സംയുക്ത സാമ്പത്തിക മുന്നേറ്റത്തിനു സഹകരണ പൂരം
‘ ഒരുമയുടെ പൂരം ‘ എന്ന പെരുമയാര്‍ന്ന വിശേഷണത്തോടെ
എറണാകുളം മറൈന്‍ഡ്രൈവില്‍ ഏപ്രില്‍ 22 മുതല്‍
30 വരെ നടന്ന രണ്ടാമതു സഹകരണ എക്‌സ്‌പോയില്‍
70,000 ചതുരശ്ര അടി സ്ഥലത്ത് ഒരുക്കിയ പവലിയനില്‍
മുന്നൂറോളം സ്റ്റാളുകളിലായി നാനൂറില്‍പ്പരം ഉല്‍പ്പന്നങ്ങള്‍
അണിനിരന്നു.
സഹകരണവകുപ്പും വ്യവസായവകുപ്പും കൃഷിവകുപ്പും കൂട്ടായി മറ്റു വകുപ്പുകളെയും കേന്ദ്രസര്‍ക്കാര്‍ സംവിധാനമായ കാര്‍ഷികാടിസ്ഥാന സൗകര്യനിധിയെയും (Agricultural Infrastructure Fund – AIF) പ്രയോജനപ്പെടുത്തി കേരളത്തിന്റെ സാമ്പത്തികരംഗത്തു വലിയ മാറ്റം സൃഷ്ടിക്കുമെന്ന പ്രതീക്ഷയേകുന്നതായിരുന്നു സഹകരണവകുപ്പ് ‘ഒരുമയുടെ പൂരം’ എന്ന പെരുമയാര്‍ന്ന വിശേഷണത്തോടെ ഏപ്രില്‍ 22 മുതല്‍ 30 വരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച എക്‌സ്‌പോ 23 എന്ന സഹകരണവിപണിയുടെ മഹാമേള. ഉദ്ഘാടനച്ചടങ്ങിലെ വ്യവസായ, സഹകരണമന്ത്രിമാരുടെ പ്രസംഗങ്ങളില്‍ മുതല്‍ സ്റ്റാളുകളില്‍ അണിനിരന്ന ഉല്‍പ്പന്നങ്ങളുടെ കെട്ടിലും മട്ടിലും വന്ന മാറ്റങ്ങളിലും സെമിനാര്‍ചര്‍ച്ചകളിലും സായാഹ്നങ്ങളില്‍ അവതരിപ്പിക്കപ്പെട്ട കലാപരിപാടികളിലുംവരെ ആധുനികമായ മാറ്റങ്ങളോടുള്ള ആഭിമുഖ്യം പ്രതിഫലിച്ചു. 70,000 ചതുരശ്ര അടി സ്ഥലത്തെ പവലിയനില്‍ മുന്നൂറോളം സ്റ്റാളിലായി നാനൂറില്‍പ്പരം ഉല്‍പ്പന്നങ്ങള്‍ നിരന്നതായി സംഘാടകര്‍ അറിയിച്ചു.
സഹകരണപ്രസ്ഥാനങ്ങളുടെ വ്യവസായപാര്‍ക്കുകള്‍ക്കു സ്വകാര്യവ്യവസായ പാര്‍ക്കുകള്‍ക്കുള്ള മൂന്നു കോടി രൂപവരെയുള്ള അടിസ്ഥാനസൗകര്യ ഇന്‍സെന്റീവ് നല്‍കുമെന്നു വ്യവസായമന്ത്രി പി. രാജീവ് പൂരം ഉദ്ഘാടനം ചെയ്തുകൊണ്ടു പറഞ്ഞു. ഓരോ ജില്ലയിലും സഹകരണപ്രസ്ഥാനങ്ങളുടെ വ്യവസായപാര്‍ക്കുകള്‍ വരുമെന്ന് അധ്യക്ഷപ്രസംഗത്തില്‍ സഹകരണമന്ത്രി വി.എന്‍. വാസവനും അറിയിച്ചു.
