വരച്ചു വരച്ചു രചിക്കാം കേരള ബാങ്ക്
കേരള ബാങ്കിന് ലോഗോയും ടാഗ് ലൈനും ഭാഗ്യചിഹ്നവും തയ്യാറാക്കാന്‍ ഭാവനയും സര്‍ഗാത്മകതയുമുള്ളവര്‍ക്ക് അവസരം. “വരച്ചു വരച്ചു രചിക്കാം കേരള ബാങ്ക്” എന്ന പൊതുജനങ്ങള്‍ക്കായുള്ള മത്സരാധിഷ്ഠിത ക്യാമ്പയിനില്‍ തെരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികള്‍ക്ക് ക്യാഷ് പ്രൈസ് അടക്കമുള്ള പുരസ്കാരങ്ങള്‍ ലഭിക്കും. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. സംസ്ഥാനത്തിന്റെ ഭാവി ഭാഗധേയം നിര്‍ണയിക്കാന്‍ പോകുന്ന കേരള ബാങ്കിന്റെ ലോഗോയും, ടാഗ് ലൈനും, ഭാഗ്യചിഹ്നവും തയ്യാറാക്കുന്നതിലൂടെ ചരിത്രത്തില്‍ ഇടം നേടാനുള്ള അവസരമാണ് പൊതുജനങ്ങള്‍ക്ക് സംസ്ഥാന സഹകരണ വകുപ്പ് നല്‍കുന്നത്. തികച്ചും പുതുമയുള്ളതും നിലവിലുള്ള ലോഗോകളും ടാഗ് ലൈനുകളും, ഭാഗ്യചിഹ്നങ്ങളുമായി സാദൃശ്യമില്ലാത്തതായിരിക്കണം സൃഷ്ടികള്‍ എന്നതാണ് പ്രധാന നിബന്ധന. കേരള ബാങ്കിന്റെ ബ്രാന്‍ഡ് ബില്‍ഡിംഗ് കമ്മിറ്റിയാകും എന്‍ട്രികള്‍ പരിശോധിച്ച് തിരഞ്ഞെടുപ്പ് നടത്തുക.
ലോഗോയോ, ടാഗ് ലൈനോ, ഭാഗ്യചിഹ്നമോ ഓരോന്ന് മാത്രമായും, എല്ലാം ഒന്നിച്ചും സമര്‍പ്പിക്കാനാകും. കൂടുതല്‍ വിവരങ്ങള്‍ www.keralabank.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. 2018 ഡിസംബര്‍ 10 നകം എന്‍ട്രികള്‍ ‘ടീം ലീഡര്‍, ബ്രാന്‍ഡ് ബില്‍ഡിംഗ് ആന്റ് മാര്‍ക്കറ്റിംഗ് കമ്മിറ്റി, കേരള ബാങ്ക് സ്പെഷ്യല്‍ സെല്‍, കേരള സംസ്ഥാന സഹകരണ ബാങ്ക്, കോ ബാങ്ക് ടവര്‍, പാളയം, തിരുവനന്തപുരം-33’ എന്ന വിലാസത്തിലോ, [email protected] എന്ന ഇ മെയിലിലോ അയയ്ക്കണം.