വിദേശ ഭാഷാപഠനത്തിനു സാധ്യതയേറുന്നു

Deepthi Vipin lal
ഡോ. ടി.പി. സേതുമാധവന്‍

 

ഇന്ന് വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ ലോകത്താകമാനം ആഗോള ഗ്രാമം എന്ന ആശയത്തിന് പ്രസക്തിയേറുമ്പോള്‍ വിദേശഭാഷാ പഠനത്തിനും സാധ്യതയേറുന്നു. ഇംഗ്ലീഷ് സംസാരിക്കുന്ന അമേരിക്ക, യു.കെ., കാനഡ, ന്യൂസിലാന്റ്, ആസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ഇംഗ്ലീഷ് ഭാഷാ പഠനത്തിനാണ് മുന്‍ഗണന. ഇംഗ്ലീഷ് സംസാരിക്കാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായി ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷകളുണ്ട്. അമേരിക്കയില്‍ ഉപരിപഠനത്തിനും തൊഴിലിനും TOEFL ( Test of English as a Foreign Language ) സ്‌കോറും മറ്റു രാജ്യങ്ങളില്‍ IELTS ( International English Testing System ), OET ( Operational English Tets ), BEC ( Business English Communication ), Lingua skills എന്നിവയിലേതെങ്കിലുമൊന്ന് ആവശ്യമാണ്. എന്നാല്‍, അന്താരാഷ്ട്രതലത്തില്‍ ഉദ്യോഗാര്‍ഥികള്‍ ഏറെയെത്തുന്ന യൂറോപ്യന്‍ രാജ്യങ്ങളിലും ചൈന, ജപ്പാന്‍ എന്നിവിടങ്ങളിലും അതത് രാജ്യത്തെ ഭാഷ സ്വായത്തമാക്കിയാല്‍ മാത്രമേ മികച്ച ഉപരിപഠന, തൊഴില്‍ സാധ്യതകള്‍ കൈവരിക്കാന്‍ സാധിക്കൂ. ഉന്നത വിദ്യാഭ്യാസ രംഗത്ത് ജര്‍മനി, ഫ്രാന്‍സ്, ജപ്പാന്‍, സ്‌പെയിന്‍, ചൈന, ഇറ്റലി എന്നിവിടങ്ങളില്‍ മികച്ച അവസരങ്ങള്‍ക്ക് ഭാഷാപ്രാവീണ്യം നിര്‍ബന്ധമാണ്.

ജര്‍മനി

ജര്‍മനിയില്‍ ഉപരിപഠനത്തിന് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ചെലവ് കുറവാണ്. എന്നാല്‍, ജര്‍മനിയിലെത്താന്‍ ജര്‍മന്‍ ഭാഷ പഠിച്ചിരിക്കണം. ജര്‍മന്‍ പഠിച്ചവര്‍ക്ക് പ്രസിദ്ധീകരണങ്ങളില്‍ എഡിറ്ററാകാം. പരസ്യം, മാധ്യമം, ഗവേഷണം, അധ്യാപനം തുടങ്ങി നിരവധി മേഖലകളില്‍ തൊഴില്‍ ചെയ്യാം. യൂറോപ്പില്‍ ജര്‍മനി, ആസ്ട്രിയ, ബെല്‍ജിയം, ലക്‌സംബര്‍ഗ്, ലീഷ്‌ടെന്‍സ്റ്റിന്‍ തുടങ്ങിയ ആറു രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷ ജര്‍മനാണ്. ഡെന്‍മാര്‍ക്ക്, ഹങ്കറി, കസാഖിസ്ഥാന്‍, യുക്രെയിന്‍, റൊമാനിയ, റഷ്യ, നമീബിയ, പോളണ്ട് എന്നീ രാജ്യങ്ങളിലും ജര്‍മന് ന്യൂനപക്ഷ ഭാഷാ പദവിയുണ്ട്. 16 വയസ് പൂര്‍ത്തിയാക്കിയ ആര്‍ക്കും ജര്‍മന്‍ പഠിയ്ക്കാം. ജര്‍മനിയില്‍ സര്‍ട്ടിഫിക്കേറ്റ്, ബിരുദ കോഴ്‌സുകള്‍ക്ക് പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്ക് ചേരാം. ബിരുദധാരികള്‍ക്ക് ബിരുദാനന്തര പഠനം, ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. ബി.എ, എം.എ, അഡ്വാന്‍സ്ഡ് ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്.

