രമേശൻ പാലേരിക്കും എം.സി.നാരായണൻ നമ്പ്യാർക്കും കെഡിസി ബാങ്ക് പുരസ്കാരം
കോഴിക്കോട് ജില്ലാ ബാങ്കിന്റെ മികച്ച സഹകാരികൾക്കുള്ള പുരസ്കാരങ്ങൾ രമേശൻ പാലേരി ക്കും എം.സി നാരായണൻ നമ്പ്യാർക്കും.സംസ്ഥാനത്തെ മികച്ച സഹകാരിക്കുള്ള ഇ.വി കുമാരൻ മെമ്മോറിയൽ പുരസ്കാരമാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് ചെയർമാൻ രമേശൻ പാലേരിക്ക് ലഭിച്ചത്. കോഴിക്കോട് ജില്ലയിലെ മികച്ച സഹകാരിക്കുള്ള പുരസ്കാരമാണ് മുതിർന്ന സഹകാരിയായ എം.സി.നാരായണൻ നമ്പ്യാർക്ക് ലഭിച്ചത്.
മുൻ എം.എൽ.എയും ദീർഘകാലം മലബാർ കോ-ഓപ്പറേറ്റിവ് സെൻട്രൽ ബാങ്കിന്റെയും കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡൻറുമായിരുന്ന ഇ.വി.കുമാരന്റെ സ്മരണക്കുള്ള പുരസ്കാരമാണ് രമേശൻ പാലേരിക്ക് ലഭിച്ചത്.ഏഷ്യയിലെ ഏറ്റവും വലിയ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റിവ് സൊസൈറ്റിയായ ഊരാളുങ്കൽ ലേബർ കോപ്പറേറ്റിവ് സൊസൈറ്റി ചെയർമാനാണ് രമേശൻ പാലേരി .ലേബർ സഹകരണ സംഘങ്ങളുടെ സാധ്യതകളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതി അംഗമാണ്. കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി ഭരണ സമിതി അംഗമാണ്. 1995 ൽ ചുമതലയേറ്റെടുത്ത ശേഷം ഊരാളുങ്കൽ സൊസൈറ്റിയെ ലോക നിലവാരത്തിലേക്ക് ഉയർത്താൻ രമേശൻ പാലേരിക്ക് സാധിച്ചു.
കെഡിസി ബാങ്ക് മുൻ പ്രസിഡന്റ് ടി.സി.ഗോപാലൻ മാസ്റ്ററുടെ സ്മരണക്കായി ഏർപ്പെടുത്തിയ പുരസ്കാരമാണ് എം.സി.നാരായണൻ നമ്പ്യാർക്ക് ലഭിച്ചത്. 1964ൽ കക്കട്ടിൽ ബാങ്കിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം ബാങ്ക് സെക്രട്ടറിയായി വിരമിച്ചു.അജയ് വീവേഴ്സ് പ്രസിഡന്റ്, വെള്ളൂർ ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ്, പുറമേരി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻറ് തുടങ്ങി സഹകരണ മേഖലയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്.