രജിസ്ട്രാറുടെ നടപടിക്കെതിരെ, കോടതിയിൽ പോകാൻ പാടില്ലെന്ന ഉത്തരവ് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ആര്യാടൻ മുഹമ്മദ്.
സഹകരണ സംഘങ്ങൾക്കെതിരെ രജിസ്ട്രാർ നടപടിയെടുത്താൽ അതിനെതിരെ കോടതിയിൽ പോകാൻ പാടില്ലെന്ന സഹകരണ സംഘം രജിസ്ട്രാറുടെ ഉത്തരവ് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധമാണെന്ന് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് പറഞ്ഞു. ഇതിനെതിരെ സഹകരണ മേഖലയിലെ ജനാധിപത്യ വിശ്വാസികൾ അണിനിരക്കുകയും ചോദ്യം ചെയ്യുകയും ചെയ്യും. രജിസ്ട്രാറുടെ ഓർഡർ നിലനിൽക്കില്ല. ഇതിനെ കോടതിയിൽ ചോദ്യം ചെയ്യാൻ പറ്റും. അത്തരത്തിലൊരു അധികാരം രജിസ്ട്രാർക്ക് ഇല്ല. ഇത് അംഗീകരിക്കാൻ പാടില്ലെന്നും ആര്യാടൻ പറഞ്ഞു. കേരള ബാങ്കിനെതിരെ സഹകാരികളും സംഘങ്ങളും കോടതിയിൽ പോയത് സർക്കാരിന് ഇഷ്ടപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് പിണറായി സർക്കാർ ജുഡീഷ്യറിയെ വെല്ലുവിളിക്കുന്നതെന്നും ആര്യാടൻ മുഹമ്മദ് പറഞ്ഞു.