സംഘങ്ങള്‍ക്കുള്ള ആദായനികുതിയിളവ് : 17 വര്‍ഷത്തെ തര്‍ക്കത്തിനു പരിസമാപ്തി

[mbzauthor]

അംഗങ്ങളുമായി മാത്രം ഇടപാടു നടത്തുന്ന സഹകരണസംഘങ്ങളെ ബാങ്കുകളുടെ നിര്‍വചനത്തില്‍പ്പെടുത്താമോ എന്ന വിഷയത്തില്‍ സുപ്രീംകോടതിതന്നെ അന്തിമതീര്‍പ്പുണ്ടാക്കിയിരിക്കുന്നു. അംഗങ്ങള്‍ക്കു വായ്പാസൗകര്യം നല്‍കുന്ന എല്ലാ സഹകരണ സംഘങ്ങള്‍ക്കും ആദായനികുതിയിളവ് നല്‍കണമെന്നാണു 2023 ഏപ്രില്‍ 20 നു സുപ്രീംകോടതി പുറപ്പെടുവിച്ച നിര്‍ണായകമായ വിധിയില്‍ പറയുന്നത്. ആദായനികുതിവകുപ്പിലെ 80 (പി) (2) അനുസരിച്ചുള്ള നികുതിയിളവിന് എല്ലാ ക്രെഡിറ്റ് സംഘങ്ങളും അര്‍ഹരാണെന്നു കോടതി വിധിച്ചു.

 

സഹകരണസംഘങ്ങള്‍ക്ക് ആദായനികുതിയില്‍ ഇളവ് നല്‍കണമെന്ന നിയമത്തിലെ വ്യവസ്ഥ പാലിച്ചുകിട്ടാന്‍ വര്‍ഷങ്ങളായുള്ള നിയമയുദ്ധത്തിനു സുപ്രീംകോടതിയില്‍ പരിസമാപ്തി. സഹകരണസംഘങ്ങളുടെ വായ്പാബിസിനസ് ബാങ്കിങ് ഇടപാടിനു തുല്യമായി പരിഗണിക്കേണ്ടതാണെന്നും അതിനാല്‍ ആദായനികുതിയിളവ് നല്‍കാനാവില്ലെന്നുമാണ് ആദായനികുതി വകുപ്പ് വര്‍ഷങ്ങളായി വാദിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങളെ ‘ബാങ്കു’കളായി കണ്ട് നികുതി ചുമത്തുന്ന രീതി അവര്‍ സ്വീകരിച്ചിരുന്നു. അതിനെതിരെ സുപ്രീംകോടതിവരെ നീണ്ട പോരാട്ടത്തിനൊടുവില്‍ കാര്‍ഷിക വായ്പാസംഘങ്ങള്‍ അനുകൂലവിധി നേടി. അതേസമയം, മറ്റു വായ്പാസംഘങ്ങളുടെ കാര്യത്തില്‍ തര്‍ക്കം തുടരുകയായിരുന്നു. അംഗങ്ങളുമായി മാത്രം ഇടപാടു നടത്തുന്ന സഹകരണസംഘങ്ങളെ ബാങ്കുകളുടെ നിര്‍വചനത്തില്‍പ്പെടുത്താന്‍ കഴിയില്ലെന്ന് ഇപ്പോള്‍ സുപ്രീംകോടതിതന്നെ തീര്‍പ്പുണ്ടാക്കിയിരിക്കുന്നു. ഇത്തരം സംഘങ്ങള്‍ക്കും ആദായ നികുതിയിളവ് നല്‍കണമെന്നാണു വിധിയുണ്ടായിട്ടുള്ളത്. ഇതോടെ, അംഗങ്ങള്‍ക്കു വായ്പാസൗകര്യം നല്‍കുന്ന എല്ലാ സഹകരണസംഘങ്ങള്‍ക്കും ആദായനികുതിയിളവ് നല്‍കണമെന്ന കാര്യത്തില്‍ സുപ്രീംകോടതി തീര്‍പ്പുണ്ടാക്കിയിരിക്കുകയാണ്. സഹകരണസംഘങ്ങളെ സംബന്ധിച്ച് നിര്‍ണായകമായ വിധിയാണിത്.

