സംസ്ഥാനത്തെ ആദ്യ ആധുനിക റൈസ് മിൽ പദ്ധതിക്കും കെയർ ഹോം രണ്ടാംഘട്ടത്തിനും ഇന്ന് തുടക്കം. മുഖ്യമന്ത്രി ഓൺലൈനിലൂടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യും.

adminmoonam

സംസ്ഥാനത്തെ ആദ്യ ആധുനിക റൈസ് മിൽ പദ്ധതിക്കും കെയർ ഹോം രണ്ടാംഘട്ടത്തിനും ഇന്ന് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്ത് ആദ്യ ആധുനിക റൈസ് മിൽ പദ്ധതി പാലക്കാട് ജില്ലയിലെ ദേശീയപാതയിൽ കണ്ണമ്പ്രയിൽ ആണ് ആരംഭിക്കുന്നത്. 15000 മെട്രിക് ടൺ സംഭരണശേഷിയും ഒരു ഷിഫ്റ്റിൽ 100 മെട്രിക് ടൺ സംസ്കരണ ശേഷിയുമുള്ള റൈസ്മിൽ ആണിത്. 80 കോടി രൂപയാണ് നിർമ്മാണച്ചെലവ്.

ആദ്യഘട്ടത്തിൽ പാലക്കാട് ജില്ലയിൽ ഉൽപാദിപ്പിക്കുന്ന മുഴുവൻ നെല്ലും സംഭരിക്കുകയും സംഭരണ സമയത്ത് തന്നെ സർക്കാർ നിശ്ചയിക്കുന്ന വില കർഷകന് നൽകുകയും ചെയ്യുന്ന തരത്തിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സംഭരിച്ച നെല്ലിൽ നിന്ന് അരിയും മൂല്യവർധിത ഉൽപ്പന്നങ്ങളും ഉണ്ടാക്കി വിപണി ഉറപ്പാക്കുകയും ചെയ്യുന്ന പുതിയ കാർഷിക വിപണന സംരംഭത്തിനാണ് സഹകരണ വകുപ്പ് തുടക്കം കുറിക്കുന്നത്. പാലക്കാട് ജില്ലയിലെ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ ചേർന്നുകൊണ്ട് രൂപീകരിച്ച പാപ്പ്കോസ് എന്ന സഹകരണ സംഘമാണ് റൈസ് മിൽ ആരംഭിക്കുന്നത്.

ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് മന്ത്രി എ കെ ബാലന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുക്കും.

സഹകരണ വകുപ്പിന്റെ ഏറെ പ്രശംസ നേടിയ കെയർ ഹോം പദ്ധതിയുടെ രണ്ടാംഘട്ടമായ ഫ്ലാറ്റ് നിർമാണത്തിന്റെ ഉദ്ഘാടനവും ഇന്ന് നടക്കും. തൃശ്ശൂർ ജില്ലയിലെ പഴയന്നൂരിലാണ് സംസ്ഥാനതല നിർമ്മാണോദ്ഘാടനം. ഇതും മുഖ്യമന്ത്രി ഓൺലൈനിലൂടെ നിർവഹിക്കും. 14 ജില്ലകളിലും ഫ്ലാറ്റുകൾ നിർമ്മിച്ചു വീടില്ലാത്തവർക്ക് നൽകുന്ന പദ്ധതിയാണ് ഇത്. ആദ്യഘട്ടത്തിൽ രണ്ടായിരത്തിലധികം വീടുകൾ സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ നിർമ്മിച്ച് നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News