സംഘം ഭരണസമിതി യോഗത്തില്‍ പങ്കെടുത്താല്‍ തീരുമാനങ്ങളുടെ ബാധ്യതയുമുണ്ടാകും

[mbzauthor]

ഒരു സഹകരണ സംഘത്തിന്റെ ഭരണസമിതി തീരുമാനത്തില്‍ ആ യോഗത്തില്‍ പങ്കെടുത്ത എല്ലാ ഡയറക്ടര്‍മാര്‍ക്കും ഉത്തരവാദിത്തമുണ്ടായിരിക്കുമെന്ന് സര്‍ക്കാരിന്റെ തീര്‍പ്പ്. തീരുമാനം നടപ്പാക്കിയതിന്റെ ഉത്തരവാദിത്തം സംഘം പ്രസിഡന്റിനും സെക്രട്ടറിക്കും മാത്രമാണെന്ന് പറയാനാകില്ല. ആ തീരുമാനം കൊണ്ട് സംഘത്തിനുണ്ടാകുന്ന നഷ്ടം എല്ലാ ഭരണസമിതി അംഗങ്ങളുടെയും ബാധ്യതയായി കണക്കാക്കുമെന്നാണ് സഹകരണ സ്പെഷല്‍ സെക്രട്ടറി തീര്‍പ്പ് കല്‍പിച്ചിട്ടുള്ളത്. തൃശൂര്‍ ജില്ലയിലെ ഒരു സഹകരണ സംഘം ഡയറക്ടറായ സുധ ഭരതന്‍ തൃശൂര്‍ ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് ഈ ഉത്തരവ്.

സുധ ഭരതന്‍ ഉന്നയിച്ച വാദങ്ങള്‍ ഇങ്ങനെയാണ്. വായ്പ കുടിശ്ശിക കൃത്യമായ സമയത്ത് ആര്‍ബിട്രേഷന്‍ കേസ് ഫയല്‍ ചെയ്ത് തിരിച്ചുപിടിക്കേണ്ട ഉത്തരവാദിത്തം സെക്രട്ടറിക്കാണ്. അതിന്റെ നഷ്ടം ഭരണസമിതി അംഗങ്ങളില്‍നിന്ന് ഈടാക്കുന്നത് ശരിയല്ല. എം.ഡി.എസ്. പദ്ധതി മൂലം സംഘത്തിനുണ്ടായ നഷ്ടവും ഭരണസമിതി അംഗങ്ങളുടെ ബാധ്യതയല്ല. എം.ഡി.എസ്. പദ്ധതിയില്‍ അംഗങ്ങളില്‍ പണം ഈടാക്കിയെടുക്കേണ്ടത് സംഘം ഭരണസമിതി അംഗങ്ങളല്ല. അതിനാല്‍, അതിന്റെ നഷ്ടത്തിന്റെ ബാധ്യതയും ഭരണസമതികള്‍ക്ക് ഏറ്റെടുക്കാനാവില്ല. ഗഹാന്‍ ചെയ്യേണ്ടതിന്റെയും ഈട് സുരക്ഷ ഉറപ്പാക്കേണ്ടതിന്റെയും ഉത്തരവാദിത്തം സംഘം പ്രസിഡന്റിനും സെക്രട്ടറിക്കുമാണ്. അത് മറ്റ് ഭരണസമിതി അംഗങ്ങളുടെ ബാധ്യതയായി കണക്കാക്കുന്നത് ശരിയല്ല. സ്റ്റോക്ക് യഥാവിധം സൂക്ഷിക്കാത്തതിന്റെ നഷ്ടം സെക്രട്ടറിയില്‍നിന്നും ജീവനക്കാരില്‍നിന്നുമാണ് ഈടാക്കേണ്ടത്. അത് ഭരണസമിതി അംഗങ്ങളില്‍നിന്ന് ഈടാക്കണമെന്ന് പറയുന്നത് നിയമവിരുദ്ധമാണ്. തന്റെ അറിവോ സമ്മതമോ ഇല്ലാതെ നിയമപ്രകാരമല്ലാതെ സെക്രട്ടറിയും പ്രസിഡന്റും ചെയ്തിട്ടുള്ള പ്രവര്‍ത്തിയുടെ ബാധ്യത തന്റെ മേല്‍ ചുമത്താവുന്നതല്ലെന്നും സുധഭരതന്‍ വാദിച്ചു.

സംഘത്തിന്റെ പണത്തിന്റെയും മറ്റ് സ്വത്തുക്കളുടെയും എല്ലാ കണക്കുകളുടെയും സുരക്ഷിതത്വത്തെ സംബന്ധിച്ച് സംഘം ഭരണസമിതിക്കായിരിക്കും പ്രാഥമിക ഉത്തരവാദിത്തമെന്ന് ജോയിന്റ് രജിസ്ട്രാര്‍ വാദിച്ചു. സഹകരണ നിയമം ചട്ടം 68(2) ഉദ്ധരിച്ചായിരുന്നു ജോയിന്റ് രജിസ്ട്രാറുടെ വാദം. അതിനാല്‍, സംഘത്തിനുണ്ടായ നഷ്ടം എല്ലാ ഭരണസമിതി അംഗങ്ങളില്‍നിന്നുമാണ് ഈടാക്കേണ്ടതെന്നും അദ്ദേഹം അറിയിച്ചു. രണ്ടുഭരണസമിതി അംഗങ്ങള്‍ ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ് അനുസരിച്ച് ബാധ്യതപ്പെട്ട തുക നല്‍കാന്‍ തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ രണ്ട് വാദങ്ങളും കേട്ടശേഷമാണ് സഹകരണ വകുപ്പ് സ്പെഷല്‍ സെക്രട്ടറി തീര്‍പ്പിലെത്തിയത്. ഭരണസമിതി തീരുമാനങ്ങളിലും വായ്പ രേഖകളിലും ഒപ്പിട്ട ഡയറക്ടര്‍ക്ക് അതിന്റെ ഉത്തരവാദിത്തങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ചൂണ്ടിക്കാട്ടി സുധഭരതന്റെ അപ്പീല്‍ സഹകരണ വകുപ്പ് തള്ളി.

 

[mbzshare]

Leave a Reply

Your email address will not be published.