കേരളത്തില്‍ സെന്റ് തോമസ് കോളേജ് കോട്ടയം, കേരള യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ യഥാക്രമം ബി.എ., എം.എ., പ്രോഗ്രാമുകളുണ്ട്. എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റി, ഗോതെ ഇന്‍സ്റ്റിറ്റ്യൂട്ട് ( ചെന്നൈ, കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി, പുണെ ) എന്നിവിടങ്ങളില്‍ സര്‍ട്ടിഫിക്കേറ്റ് പ്രോഗ്രാമുകളുണ്ട്. സിംബയോസിസ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ആന്റ് ഇന്ത്യന്‍ ലാംഗ്വേജ് പൂണെ, സെന്റ് സ്റ്റീഫന്‍സ് കോളേജ് ഡല്‍ഹി, എം.ഐ.ടി. സ്‌കൂള്‍ഓഫ് ഫോറിന്‍ ലാംഗ്വേജ് പുണെ, യൂണിവേഴ്‌സിറ്റി ഓഫ് മുംബൈ എന്നിവിടങ്ങളിലും സര്‍ട്ടിഫിക്കേറ്റ് പ്രോഗ്രാമുകളുണ്ട്.

മഹാത്മാഗാന്ധി മെമ്മോറിയല്‍ കോളേജ് ഉഡുപ്പി, ഉസ്മാനിയ യൂണിവേഴ്‌സിറ്റി ഹൈദരബാദ്, ഹാന്‍സ് രാജ്‌കോളേജ് ഡല്‍ഹി, ആഷിന്‍ഡെ സര്‍ക്കാര്‍ കോളേജ് മഹാരാഷ്ട്ര, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, പഞ്ചാബ് യൂണിവേഴ്‌സിറ്റി, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഗുജറാത്ത് എന്നിവിടങ്ങളില്‍ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളുണ്ട്.

ജര്‍മന്‍ഉപരിപഠനം പ്രോത്സാഹിപ്പിക്കുന്നത് ഡാഡ് ജര്‍മനിയാണ്. കൂടുതല്‍ വിവരങ്ങള്‍ www.daad.de നിന്നു ലഭിയ്ക്കും.

ഫ്രാന്‍സ്

ഫ്രാന്‍സില്‍ ഉപരിപഠനത്തിനും തൊഴിലിനും ഫ്രഞ്ച് അറിഞ്ഞിരിക്കണം. ഫ്രഞ്ച് എംബസിയുടെ നേതൃത്വത്തിലുള്ള ഫ്രഞ്ച് കള്‍ച്ചറല്‍ സെന്ററുകള്‍ ( അലയന്‍സ് ഫ്രാന്‍സ് ) ആണ് കോഴ്‌സുകള്‍ നടത്തുന്നത്. ലോകത്തിലെ 29 രാജ്യങ്ങളില്‍ ഫ്രഞ്ച് ഔദ്യോഗിക ഭാഷയാണ്. ജര്‍മനും ഇംഗ്ലീഷും കഴിഞ്ഞാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ കൂടുതല്‍ പേരും സംസാരിക്കുന്ന ഭാഷയാണ് ്ഫ്രഞ്ച്. ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കേറ്റ് കോഴ്‌സ്, മൂന്ന് വര്‍ഷത്തെ ഡിപ്ലോമ, ബിരുദ ബിരുദാനന്തര, ഡോക്ടറല്‍ പ്രോഗ്രാമുകളുണ്ട്. പ്ലസ് ടൂ, ബിരുദം, ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള നിരവധി കോഴ്‌സുകളുണ്ട്. എയ്‌റോനോട്ടിക്ക്, ടെലി കമ്യൂണിക്കേഷന്‍, ഹോട്ടല്‍ മാനേജ്‌മെന്റ്, മീഡിയ, വിദ്യാഭ്യാസം, റീട്ടെയില്‍ , അദ്ധ്യാപനം, എംബസി, ടൂറിസം മേഖലകളില്‍ ഫ്രാന്‍സില്‍ തൊഴിലവസരങ്ങളുണ്ട്.

