വാങ്ങല്‍ശേഷി കൂട്ടാന്‍ കേന്ദ്രത്തിന്റെ പാക്കേജ്
– സിദ്ധാര്‍ഥന്‍
വിപണിയില്‍ പണം എത്തിയില്ലെങ്കില്‍ ഡിമാന്‍ഡ് കൂടില്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണിപ്പോള്‍ കേന്ദ്രം 73,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങളുടെ വാങ്ങല്‍ശേഷി കൂട്ടുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
കോവിഡ് വ്യാപനമുണ്ടാക്കിയ സാമ്പത്തികാഘാതം എത്രയാണെന്ന് തിട്ടപ്പെടുത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഉല്‍പ്പാദന , സേവന മേഖലകളുടെ നഷ്ടത്തെപ്പറ്റി കണക്കെടുപ്പ് സാധ്യമാണ്. എന്നാല്‍, തൊഴിലില്ലാതാവുകയും കൂലി കിട്ടാതാവുകയും ചെയ്ത മനുഷ്യരുടെ നഷ്ടം കണക്കാക്കുക പ്രയാസമാണ്. എല്ലാം പഴയ രീതിയിലേക്ക് എന്നു തിരിച്ചെത്തുമെന്നതിലും വ്യക്തതയില്ല. ഒക്ടോബറില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ പോസിറ്റീവായ മാറ്റം പ്രകടമായിത്തുടങ്ങിയെന്നതാണ് ആശ്വസിക്കാന്‍ വകനല്‍കുന്ന വസ്തുത. ജി.എസ്.ടി. വരുമാനം വര്‍ധിക്കുന്നു, പെട്രോള്‍ – ഡീസല്‍ വില്‍പ്പന കൂടുന്നു, വൈദ്യുതി ഉപഭോഗം വര്‍ധിക്കുന്നു – അങ്ങനെ പലതും ഗുണകരമായ മാറ്റമായാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. എന്നാല്‍, ഇത്തരം സൂചനകള്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ പഴയ ആരോഗ്യം വീണ്ടെടുക്കുന്നതിന്റെ പ്രതിഫലനമല്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പക്ഷേ, ഈ മാറ്റത്തെയും ഇനിയും മാറ്റം വരാത്ത മേഖലകളെയുംകുറിച്ച് ഒരു പരിശോധന അനിവാര്യമാണ്.
എണ്ണയിതര മേഖലകളിലെ ഇറക്കുമതി, സ്വര്‍ണം ഇറക്കുമതി എന്നിവയെല്ലാം 13 ശതമാനത്തിലേറെ ഇടിഞ്ഞിരിക്കുകയാണ്. ബാങ്കുകളുടെ നിക്ഷേപ-വായ്പ അനുപാതത്തിലും മാറ്റം വന്നുതുടങ്ങി. നിക്ഷേപം കൂടുകയും വായ്പ കുറയുകയുമാണ്. പലിശനിരക്ക് താഴ്ന്നിട്ടും ആളുകള്‍ വായ്പയെടുക്കാനെത്തുന്നില്ല. തൊഴില്‍ സാധ്യതകളില്ലാത്തതും വിപണിയുറപ്പുള്ള സംരംഭങ്ങള്‍ തുടങ്ങാന്‍ കഴിയാത്തതുമാണ് ഇതിനു കാരണമായി വിലയിരുത്തുന്നത്. രാജ്യത്ത് പുതിയ നിക്ഷേപവും കുത്തനെ ഇടിഞ്ഞിരിക്കുന്നു. പുതിയ പദ്ധതികളില്‍ നടത്തുന്ന മൂലധന നിക്ഷേപത്തില്‍ കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 81 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. സമ്പദ്‌വ്യവസ്ഥയില്‍ മാറ്റമുണ്ടാകണമെങ്കില്‍ ഇപ്പോഴുള്ള ഭേദപ്പെട്ട പ്രകടനം തുടരാനും ക്രമേണ മെച്ചപ്പെടുത്താനും കഴിയണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഓഹരി വിപണിയിലും മറ്റെല്ലാ രംഗങ്ങളിലും ഇതിന്റെ പ്രതിഫലനം കാണാനാവണം.