സഹകരണമേഖലയില്‍
വ്യവസായ പാര്‍ക്ക്
നിക്ഷേപത്തെ തൊഴില്‍ സൃഷ്ടിക്കുംവിധം ഉല്‍പ്പാദനത്തില്‍ കേന്ദ്രീകരിക്കാന്‍ സഹകരണമേഖലയ്ക്കു പരിമിതികളുണ്ടായിരുന്നുവെന്നു വ്യവസായമന്ത്രി ഉദ്ഘാടനപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. അതു മറികടക്കാനാണു ശ്രമം. ലിക്വിഡേറ്റ് ചെയ്ത വ്യവസായ സഹകരണസംഘങ്ങളുടെതായി ഉപയോഗിക്കാത്ത നൂറോളം ഏക്കറുണ്ട്. വ്യവസായങ്ങള്‍ക്കുള്ള വ്യവസായവകുപ്പിന്റെ സഹായവും സഹകരണസ്ഥാപനങ്ങള്‍ക്കുള്ള സഹകരണവകുപ്പിന്റെ സഹായവും സംയോജിപ്പിച്ച് ഉല്‍പ്പാദനമേഖലയില്‍ വന്‍കുതിപ്പ് സാധ്യമാക്കാമെന്നാണു പ്രതീക്ഷ. ഓരോ ജില്ലയിലും സഹകരണപ്രസ്ഥാനത്തിനു കീഴില്‍ വ്യവസായപാര്‍ക്ക് തുടങ്ങാമെന്നു സഹകരണമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. രണ്ടെണ്ണം ഈ വര്‍ഷംതന്നെ തുടങ്ങാനാണു ശ്രമം. കാര്‍ഷികമേഖലയില്‍ മൂല്യവര്‍ധനയ്ക്കുവേണ്ടി മാത്രം ഒരു കമ്പനി വരികയാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം കേരളത്തില്‍നിന്നു ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 51 ശതമാനം വര്‍ധിച്ചു. അതില്‍ ഒരു പ്രധാനപങ്കു സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍ക്കാണ്. വ്യവസായ, കൃഷി, സഹകരണവകുപ്പുകള്‍ സംയോജിച്ച് അടിസ്ഥാനസൗകര്യ വികസനനിധിയുടെ സഹായത്തോടെ ഭക്ഷ്യസംസ്‌കരണരംഗത്തു വലിയമാറ്റമുണ്ടാക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
ഓരോജില്ലയിലും സ്ഥലം കണ്ടെത്തി വ്യവസായപാര്‍ക്കുകള്‍ തുടങ്ങാന്‍ സഹകരണപ്രസ്ഥാനം ശ്രമിച്ചുവരികയാണെന്നു സഹകരണമന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷപ്രസംഗത്തില്‍ വെളിപ്പെടുത്തി.. വ്യവസായവകുപ്പും സഹകരണവകുപ്പും ചേര്‍ന്നുള്ള സംരംഭങ്ങള്‍ക്കായുള്ള പ്രാഥമികചര്‍ച്ചകളും വ്യവസായമന്ത്രിയുമായി നടത്തി. 1252 വനിതാ സഹകരണസംഘങ്ങളുണ്ട്. അവയില്‍ പലതും വ്യവസായം തുടങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വ്യവസായം തുടങ്ങുന്ന വനിതാസംഘങ്ങള്‍ക്കു വ്യവസായവകുപ്പ് അഞ്ചു ലക്ഷം രൂപ സബ്‌സിഡി നല്‍കും. സഹകരണവകുപ്പിന്റെ സബ്‌സിഡിയും കിട്ടും. രണ്ടുംചേരുമ്പോള്‍ നൂറുകണക്കിനു തൊഴില്‍ ഓരോ പഞ്ചായത്തിലുമുണ്ടാകും. മേയില്‍ ഇതിന്റെ പരിശീലനം