും കേട്ടപ്പോള്‍ കര്‍ഷകര്‍ക്ക് സന്തോഷമായി. ഇങ്ങനെ വാങ്ങിയതില്‍ കുറച്ചേ കൊപ്രയുണ്ടായിരുന്നുള്ളു. ബാക്കി പച്ചത്തേങ്ങയായിരുന്നു. ഈ പച്ചത്തേങ്ങയും ഏറ്റെടുത്ത് ഡ്രയര്‍ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാനായിരുന്നു പിന്നീടുള്ള ശ്രമം. ആറ് സ്ത്രീത്തൊഴിലാളികളാണ് ഡ്രയര്‍ യൂണിറ്റിലുണ്ടായിരുന്നത്. ആ ആറു പേരും ജോലിചെയ്യാന്‍ തയാറായത് ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ഈ പരീക്ഷണം കൂടി വിജയിച്ചതോടെ ആവശ്യമുള്ള വെളിച്ചണ്ണ എന്‍.എം.ഡി.സി. നല്‍കി. ഭക്ഷ്യക്കിറ്റിലൂടെയും മറ്റ് വഴികളിലൂടെയും മലയാളിക്ക് വെളിച്ചെണ്ണ കിട്ടിയതിന് പിന്നില്‍ ഇങ്ങനെയൊരു സഹകരണക്കൂട്ടായ്മ കൂടിയുണ്ടായിരുന്നു.