സംഗീതത്തിലും സഹകരണ താളം
സംഗീത രംഗത്തെ കലാകാരന്മാരെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ഇതാ ഒരു സഹകരണ സംഘം. കോഴിക്കോട്ട് ഈയിടെ തുടക്കം കുറിച്ച ഈ സംഘത്തിന്റെ പ്രവര്‍ത്തനം കേരളമെങ്ങും വ്യാപിപ്പിക്കാനാണ് പരിപാടി.
സഹകരണം കൈവയ്ക്കാത്ത മേഖലകള്‍ കുറവ്. ഇപ്പോഴിതാ സംഗീത രംഗത്തേക്കും കടക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ വനിതാ മാളിന് ഇടമൊരുക്കിയ കോഴിക്കോട് തന്നെയാണ് സംഗീത മേഖലയിലെ കലാകാരന്‍മാരെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സഹകരണ സംഘത്തിനും ഇടമായിരിക്കുന്നത്.
കെ. ജെ. യേശുദാസ് മുഖ്യരക്ഷാധികാരിയായി പ്രവര്‍ത്തനമാരംഭിച്ച മ്യുസീഷ്യന്‍ വെല്‍ഫെയര്‍ അസോസിയേഷനാണ് ഇത്തരമൊരു ആശയവുമായി മുന്നോട്ടു വന്നത്. സംഗീത രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗായകര്‍, സംഗീതോപകരണ വിദഗ്ദര്‍, സംഗീതാധ്യാപകര്‍ , സംഗീത സംവിധായകര്‍ തുടങ്ങിയവരെയൊക്കെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് സൊസൈറ്റി ആരംഭിച്ചത്.
കേരളത്തിലെ സംഗീതജ്ഞരുടെ ആദ്യകാല സംഘടനകളിലൊന്നായ മ്യുസീഷ്യന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ സില്‍വര്‍ ജൂബിലി ഉപഹാരമായിട്ടാണ് ഈ സഹകരണ സംഘം രൂപം കൊണ്ടത്. പേര് കോഴിക്കോട് മ്യുസീഷ്യന്‍സ് സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്. സംഘത്തിന്റെ ഉദ്ഘാടനം ഇക്കഴിഞ്ഞ ആഗസ്റ്റ് 25 ന് കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വ്വഹിച്ചു. സംഗീത സാന്ദ്രമായിട്ടായിരുന്നു സൊസൈറ്റിയുടെ തുടക്കം. അറുപതോളം കലാകാരന്മാര്‍ പങ്കെടുത്ത സംഗീതനിശയ്ക്ക് പിന്നണി ഗായകരായ നിഷാദ്, സിബല്ല സദാനന്ദന്‍, സിനോവ് രാജ് എന്നിവരും എം.കെ.മുനീര്‍ എം.എല്‍.എ. തുടങ്ങിയവരും നേതൃത്വം നല്‍കി. പിന്നണി ഗായകരായ അനു ശങ്കര്‍, സതീഷ് ബാബു എന്നിവര്‍ ചടങ്ങിന് എത്തിയിരുന്നു.
തുടക്കം ബ്രിട്ടനില്‍
സംഗീതരംഗത്തെ കലാകാരന്മാര്‍ക്കു വേണ്ടി ഒരു സഹകരണ സംഘം. ഇന്ത്യയില്‍ ഇത് പുതിയ ആശയമാണ്. സംഗീതോപകരണങ്ങള്‍ നിര്‍മിക്കുന്ന സഹകരണ സംഘം തമിഴ്‌നാട്ടിലെ തഞ്ചാവൂരിലുണ്ട് . ഇതാണ് സംഗീതവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘം. എന്നാല്‍, ബ്രിട്ടനില്‍ സംഗീത കലാകാരന്മാരുടെ സഹകരണ സംഘങ്ങള്‍ ഉടലെടുത്തിട്ട് വര്‍ഷങ്ങളായി. സംഗീത വിദ്യാലയങ്ങളിലേക്കും കൊയറിലേക്കുമൊക്കെ അധ്യാപകരെയും പാട്ടുകാരെയും നല്‍കുന്നത് ഇത്തരം സഹകരണ സംഘങ്ങളാണ്.
സംഗീത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ഒരുമിച്ചു കൊണ്ടുവരിക എന്നതുതന്നെയായിരുന്നു ഇത്തരം സംഘങ്ങളുടെ പ്രധാന ലക്ഷ്യം. 1998 ല്‍ ആരംഭിച്ച സംഗീതാധ്യാപകരുടെ സഹകരണ സംഘമായ സ്വിന്‍ഡന്‍ മ്യൂസിക് കോ-ഓപ്പറേറ്റീവ് ആണ് യു.കെ. യിലെ ഏറ്റവും പഴക്കമുള്ള സംഗീത സഹകരണ സംഘം. ഇന്ന് ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഗീത സഹകരണ സംഘങ്ങളില്‍ ഒന്നാണിത്. 70 പ്രാദേശിക സ്‌കൂളുകളില്‍ അമ്പതോളം സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ വായ്പ്പാട്ടിലും ഉപകരണ സംഗീതത്തിലും പരിശീലനം നല്‍കുന്നുണ്ട്.
