റബ്കോ,റബ്ബർമാർക്, മാർക്കറ്റ്ഫെഡ് എന്നിവയുടെ കടം അടച്ചു തീർക്കാൻ സർക്കാർ പണം അനുവദിച്ചു.

[mbzauthor]

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി റബ്കോയുടെ 238 കോടിയും റബ്ബർമാർകിന്റെ 41 കോടിയും മാർക്കറ്റ്ഫെഡിന്റെ 27 കോടിയും ഉൾപ്പെടെ മൊത്തം 306.75 കോടി രൂപ സംസ്ഥാന സഹകരണ ബാങ്കിൽ അടച്ചു തീർക്കാനായി സംസ്ഥാന സർക്കാർ അനുവദിച്ചു. കഴിഞ്ഞ മാർച്ചിൽ പണം അനുവദിച്ചെങ്കിലും കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതിന് അംഗീകാരം നൽകിയത്. എന്നാൽ ഈ തുക സർക്കാർ വെറുതെ കൊടുക്കുകയല്ല ചെയ്തതെന്നും സർക്കാർ ഈ മൂന്ന് സ്ഥാപനങ്ങൾക്കും കടം നൽകുകയാണ് ചെയ്തതെന്നും സഹകരണമന്ത്രി ഇത് സംബന്ധിച്ച് വിശദീകരിച്ചു. ഒപ്പം ഇതുസംബന്ധിച്ച ബാധ്യത എല്ലാം സർക്കാരിൽ നിക്ഷിപ്തമാണെന്നും മന്ത്രി പറഞ്ഞു.

12 വർഷം കൊണ്ട് കടം തിരിച്ചടയ്ക്കാമെന്ന രീതിയിൽ റബ്കോ നേരത്തെ സർക്കാരിനു മുന്നിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇപ്പോഴും ഓരോ വർഷവും എത്ര രൂപ വീതമാണ് തിരിച്ചടയ്ക്കേണ്ടത് എന്നത് സംബന്ധിച്ചും എത്ര ശതമാനമാണ് പലിശ എന്നത് സംബന്ധിച്ചും ധാരണയായിട്ടില്ല എന്നാണ് അറിയുന്നത്. കർഷകരെ സഹായിക്കാനും വിപണിയിൽ വില പിടിച്ചുനിർത്താനുള്ള സഹകരണ സ്ഥാപനങ്ങൾ ആണ് മാർക്കറ്റ്ഫെഡും റബർമാർക്കും. ഈ രണ്ടു ഫെഡറേഷനുകൾക്കുമായി ഏകദേശം 29 കോടി രൂപ കുടിശ്ശിക ഇനത്തിൽ സർക്കാർ നൽകാനുണ്ട്.എന്നാൽ റബ്കോ അത്തരം സ്ഥാപനമല്ല. സംസ്ഥാന സഹകരണ ബാങ്കിൽ ഏറ്റവും കൂടുതൽ കുടിശ്ശികയുള്ള സ്ഥാപനമാണ് റബ്കോ. സംസ്ഥാന സഹകരണ ബാങ്കിന് കിട്ടാക്കടം കൂടുതലുള്ളതിനാൽ, കേരള ബാങ്ക് രൂപീകരിക്കാൻ റിസർവ് ബാങ്ക് തടസ്സം പ്രകടിപ്പിച്ചിരുന്നു. വലിയ കിട്ടാക്കടം തീർന്നതോടെ സംസ്ഥാന സഹകരണ ബാങ്കിന് കിട്ടാക്കടങ്ങൾ ഗണ്യമായി കുറയും.

[mbzshare]

Leave a Reply

Your email address will not be published.