ഉല്‍പ്പാദന-സേവന മേഖലകള്‍ സ്തംഭിച്ചു പോകാതിരിക്കാനുള്ള കരുതലാണ് കേന്ദ്ര സര്‍ക്കാര്‍ കോവിഡ് പാക്കേജുകളില്‍ കാണിച്ചത്. ചെറുകിട-ഇടത്തരം സംരംഭങ്ങളോട് പ്രത്യേക മമത പുലര്‍ത്തി. ടോപ് അപ്പ് വായ്പയടക്കം ഈ മേഖലയ്ക്ക് നല്‍കി. സംരംഭങ്ങളുടെ പ്രതിസന്ധി പരിഗണിച്ച് അവയോട് ഉദാര സമീപനം പുലര്‍ത്തണമെന്നാണ് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുള്ളത്. ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിലൂടെ ഉല്‍പ്പാദന-സേവന മേഖലകളെ ചലിപ്പിക്കാനുള്ള സര്‍ക്കാര്‍ശ്രമം ഒരു പരിധിവരെ വിജയം കണ്ടിട്ടുണ്ടെന്നു പറയാം. പക്ഷേ, അത് പ്രകടമായിത്തുടങ്ങുന്നതേയുള്ളൂ. ഉല്‍പ്പാദനം കൂടിയിട്ടും വിപണിയില്‍ കാര്യമായ ചലനമുണ്ടാകുന്നില്ലെന്നതാണ് പിന്നീടുണ്ടായ പ്രശ്‌നം. സാധനങ്ങള്‍ വാങ്ങാന്‍ ആളുകളെത്തുന്നില്ല. ലോക്ഡൗണിനു ശേഷവും കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞ ഘട്ടത്തിലും വിപണിയില്‍ കാര്യമായ മുന്നേറ്റമില്ലാത്തത് ആളുകളുടെ ക്രയശേഷി കുറഞ്ഞതുകൊണ്ടാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങളുടെ വാങ്ങല്‍ശേഷി കൂട്ടാന്‍ പുതിയ ഉത്തേജന പാക്കേജ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്.
ഉല്‍പ്പാദനം കൂടിയിട്ടും വിപണി സജീവമായില്ല
ഉല്‍പ്പാദനം കൂട്ടാനായെങ്കിലും വിപണി സജീവമാകാത്തത് ജനങ്ങളുടെ വാങ്ങല്‍ശേഷിയിലുള്ള കുറവുകൊണ്ടാണെന്ന വിലയിരുത്തലാണ് ഇപ്പോള്‍ കേന്ദ്ര ധനമന്ത്രാലയത്തിനുള്ളത്. ഡിമാന്‍ഡ് കൂട്ടാനുള്ള പാക്കേജാണ് വേണ്ടതെന്ന് നേരത്തെ സാമ്പത്തിക രംഗത്തെ പല വിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ് പാക്കേജില്‍ ഈ നിര്‍ദേശം ഇതുവരെ ധനമന്ത്രാലയം മുഖവിലക്കെടുത്തിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ 73,000 കോടിരൂപയുടെ പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിലേറെയും ആവശ്യം കൂട്ടാനുള്ള ഉത്തേജനത്തിനുള്ളതാണ്. രാജ്യത്തെ മൂലധന നിക്ഷേപവും കണ്‍സ്യൂമര്‍ ഡിമാന്റും വര്‍ധിപ്പിക്കാനുതകുന്നതാണിത്. വിപണിയില്‍ പണം വരാനുള്ള വഴികളില്ലാതെ ഡിമാന്റ് കൂടില്ലെന്ന വാദം മുഖവിലക്കെടുത്തുകൊണ്ടുള്ളതാണ് പുതിയ പാക്കേജ്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉത്സവകാല ബത്തയായി മുന്‍കൂര്‍ പണം നല്‍കും. സംസ്ഥാനങ്ങള്‍ക്ക് ദീര്‍ഘകാല പലിശരഹിത വായ്പയും ധനമന്ത്രി അവതരിപ്പിച്ച പാക്കേജിലുണ്ട്.
