രണ്ടേക്കറില്‍ മാന്തോപ്പുമായി പട്ടഞ്ചേരി സഹകരണ ബാങ്ക്

അനില്‍ വള്ളിക്കാട്

നെല്‍ക്കര്‍ഷകര്‍ക്കു താങ്ങാവുക എന്ന ലക്ഷ്യത്തോടെ ആറു പതിറ്റാണ്ടു മുമ്പു പ്രവര്‍ത്തനം തുടങ്ങിയ പാലക്കാട് പട്ടഞ്ചേരി ബാങ്ക് രണ്ടേക്കര്‍ തരിശുഭൂമിയില്‍ അഞ്ചു വര്‍ഷംകൊണ്ട് മാന്തോട്ടം ഒരുക്കുകയാണ്. ബാങ്കിന്റെ സ്വന്തം സ്ഥലത്തു കല്യാണമണ്ഡപവും വ്യാപാരസമുച്ചയവും നിര്‍മിക്കാനും പദ്ധതിയുണ്ട്. പതിനാലായിരത്തോളം അംഗങ്ങളുള്ള ബാങ്കാണിത്.

 

പാലക്കാടിന്റെ പെരുമയായ മുതലമട മാങ്ങാപ്പട്ടണത്തോടു ചേര്‍ന്നുള്ള കാര്‍ഷികഗ്രാമമായ പട്ടഞ്ചേരിയിലെ സര്‍വീസ് സഹകരണ ബാങ്ക് മാന്തോട്ടമൊരുക്കുന്നു. ബാങ്കിന്റെ നന്ദിയോട് ശാഖ പ്രവര്‍ത്തിക്കുന്ന രണ്ടേക്കര്‍ സ്ഥലത്താണ് ആധുനിക കൃഷിരീതിയുമായി മാന്തോട്ടമുണ്ടാക്കുന്നത്. അഞ്ചു വര്‍ഷത്തെ കാലയളവില്‍ സ്ഥലം പാട്ടത്തിനു നല്‍കിയാണു തരിശുഭൂമി മാന്തോട്ടമാക്കുന്നത്. നിലം കൃഷിയോഗ്യമാക്കാനുള്ള പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. കുഴല്‍ക്കിണര്‍ നിര്‍മിച്ചു. ഇനി മാവിന്‍തൈകള്‍ നടണം. അഞ്ചു വര്‍ഷത്തെ പരിപാലനം പാട്ടക്കൃഷിക്കാരന്‍ നടത്തും. മാന്തോപ്പില്‍നിന്നു വിളവെടുക്കാന്‍ നാലു വര്‍ഷമെങ്കിലുമാവും. അതിനിടയ്ക്കു വരുമാനമുണ്ടാക്കാന്‍ ഇടവിളയായി പച്ചക്കറി കൃഷി ചെയ്യാന്‍ കര്‍ഷകനെ അനുവദിക്കും. അഞ്ചു വര്‍ഷത്തിനുശേഷം പാട്ടക്കാലാവധി കഴിഞ്ഞു സ്ഥലം തിരിച്ചെടുക്കുമ്പോള്‍ ഇന്നു കാണുന്ന തരിശുഭൂമി മനോഹരമായ വിളഭൂമിയായി മാറും.

നെല്ലിന്
താങ്ങ്

പാലക്കാടിന്റെ കിഴക്ക് തമിഴതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന പട്ടഞ്ചേരി പഞ്ചായത്തില്‍ ആറു പതിറ്റാണ്ടു മുമ്പു സഹകരണ ബാങ്ക് തുടങ്ങുമ്പോള്‍ നെല്‍ക്കര്‍ഷകര്‍ക്കു താങ്ങാവുക എന്നതുതന്നെയായിരുന്നു ലക്ഷ്യം. പഞ്ചായത്തിലെ 16 വാര്‍ഡുകളില്‍ 12 വാര്‍ഡുകളാണു ബാങ്കിന്റെ പ്രവര്‍ത്തനമേഖല. ഈ പ്രദേശങ്ങളില്‍ ഭൂരിഭാഗവും നെല്‍ക്കൃഷിയാണ് നടത്തുന്നത്. തമിഴതിര്‍ത്തിയായ നെല്ലിമേട്‌വരെ നീണ്ടുകിടക്കുന്ന കാര്‍ഷികഗ്രാമം. ചിറ്റൂര്‍ താലൂക്കില്‍ നെല്‍ക്കര്‍ഷകര്‍ കൂടുതലുള്ള പ്രദേശം. കഴിഞ്ഞ സാമ്പത്തികവര്‍ഷം ആറു കോടിയോളം രൂപ നെല്‍ക്കര്‍ഷകര്‍ക്കു പലിശരഹിത വായ്പ നല്‍കിയ ബാങ്കാണിത്. ഇതര കര്‍ഷകര്‍ക്ക് ഒരു കോടി രൂപയും വായ്പയായി നല്‍കി. 1.60 ലക്ഷം രൂപവരെ ഒരു കര്‍ഷകനു പലിശയില്ലാതെ വായ്പ അനുവദിക്കുന്നുണ്ട്.

