വായ്പകൾക്ക് മൊറട്ടോറിയം നീട്ടാൻ സാധ്യത: ചങ്കിടിപ്പുമായി സഹകരണമേഖല: മൊറട്ടോറിയത്തിന് മാനദണ്ഡം നിശ്ചയിയ്ക്കണമെന്ന് സഹകാരികൾ.

adminmoonam

വായ്പകൾക്ക് മൊറട്ടോറിയം നീട്ടാൻ സാധ്യത: ചങ്കിടിപ്പു മായാണ് സഹകരണമേഖലകഴിയുന്നത്.
മൊറട്ടോറിയത്തിന് മാനദണ്ഡം നിശ്ചയിയ്ക്കണമെന്ന് സഹകാരികൾ ഒന്നടങ്കം പറയുന്നു.കഴിഞ്ഞ രണ്ടു വർഷമായി തുടരുന്ന മൊറട്ടോറിയം ഇനിയും ദീർഘിപ്പിച്ചാൽ സഹകരണമേഖലയുടെ നട്ടെല്ലൊടിയുമെന്നു സഹകാരികൾ പറയുന്നു. കോവിഡിന്റെ പശ്ചാത്തലത്തിലാണ് മൊറട്ടോറിയം നീട്ടുന്നത് സംബന്ധിച്ച് ആർ.ബി.ഐ ആലോചിക്കുന്നത്. ഈ മാസം അവസാനത്തോടെ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകും എന്നറിയുന്നു. നിലവിൽ രണ്ടു വർഷമായി തുടരുന്ന മൊറട്ടോറിയം മൂലം സഹകരണ മേഖലയിൽ വായ്പകളുടെ തിരിച്ചടവ് നിലച്ചിരിക്കുകയാണ്. കാർഷികേതര വായ്പകൾക്ക് കൂടി മൊറട്ടോറിയം ഏർപ്പെടുത്തിയതാണ് പ്രതിസന്ധി രൂക്ഷമാകാൻ കാരണമെന്ന് സഹകാരികളും ജീവനക്കാരും സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ഈ പ്രശ്നം നാഷണലൈസ്ഡ് ഷെഡ്യൂൾഡ് ബാങ്കുകളിൽ ഇല്ല. ഇത്തരം ബാങ്കുകളിലെ വായ്പകളിൽ 2%ൽ പോലും ഈ പ്രശ്നം ഇല്ല. കുടിശ്ശിക വരുത്താതെ വായ്പ തിരിച്ചടക്കുന്നവർക്കു മാത്രമേ ഇത്തരം ബാങ്കുകൾ മൊറട്ടോറിയം നൽകുന്നുള്ളൂ.

ജനുവരി വരെ മുടക്കമില്ലാതെ വായ്പാ തിരിച്ചടചവർക്കാണ് മൊറട്ടോറിയത്തിന്റെ ഗുണം ലഭിക്കുക എന്നാണ് സഹകരണ വകുപ്പ് മന്ത്രി നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ സഹകരണ സംഘം രജിസ്ട്രാറുടെ സർക്കുലർ വന്നപ്പോൾ മുഴുവൻ പേർക്കും ആയി മാറി. മൊറട്ടോറിയവുമായി ബന്ധപ്പെട്ട് വ്യക്തമായ നിലപാട് ഉണ്ടായില്ലെങ്കിൽ സഹകരണമേഖല അടച്ചു പൂട്ടേണ്ടി വരുമെന്നു സഹകാരികളും ജീവനക്കാരും ഒന്നടങ്കം പറയുന്നു. എന്നാൽ പരസ്യമായ പ്രതികരണത്തിന് ഇപ്പോഴത്തെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യം സമ്മതിക്കുന്നില്ലെന്നു രാഷ്ട്രീയക്കാർ കൂടിയായ ഭരണസമിതി അംഗങ്ങൾ പറയുന്നു.

2019 ഡിസംബർ വരെ കൃത്യമായി വായ്പാ തിരിചടച്ചവർക്കു മൊറട്ടോറിയം നൽകുന്നതിൽ സന്തോഷമേയുള്ളൂ എന്ന് സഹകാരികൾ ഒന്നടങ്കം പറയുന്നു. എന്നാൽ നിലപാടും മാനദണ്ഡങ്ങളും ഇല്ലാതെ മൊറട്ടോറിയം പ്രഖ്യാപിക്കുമ്പോൾ സഹകരണ മേഖല അടച്ചുപൂട്ടേണ്ട ഗതികേടാണ് ഉണ്ടാക്കുന്നത്. വായ്പാ തിരിച്ചടക്കാത്തവർ ഇപ്പോൾ ഒരു കൂസലുമില്ലാതെ ബാങ്കിന് മുന്നിലൂടെ നടക്കുകയാണ്. ചോദിച്ചാൽ മൊറട്ടോറിയം ആണെന്ന് പറയുകയും ചെയ്യും. വായ്പ അടക്കാൻ പണമുള്ളവർ പോലും ഇപ്പോൾ മൊറട്ടോറിയത്തിന്റെ പേര് പറഞ്ഞു അടക്കുന്നില്ല. വായ്പ അനുവദിക്കുമ്പോൾ വസ്തുവിന് ഉണ്ടായിരുന്ന മൂല്യം ഇപ്പോൾ ഇല്ല. തന്നെയുമല്ല വായ്പാ തുകയുടെ ഇരട്ടിയിലധികം തുക ഇപ്പോൾ ആയിട്ടുമുണ്ട്. വസ്തു വിറ്റാൽ പോലും ഈ തുക ലഭിക്കില്ല. തന്നെയുമല്ല ഇരട്ടി തുകയിൽ കൂടുതൽ ബാങ്കുകൾക്ക് ഈടാക്കാനും സാധിക്കില്ല. വലിയ പ്രതിസന്ധിയിലൂടെയാണ് സഹകരണമേഖല പോകുന്നത്. അതിനാൽ മൊറട്ടോറിയം വീണ്ടും ദീർഘിപ്പിക്കുകയാണെങ്കിൽ വ്യക്തമായ നിലപാടും ഉറച്ച സമീപനവും മൊറട്ടോറിയം കാര്യത്തിൽ മന്ത്രി ഉൾപ്പെടെയുള്ളവരുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കിൽ സഹകരണ മേഖല വൈകാതെ അസ്ഥിവാരം തോണ്ടും എന്നതിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *

Latest News