സമുദ്ര ഉല്‍പന്നങ്ങളുടെ കയറ്റുമതിക്ക് സഹകരണ മേഖല ഒരുങ്ങുന്നു

[mbzauthor]

തീരമേഖലയിലെ സഹകരണ സംഘങ്ങള്‍ക്ക് സഹായവുമായി എന്‍.സി.ഡി.സി. സഹകരണ സംഘങ്ങളുടെ കയറ്റുമതി അധിഷ്ഠിത സമുദ്രോല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാനാണ് തീരുമാനം. ഇതിനായി, എന്‍.സി.ഡി.സി.യും മറൈന്‍ പ്രൊഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റിയും (എം.പി.ഡി.എ.) ധാരണാപത്രത്തില്‍ ഒപ്പുവച്ചു. സഹകരണ സംഘങ്ങളുടെ ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ക്ക് വിദേശ വിപണി കണ്ടെത്തുകയാണ് എന്‍.സി.ഡി.സി.യുടെ ലക്ഷ്യം.

മത്സ്യത്തൊഴിലാളി മേഖലയിലെ ചൂഷണം ഇല്ലാതാക്കാന്‍ സഹകരണ സംഘങ്ങള്‍ ശക്തമാക്കണമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. മത്സ്യലേലം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സഹകരണ സംഘങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിയത് ഇതിന്റെ ഭാഗമാണ്. ഇത്തരം സഹകരണ സംഘങ്ങള്‍ക്ക് മൂല്യവര്‍ദ്ധിത ഉല്‍പന്ന നിര്‍മ്മാണത്തിലേക്ക് കടക്കാനുള്ള പ്രോത്സാഹനമാണ് ഇപ്പോള്‍ എന്‍.എം.ഡി.സി. നല്‍കുന്നത്. ഇത്തരം സംരംഭങ്ങള്‍ക്ക് വായ്പയും നല്‍കുന്നുണ്ട്.

സഹകരണ സംഘങ്ങള്‍ക്ക് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനും ഉല്‍പന്നങ്ങള്‍ക്ക് സ്റ്റാന്റേര്‍ഡൈസേഷന്‍ ഉറപ്പാക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ എം.പി.ഇ.ഡി. നല്‍കാമെന്ന് ധാരണപത്രത്തില്‍ ഉറപ്പുനല്‍കുന്നുണ്ട്. ഇതിനായി, സഹകരണ സംഘങ്ങളും എന്‍.സി.ഡി.സി.യും സംയുക്തമായി പദ്ധതികള്‍ ആവിഷ്‌കരിക്കും.ദേശീയ-അന്തര്‍ദേശീയ വിപണിയിലെ സാധ്യതകള്‍, ഉല്‍പ്പന്നങ്ങള്‍, സാങ്കേതികവിദ്യകള്‍, ബിസിനസ് പങ്കാളിത്തം മെച്ചപ്പെടുന്നതിനുള്ള കാര്യങ്ങള്‍, എന്നിവയെല്ലാം എം.പി.ഡി.എ.വഴി സഹകരണ സംഘങ്ങള്‍ക്ക് ലഭ്യമാക്കും.

സഹകരണസംഘങ്ങളുടെ ഉന്നമനത്തിനും വികസനത്തിനുമായി 1963-ല്‍ പാര്‍ലമെന്റ് നിയമപ്രകാരമാണ് എന്‍.സി.ഡി.സി. രൂപവത്കരിച്ചത്. സഹകരണ സ്ഥാപനങ്ങള്‍ക്ക് ഏകദേശം 1.60 ലക്ഷം കോടി രൂപ ഇതിനകം എന്‍.സി.ഡി.സി. നല്‍കിയിട്ടുണ്ട്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള എം.പി.ഡി.എ. സമുദ്ര ഉല്‍പന്ന കയറ്റുമതി മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയാണ്.

[mbzshare]

Leave a Reply

Your email address will not be published.