പട്ടഞ്ചേരിയില്‍ ബാങ്കിന്റെ ഹെഡ് ഓഫീസിലും നന്ദിയോടുള്ള ശാഖയിലും വളം വില്‍പ്പനയ്ക്കായി ഗോഡൗണുകളുണ്ട്. ഏതാണ്ട് രണ്ടു കോടി രൂപ ചെലവില്‍ അടുത്തിടെ പുതുക്കിപ്പണിത ഹെഡ് ഓഫീസ് കെട്ടിടത്തിലെ പ്രധാനശാഖയില്‍ ആധുനിക പണമിടപാട് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ ഏതു ബാങ്കില്‍നിന്നും പണം അടയ്ക്കാനും അയക്കാനും സൗകര്യമുണ്ട്. ഇടപാടുകാരില്‍ നിക്ഷേപശീലം വളര്‍ത്തി ധനഭദ്രത ഉറപ്പാക്കാന്‍ വിവിധതരം ചിട്ടികളും ബാങ്ക് നടത്തുന്നുണ്ട്.

പുതിയ കെട്ടിടത്തിനോടു ചേര്‍ന്ന് ഇന്ദിരാഗാന്ധി കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മിച്ചിട്ടുണ്ട്. അഞ്ഞൂറോളം പേര്‍ക്ക് ഇരിക്കാവുന്ന ഹാളാണിത്. താഴെ മൂന്നു കടമുറികളിലൊന്നില്‍ കര്‍ഷകര്‍ക്കായി എക്കോ ഷോപ്പ് തുടങ്ങിയിട്ടുണ്ട്. വിത്തുകള്‍, തൈകള്‍, കാര്ഷികോപകരണങ്ങള്‍ എന്നിവയുടെ വില്‍പ്പന ഇതിലൂടെ നടക്കും. ഒരു കടയില്‍ ജനസേവനകേന്ദ്രമാണു പ്രവര്‍ത്തിക്കുന്നത്.

കല്യാണ മണ്ഡപവും
വ്യാപാരസമുച്ചയവും

ബാങ്കിനടുത്തുള്ള പഞ്ചായത്ത് ഓഫീസിനു സമീപം 60 സെന്റ് സ്ഥലമുണ്ട്. ഇവിടെ കല്യാണമണ്ഡപവും വ്യാപാരസമുച്ചയവും നിര്‍മിക്കും. നേരത്തേയെടുത്ത തീരുമാനം കോവിഡ്കാലത്തു നടപ്പാക്കാനായില്ല. അധികം വൈകാതെ പണി തുടങ്ങും. ബാങ്കിന്റെ ആംബുലന്‍സ് സര്‍വീസും ജനങ്ങള്‍ക്കു കൂടുതല്‍ ഉപകാരപ്പെടുന്നുണ്ടെന്നു പ്രസിഡന്റ് പി.എസ്. ശിവദാസ് പറഞ്ഞു. പട്ടഞ്ചേരിയില്‍ ആംബുലന്‍സ് സൗകര്യം ഇല്ലാതിരുന്ന സമയത്താണു ബാങ്ക് ഈ സൗകര്യം ഏര്‍പ്പെടുത്തുന്നത്. മിതമായ നിരക്കാണ് ഈടാക്കുന്നത്. മൊബൈല്‍ ഫ്രീസറും ബാങ്കിന്റെ സേവനമായുണ്ട്.

കാര്‍ഷിക വായ്പകള്‍ക്കു പുറമെ സ്ത്രീശാക്തീകരണം മുന്‍നിര്‍ത്തി കുടുംബശ്രീകള്‍ക്കു സംയുക്ത ബാധ്യതാസംഘം ( ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് ) വഴി വായ്പകള്‍ നല്‍കുന്നുണ്ടെന്നു സെക്രട്ടറി ബി. ഷീബ പറഞ്ഞു. ക്ഷീര കര്‍ഷകര്‍ക്കു പശുക്കളെ വാങ്ങാനും തൊഴുത്ത് നിര്‍മിക്കാനുമായി വായ്പ നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 825 കര്‍ഷകര്‍ക്കാണ് ഇങ്ങനെ വായ്പ നല്‍കിയത്.

60 കോടിയുടെ
നിക്ഷേപം

പതിനാലായിരത്തോളം അംഗങ്ങള്‍ ബാങ്കിനുണ്ട്. 60 കോടിയോളം രൂപ നിക്ഷേപവും 47 കോടി രൂപ വായ്പാ ബാക്കിയും ക്‌ളാസ് ്ത്രീ പദവിയുള്ള ബാങ്കിനുണ്ട്. 12 ജീവനക്കാരാണു ബാങ്കിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സജ്ജരായിട്ടുള്ളത്. കെ.എസ്. ഉദയകുമാര്‍ വൈസ് പ്രസിഡന്റായുള്ള ഭരണസമിതിയില്‍ വി. വിഷ്ണുദാസ്, ഇ.സി. മുരളീധരന്‍, ആര്‍. രമേശ്, സേതുമാധവന്‍ നായര്‍, മോസപ്പ, സദാനന്ദന്‍, നൂര്‍മുഹമ്മദ്, മല്ലിക, ശോഭന, സുഹറ, എ.സി.വാസു എന്നിവര്‍ അംഗങ്ങളാണ്.

                                       (മൂന്നാംവഴി സഹകരണ മാസിക ഡിസംബര്‍ ലക്കം)

 

Leave a Reply

Your email address will not be published.