സംസ്ഥാനത്തെ പത്ത് ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് ഐ.എസ്.ഒ. അംഗീകാരം
സംസ്ഥാനത്ത് പാലുല്‍പ്പാദനത്തില്‍ മില്‍മ സ്വയംപര്യാപ്തത കൈവരിച്ചതിന് പിന്നാലെ ക്ഷീര സഹകരണ സംഘങ്ങള്‍ ഐ.എസ്.ഒ. അംഗീകാരവും. തിരുവനന്തപുരം മേഖലസഹകരണ ക്ഷീരോല്‍പ്പാദക യൂണിയന്റെ (ടി.ആര്‍.സി.എം.പി.യു.-മില്‍മ) കീഴിലുള്ള പത്ത് പ്രാഥമിക ക്ഷീര സഹകരണസംഘങ്ങള്‍ക്ക് ഐ.എസ്.ഒ. 22000 2018 അംഗീകാരം ലഭിച്ചത്.
ക്ഷീര സംഘങ്ങളുടെ മികച്ച പ്രവര്‍ത്തനവും പാലിന്റെ ഗുണമേന്‍മയും ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി മില്‍മ തിരുവനന്തപുരം യൂണിയന്‍ നടപ്പിലാക്കിയ പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണ് ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍. ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ വികസിപ്പിച്ച രാജ്യാന്തര ഭക്ഷ്യ സുരക്ഷ പരിപാലന സംവിധാനമാണ് ഐ.എസ്.ഒ. 22000-2018. ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കീഴിലുള്ള നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ സര്‍ട്ടിഫൈയിംഗ് ബോഡീസാണ് ഈ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്.
തിരുവനന്തപുരം മേഖലയിലെ എല്ലാ ക്ഷീര സഹകരണസംഘങ്ങള്‍ക്കും ഐ.എസ്.ഒ. അംഗീകാരം നേടിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ തുടക്കമാണിതെന്ന് ഭരണസമിതി അവകാശപ്പെട്ടു. ആദ്യഘട്ടമായി പത്ത് ക്ഷീര സഹകരണ സംഘങ്ങളില്‍ എല്ലാ മാനദണ്ഡങ്ങളും വിജയകരമായി പൂര്‍ത്തിയാക്കി എസ്.ജി.എസിന്റെ സര്‍ട്ടിഫിക്കേഷന്‍ നേടാനായി. മില്‍മ തിരുവനന്തപുരം യൂണിയന്റെ കീഴില്‍ തിരുവനന്തപുരത്തും (പ്രതിദിന ശേഷി മൂന്ന് ലക്ഷം ലിറ്റര്‍), കൊല്ലത്തും (രണ്ട് ലക്ഷം ലിറ്റര്‍) പത്തനംതിട്ടയിലുമായി (ഒരു ലക്ഷം ലിറ്റര്‍) പ്രവര്‍ത്തിക്കുന്ന മൂന്നു പ്ലാന്റുകള്‍ക്കും ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ട്. വളര്‍ച്ചയുടെ അടുത്ത ഘട്ടമെന്നോണം എല്ലാ പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങളേയും സര്‍ട്ടിഫിക്കേഷന്‍ നേടാന്‍ പ്രാപ്തമാക്കുകയും പ്രവര്‍ത്തനം രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയുമാണ് തിരുവനന്തപുരം മേഖല യൂണിയന്റെ ലക്ഷ്യം.
തെക്കന്‍ കേരളത്തില്‍ ഗുണമേന്‍മയുള്ള പാല്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ നിരന്തര വിതരണം ഉറപ്പുവരുത്തി മില്‍മ തിരുവനന്തപുരം യൂണിയന്‍ മൂന്ന് ദശാബ്ദം പൂര്‍ത്തിയാക്കി. നാലു ജില്ലകളിലുള്ള 923 പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങള്‍ പ്രതിദിനം 4.2 ലക്ഷം ലിറ്റര്‍ പാല്‍ സംഭരിക്കുന്നുണ്ട്. 94 വിപുലമായ ശീതീകരണ കേന്ദ്രങ്ങളും 7,610 ചില്ലറ വ്യാപാര കേന്ദ്രങ്ങളും 5.1 ലക്ഷം ലിറ്റര്‍ പാലിന്റെ പ്രതിദിന വില്‍പ്പനയുമായി 1,100 കോടിരൂപയിലധികം വാര്‍ഷിക വിറ്റുവരവ് മില്‍മ തിരുവനന്തപുരം യൂണിയനുണ്ട്.
923 പ്രാഥമിക ക്ഷീര സഹകരണസംഘങ്ങളിലൂടെ പാല്‍ ശേഖരിച്ച് വിവിധ ക്ലസ്റ്റര്‍ റൂട്ടുകളിലൂടെ ഗ്രാമപ്രദേശങ്ങളിലുള്ള 54 വിപുലമായ ശീതീകരണ കേന്ദ്രങ്ങളിലെത്തിക്കും. ഗുണമേന്‍മ ഉറപ്പുവരുത്തിയ ശേഷം അഞ്ചുഡിഗ്രി സെല്‍ഷ്യസില്‍ ശീതികരിച്ച് മില്‍മ തിരുവനന്തപുരം യൂണിയന്റെ ഡയറികളില്‍ എത്തിക്കും. തുടര്‍ന്ന് പാല്‍ സംസ്‌കരിച്ച് ചില്ലറ വ്യാപാര കേന്ദ്രങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യും. നിലവാരമുയര്‍ത്തുന്നതിന്റെ ഭാഗമായി പാല്‍ ശീതീകരണ കേന്ദ്രങ്ങളിലെ എല്ലാ ജീവനക്കര്‍ക്കും പങ്കാളികള്‍ക്കും ഇന്‍സെന്റീവും പരിശീലനവും നല്‍കുന്നുണ്ട്. അധിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് സാങ്കേതിക-സാമ്പത്തിക സഹായങ്ങളും യൂണിയന്‍ ലഭ്യമാക്കിയിട്ടുണ്ട്.