ആരംഭിക്കും. യുവാക്കളുടെ 30 സഹകരണസംഘം രജിസ്റ്റര്‍ ചെയ്തിരുന്നു. ‘ശുചിത്വം സഹകരണം’ എന്ന മുദ്രാവാക്യം പ്രാവര്‍ത്തികമാക്കുന്നതില്‍ ഇ-നാട് യുവജനസഹകരണസംഘം പോലുള്ള സംരംഭങ്ങള്‍ വലിയ പങ്കു വഹിക്കുന്നു. കാര്‍ഷികാടിസ്ഥാന സൗകര്യനിധിയില്‍നിന്നു വന്‍സാമ്പത്തികസഹായമാണു കാര്‍ഷികപദ്ധതികള്‍ക്കു ലഭിക്കുക. ഇതും സഹകരണസംഘങ്ങള്‍ക്കു പ്രയോജനപ്പെടുത്താം. സഹകരണോല്‍പ്പന്നങ്ങള്‍ എല്ലാ ജില്ലയിലും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ എല്ലാ ജില്ലയിലും കോപ്മാര്‍ട്ട് തുടങ്ങി. സഹകരണരംഗത്തു രണ്ടര ലക്ഷം കോടി രൂപ നിക്ഷേപമുണ്ട്. ഒറ്റത്തവണതീര്‍പ്പാക്കല്‍, റിസ്‌ക് ഫണ്ട്, ചികിത്സാസഹായമായി 67 കോടി രൂപയുടെ വിതരണം തുടങ്ങിയവ, കേരളത്തിലെ മറ്റു ബാങ്കുകള്‍ക്കില്ലാത്ത, സഹകരണമേഖലയുടെ പ്രത്യേകതയാണ്. രണ്ടു വര്‍ഷത്തിനകം സഹകരണമേഖലയില്‍ 1,10,000 തൊഴിലവസരമുണ്ടാക്കി. സമഗ്ര സഹകരണ നിയമപരിഷ്‌കരണം വരികയാണെന്നും അദ്ദേഹം പറഞ്ഞു.
വി.ആര്‍. സന്തോഷ് രചിച്ചു ബിജിബാല്‍ ഈണം പകര്‍ന്നു നജിമാഷാദ് ആലപിച്ച മേളയുടെ തീംസോങ് മന്ത്രി വാസവന്‍ പ്രകാശനം ചെയ്തു.
മേയര്‍ എം. അനില്‍കുമാര്‍, മുന്‍മന്ത്രി എസ്. ശര്‍മ, എം.എല്‍.എ.മാരായ വി. ജോയി, ടി.ജെ. വിനോദ്, ആന്റണി ജോണ്‍, എറണാകുളം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, സഹകരണവകുപ്പു സെക്രട്ടറി മിനി ആന്റണി, എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, സഹകരണയൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍നായര്‍, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, സഹകരണസംഘം രജിസ്ട്രാര്‍ ടി.വി.സുഭാഷ് തുടങ്ങിയവര്‍ സംസാരിച്ചു.
തീന്‍മേശപ്പുറത്തെ
ഇന്ത്യയുമായി സപ്ത
മേള തുടങ്ങും മുമ്പേ ഭക്ഷ്യമേള തുടങ്ങി എന്നു പറയാം. സ്റ്റാളുകള്‍ ഒരുക്കാനും സാധനങ്ങള്‍ എത്തിക്കാനും ഏപ്രില്‍ 22 നു രാവിലെ മുതല്‍ എത്തിയവര്‍ക്കായി പഞ്ചനക്ഷത്രനിലവാരമുള്ള ഭക്ഷണങ്ങളും പാനീയങ്ങളും ഇത്തവണയുണ്ടായിരുന്നു. കോഴിക്കോട് ആസ്ഥാനമായി അപ്പാര്‍ട്ടുമെന്റുകളും കമേഴ്‌സ്യല്‍ മാളുകളും ബജറ്റ് ഹോട്ടലുകളും നക്ഷത്ര റിസോര്‍ട്ടുകളും മള്‍ട്ടിപ്ലക്‌സുകളും ഗെയിംസോണുകളുമായി മുന്നേറുന്ന കേരള ലാന്റ് റിഫോംസ് ആന്റ് ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (ലാഡര്‍) വയനാട്ടിലെ പഞ്ചനക്ഷത്രസംരംഭമായ ‘സപ്ത റിസോര്‍ട്ട് ആന്റ് സ്പാ’യാണു പഞ്ചനക്ഷത്രസൗകര്യങ്ങളും വിഭവങ്ങളുമായി സന്ദര്‍ശകരെ എതിരേറ്റത്. കേരളത്തനിമയോടെ വസ്ത്രധാരണം ചെയ്ത വനിതകള്‍ ‘ആഡംബരം, അതാണു ഞങ്ങളുടെ പ്രകൃതം’ എന്നു വിളിച്ചോതുന്ന വയനാട്ടിലെ സപ്ത റിസോര്‍ട്ടിന്റെയും ആരണ്യം വെല്‍നസ് സ്പായുടെയും വിശേഷങ്ങള്‍ വിവരിക്കുന്ന വര്‍ണാഭമായ ബ്രോഷറുമായി ഫുഡ്‌കോര്‍ട്ടിലേക്കു പ്രവേശിക്കുന്നിടത്തുതന്നെ ഒരുക്കിയ സപ്തയുടെ ഭക്ഷ്യശാലയിലേക്ക് ആദ്യദിവസം സഹകാരികളെ സ്വാഗതം ചെയ്തു. ‘തീന്‍മേശപ്പുറത്തെ ഇന്ത്യ’ എന്ന വിശേഷണത്തോടെ സപ്തയില്‍ ലഭ്യമാകുന്ന വിഭവങ്ങള്‍ ഇവിടെയും രുചിക്കാന്‍ വിശപ്പിന്റെ വിളി കേട്ട് എത്തിയവര്‍ക്കു കഴിഞ്ഞു. മന്ത്രി വി.എന്‍. വാസവന്‍ സപ്തയുടെ ഫുഡ്‌കോര്‍ട്ട് ഉദ്ഘാടനം ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സാധാരണനിരക്കില്‍ ബിരിയാണി അടക്കമുള്ള ജനപ്രിയവിഭവങ്ങള്‍ ഇവിടെ ലഭ്യമായിരുന്നു.
നീറിക്കോട് സര്‍വീസ് സഹകരണബാങ്കും കെ-ട്രാക്കും പറപ്പൂര്‍ വനിതാ സഹകരണസംഘവും ഇന്ത്യന്‍ കോഫീ ഹൗസും മത്സ്യഫെഡിന്റെ സഹായത്തോടെയുള്ള തീരമൈത്രിയും കുടുംബശ്രീയുംപോലെ സഹകരണസ്വഭാവമുള്ള സംരംഭങ്ങള്‍തന്നെയാണു ഫുഡ്‌കോര്‍ട്ടിലെ മറ്റു സ്റ്റാളുകളും ഒരുക്കിയത്. സപ്ത ഫുഡ്‌കോര്‍ട്ടിനു പുറമെ ലാഡര്‍ പ്രധാനപവലിയനിലും സ്റ്റാള്‍ ഒരുക്കി. സപ്ത, അപ്പാര്‍ട്ടുമെന്റുകളായ മാങ്കാവ് ഗ്രീന്‍സ് (കോഴിക്കോട്), ലാഡര്‍ തറവാട് (ഒറ്റപ്പാലം), പൂര്‍ത്തിയായിവരുന്ന ക്യാപ്പിറ്റല്‍ ഹില്‍ (തിരുവനന്തപുരം), ബജറ്റ് ഹോട്ടലുകളായ ടെറസ് (കോഴിക്കോട്ടും തിരുവനന്തപുരത്തും മഞ്ചേരിയിലും), മള്‍ട്ടിപ്ലക്‌സുകളായ ലാഡര്‍ സിനിമാസ് (മഞ്ചേരിയിലും ഒറ്റപ്പാലത്തും നിലവിലുള്ളതും കായംകുളത്തു നിര്‍മാണം ആരംഭിച്ചതും), വാണിജ്യകേന്ദ്രമായ ഇന്ത്യന്‍ മാള്‍ (മഞ്ചേരി), പുതിയ പ്രോജക്ടുകളായ മുതലമടയിലെ സീനിയര്‍ സിറ്റിസെന്‍ വില്ല (മുതലമട), മള്‍ട്ടിപ്ലക്‌സ് (കോഴിക്കോട് മീഞ്ചന്ത) എന്നിവയുടെ വിവരങ്ങള്‍ ഇവിടെ പങ്കുവയ്ക്കപ്പെട്ടു. ലാഡറിലെ നിക്ഷേപാവസരങ്ങളുടെ വിവരങ്ങളും നല്‍കി. മന്ത്രി വി.എന്‍. വാസവന്‍ ലാഡറിന്റെ സ്റ്റാള്‍ ഉദ്ഘാടനം ചെയ്തു.
കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണബാങ്ക് കേരളത്തിലെ ഏറ്റവും വലിയ പ്രാഥമിക സഹകരണസംഘമെന്ന ഖ്യാതി വിളിച്ചോതുന്നതിനൊപ്പം ബാങ്കിന്റെ സംരംഭമായ എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും കെയര്‍ ഫൗണ്ടേഷനും ചേര്‍ന്നു നടത്തുന്ന 15,000 രൂപയ്ക്ക് അഞ്ചുലക്ഷം രൂപയുടെ സൗജന്യ കാന്‍സര്‍ ചികിത്സ ലഭ്യമാക്കുന്ന മൂന്നിനം മാസ് കെയര്‍ പദ്ധതിയുടെ വിവരങ്ങള്‍ ലഭ്യമാക്കി. സഹകരണവകുപ്പുസെക്രട്ടറി മിനി ആന്റണിയാണു സ്റ്റാള്‍ ഉദ്ഘാടനം ചെയ്തത്. സമ്പൂര്‍ണ സഹകരണമാസികയായ മൂന്നാംവഴിയുടെ സ്റ്റാളില്‍ മാസികയുടെ പുതിയതും പഴയതുമായ ലക്കങ്ങള്‍ പരിശോധിക്കാനും വാങ്ങാനും വരിക്കാരാകാനും സൗകര്യമൊരുക്കി. സംസ്ഥാന സഹകരണ കാര്‍ഷികഗ്രാമവികസനബാങ്ക് മാനേജിങ് ജയറക്ടര്‍ കെ.എന്‍. പാര്‍വതി നായര്‍ സ്റ്റാള്‍ ഉദ്ഘാടനം ചെയ്തു.
സഹകരണവകുപ്പും
കേരള ബാങ്കും
സഹകരണവകുപ്പിന്റെ സ്റ്റാള്‍ സഹകരണപ്രസ്ഥാനത്തിന്റെ ചരിത്രവും വികാസപരിണാമങ്ങളും ഏറ്റെടുത്ത ജനകീയപദ്ധതികളും പരിചയപ്പെടുത്തി. ലോകപ്രശസ്തമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘത്തിന്റെ സ്റ്റാള്‍ സഹകരണമേഖലയ്ക്കു സാമ്പത്തികഭീമന്‍മാരോടു കിടപിടിക്കുന്ന മഹാദ്ഭുതങ്ങള്‍ സൃഷ്ടിക്കാനാവുമെന്നു വ്യക്തമാക്കി. ഏഷ്യയില്‍ സാമ്പത്തികസേവനങ്ങള്‍ നല്‍കുന്ന 300 സഹകരണസംരംഭങ്ങളില്‍ ഒന്നാംസ്ഥാനമുള്ള കേരള ബാങ്ക് സേവനങ്ങളുടെ നിരയുമായി വര്‍ണാഭമായ സ്റ്റാള്‍ ഒരുക്കി.
കോപ് മാര്‍ട്ട്, അമുല്‍, മില്‍മ, ഇ.എം.എസ.് സഹകരണാശുപത്രി, ദി നോര്‍ത്ത് മലബാര്‍ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക്, സംസ്ഥാന സഹകരണയൂണിയന്‍, പറവൂര്‍ വടക്കേക്കര സര്‍വീസ് സഹകരണബാങ്ക്, കേരള ദിനേശ്, ഭരണിക്കാവ് സര്‍വീസ് സഹകരണബാങ്ക്, കണ്‍സ്യൂമര്‍ ഫെഡ്, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, റബ്‌കോ, വനിതാഫെഡ്, വാരപ്പെട്ടി സര്‍വീസ് സഹകരണബാങ്ക്, സഹകരണ നിക്ഷേപഗ്യാരണ്ടി ഫണ്ട് ബോര്‍ഡ്, സഹകരണവികസന ക്ഷേമനിധി ബോര്‍ഡ്, കൊല്ലം എന്‍.എസ്. ആശുപത്രിശൃംഖല, ആര്‍ട്ടിസാന്‍സ് ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ്, പാപ്പിനിവട്ടം സര്‍വീസ് സഹകരണബാങ്ക്, സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസനബാങ്ക്, പാണഞ്ചേരി മാര്‍ക്കറ്റിങ് ആന്റ് പ്രോസസിങ് സഹകരണസംഘം, പള്ളിയാക്കല്‍ സര്‍വീസ് സഹകരണബാങ്ക്, തങ്കമണി സര്‍വീസ് സഹകരണബാങ്ക്, കൊമ്മേരി സര്‍വീസ് സഹകരണബാങ്ക്, പല്ലശ്ശന സര്‍വീസ് സഹകരണബാങ്ക്, കേരള പോലീസ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, വെണ്ണൂര്‍ സര്‍വീസ് സഹകരണബാങ്ക്, ഏറാമല സര്‍വീസ് സഹകരണബാങ്ക്, മടപ്പള്ളി സര്‍വീസ് സഹകരണബാങ്ക്, മറയൂര്‍ സര്‍വീസ് സഹകരണബാങ്ക്, മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണബാങ്ക്, നെന്‍മാറ ബ്ലോക്ക് യുവ സഹകരണസംഘം, അഗ്രിക്കള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ്, കേരള