രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷന്‍ : ക്ഷീരമേഖലയ്ക്ക് മുന്‍ഗണന നല്‍കണം

Deepthi Vipin lal

ക്ഷീരസംഘം ജീവനക്കാരെയും ഉത്പാദകരെയും ഡെയറി ജീവനക്കാരെയും പാല്‍ സംഭരണ വിതരണ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയും കോവിഡ് വാക്‌സിന്‍ നല്‍കുന്നതില്‍ മുന്‍ഗണന നല്‍കി രണ്ടാം ഘട്ടത്തില്‍ പരിഗണിക്കണമെന്ന് മില്‍മ എറണാകുളം യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് മുഖ്യമന്ത്രി, ആരോഗ്യവകുപ്പുമന്ത്രി, ക്ഷീരവികസനവകുപ്പുമന്ത്രി എന്നിവര്‍ക്കയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചു.

ക്ഷീരോത്പാദകന്‍ മുതല്‍ ഉപഭോക്താവ് വരെ ബന്ധിപ്പിക്കുന്ന മില്‍മ എന്ന് സഹകരണ പ്രസ്ഥാനം പാല്‍ സംഭരണം, സംസ്‌കരണം, വിപണനം എന്നീ മേഖലകളില്‍ 24 മണിക്കൂറും സജീവമായി നിലനില്‍ക്കുന്നു. കോവിഡ് 19 ന്റെ പ്രത്യേക പരിതസ്ഥിതിയില്‍ സംസ്ഥാന സര്‍ക്കാരിനോടും ആരോഗ്യവകുപ്പിനോടും ചേര്‍ന്ന് കാര്‍ഷീക മേഖലക്കും ഉപഭോക്താവിനും താങ്ങായി നില്‍ക്കുവാന്‍ ക്ഷീരമേഖലക്ക് കഴിഞ്ഞിട്ടുണ്ട്.

കോവിഡ് 19 സംബന്ധിച്ച സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാല്‍ സംഭരണം മുതല്‍ വിപണനം വരെ കൃത്യമായി പാലിച്ച് ഒരു ദിവസം പോലും മുടങ്ങാതെ പ്രവര്‍ത്തിക്കുവാന്‍ മില്‍മക്ക് കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുവാന്‍ മില്‍മയെ സജ്ജമാക്കിയത് സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും നല്‍കിയ പിന്തുണയും സഹകരണവുമാണെന്നും ജോണ്‍ തെരുവത്ത് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Latest News