വനിതകളുടെ തൊഴില്‍ അവസരം കൂട്ടാന്‍ ശൂരനാട് മഹിളാ സംഘം
കലാ ട്രൂപ്പ്, കമ്പ്യൂട്ടര്‍ പരിശീലനം, ഭക്ഷ്യസംസ്‌കരണ
കോഴ്‌സ വസ്ത്രനിര്‍മാണ-തയ്യല്‍ പരിശീലനകേന്ദ്രം,
ഓണ്‍ലൈന്‍ കോമണ്‍ സര്‍വീസ് സെന്റര്‍, ഫിഷ്മാര്‍ട്ട്
എന്നിവ നടത്തിയും തുണിസഞ്ചി നിര്‍മിച്ചും
വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുകയാണ്
34 വര്‍ഷമായി സജീവമായി പ്രവര്‍ത്തിക്കുന്ന
ശൂരനാട് മഹിളാ വ്യവസായ സഹകരണസംഘം.
വനിതകള്‍ക്കായി പുതിയ തൊഴിലവസരം സൃഷ്ടിക്കുന്ന
സംഘത്തിനു പ്രതിവര്‍ഷം പത്തു കോടി രൂപ വിറ്റുവരവുണ്ട്.
വനിതാ സഹകരണരംഗത്തു മാതൃകാപ്രവര്‍ത്തനവുമായി ജൈത്രയാത്ര തുടരുകയാണു കൊല്ലം ശൂരനാട് മഹിളാ വ്യവസായ സഹകരണ സംഘം. 34 വര്‍ഷമായി പാവപ്പെട്ട ഗ്രാമീണവനിതകളെ സ്വയംപര്യാപ്തതയിലേക്കു കൈപിടിച്ചുയര്‍ത്തുന്ന ഈ വനിതാകൂട്ടായ്മ പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വ്യത്യസ്തത പുലര്‍ത്തുന്നു.
1989 ല്‍ കേരളാ ഖാദിഗ്രാമ വ്യവസായ ബോര്‍ഡിനു കീഴില്‍ ഇന്റസ്ട്രിയല്‍ സൊസൈറ്റിയായിട്ടാണു ശൂരനാട് മഹിളാ വ്യവസായ സഹകരണസംഘം പ്രവര്‍ത്തനം തുടങ്ങിയത്. സഹകരണവകുപ്പിന്റെ ഓഡിറ്റിങ്ങിനും വിധേയം. കലാപരിശീലനം നല്‍കി പാവപ്പെട്ട കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൈപിടിച്ചുയര്‍ത്താന്‍ കലാ ട്രൂപ്പുമായാണ് ഇവരിപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. തിരുവാതിര, ഡാന്‍സ്, പാട്ട്, ശിങ്കാരിമേളം, ഒപ്പന, ചെണ്ട, മൃദംഗം തുടങ്ങിയവയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി തുടങ്ങിയ പുതിയ ചുവടുവയ്പ്പാണിത്. അഞ്ചു വയസ് മുതലുള്ള കുട്ടികള്‍ക്കാണു പരിശീലനം നല്‍കുന്നത്. പ്രായഭേദമന്യേ വനിതകള്‍ക്കും ഇതു പ്രയോജനപ്പെടുത്താന്‍ അവസരമുണ്ട്. നാടന്‍കലകള്‍ ചേര്‍ത്തു രണ്ടു മണിക്കൂര്‍ നേരത്തെ പരിപാടി അവതരിപ്പിക്കാവുന്നവിധമുള്ള ട്രൂപ്പാണ് ഒരുക്കുന്നത്. സാംസ്‌കാരികവകുപ്പുമായി ചേര്‍ന്ന് ഇതിനു കൂടുതല്‍ സ്വീകാര്യത വരുത്താനുള്ള ശ്രമവും നടന്നുവരുന്നു. കൂടാതെ, എല്ലാവര്‍ക്കും സൗജന്യ കമ്പ്യൂട്ടര്‍പരിശീലനം നല്‍കാന്‍ ആരംഭിച്ച കമ്പ്യൂട്ടര്‍ സെന്ററില്‍ ഡേറ്റ എന്‍ട്രി കോഴ്സ് നടത്തിവരുന്നു. ഇതിനകം ഇരുപതു കുട്ടികള്‍ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കി. അടുത്ത ബാച്ചില്‍ നാല്‍പ്പതു കുട്ടികള്‍ ചേര്‍ന്നുകഴിഞ്ഞു. ഭക്ഷ്യസംസ്‌കരണ കോഴ്സില്‍ ഇരുപതു പേര്‍ പഠിക്കുന്നു. ഇവരുടെ സഹായം പ്രയോജനപ്പെടുത്തി നാടന്‍പലഹാര നിര്‍മാണരംഗത്തേക്കും കടക്കാനുള്ള തയാറെടുപ്പിലാണ്.