സ്‌റ്റേറ്റ് ലേബര്‍ കോ-ഓപ്പറേറ്റീവ്‌സ് ഫെഡറേഷന്‍, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് പെന്‍ഷന്‍ ഫണ്ട് ബോര്‍ഡ്, കോഴിക്കോട് ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍, കാലടി ഫാര്‍മേഴ്‌സ് സഹകരണബാങ്ക്, മാര്‍ക്കറ്റ്‌ഫെഡ്, അളഗപ്പ നഗര്‍ സഹകരണകണ്‍സോര്‍ഷ്യം, അഞ്ചരക്കണ്ടി ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണബാങ്ക്, അട്ടപ്പാടി സഹകരണഫാമിങ് സൊസൈറ്റി, ബേഡഡുക്ക വനിതാസര്‍വീസ് സഹകരണസംഘം, ചിറക്കല്‍ വീവേഴ്‌സ് കോ-ഓപ്പറേറ്റീവ് പി.ആന്റ് എസ് സൊസൈറ്റി, കൊടിയത്തൂര്‍ സര്‍വീസ് സഹകരണബാങ്ക്, കേരള സ്റ്റേറ്റ് ഫെഡറേഷന്‍ ഓഫ് എസ്.സി.എസ.്ടി. കോ-ഓപ്പറേറ്റീവ്‌സ്, കട്ടപ്പന സര്‍വീസ് സഹകരണബാങ്ക്, റെയ്ഡ്‌കോ, ഒക്കല്‍ സര്‍വീസ് സഹകരണബാങ്ക്, കഞ്ഞിക്കുഴി സര്‍വീസ് സഹകരണബാങ്ക്, കലയപുരം പട്ടികവര്‍ഗ സര്‍വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, പീരുമേട് മാര്‍ക്കറ്റിങ് സഹകരണസംഘം, നീലൂര്‍ സര്‍വീസ് സഹകരണസംഘം, കണയന്നൂര്‍ താലൂക്ക് കാര്‍ഷികവികസന ബാങ്ക്, കാരാക്കുര്‍ശി സര്‍വീസ് സഹകരണബാങ്ക്, കേരള ആയുര്‍വേദിക് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കോസ്‌റ്റെക്, കോഡൂര്‍ സര്‍വീസ് സഹകരണബാങ്ക്, കോരാമ്പാടം സര്‍വീസ് സഹകരണബാങ്ക്, മത്സ്യഫെഡ്, മങ്കട അഗ്രിക്കള്‍ച്ചറല്‍ ആന്റ് ജനറല്‍ മാര്‍ക്കറ്റിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, മാറാടി പഞ്ചായത്ത് വനിതാസഹകരണസംഘം, മറ്റത്തൂര്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, നന്ദിയോട് സര്‍വീസ് സഹകരണബാങ്ക്, പട്ടുവം സര്‍വീസ് സഹകരണബാങ്ക്, സേവ് ഗ്രീന്‍ അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ഷോളയൂര്‍ സര്‍വീസ് സഹകരണബാങ്ക്, സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ സഹകരണസംഘം, കാഞ്ഞിരോട് വീവേഴ്‌സ് കോ-ഓപ്പറേറ്റീവ് പി.ആന്റ് എസ് സൊസൈറ്റി, തിരുനെല്ലി എസ്.ടി. സര്‍വീസ് സഹകരണസംഘം, ഉദുമ വനിതാ സഹകരണസംഘം, കല്യാശ്ശേരി വീവേഴ്‌സ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, വടകര സഹകരണ ഗ്രാമീണബാങ്ക്, കാപെക്‌സ്, ഇമ്പിച്ചിബാവ മെമ്മോറിയല്‍ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍, കുട്ടമ്പേരൂര്‍ സര്‍വീസ് സഹകരണബാങ്ക്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കണ്ടാണിശ്ശേരി പഞ്ചായത്ത് വനിതാ സഹകരണസംഘം, വിലങ്ങാട് എസ്.ടി. സര്‍വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ഹാന്റെക്‌സ്, എന്‍.സി.ഡി.സി, കേരള ടൂറിസം ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കേരഫെഡ്, കയര്‍ഫെഡ്, മലബാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കോ-ഓപ്പറേറ്റീവ് ലിമിറ്റഡ്, കേപ് തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ സ്റ്റാള്‍ നടത്തി.