 

മുംബൈ ആദായനികുതി കമ്മീഷണറും അണ്ണാസാഹബ് പാട്ടീല്‍ മത്തഡി കാംഗാര്‍ സഹകാരി പട്പെഥി ലിമിറ്റഡും തമ്മിലുള്ള കേസിലാണു 2023 ഏപ്രില്‍ 20 നു സുപ്രീംകോടതി സഹകരണസംഘങ്ങള്‍ക്ക് അനുകൂലമായി വിധി പറഞ്ഞിട്ടുള്ളത്. ജസ്റ്റിസുമാരായ എം.ആര്‍. ഷാ, സി.ടി. രവികുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണു വിധി. വായ്പ നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ സഹകരണസംഘത്തെ ബാങ്കായി പരിഗണിക്കണമെന്നും ഇവയ്ക്ക് ആദായനികുതി വകുപ്പിലെ 80 പി അനുസരിച്ചുള്ള ഇളവിന് അര്‍ഹതയില്ലെന്നുമായിരുന്നു ആദായനികുതികമ്മീഷണറുടെ വാദം. എന്നാല്‍, സംഘത്തിലെ അംഗങ്ങള്‍ക്കു വായ്പ കൊടുക്കുന്നതുകൊണ്ടുമാത്രം അതിനെ 1949 ലെ ബാങ്കിങ് നിയന്ത്രണനിയമത്തിന്റെ പരിധിയില്‍പ്പെടുത്തി ബാങ്കായി പരിഗണിക്കാനാവില്ലെന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സ്വന്തം സംഘത്തിലെ അംഗങ്ങള്‍ക്കു വായ്പ കൊടുക്കുന്നതും പൊതുജനങ്ങള്‍ക്കു വായ്പയുള്‍പ്പെടെ വിവിധ ബാങ്കിങ് സേവനങ്ങള്‍ നല്‍കുന്ന ബാങ്കുകളുടെ പ്രവര്‍ത്തനവും തമ്മില്‍ വ്യത്യാസമുണ്ടെന്നു സുപ്രീംകോടതി നിരീക്ഷിച്ചു. ബാങ്കിങ് നിയന്ത്രണനിയമത്തിലും അതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡിറക്കിയ സര്‍ക്കുലറിലും ‘ബാങ്ക്’ എന്താണെന്നു കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ സഹകരണസംഘങ്ങളില്ല. അവയുടെ പ്രവര്‍ത്തനവും ബാങ്കിങ് നിര്‍വചനത്തിന്റെ പരിധിയില്‍ വരുന്നതല്ല. അതിനാല്‍, ബാങ്കുകള്‍ക്കു ബാധകമായ വ്യവസ്ഥ സഹകരണസംഘങ്ങളില്‍ പ്രയോഗിക്കാനാവില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. ഇതിന്റെ അടിസ്ഥാനത്തില്‍ സംഘങ്ങള്‍ക്കു നികുതിയിളവ് അനുവദിച്ചുകൊണ്ട് വിധി പുറപ്പെടുവിക്കുകയും ചെയ്തു.