ബ്രിട്ടനില്‍ സാമ്പത്തിക പ്രതിസന്ധി മൂലം സംഗീതരംഗം ഉപേക്ഷിക്കേണ്ടി വന്ന നിരവധി മ്യൂസിക് ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നു. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൂടിയാണ് സഹകരണ സംഘം എന്ന ആശയത്തിലേക്ക് എത്തിയത്. 2013 ആയപ്പോഴേയ്ക്കും ഇരുപതിലധികം സംഗീത സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സ്വിന്‍ഡന്‍ മ്യൂസിക് കോ-ഓപ്പറേറ്റീവ് പോലെ പ്രശസ്തമായ മറ്റൊരു സഹകരണ സംഘമാണ് ടശിളീിശമ ങൗശെരശേെശ.
യു.കെ.യില്‍ സംഗീത സഹകരണ സംഘങ്ങള്‍ക്ക് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. മുപ്പതിനായിരത്തിലധികം പാട്ടുകാരും സംഗീത സംവിധായകരും അധ്യാപകരും അംഗങ്ങളായ യു.കെ.യിലെ മ്യുസീഷ്യന്‍സ് യൂണിയന്‍ സംഗീത സഹകരണ സംഘങ്ങളുമായി സഹകരിക്കുന്നുണ്ട്. സംഗീതരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സഹകരണ സംഘങ്ങള്‍ക്ക് സാധിക്കുമെന്ന അഭിപ്രായമാണവര്‍ക്ക്.
ആദ്യ ഘട്ടത്തില്‍ കോഴിക്കോട് ജില്ലയിലെ മുഴുവന്‍ സംഗീത കലാകാരന്മാരെയും സംഘത്തില്‍ അംഗങ്ങളാക്കാനാണ് ഉദ്ദേശിക്കുന്നത്. പിന്നീട് കേരളം മുഴുവന്‍ വ്യാപിപ്പിക്കും. സംഗീത രംഗത്തുള്ളവര്‍ക്ക് പിന്തുണയും സഹായവും നല്‍കാനാണ് സംഘം ശ്രമിക്കുന്നത്. കലാകാരന്‍മാരുടെ അനിശ്ചിതത്വം നിറഞ്ഞ ജീവിതത്തില്‍ മിതവ്യയവും സമ്പാദ്യ ശീലവും വളര്‍ത്തുക, അവര്‍ക്ക് ഹ്രസ്വകാല- മധ്യകാല വായ്പകള്‍ നല്‍കുക എന്നിവയെല്ലാം സംഘത്തിന്റെ പ്രധാന ലക്ഷ്യങ്ങളാണ്.
സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ നടത്തുന്ന പരിപാടികളില്‍ സംഗീത സഹകരണ സംഘത്തിന് അവസരം കിട്ടുമെന്നാണ് സൊസൈറ്റി സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. അതിന്റെ പ്രയോജനം സംഘാംഗങ്ങളായ കലാകാരന്‍മാര്‍ക്കും സൊസൈറ്റിക്കും ലഭിക്കും. ‘നമ്മുടെ നാട്ടില്‍ ഇത്തരമൊരു സംഘം പുതിയതാണ്. ഇക്കാര്യം ബോധ്യപ്പെടാനും ഞങ്ങളെ അംഗീകരിക്കാനും സമയമെടുക്കും. എങ്കിലും, ഇത് ഒരു മികച്ച തുടക്കമാണ്. കോഴിക്കോട്ട് നിന്നു പതുക്കെ കേരളം മുഴുവന്‍ ഈ സംഗീത സഹകരണ സംഘം വ്യാപിക്കും’ – സംഘാംഗങ്ങളുടെ വാക്കുകളില്‍ പ്രതീക്ഷ നിറഞ്ഞു നില്‍ക്കുന്നു. ഗായകന്‍ സി. അജിത് കുമാറാണ് സംഘം പ്രസിഡന്റ്. ഗിറ്റാറിസ്റ്റായ എ. കെ. ശശികുമാര്‍ ഒാണററി സെക്രട്ടറിയും. ഇ.കെ. പ്രേമരാജന്‍, കെ.സി. സഞ്ജയ്, രജീഷ്, വി പ്രമോദ് ഷേണായ്, സുധീഷ്, പി.പി. റഹീമത്ത്, അനഘ. കെ.പി എന്നിവരാണ് മറ്റ് ഭരണസമിതി അംഗങ്ങള്‍.