രക്ഷയ്ക്ക് കേരളബാങ്കില്ല; പ്രാഥമിക സംഘങ്ങള്‍ക്ക് ജില്ലാബാങ്ക് നല്‍കിയ സുരക്ഷയും നഷ്ടമാകുന്നു

moonamvazhi

പ്രാഥമിക സഹകരണ മേഖല അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോഴും കേരളബാങ്കിന്റെ സമീപനം സഹകാരികളെ ആശങ്കയിലാക്കുന്നു. കരുവന്നൂര്‍ സഹകരണ ബാങ്കിനുള്ള രക്ഷാപാക്കേജിലേക്ക് സര്‍ക്കാര്‍ നിശ്ചയിച്ച തുകപോലും നല്‍കാനാവില്ലെന്ന നിലപാടാണ് കേരളബാങ്ക് സ്വീകരിച്ചത്. ഇതോടെ, പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും സംഘങ്ങള്‍ക്കും മുമ്പ് ജില്ലാസഹകരണ ബാങ്കില്‍നിന്ന് ലഭിച്ച ‘സുരക്ഷിത കവചം’ പൂര്‍ണമായി ഇല്ലാതാകുന്ന സ്ഥിതിയാണ്.

പ്രളയവും കോവിഡും ഉണ്ടാക്കിയ ആഘാതം പ്രാഥമിക സഹകരണ സംഘങ്ങളെയും ബാങ്കുകളെയും ഗുരതരമായി ബാധിച്ചിട്ടുണ്ട്. കുടിശ്ശിക കൂടുന്ന സ്ഥിതിയാണ്. പലതും നഷ്ടത്തിലേക്ക് പോയി. ചിലത് പ്രവര്‍ത്തനം പോലും പ്രതിസന്ധിയിലാകുന്ന ഘട്ടത്തിലാണ്. മുമ്പ് ഇത്തരം സംഘങ്ങള്‍ക്ക് ജില്ലാസഹകരണ ബാങ്കുകളായിരുന്നു സാമ്പത്തിക സുരക്ഷ ഒരുക്കിയിരുന്നത്. അതിനുള്ള ഒട്ടേറെ ഉദാഹരണങ്ങളാണ് സഹകാരികള്‍ മുന്നോട്ടുവെക്കുന്നത്. ആ സുരക്ഷയാണ് കേരളബാങ്ക് വന്നതിന് ശേഷം പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് നഷ്ടമാകുന്നത്.

പ്രതിസന്ധിയിലാകുന്ന പ്രാഥമിക സഹകരണ സംഘങ്ങളെ സഹായിക്കുന്നതിനായി എറണാകുളം ജില്ലാസഹകരണ ബാങ്ക് കോഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് ഫണ്ട് സ്വരൂപിച്ചിരുന്നു. 2010വരെ ഈ ഫണ്ടില്‍നിന്ന് പലിശ രഹിത വായ്പകളും ഗ്രാന്റുകളും നല്‍കി. 2010ന് ശേഷം ഇത്തരം സംഘങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിനും കുറഞ്ഞ പലിശ നിരക്കില്‍ ഇന്റഗ്രേറ്റഡ് കോഓപ്പറേറ്റീവ് ഡവലപ്‌മെന്റ് സ്‌കീമില്‍ ഉള്‍പ്പെടുത്തി വായ്പകള്‍ വിതരണം ചെയ്തിരുന്നു.

വയനാട് ജില്ലയില്‍ സാമ്പത്തികമായി പ്രതിസന്ധിയിലായ തെക്കുംതറ സര്‍വീസ് സഹകരണ ബാങ്കിന് വയനാട് ജില്ലാബാങ്ക് 50 ലക്ഷം രൂപ വായ്പ അനുവദിക്കുകയും ജില്ലാസഹകരണ ബാങ്കിലേക്ക് അടക്കാനുള്ള വായ്പ തുക മൂന്നുകോടി രൂപ തിരിച്ചടയ്ക്കുന്നതിന് കാലാവധി നീട്ടി കൊടുക്കുകയും ചെയ്തു. പത്തനംതിട്ട ജില്ലയില്‍ കുളനട സര്‍വീസ് സഹകരണ ബാങ്കിന് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കോട്ടയം ജില്ലാസഹകരണ ബാങ്ക് 50 ലക്ഷം രൂപയും പ്രത്യേക ക്യാഷ് ക്രഡിറ്റ് വായ്പയായി 10 ലക്ഷം രൂപയും അനുവദിച്ചിരുന്നു.

ഇടുക്കി ജില്ലയില്‍ സേനാപതി സഹകരണ ബാങ്ക്, വാഴത്തോപ്പ് സഹകരണ ബാങ്ക്, കൊന്നത്തടി സഹകരണ ബാങ്ക്, എഴുകുംവയല്‍ സഹകരണ ബാങ്ക് എന്നിവയ്ക്ക് പുനരുദ്ധാരണ പാക്കേജ് തയ്യാറാക്കി പ്രത്യേകം പദ്ധതിയിലൂടെ കുറഞ്ഞനിരക്കില്‍വായ്പ അനുവദിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ ഇളംകുളം സഹകരണ ബാങ്കിന് 5.08 കോടിരൂപയാണ് കോട്ടയം ജില്ലാബാങ്ക് അനുവദിച്ചത്.

കേരളബാങ്കിന് മുമ്പ് അതത് ജില്ലാബാങ്കുകളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് പ്രതിസന്ധിയിലാകുന്ന സഹകരണ സംഘങ്ങള്‍ക്ക് പ്രത്യേകം വായ്പകള്‍ അനുവദിച്ചിരുന്നു. അതത് ജില്ലാബാങ്കുകളുടെ വായ്പ നയത്തിനും ഭരണസമിതി തീരുമാനങ്ങള്‍ക്കും വിധേയമായി മതിയായ ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരം വായ്പകള്‍ നല്‍കാന്‍ കഴിയുമായിരുന്നു. ഇതില്ലാതായി എന്നതാണ് കരുവന്നൂരിന്റെ കാര്യത്തില്‍ കേരളബാങ്കില്‍നിന്നുണ്ടായ അനുഭവം ബോധ്യപ്പെടുത്തുന്നതെന്ന് സഹകാരികള്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News