2006 ല്‍ തുടങ്ങിയ
തര്‍ക്കം

എല്ലാ സഹകരണസംഘങ്ങള്‍ക്കും ആദായനികുതിയിളവ് നല്‍കുന്നതായിരുന്നു രാജ്യത്തു നിലവിലുണ്ടായിരുന്ന വ്യവസ്ഥ. സഹകരണസംഘങ്ങള്‍ പ്രാദേശിക സാമ്പത്തികഉത്തേജനത്തിന്റെ കേന്ദ്രങ്ങളാണെന്നും ഇവയുടെ വരുമാനം അതിലെ അംഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ഉപയോഗിക്കുന്നതിനാല്‍ നികുതി ചുമത്തേണ്ടതില്ലെന്നുമായിരുന്നു ഈ ഇളവ് അനുവദിക്കുന്നതിനുള്ള അടിസ്ഥാനം. 2006 ലാണ് ഈ കാഴ്ചപ്പാടിനു മാറ്റം വന്നത്. 2006 ല്‍ ആദായനികുതിനിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നു. ആദായനികുതി 80 (പി) വകുപ്പനുസരിച്ച് സഹകരണസംഘങ്ങള്‍ക്കു നല്‍കിയിരുന്ന നികുതിയിളവില്‍ ചില നിബന്ധന കൊണ്ടുവന്നതാണ് ഈ ഭേദഗതി. 80 (പി) (4) എന്ന ഒരു ഉപവകുപ്പ് നിയമത്തില്‍ കൊണ്ടുവന്നു. 80 (പി) വകുപ്പിലെ ഇളവുകള്‍ സഹകരണ ബാങ്കുകള്‍ക്കു ലഭിക്കില്ലെന്നതായിരുന്നു ഇതിലെ വ്യവസ്ഥ. 2007 മുതല്‍ സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍ തുടങ്ങിയ ബാങ്കിങ്ബിസിനസ് നടത്തുന്ന സഹകരണ സംഘങ്ങള്‍ക്ക് ഈ ഇളവില്ലാതായി. തുടക്കത്തില്‍ പ്രാഥമിക കാര്‍ഷിക വായ്പാസഹകരണ സംഘങ്ങള്‍ക്കും കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ക്കും ഇളവ് നല്‍കുന്ന നിലപാടുതന്നെയാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിരുന്നത്. 2008 മുതല്‍ സ്ഥിതി മാറിത്തുടങ്ങി. ചില പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങള്‍ക്ക് ആദായനികുതിവകുപ്പ് നോട്ടീസ് നല്‍കി. കാര്‍ഷികേതര വായ്പാസംഘങ്ങള്‍ക്കു നികുതി ചുമത്തുന്നതിനുള്ള നടപടികള്‍ കര്‍ശനമാക്കി.

രാജ്യത്തെ വിവിധ കോടതികളില്‍ ഇതു സംബന്ധിച്ച് കേസുകള്‍ നിലവിലുണ്ട്. കേരളത്തിലായിരുന്നു നിയമപോരാട്ടം ശക്തമായിരുന്നത്. കേരളത്തിലെ കാര്‍ഷിക വായ്പാസംഘങ്ങള്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ എന്ന പേരിലാണു പ്രവര്‍ത്തിച്ചത്. പേരില്‍ മാത്രമല്ല, പ്രവര്‍ത്തനത്തിലും ഇവ ബാങ്കുകള്‍ തന്നെയാണെന്ന് ആദായനികുതി വകുപ്പ് നിലപാടെടുത്തു. അതിനാല്‍, പരിശോധന കര്‍ശനമാക്കി നികുതി ചുമത്താന്‍ തുടങ്ങി. കാര്‍ഷിക വായ്പാസംഘങ്ങള്‍ക്കു നികുതി ഈടാക്കാന്‍ തുടങ്ങിയതോടെ മറ്റു സംഘങ്ങള്‍ പ്രതിരോധിക്കാന്‍പോലും നില്‍ക്കാതെ അതിനു വഴങ്ങി. അതേസമയം, കേരളത്തിനു പുറത്തുള്ള കാര്‍ഷികേതര വായ്പാസംഘങ്ങളും ആദായ നികുതിവകുപ്പിന്റെ നിലപാടിനെതിരെ നിയമപോരാട്ടം തുടരുന്നുണ്ടായിരുന്നു. കാര്‍ഷിക വായ്പാസംഘങ്ങളെ ബാങ്കുകളായി കണക്കാക്കണമെന്ന ആദായ നികുതിവകുപ്പിന്റെ വാദത്തിനെതിരെ കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ കോടതിയെ സമീപിച്ചുതുടങ്ങി. 2009 മുതലാണു നിയമപോരാട്ടത്തിലേക്ക് ഈ തര്‍ക്കമെത്തിയത്. അതുവരെ ആദായനികുതിവകുപ്പിന്റെ നോട്ടീസനുസരിച്ച് സംഘങ്ങള്‍ നികുതി അടച്ചിരുന്നില്ല. ഇതിനെല്ലാം പിഴ ചുമത്തി നോട്ടീസ് നല്‍കിത്തുടങ്ങിയതോടെയാണു കേസ് കോടതിയിലെത്തിയത്. ആദായനികുതി അപ്പലറ്റ് അതോറിറ്റി, ട്രിബ്യൂണലുകള്‍, ഹൈക്കോടതി എന്നിവിടങ്ങളിലെല്ലാം കേസ് എത്തി. ആദ്യവിധികളിലേറെയും സംഘങ്ങള്‍ക്ക് അനുകൂലമായിരുന്നു. എന്നാല്‍, കേസിനു പോകുന്ന സംഘങ്ങള്‍ക്കു മാത്രമാണ് ആ കോടതിവിധികള്‍ ബാധകമായിരുന്നത്. അതിനാല്‍, വ്യവഹാരങ്ങളും ആദായനികുതി തര്‍ക്കവും തുടര്‍ന്നുകൊണ്ടേയിരുന്നു. ഒടുവില്‍ 2021 ജനുവരിയിലാണു കാര്‍ഷിക വായ്പാസംഘങ്ങള്‍ക്ക് അനുകൂലമായി സുപ്രീംകോടതിയില്‍നിന്നു വിധിയുണ്ടായത്. മറ്റു സംഘങ്ങളുടെ കേസുകള്‍ അപ്പോഴും തുടര്‍ന്നു.