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല, ഫ്രഞ്ച് കള്‍ച്ചറല്‍ കേന്ദ്രങ്ങള്‍, ആന്ധ്ര യൂണിവേഴ്‌സിറ്റി, ഡല്‍ഹി കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ്, തമിഴ്‌നാട് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്‌സിറ്റി ഹൈദരബാദ ്എന്നിവിടങ്ങളില്‍ ഫ്രഞ്ച് കോഴ്‌സുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.campusfrance.org, www.afindia.org

ജപ്പാന്‍

ജപ്പാനില്‍ തൊഴിലിനും ഉപരിപഠനത്തിനും ജാപ്പനീസ് ഭാഷ അറിഞ്ഞിരിക്കണം. അഞ്ച് തലങ്ങളിലായി N5, N1
എന്നിങ്ങനെ ജാപ്പനീസ് പ്രാവീണ്യ ടെസ്റ്റുകളുണ്ട്. സര്‍ട്ടിഫിക്കേറ്റ്, ബിരുദ ഡിപ്ലോമ, ബിരുദാനന്തര, പി.എച്ച്.ഡി. പ്രോഗ്രാമുകളുണ്ട്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല, ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, ഡല്‍ഹി യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് മുംബൈ, ജെ.എന്‍.യു. ഡല്‍ഹി എന്നിവിടങ്ങളില്‍ ജാപ്പനീസ് കോഴ്‌സുകളുണ്ട്. ഏവിയേഷന്‍, ട്രാവല്‍ ആന്റ് ടൂറിസം, ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈല്‍, ഷിപ്പിംഗ്, മീഡിയ, ഇലക്‌ട്രോണിക്‌സ്, ഐ.ടി. എന്നിവയില്‍ ജപ്പാനില്‍ സാധ്യതകളുണ്ട്. ലോകത്തെമ്പാടുമുള്ള ജാപ്പനീസ് കമ്പനികള്‍ ജാപ്പനീസ് അറിയുന്നവര്‍ക്ക് തൊഴില്‍ നല്‍കിവരുന്നു.

 

സ്‌പെയിന്‍

ലോകത്തിലെ 17 ശതമാനം പേരും സംസാരിക്കുന്ന സ്പാനിഷ് ഭാഷ 21 രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷയാണ്. അമേരിക്ക, ലാറ്റിനമേരിക്ക, സ്‌പെയിന്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്പാനിഷ് ഭാഷയ്ക്ക് പ്രിയമേറിവരുന്നു.

ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കേറ്റ്/ ഡിപ്ലോമ, മൂന്നു വര്‍ഷ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളുണ്ട്. ജെ.എന്‍.യു. ഡല്‍ഹി, യൂണിവേഴ്‌സിറ്റിഓഫ് മദ്രാസ്, ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ,ജാമിയ മിലിയ ഇസ്ലാമിയ ഡല്‍ഹി, അമിറ്റി സ്‌കൂള്‍ ഓഫ് ലാംഗ്വേജ്, യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരബാദ് എന്നിവിടങ്ങളില്‍ സ്പാനിഷ് ഭാഷാ പഠന സാധ്യതകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.in.emb-japan.go.jp

ചൈന

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈനയില്‍ മന്‍ഡാരിന്‍ എന്ന പേരിലാണ് ചൈനീസ് ഭാഷ അറിയപ്പെടുന്നത്. ചൈന ഇലക്‌ട്രോണിക്‌സ്, ഐ.ടി. നിര്‍മാണ മേഖലകളില്‍ മുന്നേറുമ്പോള്‍ മികച്ച തൊഴില്‍ ലഭിക്കാന്‍ ചൈനീസ് ഭാഷ അറിഞ്ഞിരിക്കണം.

