സമാശ്വാസപദ്ധതികളിലൂടെ 1175 ലക്ഷം രൂപ സഹകരണവകുപ്പ് അനുവദിച്ചു
സഹകരണവകുപ്പിന്റെ വിവിധ സമാശ്വാസപദ്ധതികളിലൂടെ സഹകാരികള്‍ക്കും, സഹകരണസംഘം അംഗങ്ങള്‍ക്കുമായി 1175 ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചു. സഹകരണവകുപ്പ് മന്ത്രി വി എന്‍ വാസവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാനതല സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.
സഹകാരിസാന്ത്വനം, നവകേരളീയം ഒറ്റത്തവണ തീര്‍പ്പാക്കല്‍, അംഗത്വസമാശ്വാസനിധി എന്നീ പദ്ധതികളിലൂടെ എത്തിയ അപേക്ഷകളിലാണ് തുക അനുവദിക്കാന്‍ തീരുമാനിച്ചത്. നവകേരളീയം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ പതിനാല് ജില്ലകളില്‍ 84 സംഘങ്ങളില്‍ നിന്ന് ലഭിച്ച 145 അപേക്ഷകള്‍ പരിഗണിച്ചതില്‍ നിന്ന് 124 പേര്‍ക്ക് ധനസഹായം നല്‍കുവാനാണ് തീരുമാനിച്ചത്. ഇവര്‍ക്ക് 6,6274894 രൂപയുടെ ആശ്വാസം ലഭിക്കും.
സംഘങ്ങളിലെ അംഗങ്ങളില്‍ രോഗംമൂലം അവശത അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അംഗത്വ സമാശ്വാസനിധിയില്‍ ലഭിച്ച 2329 അപേക്ഷകര്‍ക്കായി 4,94,05000 രൂപയുടെ ധനസഹായം അനുവദിച്ചു. ഇതോടെ ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനുശേഷം അംഗത്വ സമാശ്വനിധിയിലൂടെ വിതരണം ചെയ്തത് 83,33,95000 രൂപയായി.
2021 ജൂണ്‍ മാസത്തില്‍ അംഗത്വ സമാശ്വാസനിധിയുടെ ഒന്നാം ഘട്ടമായി 11194 പേര്‍ക്ക് 23.94 കോടി രൂപയുടെ ധനസഹായം നല്‍കി. നവംബറില്‍ രണ്ടാംഘട്ടത്തില്‍ 11060 പേര്‍ക്ക് 22.93 കോടി രൂപയും നല്‍കി. മൂന്നാംഘട്ടത്തില്‍ 4982 പേര്‍ക്ക് 10.15 കോടി രൂപയുടെ ധനസഹായം മലപ്പുറത്തുവച്ച് നല്‍കി. നാലാം ഘട്ടത്തിന്റെ വിതരണം കോട്ടയത്താണ് നടന്നത്.
സഹകരണ സംഘങ്ങളില്‍ എ ക്ലാസ്സ് അംഗമായ ഏതൊരാളും മാരകരോഗ ബാധിതരായവര്‍, വാഹനാപകടത്തില്‍പ്പെട്ട് അംഗവൈകല്യം സംഭവിച്ചവര്‍, ശയ്യാവലംബരായവര്‍ അവരുടെ ആശ്രിതര്‍, മാതാപിതാക്കള്‍ എടുത്ത വായ്പക്ക് ബാധ്യതപ്പെട്ട കുട്ടികള്‍, പ്രകൃതി ദുരന്തങ്ങളില്‍പ്പെട്ട് വീടും അനുബന്ധ സ്വത്ത് വകകളും നഷ്ടപ്പെട്ടവര്‍ക്ക് ഈ സ്‌കീം പ്രകാരം പരമാവധി അരലക്ഷം രൂപ ധനസഹായമായി നല്‍കുന്നുണ്ട്. അശരണരായ സഹകാരികള്‍ക്ക് ധനസഹായം അനുവദിക്കുന്ന സഹകാരി സാന്ത്വന പദ്ധതിയില്‍ നിന്ന് 54 അപേക്ഷകര്‍ക്കായി 18,95000 രൂപയുടെ സഹായമാണ് കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ അനുവദിച്ചിരിക്കുന്നത്.