യു.കെ.യില്‍ സഹകരണ മേഖലയിലെഅഞ്ചാമത്തെ വിദ്യാര്‍ഥിഭവന സമുച്ചയംഈ മാസം തുടങ്ങും

Deepthi Vipin lal

ന്യായമായ വാടകയ്ക്കു വിദ്യാര്‍ഥികള്‍ക്കു താമസിക്കാന്‍ എല്ലാ സൗകര്യങ്ങളുമുള്ള, വൃത്തിയുള്ള വീടുകള്‍. ഈ ഭവനസമുച്ചയം നടത്തുന്നതാകട്ടെ വിദ്യാര്‍ഥികളും. സീസാള്‍ട്ട് ( SEASALT – South East Students Autonomously Living Together ) സഹകരണ സംഘം എന്നാണീ സംഘത്തിന്റെ പേര്. ഇവിടെ ഈമാസം ( സെപ്റ്റംബര്‍ ) താമസക്കാരെത്തും.

2018 ല്‍ യു.കെ.യിലെ സസെക്‌സ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പിന്റെ കാലത്താണ് ഇത്തരമൊരു ആശയം രൂപമെടുത്തത്. ബ്രൈറ്റന്‍, സസക്‌സ് സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളെ ചേര്‍ത്ത് ഒരു കോര്‍ വര്‍ക്കിങ് ഗ്രൂപ്പുണ്ടാക്കി. ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റ്, നിയമം, ന്യൂറോ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ കോഴ്‌സുകള്‍ക്കു പഠിക്കുന്ന വിദ്യാര്‍ഥികളാണു കോര്‍ കമ്മിറ്റിയില്‍. ഉയര്‍ന്ന വാടകയും ഉടമകളുടെ ധാര്‍ഷ്ട്യവും ഗുണനിലവാരം തീരെയില്ലാത്ത വീടുകളും. ഈ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുകയായിരുന്നു സീസാള്‍ട്ടിന്റെ ലക്ഷ്യം. ഭവനം എന്നതു മനുഷ്യാവകാശമായി കരുതുന്നവരാണ് ഈ സംരംഭത്തിനു പിന്നില്‍. കമൂണിറ്റി ബെനിഫിറ്റ് സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബ്രൈറ്റന്‍ ആന്റ് ഹോവ് കമ്മൂണിറ്റി ലാന്റ് ട്രസ്റ്റ് ( BHCLT ) എന്ന ലാഭേച്ഛയില്ലാത്ത സംഘടനയുടെ പങ്കാളിത്തത്തോടെയാണു സീസാള്‍ട്ട് ഭവനസമുച്ചയ സഹകരണ സംഘം പ്രവര്‍ത്തിക്കുന്നത്. ബിരുദം നേടിയ ശേഷവും ഒരു വര്‍ഷം കൂടി ഇവിടെ താമസിക്കാന്‍ സീസാള്‍ട്ട് വിദ്യാര്‍ഥികള്‍ക്ക് അനുവാദം നല്‍കും.

തെക്കു കിഴക്കന്‍ ഇംഗ്ലണ്ടിലെ ആദ്യത്തെ വിദ്യാര്‍ഥിഭവന സഹകരണ സംഘമാണ് സീസാള്‍ട്ട്. ഇവരുടെ ആദ്യത്തെ ഭവനസമുച്ചയത്തില്‍ ഈ മാസം താമസക്കാരെത്തും. BHCLT യുടേതാണ് ഈ സമുച്ചയം. ഇത് ഏഴു വര്‍ഷത്തേക്കു സീസാള്‍ട്ട് ഭവന സഹകരണ സംഘത്തിനു പാട്ടത്തിനു നല്‍കിയിരിക്കുകയാണ്. യു.കെ.യില്‍, താങ്ങാവുന്ന വാടകയ്ക്കു വിദ്യാര്‍ഥികള്‍ക്കു വീടുകള്‍ നല്‍കുന്ന അഞ്ചാമത്തെ പ്രൊജക്ടാണ് സീസാള്‍ട്ട് സഹകരണ സംഘം. ഇവിടെ വീട് വാടകക്കു കിട്ടാന്‍ വിദ്യാര്‍ഥികള്‍ ഡെപ്പോസിറ്റ് കെട്ടിവെക്കേണ്ട. ആരെങ്കിലും ഗാരണ്ടി നില്‍ക്കുകയും വേണ്ട. ആദ്യം പറയാതെ പിന്നീട് ഈടാക്കുന്ന മറ്റു ഫീസുകള്‍ ഒന്നുമില്ല.


വീടുകള്‍ക്ക് ഈടാക്കുന്ന ഉയര്‍ന്ന വാടക കാരണം പല വിദ്യാര്‍ഥികള്‍ക്കും ഉന്നത വിദ്യാഭ്യാസത്തിനു അവസരം നിഷേധിക്കപ്പെടുകയാണെന്നു ബ്രൈറ്റന്‍ സര്‍വകലാശാലാ അധ്യാപിക റെബേക്ക സീല്‍ അഭിപ്രായപ്പെടുന്നു. ഇതു വിദ്യാഭ്യാസരംഗത്തു അസമത്വത്തിനു കാരണമാകുന്നു. സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്ന വീടുകളില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്കു മറ്റു ചിന്തകളൊന്നുമില്ലാതെ അവരുടെ പഠനം നന്നായി മുന്നോട്ടു കൊണ്ടുപോകാനാവും. എന്നാല്‍, പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കു വാടകക്കുള്ള പണം കണ്ടെത്താന്‍ പുറത്തുപോയി ജോലികള്‍ ചെയ്യേണ്ടിവരുന്നു. ഇതവരുടെ പഠനനിലവാരത്തെ ബാധിക്കുന്നു- റെബേക്ക പറയുന്നു.

Leave a Reply

Your email address will not be published.