തുണിസഞ്ചി
നിര്‍മാണം
തെക്കന്‍ കേരളത്തിലെ ഒമ്പതു ജില്ലകളിലെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്കും ബിവറജസ് ഔട്ട്‌ലറ്റുകളിലേക്കും തുണിസഞ്ചി നല്‍കുന്നതിനുള്ള കണ്‍സ്യൂമര്‍ഫെഡിന്റെ ഓര്‍ഡര്‍ ലഭിച്ച ആഹ്ലാദത്തിലാണ് ഈ വനിതാ കൂട്ടായ്മ. മികവുറ്റ പ്രവര്‍ത്തനം വിലയിരുത്തി വ്യവസായവകുപ്പ് 40 ലക്ഷം രൂപ അനുവദിച്ചു നിര്‍മിച്ച കെട്ടിടം ഇവരുടെ വിജയഗാഥയിലെ പൊന്‍തൂവലാണ്. പതിനൊന്നു ലക്ഷം രൂപയ്ക്കു സംഘം വാങ്ങിയ സ്ഥലത്താണു പുതിയ കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. ഇതുവഴി അത്യാധുനിക ഓഫീസ്‌കെട്ടിടമാണു സംഘത്തിനു സ്വന്തമായത്.
ബാങ്ക് വായ്പകളോ പുറംകടമോ ഇല്ലാത്ത ഈ വനിതാ വ്യവസായ സഹകരണസംഘത്തിന്റെ കരുത്ത് ഒരുകൂട്ടം വനിതകളുടെ നിസ്വാര്‍ഥ സേവനമാണ്. മികവുറ്റ പ്രവര്‍ത്തനത്തിനു മലബാര്‍ ഗോള്‍ഡ് ഏര്‍പ്പെടുത്തിയ പെണ്ണൊരുമ സമ്മാനപദ്ധതിയിലേക്കു സംഘത്തെ തിരഞ്ഞെടുത്തിരുന്നു. കുന്നത്തൂര്‍ താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്റെ അംഗീകാരവും ലഭിച്ചു. കൊല്ലം ജില്ലയിലെ ഏറ്റവും മികച്ച വനിതാ കൂട്ടായ്മയ്ക്കുള്ള 50,000 രൂപയുടെ അവാര്‍ഡിനും ഈ സ്ഥാപനം അര്‍ഹമായിട്ടുണ്ട്.
നാല്‍പ്പതോളം വനിതകള്‍ക്കാണു വസ്ത്ര നിര്‍മാണ-തയ്യല്‍ പരിശീലനകേന്ദ്രത്തിലൂടെ സംഘം തൊഴിലവസരം നല്‍കുന്നത്. തുണിസഞ്ചി നിര്‍മാണം വന്‍വിജയമാണ്. വനിതകള്‍ക്കു സംഘത്തിന്റെ തയ്യല്‍മെഷീന്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ വീട്ടിലിരുന്നോ തുണിസഞ്ചിയുണ്ടാക്കാം. ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ ഇടപെടലില്‍ ഭക്ഷ്യധാന്യ കിറ്റ് വിതരണകാലത്തു സിവില്‍ സപ്ലൈസും തുണിസഞ്ചി വാങ്ങിയിരുന്നു. കൊല്ലം എന്‍.എസ.് സഹകരണ ആശുപത്രിയും തുണിസഞ്ചിയും മാസ്‌ക്കും വാങ്ങുന്നു. കോവിഡ്കാലത്തു തുണിസഞ്ചി വിതരണത്തില്‍ വന്‍മുന്നേറ്റമാണു നടത്തിയത്. അന്നു കൂലിയിനത്തില്‍ മാത്രം നല്‍കിയത് ഒമ്പതു ലക്ഷം രൂപയാണ്. ഇനിയും കൂടുതല്‍ പേര്‍ക്കു തയ്യലില്‍ തൊഴില്‍ നല്‍കാന്‍ സംഘം ഒരുക്കമാണ്. മത്സ്യഫെഡ് ഫിഷ്മാര്‍ട്ട് സംഘത്തിന്റെ മറ്റൊരു നേട്ടമാണ്. മന്ത്രിയായിരിക്കെ ജെ. മേഴ്സിക്കുട്ടി അമ്മയാണു മത്സ്യഫെഡിന്റെ ഫിഷ്മാര്‍ട്ട് അനുവദിപ്പിച്ചത്. ഓണ്‍ലൈന്‍രംഗത്തു