മുറ്റത്തെ മുല്ലക്ക് തൃശ്ശൂർ ജില്ലയിൽ ഔദ്യോഗികമായി തുടക്കം: 1370 കോടി രൂപ വായ്പാ ലക്ഷ്യം.
സഹകരണ വകുപ്പിന്റെ ഗ്രാമീണ വായ്പാ പദ്ധതിയായ മുറ്റത്തെ മുല്ലക്ക് തൃശ്ശൂർ ജില്ലയിൽ ഔദ്യോഗികമായി തുടക്കമായി. മന്ത്രി എ.സി. മൊയ്തീൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലയിൽ മുറ്റത്തെ മുല്ല പദ്ധതിപ്രകാരം 1370 കോടി രൂപ വായ്പാ നൽകാനാണ് ലക്ഷ്യമിടുന്നത്. ജില്ലാ സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഈവർഷം 1370 കോടി രൂപ മുറ്റത്തെ മുല്ല പദ്ധതി പ്രകാരം തൃശൂർ ജില്ലയിൽ വായ്പ നൽകാൻ ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു. ഒരു സഹകരണ ബാങ്കും ഇതിൽ നിന്നും മാറി നിൽക്കാൻ പാടില്ല. വട്ടിപ്പലിശ കാരിൽ നിന്നും കൊള്ളപ്പലിശക്കാരെ നിന്നും സാധാരണക്കാരെ സഹായിക്കാൻ കഴിയുന്നു എന്നതിനൊപ്പം തന്നെ കുടുംബശ്രീ വഴി നൽകുന്നതോടെ നിരവധി പേർക്ക് തൊഴിൽ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. സഹകരണ ബാങ്കുകൾക്ക് ലഭിക്കുന്ന പലിശയിൽ കുറവ് വരുന്നില്ല എന്ന് മാത്രമല്ല കുടുംബശ്രീക്ക് മാന്യമായ വരുമാനവും ലഭിക്കും. കുടുംബശ്രീയിലൂടെ വ്യക്തിഗത ജാമ്യം വഴി നൽകുന്ന മുറ്റത്തെ മുല്ല വായ്പ പദ്ധതി സഹകരണ മേഖലയ്ക്ക് ഒരു പൊൻതൂവൽ ആകുമെന്ന് മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തൃശൂർ മേയർ അജിത വിജയൻ മുഖ്യാതിഥിയായിരുന്നു. കളക്ടറേറ്റ് എസ്.ഷാനവാസ് ഐ.എ.എസ് വായ്പ വിതരണം നിർവഹിച്ചു. പാക്സ് അസോസിയേഷൻ പ്രസിഡണ്ട് കെ. മുരളീധരൻ, വിവിധ സർവീസ് സംഘടനാ പ്രതിനിധികളായ സുഗു ഇട്ടിയേച്ചൻ, സുരേഷ് ബാബു, ജോസഫ് പൂമല എന്നിവർ സന്നിഹിതരായിരുന്നു.