യുഡിഎഫ് നേതൃത്വം ബഹിഷ്കരിച്ച കേരള ബാങ്ക് ഔദ്യോഗിക രൂപീകരണ യോഗത്തിൽ എല്ലാവർക്കും നന്ദി പറഞ്ഞ് സഹകരണ വകുപ്പ് മന്ത്രി.
ആർ.ബി.ഐ മുന്നോട്ടുവെച്ച ഉപാധികൾ ഒന്നും പാലിക്കാതെയാണ് ലയന നടപടികൾ ആരംഭിച്ചതെന്ന് ആരോപിച്ചാണ് പ്രതിപക്ഷം ഇന്നത്തെ ചടങ്ങ് ബഹിഷ്കരിച്ചത്. ഔദ്യോഗിക രൂപീകരണ പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയ ശേഷമാണ് അധ്യക്ഷനായ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രസംഗിക്കാനായി എത്തിയത്. കേരള ബാങ്ക് എന്ന ആശയത്തിനു തുടക്കമിട്ട അന്നുമുതൽ ഇന്നുവരെ ഇതിനു വേണ്ടി പ്രവർത്തിച്ച മുഴുവൻ ഉദ്യോഗസ്ഥരുടെയും സഹകാരികളുടെയും പേരെടുത്ത് പറഞ്ഞാണ് മന്ത്രി നന്ദി അറിയിച്ചത്. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ് സ്വാഗതം പറഞ്ഞ യോഗത്തിൽ മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എ.സി. മൊയ്തീൻ, കടന്നപ്പള്ളി രാമചന്ദ്രൻ, ടി.പി. രാമകൃഷ്ണൻ, എം.എം. മണി, കെ.കൃഷ്ണൻകുട്ടി, വി.കെ.പ്രശാന്ത് എം.എൽ.എ, തിരുവനന്തപുരം മേയർ ശ്രീകുമാർ, കോലിയക്കോട് കൃഷ്ണൻ നായർ, ചീഫ് സെക്രട്ടറി ടോം ജോസ്, സഹകരണ സംഘം രജിസ്ട്രാർ ഡോക്ടർ പി.കെ.ജയശ്രി ഐ.എ.എസ്, പാക്‌സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കേറ്റ് വി. ജോയ് എം.എൽ.എ എന്നിവർ സന്നിഹിതരായിരുന്നു.