മൈസൂര്‍ യൂണിവേഴ്‌സിറ്റി, ഡൂണ്‍ യൂണിവേഴ്‌സിറ്റി, ഡെറാഡൂണ്‍ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ഡല്‍ഹി, ജെ.എന്‍.യു., ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജ് ഹൈദരബാദ് എന്നിവിടങ്ങളില്‍ ചൈനീസ് ഭാഷയില്‍ ഉപരിപഠനം നടത്താം. പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്ക് ്‌ചൈനീസ് ഭാഷ പഠിയ്ക്കാം. ചൈനയില്‍ മെഡിക്കല്‍ പഠനം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളും ചൈനീസ് ഭാഷ പഠിച്ചുവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.fmprc.gov.cn, www.udemy.com

ഇറ്റലി

ഇറ്റലി, സ്വിറ്റ്‌സര്‍ലാന്റ്, വത്തിക്കാന്‍ സിറ്റി, സ്ലോവേനിയ, ക്രോയേഷ്യ എന്നിവിടങ്ങളിലെ ഔദ്യോഗിക ഭാഷ ഇറ്റാലിയനാണ്. ഇറ്റാലിയനില്‍ അ1, അ2, ആ1, ആ2, ഇ1, ഇ2 നിലവാരത്തിലുള്ള പ്രാവീണ്യ പരീക്ഷകളുണ്ട്. ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ്, മൂന്നു വര്‍ഷ ബിരുദ, രണ്ടു വര്‍ഷ ബിരുദാനന്തര പ്രോഗ്രാമുകളുണ്ട്. ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസി കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കോഴ്‌സ് നടത്തിവരുന്നു. യൂണിവേഴ്സ്റ്റി ഓഫ് ഡല്‍ഹി, ജെ.എന്‍.യു., യൂണിവേഴ്‌സിറ്റി ഓഫ് മുംബൈ, സെന്റ് സ്റ്റീഫന്‍സ് കോളേജ് ഡല്‍ഹി, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് മദ്രാസ് എന്നിവിടങ്ങളില്‍ ഇറ്റാലിയന്‍ കോഴ്‌സുകളുണ്ട്.

വിദേശ ഭാഷ പഠിച്ചവര്‍ക്ക് കോണ്‍സുലേറ്റുകളിലൂടെ എംബസികളില്‍ പരിഭാഷകരാകാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.excelacademy.co.in, www.ambnewdelhi.esteri.it

 

ഡിസൈന്‍ പഠിക്കാം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെയും മറ്റു ചില സ്ഥാപനങ്ങളിലെയും 2020 ലെ ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണതല ഡിസൈന്‍ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി ബോംബെ ഐ.ഐ.ടി. നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് നവംബര്‍ ഒമ്പതു വരെ അപേക്ഷിക്കാം. ലേറ്റ് ഫീസായി 500 രൂപ കൂടി അടച്ച് നവംബര്‍ 16 വരെ അപേക്ഷിക്കാം.

ബിരുദതല പ്രവേശനം, അണ്ടര്‍ഗ്രാജ്വേറ്റ് കോമണ്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ഫോര്‍ ഡിസൈന്‍ ( UCEED ) 2020 വഴിയും ബിരുദാനന്തര ബിരുദ, ഗവേഷണതല പ്രോഗ്രാമുകളിലെ പ്രവേശനം കോമണ്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ഫോര്‍ ഡിസൈന്‍ ( CEED ) 2020 വഴിയുമാണ് നടത്തുക.

