മില്‍മയുടെ പാല്‍പ്പൊടി ഫാക്ടറി ഓഗസ്റ്റില്‍ പൂര്‍ത്തിയാകും; ഒരു ലക്ഷം ലിറ്റര്‍ പാലില്‍ നിന്നും 10 മെട്രിക് ടണ്‍ പാല്‍പ്പൊടി

moonamvazhi

കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന അധിക പാല്‍ പാല്‍പ്പൊടിയാക്കി മാറ്റാനുള്ള മില്‍മയുടെ പദ്ധതി ഉടന്‍ പ്രാവര്‍ത്തികമാകും. മൂര്‍ക്കനാട് മില്‍മ ഡയറി പ്ലാന്റിനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന പാല്‍പ്പൊടി നിര്‍മാണ ഫാക്ടറിയുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. രണ്ടുമാസത്തിനുളളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഓഗസ്റ്റില്‍ കമ്മീഷന്‍ ചെയ്യാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കിലെ മൂര്‍ക്കനാട്ട് 12.4 ഏക്കറിലാണ് ഫാക്ടറി. ഒരു ലക്ഷം ലിറ്റര്‍ പാലില്‍ നിന്നും 10 മെട്രിക് ടണ്‍ പാല്‍പ്പൊടിയാണ് പ്രതിദിന ഉല്‍പാദനശേഷി.

131.03 കോടി രൂപ മൊത്തം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കുവേണ്ടി സ്റ്റേറ്റ് പ്ലാന്‍ ഫണ്ട് വഴി 15 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നബാര്‍ഡിന്റെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധി (ആര്‍.ഐ.ഡി.എഫ്) യില്‍ നിന്ന് 32.72 കോടി രൂപയും മില്‍മ മലബാര്‍ മേഖലാ യൂണിയന്റെ വിഹിതമായ 83.31 കോടി രൂപയും ഉപയോഗിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മലബാര്‍ മേഖലാ യൂണിയന്‍ കേരളത്തിലെ ഏറ്റവും വലിയ ക്ഷീരോത്പാദക സഹകരണ യൂണിയനാണ്. പ്രതിദിനം എട്ട് ലക്ഷത്തോളം ലിറ്റര്‍ പാല്‍ സംഭരണവും സംസ്‌കരണവും വിപണനവും ഇവിടെ നടക്കുന്നു.

കേരളത്തിലെ മില്‍മയുടെ ആദ്യ പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി നിലവില്‍ വന്നത് ആലപ്പുഴയിലാണ്. എന്നാല്‍ ഫാക്ടറി പ്രവര്‍ത്തനരഹിതമായതോടെ പാല്‍ തമിഴ്‌നാട്ടില്‍ എത്തിച്ചായിരുന്നു പാല്‍പ്പൊടി നിര്‍മിച്ചിരുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് അതിന് കഴിയാതെ വന്നതോടെ മലബാര്‍ യൂണിയന്‍ പ്രതിസന്ധിയിലായിരുന്നു. പുതിയ പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി നിലവില്‍ വരുന്നതോടെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരമാകും. സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന അധികം പാല്‍ പാല്‍പ്പൊടിയാക്കി മാറ്റുന്നതിന് ഇനി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരില്ല. 2021 ഫെബ്രുവരി 10 നാണ് മില്‍മയുടെ പാല്‍പ്പൊടി നിര്‍മാണ ഫാക്ടറിക്ക് തറക്കല്ലിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News