സംഘങ്ങള്‍ക്കെതിരായ കേസുകള്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യണം- രജിസ്ട്രാര്‍
ഹൈക്കോടതിയിലെ കേസുകളുമായി ബന്ധപ്പെട്ട് നോട്ടീസ് കിട്ടുമ്പോള്‍ സഹകരണസംഘത്തിനുവേണ്ടി ഹാജരാകാന്‍ അഭിഭാഷകരെ നിയോഗിക്കുകയോ സെക്രട്ടറിമാരോ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍മാരോ നേരിട്ട് ഹാജരായി കേസ് നടത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യണമെന്നു സഹകരണസംഘം രജിസ്ട്രാര്‍ നിര്‍ദേശിച്ചു. ഇതില്‍ വീഴ്ച വരുത്തുന്ന ഭരണസമിതിക്ക് / ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന വകുപ്പുതല നടപടി സ്വീകരിക്കുമെന്നു രജിസ്ട്രാര്‍ അറിയിച്ചു.
സംഘങ്ങള്‍ക്കെതിരായി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുന്ന കേസുകളില്‍ നോട്ടീസ് കിട്ടിയിട്ടുപോലും സഹകരണസംഘം സെക്രട്ടറിയോ ചീഫ് എക്‌സിക്യുട്ടീവോ ഹാജരാവുകയോ അവരുടെ അഭിഭാഷകരെ നിയോഗിക്കുകയോ ചെയ്യാതിരിക്കുന്നതായി കോടതിതന്നെ വാക്കാല്‍ നിരീക്ഷിച്ച കാര്യം സഹകരണവകുപ്പ് സ്‌പെഷല്‍ പ്ലീഡര്‍ അറിയിച്ച സാഹചര്യത്തിലാണു സഹകരണസംഘം രജിസ്ട്രാറുടെ ഉത്തരവ്. സംഘം സെക്രട്ടറിമാരും ചീഫ് എക്‌സിക്യുട്ടീവുമാരും നേരിട്ട് ഹാജരാകാത്ത സംഭവം വര്‍ധിച്ചുവരുന്നതു ഗൗരവത്തോടെ കാണുമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. അതതു ജില്ലകളില്‍ സംഘങ്ങള്‍ക്കെതിരെ ഫയല്‍ ചെയ്തിട്ടുള്ള കേസുകളില്‍ മേല്‍നിര്‍ദേശം പാലിക്കപ്പെടുന്നുണ്ടെന്നു ജോയിന്റ് രജിസ്ട്രാര്‍മാര്‍ ( ജനറല്‍ ) ഉറപ്പുവരുത്തണമെന്നു സഹകരണസംഘം രജിസ്ട്രാര്‍ ആവശ്യപ്പെട്ടു.