ഡിമാന്റ് വര്‍ധിപ്പിക്കാന്‍ ഉചിതമായ സമയത്ത് കേന്ദ്രം തീരുമാനമെടുക്കുമെന്ന് ധനമന്ത്രി നേരത്തെ സൂചിപ്പിച്ചിരുന്നു. അതിന്റെ ഭാഗമായുള്ള ഇടപെടലാണ് പുതിയ ഉത്തേജക പാക്കേജ്. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള എല്‍.ടി.സി. ക്യാഷ് വൗച്ചറും മുന്‍കൂര്‍ ഉത്സവകാല ബത്തയും വിപണിയിലെ ഡിമാന്റ് കൂട്ടാന്‍ ഉപകരിക്കുമെന്ന് മന്ത്രി അവകാശപ്പെടുന്നു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ അവധിക്കാല യാത്രാ ബത്ത ഉപയോഗിച്ച് യാത്രകള്‍ നടത്തിയാല്‍ എത്ര തുകയാണോ ആയിനത്തില്‍ വിനിയോഗിച്ചത് അതിനു തുല്യമായ തുക അവര്‍ക്ക് ലഭിക്കും. ഈ തുക അവര്‍ക്ക് താല്‍പ്പര്യമുള്ള വസ്തുക്കള്‍ വാങ്ങാന്‍ ഉപയോഗിക്കാം. 12 ശതമാനമോ അതിനു മുകളിലോ ജി.എസ്.ടി. നിരക്കുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങാം. ഈ തുക ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ മാത്രമേ കൈമാറ്റം ചെയ്യാന്‍ പറ്റൂ. കോവിഡ് കാരണം ജനങ്ങള്‍ യാത്രകള്‍ ഒഴിവാക്കുന്നതിനെത്തുടര്‍ന്നാണ് അവധിക്കാല യാത്രാബത്തയുടെ കാര്യത്തില്‍ പ്രത്യേക പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ പദ്ധതിക്ക് കാലാവധിയുണ്ട്.
കേന്ദ്ര സര്‍വീസിലെ ഗസറ്റഡ്, നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്ക് 10,000 രൂപ മുന്‍കൂര്‍ ഉത്സവകാല ബത്ത ലഭിക്കും. ഈ തുക പലിശ രഹിതമായി റൂപേ കാര്‍ഡ് വഴിയാകും ലഭ്യമാക്കുക. പത്ത് തവണകളായി ലഭിക്കുന്ന തുക, ഡിജിറ്റലായി മാത്രമേ വിനിയോഗിക്കാന്‍ സാധിക്കൂ. സംസ്ഥാനങ്ങള്‍ക്ക് 12,000 കോടി രൂപ ദീര്‍ഘകാല പലിശരഹിത വായ്പയായി അനുവദിക്കുമെന്ന വാഗ്ദാനവും പുതിയ പാക്കേജിലുണ്ട്. മൂലധന നിക്ഷേപ ഇനത്തില്‍ 25,000 കോടി രൂപയാണ് കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. റോഡുകള്‍, പ്രതിരോധം, അടിസ്ഥാന സൗകര്യ വികസനം, ജല വിതരണം, നഗര വികസനം തുടങ്ങിയ മേഖലകളിലേക്കാവും ഇത് വിനിയോഗിക്കുക.