അന്നത്തെ
വാദവും വിധിയും

കാര്‍ഷിക വായ്പാസംഘങ്ങള്‍ക്കു നികുതിയിളവിന് അര്‍ഹതയുണ്ടെന്ന കേരളത്തിലെ സംഘങ്ങളുടെ ഹരജിയിലെ വാദം രാജ്യത്താകെ ബാധകമാകുന്ന ഒരു വിഷയം എന്ന നിലയിലാണു സുപ്രീംകോടതി പരിശോധിച്ചത്. ഇതില്‍ നിയമത്തിന്റെ ഇഴകീറി പരിശോധന നടന്നു. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയതുകൊണ്ടുമാത്രം ഒരു പ്രാഥമിക കാര്‍ഷിക വായ്പാസംഘത്തെ അതായി കണക്കാക്കാനാവില്ല എന്ന വാദം തന്നെയാണ് ആദായനികുതി വകുപ്പിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ബല്‍ബീര്‍ സിങ് സുപ്രീംകോടതിയിലും ഉന്നയിച്ചത്. ഒരു സംഘം എന്താണെന്നും അതിനു നിയമം അനുശാസിക്കുന്നവിധം ആദായനികുതിയില്‍ ഇളവു നല്‍കേണ്ടതുണ്ടോയെന്നു നിര്‍ണയിക്കുന്നതിനു പ്രവര്‍ത്തനം കൂടി വിലയിരുത്തണം എന്നുമായിരുന്നു വാദം. കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങള്‍ നടത്തുന്നതു ബാങ്കിങ് ബിസിനസ്സാണ്. അതിനാല്‍, ആദായനികുതിയില്‍ ഇളവു നല്‍കുന്നതു സംഘത്തിന്റെ സര്‍ട്ടിഫിക്കറ്റ് മാത്രം നോക്കിയാവരുതെന്നും പ്രവര്‍ത്തനം വിലയിരുത്തിയാവണമെന്നുമുള്ള കേരള ഹൈക്കോടതി ഫുള്‍ബെഞ്ചിന്റെ വിധി ശരിയായ രീതിയിലുള്ളതാണെന്നു ബല്‍ബീര്‍ സിങ് വാദിച്ചു.

പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘത്തിന്റെ പ്രധാന ബിസിനസ് അവയുടെ അംഗങ്ങള്‍ക്കു കാര്‍ഷിക-അനുബന്ധ വായ്പകള്‍ നല്‍കുക എന്നതാണ്. എന്നാല്‍, കേരളത്തിലെ കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളില്‍ കാര്‍ഷികവായ്പകള്‍ വളരെ പരിമിതമാണ്. കാര്‍ഷികേതര വായ്പകളാണ് ഏറെയും. മാത്രവുമല്ല, സംഘത്തിന്റെ ഇടപാടുകള്‍ പ്രധാനമായും നോമിനല്‍ അംഗങ്ങളുമായിട്ടാണ്. നോമിനല്‍ അംഗങ്ങളെന്നതു യഥാര്‍ഥ അംഗങ്ങളല്ല. അതു പൊതുസമൂഹത്തിനു തുല്യമാണ്. പൊതുജനങ്ങളുമായി ബാങ്കിങ് ബിസിനസ് ചെയ്യുന്നതു കാര്‍ഷിക വായ്പാ സഹകരണസംഘത്തിന്റെ പരിധിയില്‍ വരുന്ന കാര്യമല്ല. അതു ബാങ്കിങ് പ്രവര്‍ത്തനമാണ്. സഹകരണ ബാങ്കുകള്‍ക്ക് ആദായ നികുതിയിളവ് നല്‍കുന്ന 80 (പി) വകുപ്പ് ബാധകമല്ലെന്നു നിയമത്തില്‍ത്തന്നെ വ്യക്തമാക്കിയിട്ടുണ്ട് – അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ഉന്നയിച്ചു. ഹൈദരാബാദിലെ സിറ്റിസണ്‍ സഹകരണസംഘത്തിന്റെ കേസ് ഉദാഹരിച്ചാണു കേരള ഹൈക്കോടതി ഫുള്‍ബെഞ്ച് ചിറക്കല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ വാദം തള്ളിക്കൊണ്ട് ആദായനികുതി വകുപ്പിനനുകൂലമായി വിധി പറഞ്ഞത്. ഇതാണു ശരിയായ നിലപാട്. ഒരു സഹകരണസംഘമായി രജിസ്റ്റര്‍ ചെയ്ത സിറ്റിസണ്‍ സഹകരണ സംഘം ബാങ്കിങ് ബിസിനസ് നടത്തിയെന്നു നേരത്തെ സുപ്രീംകോടതിതന്നെ വിലയിരുത്തിയതാണു ഹൈക്കോടതിവിധിയില്‍ ചൂണ്ടിക്കാട്ടിയത്. ഇതു സുപ്രീംകോടതിയും അംഗീകരിക്കണമെന്നായിരുന്നു ആദായനികുതിവകുപ്പിന്റെ ആവശ്യം.

ശ്യാംദേവന്‍, അരവിന്ദ് ദാത്തര്‍ എന്നിവരാണു സഹകരണ സംഘങ്ങള്‍ക്കുവേണ്ടി പ്രധാനമായും സുപ്രീംകോടതിയില്‍ വാദിച്ചത്. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങള്‍ അവയുടെ അംഗങ്ങള്‍ക്കുതന്നെയാണു വായ്പ നല്‍കുന്നതെന്ന് ഇവര്‍ വിശദമാക്കി. അംഗങ്ങള്‍ക്കു നല്‍കുന്ന വായ്പയിലേറെയും കാര്‍ഷികവായ്പയാവണമെന്ന് ആദായ നികുതിയിളവ് നല്‍കുന്ന 80 (പി) (എ) (ഐ) വകുപ്പുകളില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. 80 (പി) നാലാം ഉപവകുപ്പ് കൂട്ടിച്ചേര്‍ത്തപ്പോഴാണു പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങള്‍ക്ക് ആദായ നികുതിയിളവ് നിഷേധിക്കുന്ന സ്ഥിതിയുണ്ടായത്. എന്നാല്‍, നാലാം ഉപവകുപ്പില്‍ പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങള്‍ക്കു നികുതിയിളവ് നിഷേധിക്കുന്നില്ല. ഈ നിഷേധം ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരുടെ തെറ്റായ നടപടിയിലൂടെയാണ് ഉണ്ടാകുന്നത്. 2008 മെയ് ഒമ്പതിന് ഇറക്കിയ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ സര്‍ക്കുലറില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. സഹകരണ ബാങ്കുകള്‍ക്കു മാത്രമാണു നാലാം ഉപവകുപ്പ് ബാധകമാകുന്നതെന്നാണു സര്‍ക്കുലറില്‍ പറയുന്നത് – ശ്യാംദേവനും അരവിന്ദ് ദാത്തറും സുപ്രീംകോടതിയെ അറിയിച്ചു.

