വയനാട്ടില്‍ മട്ടുപ്പാവിലെ പച്ചക്കറികൃഷി പദ്ധതിക്ക് തരിയോട് ബാങ്കിന് സര്‍ക്കാര്‍ സഹായം

moonamvazhi

കാര്‍ഷികോല്‍പാദനം കൂട്ടാനുള്ള പുതിയ സഹകരണ പദ്ധതികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി വയനാട്ടിലെ തരിയോട് സഹകരണ ബാങ്കിന് സഹകരണ വകുപ്പിന്റെ സഹായം. ചെറുകിട ഉല്‍പാദനത്തിലൂടെ കാര്‍ഷിക സമൃദ്ധി എന്ന രീതിയില്‍ തരിയോട് ബാങ്ക് ആസൂത്രണം ചെയ്ത പദ്ധതിക്കാണ് സഹായം. മട്ടുപ്പാവില്‍ കൃഷി വ്യാപിക്കുന്നതിനും തരിശുനില കൃഷിക്കുമാണ് ബാങ്ക് പദ്ധതി സമര്‍പ്പിച്ചത്. ഇത് രണ്ടും സര്‍ക്കാര്‍ അംഗീകരിച്ച് 39ലക്ഷം രൂപ അനുവദിച്ചു.

സംഘങ്ങളിലൂടെ തരിശുനില കൃഷി വ്യാപിപ്പിക്കാന്‍ സഹകരണ വകുപ്പ് പ്രത്യേക പദ്ധതി തയ്യാറാക്കിയിരുന്നു. 500 ഹെക്ടര്‍ തരിശുഭൂമിയില്‍ സംഘങ്ങള്‍ നേരിട്ട് കൃഷിയിറക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഓരോ ജില്ലയിലും ഇതിനായി സംഘങ്ങള്‍ കൃഷിയൊരുക്കേണ്ട ഭൂമിയും നിശ്ചയിച്ചിരുന്നു. ഇതിന്റെ ഭാഗമായിനിന്നുകൊണ്ടാണ് തരിയോട് ബാങ്ക് പ്രത്യേക പദ്ധതി തയ്യാറാക്കിയത്. ബാങ്ക് നേരിട്ട് കൃഷിയിറക്കുന്നതിനൊപ്പം, കര്‍ഷകര്‍ക്ക് കൂടി അതിനുള്ള പ്രോത്സാഹനം നല്‍കുകയെന്ന സമീപനമാണ് ഈ പദ്ധതിയിലുണ്ടായത്. ഇതിനൊപ്പം, ചെറുകിട കാര്‍ഷികോല്‍പാദന പദ്ധതിയായി മട്ടുപ്പാവിലെ കൃഷിയും കൊണ്ടുവന്നു. ഈ ഉല്‍പന്നങ്ങള്‍ക്ക് വിപണി ഉറപ്പാക്കാനുള്ള പദ്ധതിയും ബാങ്ക് തയ്യാറാക്കിയിട്ടുണ്ട്. ഇതെല്ലാം സഹകരണ വകുപ്പ് അംഗീകരിച്ചു.

‘സാങ്കേതിക വിദ്യാധിഷ്ഠിത കൃഷിയില്‍ സഹകരണ മേഖലയുടെ നൂതന പദ്ധതി’യില്‍ ഉള്‍പ്പെടുത്തിയാണ് തരിയോട് ബാങ്കിന് സാമ്പത്തിക സഹായം അനുവദിക്കുന്നത്. സഹകരണ കാര്‍ഷിക വികസനപദ്ധതിയില്‍നിന്ന് 22 ലക്ഷം, കാര്‍ഷിക ഉല്‍പാദനം, ഉല്‍പന്നങ്ങളുടെ സംഭരണം, വിപണനം, സംസ്‌കരണം എന്നിവയ്ക്കായി അഞ്ചുലക്ഷം, കാര്‍ഷിക സേവനകേന്ദ്രം ശക്തിപ്പെടുത്തുന്നതിന് 12ലക്ഷം എന്നിങ്ങനെയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. തുകയുടെ വിനിയോഗം പരിശോധിക്കുന്നതിന് അസിസ്റ്റന്റ് രജിസ്ട്രാര്‍ ചെയര്‍മാനായി പ്രത്യേക സമിതി രൂപീകരിക്കണമെന്നും ഈ സമിതി മൂന്നുമാസത്തിലൊരിക്കല്‍ സഹകരണ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കണമെന്നും സഹകരണ സംഘം രജിസ്ട്രാറോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.