മെച്ചപ്പെട്ട പാക്കിങ്ങില്‍
ഉല്‍പ്പന്നങ്ങള്‍
കഴിഞ്ഞ വര്‍ഷം വന്ന ചില സംഘങ്ങളുടെ സ്റ്റാളുകള്‍ ഇത്തവണ കണ്ടില്ലെങ്കിലും അന്നു വരാതിരുന്ന പല സംഘങ്ങളും പുതുമ പ്രകടമാക്കുന്ന സ്റ്റാളുകള്‍ ഒരുക്കി. 2022 ലെ എക്‌സ്‌പോയില്‍ പങ്കെടുത്ത പലതും പുതിയ മേഖലകളിലേക്കു കടന്നതും വിപുലീകരിച്ചതും കാണാന്‍ കഴിഞ്ഞു. ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ കലാപരവും പ്രൊഫഷണലുമായി പാക്കു ചെയ്ത് ആകര്‍ഷകമാക്കേണ്ടതിന്റെ പ്രാധാന്യം സംഘങ്ങള്‍ മനസ്സിലാക്കിയെന്ന്് ഉല്‍പ്പന്നങ്ങളുടെ കെട്ടും മട്ടും വ്യക്തമാക്കി. കാര്‍ഷികപദ്ധതികള്‍ക്കു വന്‍സാമ്പത്തികസഹായത്തിലൂടെ കുതിപ്പേകുന്ന കാര്‍ഷികാടിസ്ഥാന സൗകര്യനിധിക്ക് ഇത്തവണ സ്റ്റാള്‍ ഉണ്ടായിരുന്നു. സഹായവിവരങ്ങളും എ.ഐ.എഫിന്റെ മേഖലാ കോ-ഓര്‍ഡിനേറ്റര്‍മാരുടെ ഫോണ്‍നമ്പരും ഇവിടെ ലഭ്യമാക്കി. ഇന്‍ഷുറന്‍സ് രംഗത്തും സഹകരണസംഘം കടന്നുവെന്ന് ഒരു സ്റ്റാള്‍ തെളിയിച്ചു – തിരുവനന്തപുരത്തെ കോ-ഓപ്പറേറ്റീവ് ഇന്‍ഷുറന്‍സ് സൊസൈറ്റി. ലോക്കറുകള്‍ക്കു മുതല്‍ ഭൂമികലുക്കത്തിനുവരെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. അട്ടപ്പാടിയിലെ 18 ഊരുകളിലെ കുറുമ്പരുടെ കുറുമ്പ പട്ടികവര്‍ഗ സേവനസഹകരണസംഘം കാട്ടുകടുകും കാട്ടുതേനും ചീനിക്കാപ്പൊടിയുമൊക്കെയായി സ്റ്റാള്‍ ഒരുക്കി.