വാദങ്ങളും കേസിനാധാരമായ നിയമങ്ങളും അവയ്ക്കു വിവിധ ഘട്ടങ്ങളില്‍ സുപ്രീംകോടതിയടക്കം നല്‍കിയ വ്യാഖ്യാനങ്ങളും പരാമര്‍ശിച്ചാണു 67 പേജുള്ള വിധിന്യായം ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, നവിന്‍ സിന്‍ഹ, കെ.എം. ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ച് പുറപ്പെടുവിച്ചത്. സഹകരണസംഘങ്ങളും സഹകരണ ബാങ്കുകളും ഒന്നല്ല എന്ന് അര്‍ഥശങ്കയ്ക്കിടയില്ലാതെ ഈ വിധിയില്‍ വിശദീകരിക്കുന്നുണ്ട്. വാണിജ്യ ബാങ്കുകള്‍ക്കു തുല്യമായി ബാങ്കിങ്പ്രവര്‍ത്തനം നടത്തുന്നവയാണു സഹകരണ ബാങ്കുകള്‍. പൊതുജനങ്ങളാണ് അവയുടെ ഇടപാടുകാര്‍. അത് ഒരിക്കലും പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളല്ല. ബാങ്കിങ് നിയന്ത്രണ നിയമത്തിന്റെ മൂന്നാം വകുപ്പിലും 56-ാം വകുപ്പിലും സഹകരണ ബാങ്ക് എന്നാല്‍ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളല്ല എന്നു വ്യക്തമായി പറഞ്ഞിട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന സഹകരണസംഘങ്ങളാണ് സഹകരണ ബാങ്കുകളെന്നു ബി.ആര്‍ ആക്ടിലെ 22 (1) (ബി) വകുപ്പില്‍ വിശദമാക്കിയിട്ടുണ്ട്. മാത്രവുമല്ല, കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങള്‍ റിസര്‍വ് ബാങ്കിന്റെ ലൈസന്‍സിന് അപേക്ഷിച്ചപ്പോള്‍ 2013 ഒക്ടോബര്‍ 25 ന് ആര്‍.ബി.ഐ. നല്‍കിയ കത്തില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങള്‍ക്കു ബാങ്കിങ് ലൈസന്‍സ് വേണ്ടതില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇവ സഹകരണസംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലാണെന്നും ആര്‍.ബി.ഐ.യുടെ നിയന്ത്രണത്തിലല്ലെന്നും വിശദമാക്കിയിട്ടുണ്ടെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