UCEED സ്ഥാപനങ്ങള്‍, പ്രോഗ്രാം

മുംബൈ, ഗുവാഹട്ടി, ഹൈദരാബാദ് ഐ.ഐ.ടി.കള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ( ഐ.ഐ.ഐ.ടി. ), ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിങ്ങ് ( ജബല്‍പൂര്‍ ) എന്നിവിടങ്ങളില്‍ നാലു വര്‍ഷ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ ( ബി.ഡീസ്. ) പ്രോഗ്രാമുണ്ട്. മുംബൈയില്‍ അഞ്ചു വര്‍ഷ, ഡ്യുവല്‍ ഡിഗ്രി ബി.ഡീസ് പ്ലസ് എം.ഡീസ്. പ്രോഗ്രാമും ഉണ്ട്. ബി.ഡീസ്. പ്രവേശനം നേടിയവര്‍ക്ക് മുന്നാം വര്‍ഷം ഒടുവില്‍ ഇതിലേക്ക് ഓപ്ഷന്‍ നല്‍കാം. യോഗ്യത : 12-ാം ക്ലാസ് / തത്തുല്യ പരീക്ഷ ഏതെങ്കിലും സ്ട്രീമില്‍ ( സയന്‍സ്, കൊമേഴ്‌സ്, ആര്‍ട്‌സ് ആന്‍ഡ് ഹ്യൂമാനിറ്റീസ് ) 2019 ല്‍ ജയിച്ചവരോ 2020 ല്‍ എഴുതാനിരിക്കുന്നവരോ ആയിരിക്കണം. ഓപ്പണ്‍ ഇക്കണോമിക്കലി വീക്കര്‍ സെക്ഷന്‍ ( ഇ. ഡബ്ല്യു. എസ്.), ഒ.ബി.സി. വിഭാഗക്കാരെങ്കില്‍ 1995 ഒക്‌ടോബര്‍ ഒന്നിനോ ശേഷമോ ജനിച്ചവരാകണം. 1990 ഒക്‌ടോബര്‍ ഒന്നിനോ ശേഷമോ ജനിച്ച പട്ടികജാതി, ഭിന്നശേഷി വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. തുടര്‍ച്ചയായ രണ്ടു വര്‍ഷങ്ങളിലായി രണ്ടുതവണ മാത്രമേ ഒരാള്‍ക്ക് UCEED അഭിമുഖീകരിക്കാനാവൂ.

CEED സ്ഥാപനങ്ങള്‍

ഐ.ഐ.ടി. കളില്‍ മുബൈ, ഗുവാഹട്ടി, ഹൈദരാബാദ്, കാണ്‍പൂര്‍ ( എല്ലായിടത്തും മാസ്റ്റര്‍ ഓഫ് ഡിസൈന്‍ – എം.ഡി.എസ്., പി.എച്ച്.ഡി.), ഡല്‍ഹി ( എം.ഡി.എസ്.), ഐ.ഐ.ടി. ഡിസൈന്‍ ആന്റ് മാനുഫാക്ടറിംഗ് ജബല്‍പൂര്‍ ( എം.ഡി.എസ്. ), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബെംഗ്ലൂരു ( എം.ഡി.എസ്., പി.എച്ച്.ഡി ).

യോഗ്യത : പ്ലസ് ടുവിന് ശേഷം കുറഞ്ഞത് മൂന്നു വര്‍ഷത്തെ പഠനത്തിലൂടെ നേടിയ ബിരുദം / ഡിപ്ലോമ / പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം 2019-ല്‍ നേടിയവര്‍ അല്ലെങ്കില്‍ 2020-ല്‍ പരീക്ഷക്കിരിക്കുന്നവര്‍ക്ക് ( ജൂലായ്ക്കകം ) അപേക്ഷിക്കാം. 2020 ജൂലായ്ക്കകം ജി.ഡി. ആര്‍ട്‌സ് ഡിപ്ലോമ പ്രോഗ്രാം 10+5 ) ജയിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി വ്യവസ്ഥ ചെയ്തിട്ടില്ല. എത്ര തവണ വേണമെങ്കിലും CEED എഴുതാം.