വിദേശ കടമെടുപ്പില്‍ വന്‍ ഇടിവ്
മൂലധന നിക്ഷേപത്തില്‍ ഏറെ ആശങ്കയുണ്ടാക്കുന്ന കാലമാണിതെന്ന തിരിച്ചറിവ് കമ്പനികള്‍ക്കുണ്ടായിട്ടുണ്ടെന്നു ബോധ്യപ്പെടുത്തുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇന്ത്യന്‍ കമ്പനികളുടെ വിദേശ കടമെടുപ്പില്‍ 47 ശതമാനത്തോളം കുറവുണ്ടായതായാണ് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷം എടുത്ത വായ്പയില്‍ 1.61 ബില്യണ്‍ ഡോളര്‍ എക്സ്റ്റേണല്‍ കൊമേഴ്സ്യല്‍ ബോറോയിങ്്സ് ( ഇ.സി.ബി ) മുഖാന്തിരമാണ്. ബാക്കി റുപ്പീ ഡോമിനേറ്റഡ് ബോണ്ടുകള്‍, മസാല ബോണ്ടുകള്‍ തുടങ്ങിയവ വഴിയും.
കെമിക്കല്‍സ് ആന്‍ഡ് കെമിക്കല്‍ പ്രോഡക്ട്‌സ് ഉല്‍പ്പാദകരായ റിലയന്‍സ് സിബുര്‍ ഇലാസ്റ്റമേഴ്സാണ് കൂടുതല്‍ വായ്പ വാങ്ങിയിരിക്കുന്നത്. 339.42 ദശലക്ഷം ഡോളര്‍. വിജയപുര ടോള്‍വേ 160 ദശലക്ഷം ഡോളറും ചൈന സ്റ്റീല്‍ കോര്‍പറേഷന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 1.45 ദശലക്ഷം ഡോളറും കടമെടുത്തു. ബിര്‍ല കാര്‍ബണ്‍ ഇന്ത്യ 50 ദശലക്ഷം ഡോളറും വിസ്ട്രോണ്‍ ഇന്‍ഫോകോം മാനുഫാക്ചറിങ് പ്രൈവറ്റ് ലിമിറ്റഡ് 45 ദശലക്ഷം ഡോളറും വിദേശവായ്പയെടുത്തതായും റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. സുസ്ലോണ്‍ എനര്‍ജി ലിമിറ്റഡ് ( 35.93 ദശലക്ഷം ഡോളര്‍ ) ആണ് ഇ.സി.ബി. വഴി പണം കണ്ടെത്തിയ മറ്റൊരു സ്ഥാപനം. ഓസ്ട്രോ മഹാവിന്‍ഡ് പവര്‍ പ്രൈവറ്റ് ലിമിറ്റഡ് ( 78.6 ദശലക്ഷം ), ഓസ്ട്രോ റിന്യൂവബ്ള്‍സ് പ്രൈവറ്റ് ലിമിറ്റഡ് ( 20.01 ദശലക്ഷം ), ഹേരാംബ റിന്യൂവബ്ള്‍സ് ലിമിറ്റഡ് ( 13.33 ദശലക്ഷം ), ശ്രേയസ് സോളാര്‍ ഫാംസ് ലിമിറ്റഡ് ( 13.32 ദശലക്ഷം ) എന്നിവയാണ് ഡോളര്‍ റുപ്പീ ഡോമിനേറ്റഡ് ബോണ്ടുകള്‍, മസാല ബോണ്ടുകള്‍ തുടങ്ങിയവ വഴി കടമെടുത്ത സ്ഥാപനങ്ങള്‍. കഴിഞ്ഞ വര്‍ഷം ഒരു കമ്പനിയും മസാല ബോണ്ടുകള്‍ വഴി കടമെടുത്തിരുന്നില്ല.