സംഘങ്ങള്‍ നല്‍കുന്ന കാര്‍ഷികവായ്പയുടെ തോത് ആദായനികുതിക്ക് അളവുകോലാക്കുന്നത് നിയമപരമല്ലെന്നായിരുന്നു സുപ്രീംകോടതിയുടെ മറ്റൊരു നിരീക്ഷണം. ആദായനികുതിനിയമത്തില്‍ ഒരിടത്തും കാര്‍ഷികവായ്പ കൊടുക്കുന്ന സംഘങ്ങള്‍ക്കാണു നികുതിയിളവ് ബാധകമെന്നു പറഞ്ഞിട്ടില്ല. കാര്‍ഷികം എന്ന വാക്ക് തിരുകിക്കയറ്റി സഹകരണസംഘങ്ങള്‍ക്കു നിയമം അനുവദിക്കുന്ന നികുതിയിളവ് നിഷേധിക്കുന്നതു ശരിയായ നടപടിയല്ല. അതിനാല്‍, ഒരു നിയന്ത്രണമോ പരിമിതിയോ ചൂണ്ടിക്കാട്ടി സഹകരണസംഘങ്ങള്‍ക്ക് 80 (പി) ഇളവ് നിഷേധിക്കരുത്. കേരള ഹൈക്കോടതി ഫുള്‍ബെഞ്ചിന്റെ വിധി തികച്ചും തെറ്റായ രീതിയിലുള്ളതാണ്. അംഗങ്ങള്‍ക്കു കാര്‍ഷികമോ കാര്‍ഷികേതരമോ ഏതു തരത്തിലുള്ള വായ്പ നല്‍കിയാലും സഹകരണ സംഘങ്ങള്‍ക്കു നികുതിയിളവിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. നിയമത്തെ തെറ്റായി വ്യാഖ്യാനിച്ചെടുത്തു സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനത്തിന്റെ പിന്നാമ്പുറം ആദായനികുതിഉദ്യോഗസ്ഥര്‍ തേടേണ്ടതില്ലെന്നാണു സുപ്രീംകോടതി വിധിയില്‍ നല്‍കിയ മറുപടി. ആദായനികുതി സംബന്ധിച്ച് ഹൈക്കോടതിയുടെ പരിഗണനയ്‌ക്കെത്തുന്ന എല്ലാ കേസുകളും ഈ വിധിയുടെ അന്തസ്സത്ത ഉള്‍ക്കൊണ്ട് തീര്‍പ്പാക്കണമെന്ന നിര്‍ദേശവും അന്നു സുപ്രീംകോടതി നല്‍കിയിരുന്നു.

അന്നത്തെ വിധി
ഇന്നത്തെ വഴികാട്ടി

കേരളത്തിലെ കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളുടെ ഹര്ജിയില്‍ 2021 ജനുവരിയില്‍ ഉയര്‍ന്ന അതേ വാദങ്ങളാണു വീണ്ടും സുപ്രീംകോടതിയിലുണ്ടായത്. അന്നു സംഘങ്ങളാണ് അപ്പീലുമായി സുപ്രീംകോടതിയിലെത്തിയതെങ്കില്‍ ഇപ്പോള്‍ ആദായനികുതിവകുപ്പാണു ഹര്‍ജി നല്‍കിയത് എന്നതാണു പ്രധാന വ്യത്യാസം. അണ്ണാസാഹിബ് പാട്ടീല്‍ സഹകരണ സംഘത്തിനനുകൂലമായി മുംബൈ ഹൈക്കോടതിയും ഇന്‍കംടാക്‌സ് അതോറിറ്റിയും നല്‍കിയ വിധിയെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ആദായനികുതിവകുപ്പിന്റെ അപ്പീല്‍. ഭരണഘടനയുടെ അനുച്ഛേദം 136 അനുസരിച്ച് സുപ്രീംകോടതിക്കുള്ള സവിശേഷ അധികാരമുപയോഗിച്ച് ഈ വിഷയത്തില്‍ തീര്‍പ്പുണ്ടാക്കണമെന്നായിരുന്നു ആദായനികുതി വകുപ്പിന്റെ ആവശ്യം. മാത്രവുമല്ല, കേരളത്തിലെ കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കനുകൂലമായി മുമ്പു സുപ്രീംകോടതി നല്‍കിയ വിധിയെ സവിശേഷമായ രീതിയില്‍ അവതരിപ്പിക്കാനുള്ള മിടുക്ക് ആദായനികുതി വകുപ്പ് കാണിച്ചുവെന്നതും ശ്രദ്ധേയമാണ്.