പരീക്ഷ ജനുവരിയില്‍

CEED, UCEED പരീക്ഷകള്‍ 2020 ജനുവരി 18-ന് രാവിലെ 10 മുതല്‍ ഒന്നു വരെ നടത്തും. ഒരു പേപ്പര്‍ വീതമുള്ളതാണ് ഡിസൈന്‍ അഭിരുചി അളക്കുന്ന ഈ രണ്ട് പരീക്ഷകളും. അപേക്ഷ www.uceed.iitb.ac.in, www.ceed.iitb.ac.in വഴി നല്‍കാം.

റോബോട്ടിക്‌സ്, ജാവാ പ്രോഗ്രാമിങ് പ്രവേശനം

തിരുവനന്തപുരത്തെ മോഡല്‍ ഫിനിഷിങ് നടത്തുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം, പേഴ്‌സണാലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം, പേഴ്‌സണാലിറ്റി എന്‍ഹാന്‍സ്‌മെന്റ് ആന്റ ്കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം, റോബോട്ടിക്‌സ് കോഴ്‌സ്, ജാവാ പ്രോഗ്രാമിങ്, ഫോറിന്‍ ലാംഗ്വേജ് എന്നിവയിലേക്ക് അപേക്ഷിക്കാം.

എന്‍ജിനിയറിങ് ബിരുദധാരികള്‍ക്കും അവസാന സെമസ്റ്റര്‍ ഫലം കാത്തിരിക്കുന്നവര്‍ക്കും ബിരുദാനന്തര ബിരുദം (എം.സി.എ., എം.എസ്.സി. കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി. ഇലക്‌ട്രോണിക്‌സ് ) ഡിപ്ലോമ / ബി.എസ്‌സി. ബി.സി.എ. ബിരുദം നേടിയ വിദ്യാര്‍ഥികള്‍ക്കും എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാമിനും (ഫീസ്: 15,000 രൂപ പ്ലസ് ജി.എസ്.ടി., ക്ലാസ്: 40 ദിവസം ) ജാവാ പ്രോഗ്രാമിങ്ങിനും ( ഫീസ്: 6000 രൂപ പ്ലസ് ജി.എസ്.ടി. 120 മണിക്കൂര്‍ ) അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം / ഡിപ്ലോമ നേടിയവര്‍ക്കും അവസാന വര്‍ഷ ഫലം കാത്തിരിക്കുന്ന വര്‍ക്കും പേഴ്‌സണാലിറ്റി എന്‍ഹാന്‍സ്‌മെന്റ് ആന്റ് കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമില്‍ (ഫീസ്: 8000 രൂപ പ്ലസ് ജി.എസ്.ടി., 40 ദിവസം) അപേക്ഷിക്കാം.

കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ / ഇലകട്രോണിക്‌സ് വിഷയങ്ങളില്‍ ബിരുദമോ ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സില്‍ ഡിപ്ലോമയോ നേടിയ വര്‍ക്കും അവസാന വര്‍ഷം ഫലം കാത്തിരിക്കുന്നവര്‍ക്കും റോബോട്ടിക്‌സ് കോഴ്‌സിന് ( 6000 രൂപ പ്ലസ് ജി.എസ്.ടി., 120 മണിക്കൂര്‍ ) അപേക്ഷിക്കാം. ഫ്രഞ്ച്, ജര്‍മന്‍, റഷ്യന്‍ ഭാഷകളിലെ ഫോറിന്‍ ലാംഗ്വേജ് കോഴ്‌സിന് ( 4500 രൂപയും ജി.എസ്.ടി. യുമാണ് ഫീസ് ) അപേക്ഷിക്കാം.
വിലാസം : ഓഫീസര്‍ ഇന്‍ ചാര്‍ജ്്, മോഡല്‍ ഫിനിഷിംഗ് സ്‌കൂള്‍, സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയം കാമ്പസ്, പി.എം.ജി. ജങ്ഷന്‍, തിരുവനന്തപുരം. വിവരങ്ങള്‍ക്ക് : 0471-2307733

Leave a Reply

Your email address will not be published.