റിസര്‍വ് ബാങ്കിന്റെ ലയനമാര്‍ഗരേഖയില്‍ കേരളബാങ്കിനെ കുരുക്കുന്ന വ്യവസ്ഥകളും

Deepthi Vipin lal
സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകളുടെ ലയനത്തിന് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ മാര്‍ഗരേഖയില്‍ കേരളബാങ്കിന് ബാധിക്കുന്ന വ്യവസ്ഥകളും ഏറെ. കേരളബാങ്ക് രൂപീകരണത്തിന് സ്വീകരിച്ച നടപടികളാണ് ലയന മാര്‍ഗരേഖയായി രാജ്യത്താകെ ബാധകമാകുന്ന വിധത്തില്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയിട്ടുള്ളത്. എന്നാല്‍, ലയനശേഷം ഇളവുണ്ടാകുമെന്ന് കേരളബാങ്ക് പ്രതീക്ഷിക്കുന്ന ചില വ്യവസ്ഥകള്‍ പൊതുമാനദണ്ഡമായി വിജ്ഞാപനം ചെയ്തതാണ് ആശങ്കയ്ക്ക് കാരണം.
ബാങ്കിന്റെ അറ്റ മൂല്യം അടിസ്ഥാനമാക്കി ഓഹരി വില നിശ്ചയിക്കണമെന്നതാണ് ഇതിലൊരു വ്യവസ്ഥ. ഇത് കേരളബാങ്കിന്റെ അന്തിമ അനുമതി നല്‍കുന്ന ഘട്ടത്തില്‍തന്നെ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചതാണെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. സഹകരണ സ്ഥാപനങ്ങളുടെ ഓഹരി എന്നത് ‘ബുക്ക് വാല്യു’ ആയാണ് കണക്കാക്കുന്നത്. അതായത്, ഒരു ഓഹരിക്ക് എത്രരൂപയാണോ അതിന്റെ വിലയായി നിശ്ചയിക്കുന്നത്, അതാണ് അതിന്റെ മൂല്യം. ബാങ്ക് ലാഭത്തിലാകുകയും ആസ്തികള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നതിന് അനുസരിച്ച് ഓഹരി വില കൂടാറില്ല.
ആസ്തിയും ബാധ്യതയും തിട്ടപ്പെടുത്തി ഓഹരി മൂല്യം നിശ്ചയിക്കണമെന്നാണ് പുതിയ വ്യവസ്ഥ. അങ്ങനെ വരുമ്പോള്‍ ജില്ലാബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കുമ്പോള്‍ ജില്ലാബാങ്കുകളുടെ ഓഹരി വില ബാങ്കുകളുടെ ആസ്തി കണക്കാക്കി നിശ്ചയിക്കേണ്ടതുണ്ട്. ഇതിന്റെ മൂല്യമാണ് ഓഹരി മൂല്യമായി മാറുക. അതിന് തുല്യമായ ഓഹരിയാകും സംസ്ഥാന സഹകരണ ബാങ്കില്‍ ജില്ലാബാങ്കുകളിലെ അംഗങ്ങള്‍ക്ക് കേരളബാങ്കില്‍ ലഭിക്കുക. ഇത് സഹകരണ വ്യവസ്ഥയ്ക്ക് നിരക്കാത്തതാണെന്ന നിലപാടാണ് സംസ്ഥാനം സ്വീകരിച്ചത്. അതിനാല്‍, റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടും തുടര്‍ നടപടി സ്വീകരിച്ചിട്ടില്ല. സംസ്ഥാന-ജില്ലാബാങ്കുകളുടെ ലയനത്തിന് റിസര്‍വ് ബാങ്ക് ഇറക്കിയ മാര്‍ഗരേഖയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതിനാല്‍, ഇനി കേരളത്തിന് ഇളവ് കിട്ടുമോയെന്നതാണ് അറിയേണ്ടത്.
ശാഖകള്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകളാണ് മറ്റൊരു പ്രശ്‌നം. ജില്ലാബാങ്ക് ശാഖകള്‍ കേരളബാങ്കിന്റേതായി മാറുമെങ്കിലും പ്രത്യേകം ശാഖ ലൈസന്‍സ് എടുക്കണമെന്ന് ആര്‍.ബി.ഐ. വ്യക്തമാക്കുന്നുണ്ട്. ഇത് നേരത്തെ കേരളബാങ്കിന് അനുമതി നല്‍കുന്ന കാര്യത്തില്‍ ചൂണ്ടിക്കാട്ടിയതാണെങ്കിലും, ഇപ്പോള്‍ പൊതുമാനദണ്ഡത്തിലും പറയുന്നുണ്ട്. ശാഖകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന്, പുതിയ ശാഖ അനുവദിക്കുന്നതിനുള്ള മാനദണ്ഡമാണ് റിസര്‍വ് ബാങ്ക് പരിഗണിക്കുന്നത്. മൂന്നുവര്‍ഷമായിട്ടും ലാഭകരമായി പ്രവര്‍ത്തിക്കാനാകാത്ത ശാഖകള്‍ക്ക് ലൈസന്‍സ് ലഭിക്കുന്നത് ബുദ്ധിമുട്ടാകും. ഇതില്‍ ഇളവ് ലഭിക്കുമോയെന്ന കാര്യം വ്യക്തമല്ല. ഇല്ലെങ്കില്‍, നേരത്തെ ജില്ലാബാങ്കുകളുടേതായി നിലനിന്നിരുന്ന പലശാഖകളും കേരളബാങ്കിന് ലഭിക്കില്ല. ഇവ ഒഴിവാക്കേണ്ടിവരും.
2020-21 വര്‍ഷത്തെ ബാലന്‍സ് ഷീറ്റ് അനുസരിച്ച് കേരളബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി 15.26 ശതമാനമാണ്. അറ്റ നിഷ്‌ക്രിയ ആസ്തി 11.79 ശതമാനവും  മൂലധന പര്യാപ്തത 7.30 ശതമാനവുമാണ്. ഇത് റിസര്‍വ് ബാങ്ക് നിശ്ചയിച്ച പുതിയ മാര്‍ഗരേഖ അനുസരിച്ച് അപര്യാപ്തമാണ്. മൊത്തം നിഷ്‌ക്രിയ ആസ്തി 7 ശതമാനത്തിലും അറ്റ നിഷ്‌ക്രിയ ആസ്തി അഞ്ചുശതമാനത്തില്‍ കുറവുമാകണമെന്നാണ് മാര്‍ഗരേഖ പറയുന്നത്. അതത് സമയത്ത് നിഷ്‌കര്‍ഷിക്കുന്നതിന് അനുസരിച്ച് മൂലധന പര്യാപ്തത വേണമെന്നാണ് നിര്‍ദ്ദേശിക്കുന്നത്. ഇപ്പോഴത്തെ നിര്‍ദ്ദേശമനുസരിച്ച് അത് 12 ശതമാനമാണ്. ഇതും കേരളബാങ്കിന് പാലിക്കാനായിട്ടില്ല. ലയനശേഷം ലാഭകരമായ ബിസിനസ് പ്ലാന്‍ തയ്യാറാക്കുകയും നടപ്പാക്കുകയും ചെയ്യണമെന്നാണ് നിര്‍ദ്ദേശം. ഇതിലൂടെയാണ് നിഷ്‌ക്രിയ ആസ്തിയും മൂലധനപര്യാപ്തതയും നിശ്ചിത ശതമാനമായി നിലനിര്‍ത്തേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News