ക്യൂപം അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റിയുടെ ഹര്‍ജിയില്‍ വായ്പാസംഘങ്ങളില്‍നിന്നു നികുതി ഈടാക്കാമെന്ന വിധിയുണ്ടായിട്ടുണ്ടെന്നാണ് ആദായനികുതി വകുപ്പ് സുപ്രീംകോടതിയില്‍ ഉയര്‍ത്തിയ ഒരു വാദം. കേരളത്തിലെ കാര്‍ഷിക വായ്പാ സംഘങ്ങള്‍ നല്‍കിയ ഹര്‍ജിയില്‍ വിധി പറഞ്ഞപ്പോള്‍, ഈ സംഘങ്ങളുടെ പ്രവര്‍ത്തനം ബാങ്കിങ്പ്രവര്‍ത്തനമായി പരിഗണിക്കാനാവില്ലെന്നാണു സുപ്രീംകോടതി വ്യക്തമാക്കിയതെന്ന് ആദായനികുതി വകുപ്പിനുവേണ്ടി ഹാജരായ അഭിഭാഷകനായ ആകന്‍ഷാ കൗള്‍ ചൂണ്ടിക്കാട്ടി. അംഗങ്ങള്‍ക്കുമാത്രമായി വായ്പാസൗകര്യം നല്‍കുന്ന സംഘങ്ങള്‍ ബാങ്കിങ് നിയന്ത്രണനിയമം നിര്‍വചിക്കുന്ന സഹകരണ ബാങ്കുകളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നില്ലല്ലോയെന്ന് ഈ ഘട്ടത്തില്‍ കോടതി ചോദിച്ചു. ബാങ്കുകളെന്നാല്‍ പൊതുജനങ്ങള്‍ക്കുകൂടി വായ്പ നല്‍കുന്നവയാണ്. അത് അംഗങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയാല്‍ ബാങ്കിങ് പ്രവര്‍ത്തനമാവില്ലെന്നു സുപ്രീംകോടതി നിരീക്ഷിച്ചു. അതിനാല്‍, ആദായനികുതിവകുപ്പിലെ 80 (പി) (2) അനുസരിച്ചുള്ള നികുതിയിളവിന് എല്ലാ ക്രെഡിറ്റ് സംഘങ്ങളും അര്‍ഹരാണെന്നു കോടതി വിധിച്ചു. മുംബൈ ഹൈക്കോടതിയുടെ വിധി അംഗീകരിക്കുകയും ആദായനികുതി വകുപ്പിന്റെ അപ്പീല്‍ തള്ളുകയും ചെയ്തു.

കേരളത്തിലെ സംഘങ്ങള്‍ ഉന്നയിച്ച വാദം ആദ്യം കാര്‍ഷിക വായ്പാസംഘങ്ങള്‍ക്ക് അനുകൂലമായും ഇപ്പോള്‍ എല്ലാ വായ്പാസംഘങ്ങള്‍ക്ക് അനുകൂലമായും സുപ്രീംകോടതി അംഗീകരിച്ചുവെന്നതാണ് ഈ വിധിയിലൂടെ ഉണ്ടായിട്ടുള്ളത്. കേരളത്തിലെ എംപ്ലോയീസ് സംഘങ്ങളടക്കമുള്ള എല്ലാ വായ്പാ സംഘങ്ങള്‍ക്കും ഗുണകരമായ നിര്‍ണായക വിധിയാണ് ഇപ്പോള്‍ സുപ്രീംകോടതിയില്‍നിന്നുണ്ടായിരിക്കുന്നത്. ആദായനികുതി 80 (പി) വകുപ്പനുസരിച്ച് സഹകരണ സംഘങ്ങള്‍ക്കു നികുതിയിളവിന് അര്‍ഹതയുണ്ട്. ക്രെഡിറ്റ് സംഘങ്ങള്‍ നടത്തുന്നതു ബാങ്കിങ്ബിസിനസാണെന്ന ആദായനികുതിവകുപ്പിന്റെ വാദം ശരിയല്ലെന്നാണു സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളത്. ഇതു രാജ്യത്താകെയുള്ള സഹകരണസംഘങ്ങള്‍ക്ക് പൊതുവേയും വായ്പാ സംഘങ്ങള്‍ക്കു പ്രത്യേകമായും ഏറെ സഹായകമാകുന്ന നിര്‍ണായകതീര്‍പ്പാണ്.

 

 

[mbzshare]

Leave a Reply

Your email address will not be published.