കോമണ്‍ സര്‍വീസ് സെന്ററും തുറന്നു. ശൂരനാട് വടക്കും തെക്കും പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോറുകള്‍ ഗ്രാമവാസികളുടെ ആശ്രയമാണ്. കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ വിപണനകേന്ദ്രം, വസ്ത്രനിര്‍മാണ യൂണിറ്റ്, വസ്ത്രവില്‍പ്പന ഷോറൂം, രണ്ടു നീതി മെഡിക്കല്‍ സ്റ്റോര്‍, കോമണ്‍ സര്‍വീസ് സെന്റര്‍, പ്രതിമാസ നിക്ഷേപ പദ്ധതി, ലഘുഭക്ഷണശാല, കമ്പ്യൂട്ടര്‍ സെന്റര്‍ എന്നിവ സംഘത്തിന്റെ നട്ടെല്ലാണ്. ഇവയിലൂടെ പത്തു കോടിയോളം രൂപയുടെ വാര്‍ഷിക വിറ്റുവരവ് ഉണ്ടാക്കാന്‍ സംഘത്തിനു കഴിഞ്ഞു.
കുടുംബങ്ങളുടെ
ആശ്രയകേന്ദ്രം
പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു നിരവധി കുടുംബങ്ങളുടെ ആശ്രയകേന്ദ്രമായി ശൂരനാട് മഹിളാ വ്യവസായ സഹകരണസംഘം മാറിയതു ചുരുങ്ങിയ കാലത്തിനുള്ളിലാണ്. കേന്ദ്രസര്‍ക്കാരിന്റെ കമ്പ്യൂട്ടര്‍പരിശീലനം, ഡിജിറ്റല്‍സാക്ഷരത, തയ്യല്‍പരിശീലനം എന്നിവയുടെ അംഗീകൃത കേന്ദ്രമായും സംഘം പ്രവര്‍ത്തിക്കുന്നു. വിപണനകേന്ദ്രത്തിലൂടെ നാടന്‍വിഭവങ്ങളും ശേഖരിച്ചു വിപണിയിലെത്തിക്കുന്നു. സംരംഭം തുടങ്ങാന്‍ മുന്നോട്ടു വരുന്നവര്‍ക്കു സാമ്പത്തികസഹായവും നല്‍കുന്നുണ്ട്. 50,000 രൂപ വായ്പ നല്‍കി കൈപിടിച്ചുയര്‍ത്തുകയാണു പതിവ്. ഒരു വര്‍ഷംകൊണ്ട് തുക തിരിച്ചടച്ചാല്‍ മതിയാകും. ശൂരനാട് വടക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായ സംഘം പ്രസിഡന്റ് അഡ്വ. എസ.് ലീലയുടെ നേതൃത്വത്തിലാണു സംഘം മുന്നേറ്റം നടത്തുന്നത്. ടി. ഷാനവാസാണു സെക്രട്ടറി. ഒമ്പതു ജീവനക്കാരുണ്ട്. ജനകീയ അംഗീകാരവും കാര്യക്ഷമതയുമുള്ള ഒരുകൂട്ടം വനിതകളുടെ ആത്മാര്‍ഥതയും സാമൂഹികപ്രതിബദ്ധതയുമാണ് ഈ സംഘത്തിന്റെ പ്രയാണത്തിന് ആക്കം കൂട്ടുന്നതെന്നു പ്രസിഡന്റ് അഡ്വ. എസ.് ലീല പറഞ്ഞു. 170 അംഗങ്ങളാണ് ഇപ്പോള്‍ സംഘത്തിലുള്ളത്.
ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍, സഹകരണ സര്‍ക്കിള്‍ യൂണിയന്‍ മെമ്പര്‍, സഹകരണ ബാങ്ക് ഡയറക്ടര്‍, സ്നേഹ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട് അഡ്വ. എസ.് ലീല. വി.സി. രാജി, ഡി. പ്രസന്നകുമാരി, ബിന്ദു ശിവന്‍, കെ. ലത, ടി. ഗീതാഭായി എന്നിവരുള്‍പ്പെട്ട ഭരണസമിതിയാണു സംഘത്തെ നയിക്കുന്നത്.
[mbzshare]