ഭക്ഷ്യോല്‍പ്പന്നയൂണിറ്റിനൊപ്പം സ്ഥാപനങ്ങളില്‍ സുരക്ഷാജീവനക്കാരെ നല്‍കുന്ന സഹകരണ സെക്യൂരിറ്റിസര്‍വീസും നടത്തുന്ന തിരുവനന്തപുരത്തെ മലയാളി വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 34 ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് എം.എല്‍.എ. വിപണിയിലിറക്കി. കുന്നുകര സര്‍വീസ് സഹകരണബാങ്കിന്റെ ചിപ്പ്കൂപ്പ് ബ്രാന്റ് ഉല്‍പ്പന്നങ്ങളും വെളിയത്തുനാട് സര്‍വീസ് സഹകരണബാങ്കിന്റ കൊക്കൂണ്‍ ബ്രാന്റ് ഉല്‍പ്പന്നങ്ങളും മാഞ്ഞാലി സര്‍വീസ് സഹകരണബാങ്കിന്റെ മാഞ്ഞാലിക്കൂവ ബ്രാന്റ് കൂവപ്പൊടിയും മന്ത്രി പി. രാജീവ് വിപണിയിലിറക്കി. മലപ്പുറത്തെ കേരള പ്രവാസി വെല്‍ഫയര്‍ ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രവാസി ഐ.ടി. സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് രൂപവത്കരിച്ച് റിയോ ഈസി കളക്ട് എന്ന കാഷ് കളക്ഷന്‍ ആപ്പുമായി രംഗത്തെത്തി. കൊരട്ടി സര്‍വീസ് സഹകരണബാങ്ക് കൊരട്ടി മാര്‍ട്ട് എന്ന പേരില്‍ സഹകരണോല്‍പ്പന്നങ്ങള്‍ക്ക് അത്യാധുനിക വിതരണശൃംഖലാമാനേജ്‌മെന്റ് സംവിധാനവും മറ്റും ഒരുക്കാനുള്ള യ്തനത്തിന്റെ വിവരങ്ങളുമായി സ്റ്റാള്‍ ഒരുക്കി.
ട്രിവാന്‍ഡ്രം ഫാര്‍മേഴ്‌സ് സോഷ്യല്‍ വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്വിക്ക് സ്റ്റാക്ക് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്ന് ഇന്‍ഫര്‍മേഷന്‍ ഓഫ് കോ-ഓപ്പറേറ്റീവ് ഓവര്‍ഡ്യൂ മോണിറ്റര്‍ സിസ്റ്റം എന്ന വെബ് ആപ്പ് കാഴ്ചവച്ചു. വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രണേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മറ്റു സേവനങ്ങള്‍ക്കൊപ്പം ഒമേഗ എക്കോടെക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്നു പേറ്റന്റ് ലഭിച്ച ബയോകമ്പോസ്റ്റര്‍ ബിന്നുമായാണു രംഗത്തെത്തിയത്. കോട്ടയത്തെ ഇ-നാട് യുവജന സഹകരണസംഘം ഉറവിട മാലിന്യസംസ്‌കരണത്തിനുള്ള ജീബിന്‍ സേവനം 72 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ നടപ്പാക്കുന്നതിലേക്കു പുരോഗമിച്ചു. തൃപ്പൂണിത്തുറ പീപ്പിള്‍സ് അര്‍ബന്‍ സഹകരണബാങ്ക് ഹെസ്സ എനര്‍ജി സൊലൂഷന്‍സ് എല്‍.എല്‍.പി.യുമായി ചേര്‍ന്നു സൗരോര്‍ജസംവിധാനങ്ങളുടെ പ്രചാരണത്തിനു പ്രാധാന്യം നല്‍കി. ഇതിനുള്ള വായ്പാവിവരങ്ങള്‍ സ്റ്റാളില്‍ ലഭ്യമായിരുന്നു. കഴിഞ്ഞതവണ എല്‍.ഇ.ഡി. ബള്‍ബുകളും ട്യൂബുകളും പ്രദര്‍ശിപ്പിച്ച കോതമംഗലം താലൂക്ക് മര്‍ക്കന്റൈല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും കൂടുതലിനം എല്‍.ഇ.ഡി. ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു.
സഹകരണത്തിന്റെ പ്രശ്‌നങ്ങളും സാധ്യതകളും ചര്‍ച്ചചെയ്യുന്ന സെമിനാറുകള്‍ ദിവസവുമുണ്ടായിരുന്നു. മന്ത്രിമാരടക്കമുള്ള പ്രമുഖര്‍ സംസാരിച്ചു. വൈകുന്നേരങ്ങളില്‍ പാരമ്പര്യവും ആധുനികതയും ഇഴചേര്‍ന്ന വ്യത്യസ്തയാര്‍ന്ന കലാപരിപാടികളും അരങ്ങേറി. സഹകരണസംബന്ധിയായ പുസ്തകങ്ങളും പ്രകാശിതമായി.