സംസ്ഥാനത്തെ ആദ്യ ഡെയറിപാര്‍ക്ക് തുടങ്ങുന്നു; പേര് പാലാഴി

moonamvazhi

സംസ്ഥാനത്തെ ആദ്യ ഡെയറി പാര്‍ക്ക് ഇടുക്കിജില്ലയിലെ കോലാഹലമേട്ടില്‍ തുടങ്ങുന്നു. പാലാഴി എന്നാണ് ഇതിന്റെ പേര്. യുവജനങ്ങളെക്ഷീരോത്പാദനമേഖലയിലേക്ക് ആകര്‍ഷിക്കുകയാണ് ഡയറി പാര്‍ക്കിന്റെ ലക്ഷ്യം. കേരള ലൈഫ് സ്റ്റോക്ക് ഡവലപ്‌മെന്റ്ബോര്‍ഡിന്റെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനുള്ള വിശദമായ പദ്ധതി രേഖയടക്കമുള്ള നിര്‍വഹണ റിപ്പോര്‍ട്ട് പൂര്‍ത്തിയായി.

ഡയറിപാര്‍ക്കിലേക്കുള്ള സാധനങ്ങളുടെ വരവും ഉല്‍പന്നങ്ങളുടെ വിപണനവും ഏകീകൃത സംവിധാനത്തിലൂടെയായിരിക്കും. ക്ഷീരമേഖലയില്‍ ആധുനിക സാങ്കേതിക വിദ്യ നടപ്പാക്കുന്നതിന്റെ പരീക്ഷണം കൂടിയാകും പാര്‍ക്കിന്റെ നിര്‍മ്മിതി. ഈ സാങ്കേതിക വിദ്യകള്‍ കര്‍ഷകര്‍ക്ക് സ്വായത്തമാക്കാനുള്ള പരിശീലനവും ഇവിടെ ഒരുക്കും. ഇതിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് അവരുടെ ഫാമുകളില്‍ അധുനിക സംവിധാനം ഒരുക്കാനുള്ള സഹായവും ലഭിക്കും.

പണം മുടക്കാന്‍ തയ്യാറുള്ള ക്ഷീരകര്‍ഷകര്‍ക്ക് പശുക്കളെ വളര്‍ത്താന്‍ പാര്‍ക്കില്‍ സൗകര്യം ഒരുക്കും. ആര്‍ക്കും ഇവിടെ പശുക്കളെ വളര്‍ത്താം.പശുപരിപാലനം, ചികിത്സ, പാല്‍ വിപണനം എന്നിവയ്ക്കും സൗകര്യമുണ്ടാകും. ഡയറി പാര്‍ക്കില്‍നിന്നുള്ള മുഴുവന്‍ പാലും മില്‍മ നേരിട്ട് സംഭരിക്കും. മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കാനും വിപണനത്തിനും സൗകര്യമൊരുക്കും. പാലില്‍നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുണ്ടാക്കുന്ന സംരംഭങ്ങള്‍ക്കും പാര്‍ക്കില്‍ ഇടമുണ്ടാകും. ഇതിനായി യുവാക്കളില്‍നിന്നുള്ള നൂതന പദ്ധതി നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കാനാണ് ക്ഷീരവകുപ്പിന്‍രെ തീരുമാനം.

വ്യക്തികള്‍ക്കും കൂട്ടായ്മകള്‍ക്കും പദ്ധതികളില്‍ പങ്കാളികളാകാം. ചെറിയ യൂസര്‍ ഫീ ഈടാക്കും. കെ.എല്‍.ഡി. ബോര്‍ഡിന്റെ കോലാഹലമേട്ടിലുള്ള അന്‍പത് ഏക്കര്‍ സ്ഥലത്താണ് ഇത് ആരംഭിക്കുന്നത്. ഭ്രൂണമാറ്റം, ഐ.വി.എഫ്. തുടങ്ങിയ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഉല്‍പാദന ക്ഷമതയുള്ള പശുക്കുട്ടികളെ ഉല്‍പാദിപ്പാക്കാനുള്ള നടപടികളും ക്ഷീരവകുപ്പ് സ്വീകരിക്കുന്നുണ്ട്. ഇതും ഡെയറി പാര്‍ക്കിന്റെ വിപുലീകരണത്തിന് സഹായകമാകുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

Latest News