റിസര്‍വ് ബാങ്കിന്റെ മൗനത്തിലുടക്കി കേരളബാങ്കിനുള്ള ഓര്‍ഡിനന്‍സ്

[email protected]

കേരളബാങ്ക് രൂപീകരണത്തിന് മുന്നോടിയായി ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ നടപടി തുടങ്ങി. സഹകരണ ഹ്രസ്വകാല വായ്പാ മേഖല രണ്ടുതട്ടിലേക്ക് മാറ്റാനുള്ളതാണ് ഓര്‍ഡിനന്‍സ്. ഇതിന് സമഗ്രമായ നിയമ-ചട്ട ഭേദഗതി ആവശ്യമാണ്. ഇതുകൂടി പരിഗണിച്ചുവേണം ഓര്‍ഡിനന്‍സ് കൊണ്ടുവരേണ്ടതെന്നാണ് കഴിഞ്ഞദിവസം അഡ്വക്കറ്റ് ജനറലിന്റെ സാനിധ്യത്തിലുണ്ടായ യോഗത്തിന്റെ ധാരണ.

കേരളബാങ്കിന് ഇതുവരെ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടില്ല. ഇതാണ് ഓര്‍ഡിനന്‍സിന്റെ കാര്യത്തിലും അവ്യക്തതയുണ്ടാകാന്‍ കാരണം. ജില്ലാ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ചാണ് കേരളബാങ്ക് രൂപീകരിക്കുന്നതെന്നാണ് സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന് കൊടുത്ത അപേക്ഷയില്‍ പറയുന്നത്. ജില്ലാബാങ്കുകളെ ലയിപ്പിക്കുന്നതിന് റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി വേണം. ഇതിനുള്ള അപേക്ഷയാണ് കേരളം നല്‍കിയത്. അപേക്ഷ ഇപ്പോഴും റിസര്‍വ് ബാങ്കിന്റെ പരിഗണനയിലാണ്. ഇതില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നാലുണ്ടാകാവുന്ന നിയമ-സാങ്കേതിക പ്രശ്‌നങ്ങള്‍ക്കൂടി പഠിക്കണമെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. നിയമ-ചട്ടത്തില്‍ വരുത്തേണ്ട ഭേദഗതികള്‍ ഉപസമിതികളായി പ്രവര്‍ത്തിച്ച് പരിശോധിക്കാനാണ് തീരുമാനം.

ഒക്ടോബര്‍ പത്തിന് ജില്ലാ സഹകരണ ബാങ്കുകളുടെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിന്റെ കാലാവധി അവസാനിക്കും. അതിന് മുമ്പ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ ജില്ലാബാങ്കുകളില്‍ ഇനി തിരഞ്ഞെടുപ്പ് നടത്തേണ്ടിവരില്ല. കേരളബാങ്ക് രൂപീകരണം വരെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം തുടരാനുമാകും. നിലവിലെ വ്യവസ്ഥകളില്‍ സര്‍ക്കാരിന് മാറ്റം വരുത്താമെന്ന് സഹകരണ നിയമത്തില്‍ പറയുന്നുണ്ട്. ഈ അധികാരം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്താതെ ജില്ലാബാങ്കുകളിലെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം നീട്ടാനുള്ള ആലോചനയുമുണ്ട്. ഇതിന് മുന്നോടിയായി അഡ്മിനിസ്്‌ട്രേറ്റര്‍മാരില്‍നിന്നും കാലാവധി നീട്ടിനല്‍കണമെന്ന് സര്‍ക്കാര്‍ എഴുതി വാങ്ങിയിട്ടുണ്ട്. ഇതനുസരിച്ച് സര്‍ക്കാരിന് ഉത്തരവിറക്കാവുന്നതേയുള്ളൂ.

ജില്ലാബാങ്കുകളില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലാബാങ്കിലെ എ ക്ലാസ് അംഗങ്ങള്‍ നല്‍കിയ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിലുള്ള കോടതി നിലപാട് നിര്‍ണായകമാകും. ലയനത്തിന് റിസര്‍വ് ബാങ്ക് അനുമതി ലഭിക്കുന്നതിന് മുമ്പ് കേസ് പരിഗണിച്ചാല്‍ കോടതി എന്തുനിലപാട് സ്വീകരിക്കുമെന്നതും പ്രധാനമാണ്. അഡ്മിനിസ്‌ട്രേറ്റീവ് ഭരണം തുടരാനുള്ള തീരുമാനം തള്ളി, തിരഞ്ഞെടുപ്പ് നടത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചാല്‍ സര്‍ക്കാരിന് അത് അംഗീകരിക്കേണ്ടിവരും. ഇവിടെയാണ് ഓര്‍ഡിനന്‍സിന്റെ പ്രസക്തി. തിരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ 60 ദിവസത്തെ നോട്ടീസ് നല്‍കണമെന്ന് വ്യവസ്ഥയുണ്ട്. കോടതി തിരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിച്ചാലും ഈ സമയത്തിനുള്ളില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനും സര്‍ക്കാരിന് കഴിയും. അതിന് മുമ്പ് റിസര്‍വ് ബാങ്ക് അനുമതി ലഭിച്ചാല്‍ സര്‍ക്കാരിന് അത് വലിയ ആശ്വാസമാകും. ഇതടക്കം എല്ലാ നിയമവശങ്ങളും പരിശോധിച്ചാകും കേരളബാങ്കിന്റെ കാര്യത്തിലുള്ള ഇനിയുള്ള നടപടി.

Leave a Reply

Your email address will not be published. Required fields are marked *

Latest News