ആയുര്‍വേദത്തിന് സാധ്യത കൂടുന്നു
കോവിഡ് രോഗവ്യാപനം ലോകത്താകെയുണ്ടാക്കിയ ആശങ്ക വളരെ വലുതാണ്. പ്രതിരോധശേഷിയില്‍ ആകുലപ്പെടുന്ന ഒരു വിഭാഗമായി മനുഷ്യര്‍ മാറിയെന്നതാണ് കോവിഡ് നല്‍കുന്ന പാഠം. എന്നാല്‍, ഈ ആശങ്ക കേരളത്തിന് പ്രതീക്ഷയുണ്ടാക്കുന്ന ഒന്നാണെന്ന വിലയിരുത്തലുമുണ്ട്. ആയുര്‍വേദത്തിന്റെ സാധ്യത ഉപയോഗപ്പെടുത്താനായി കേരളത്തിലേക്ക് സഞ്ചാരികള്‍ കൂടുമെന്നാണ് കണക്കാക്കുന്നത്. കോവിഡ് ബാധിച്ചവര്‍ക്കുണ്ടാവുന്ന പാര്‍ശ്വഫലങ്ങള്‍ ഭാവിയില്‍ എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ച് ആരോഗ്യ വിദഗ്ധര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. കാര്യമായ പ്രശ്‌നങ്ങളുണ്ടാവില്ലെന്നു വാദിക്കുന്നവരും പാര്‍ശ്വഫലങ്ങളുണ്ടാകുമെന്നു പറയുന്നവരും ഇവരിലുണ്ട്. എന്തായാലും, പ്രതിരോധശേഷിയില്‍ കുറവുണ്ടാകുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല.
വിദേശ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഒരു പ്രധാന കാരണം ആയൂര്‍വേദവും മെഡിക്കല്‍ ടൂറിസവുമാണ്. കോവിഡ് ഭീതി മാറുന്നതോടെ ഇതിനു കൂടുതല്‍ ഡിമാന്റുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. ഈ വര്‍ഷം കേരളത്തിലെ റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും ഹൗസ് ബോട്ടുകളുമെല്ലാം നേരിട്ട നഷ്ടം അതിഭീകരമാണ്. ഹൗസ് ബോട്ടുകളുടെ അറ്റകുറ്റപ്പണിക്കുപോലും പണം കണ്ടെത്താനാകാത്ത സ്ഥിതിയിലാണ് നടത്തിപ്പുകാര്‍. ഭാവി എങ്ങനെയാകുമെന്ന ആശങ്ക കാരണം വായ്പയെടുക്കാന്‍ പോലും മടിയ്ക്കുന്നു. എന്നാല്‍, ടൂറിസം രംഗത്ത് വലിയ മാറ്റം പ്രകടമാകുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്. അതിനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടുള്ള ഒരുക്കങ്ങള്‍ ഈ മേഖലയില്‍ ഉണ്ടാകേണ്ടതുണ്ട്. ടൂറിസം കേന്ദ്രങ്ങള്‍ ആയൂര്‍വേദ ചികിത്സയ്ക്ക് കൂടിയുള്ള സൗകര്യമൊരുക്കണമെന്നതാണ് അതിലൊരു നിര്‍ദേശം. എല്ലാ ടൂറിസം കേന്ദ്രങ്ങളിലും ഇതുണ്ടാക്കാനാകണമെന്നില്ല. എന്നാല്‍, ഒരു പാക്കേജിന്റെ ഭാഗമായി ഈ സൗകര്യം ഉറപ്പുവരുത്താനാകും. ആയുര്‍വേദ സെന്ററുകളും ടൂറിസം സ്ഥാപനങ്ങളും കൈകോര്‍ത്താല്‍ അത് വലിയ മാറ്റത്തിന് വഴിവെക്കും. റിസോര്‍ട്ടുകളില്‍ ‘ ആവശ്യപ്പെടുന്നതിനനുസരിച്ച് ചികിത്സ ‘ എന്ന രീതി കൊണ്ടുവന്നാല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനാവും. ഇതിനുവേണ്ടി മാത്രം ‘കോള്‍ ഓണ്‍ ഡിമാന്റ് ആയുര്‍വേദ ചികിത്സാ ഗ്രൂപ്പുകള്‍’ സജ്ജമാക്കാനാവും. സഹകരണ ആയുര്‍വേദ ആശുപത്രികള്‍ക്കും മറ്റും ഇത്തരം സൗകര്യം ഏര്‍പ്പെടുത്താവുന്നതാണ്. ട്രാവല്‍ ഏജന്‍സികളുടെ പാക്കേജില്‍ ‘ആയുര്‍വേദ ചികിത്സ’ കൂടി ഉള്‍പ്പെടുത്തുന്നത് കൂടുതല്‍ ഗുണകരമാകും.