മഹാരാഷ്ട്രയിലെ ഭവനസംഘങ്ങള്‍ക്കെതിരായ ഓണ്‍ലൈന്‍ പരാതികളില്‍ രണ്ടു മാസത്തിനകം തീര്‍പ്പുണ്ടാക്കും

moonamvazhi

ഭവനനിര്‍മാണ സഹകരണസംഘങ്ങളിലെ അംഗങ്ങള്‍ ഓണ്‍ലൈനായി നല്‍കുന്ന എല്ലാ പരാതികള്‍ക്കും രണ്ടു മാസത്തിനകം തീര്‍പ്പു കല്‍പ്പിക്കണമെന്നു മഹാരാഷ്ട്ര സഹകരണസംഘം രജിസ്ട്രാര്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍മാരോട് ആവശ്യപ്പെട്ടു. ഭവനനിര്‍മാണ സഹകരണസംഘം അംഗങ്ങള്‍ക്കു എളുപ്പത്തില്‍ പരാതി നല്‍കാനായി കഴിഞ്ഞ ഒക്ടോബറില്‍ തുടങ്ങിയ സഹകാര്‍ സംവാദ് എന്ന പോര്‍ട്ടലില്‍ സഹകരണവകുപ്പിനു കിട്ടിയ 1700 പരാതികളില്‍ 1104 എണ്ണത്തിലും ഇതിനകം തീര്‍പ്പുണ്ടാക്കിക്കഴിഞ്ഞു.

പരാതികളുടെ പരിഹാരത്തിനായി പ്രശ്‌നങ്ങളെ 23 വിഭാഗമാക്കി പട്ടിക തിരിച്ചാണു പോര്‍ട്ടലില്‍ കൊടുത്തിരിക്കുന്നത്. സംസ്ഥാന സഹകരണവകുപ്പ് പ്രശ്‌നപരിഹാരത്തിനായി വിശദമായ നടപടിക്രമങ്ങള്‍ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജേഴ്‌സ് ( SOP ) എന്ന പേരില്‍ തയാറാക്കിയിട്ടുണ്ട്. പരാതി കിട്ടിയാലുടന്‍ ഉദ്യോഗസ്ഥര്‍ നടപടികള്‍ തുടങ്ങും. പുണെയില്‍ കിട്ടിയ പരാതികളില്‍ 80-85 എണ്ണം പരിഹരിച്ചുകഴിഞ്ഞതായും ബാക്കിയുള്ളവയില്‍ ഉടനെ പരിഹാരം കാണുമെന്നും പുണെയിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍ ദിഗംബര്‍ ഹസാരെ അറിയിച്ചു.

വീട്ടിലിരുന്നു പരാതി രജിസ്റ്റര്‍ ചെയ്യാന്‍ അമ്പതു രൂപയേ ഫീസുള്ളു. സംസ്ഥാനത്തെ രജിസ്റ്റര്‍ ചെയ്ത 1.2 ലക്ഷം ഭവനനിര്‍മാണ സഹകരണസംഘങ്ങളിലെ അംഗങ്ങള്‍ക്ക് ഈ പോര്‍ട്ടല്‍ പ്രയോജനം ചെയ്യും. ഓഹരി സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കുക, അംഗത്വം നിഷേധിക്കുക, കൈമാറ്റത്തിന് അമിതഫീസ് വാങ്ങുക, രേഖകളുടെയും റെക്കോഡുകളുടെയും കോപ്പികള്‍ നല്‍കാതിരിക്കുക, റെക്കോഡുകള്‍ സൂക്ഷിക്കാതിരിക്കുക തുടങ്ങിയ പരാതികളാണു പ്രധാനമായും പോര്‍ട്ടലില്‍ എത്തുക.

സംസ്ഥാന സഹകരണവകുപ്പിന്റെയും സംസ്ഥാന ഹൗസിങ് ഫെഡറേഷന്റെയും അംഗങ്ങളുള്‍പ്പെടെയുള്ളവരാണു നടപടിക്രമങ്ങള്‍ തയാറാക്കിയത്. പരാതികള്‍ പരിഹരിക്കുന്നതുസംബന്ധിച്ച് മാസത്തിലൊരിക്കല്‍ അവലോകനം നടത്തുന്നുണ്ട്. ഏറ്റവും കൂടുതല്‍ പരാതികള്‍ കിട്ടിക്കഴിഞ്ഞ പുണെയിലും മുംബൈയിലും അവലോകനം നടത്തിക്കഴിഞ്ഞെന്നു ഹൗസിങ് സൊസൈറ്റികളുടെ അഡീഷണല്‍ രജിസ്ട്രാര്‍ ജ്യോതി മെറ്റെ അറിയിച്ചു. പരാതികള്‍ക്കു പെട്ടെന്നു പരിഹാരം കണ്ടെത്താന്‍ SOP സഹായിക്കുമെന്നു ഹൗസിങ് ഫെഡറേഷന്റെ ഡയറക്ടര്‍ അഡ്വ. ശ്രീപ്രസാദ് പരബ് അഭിപ്രായപ്പെട്ടു. പരാതി നല്‍കിക്കഴിഞ്ഞാല്‍ അതിന്റെ അവസ്ഥ എന്തായി എന്നു പരാതിക്കാരനു അറിയാനുള്ള ട്രാക്കിങ് സംവിധാനവും പോര്‍ട്ടലിലുണ്ട്- അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒക്ടോബറില്‍ പോര്‍ട്ടല്‍ തുടങ്ങി ഏതാനും മാസങ്ങള്‍ക്കകം 1038 പരാതികള്‍ കിട്ടിയെന്നു സംസ്ഥാന സഹകരണവകുപ്പ് അറിയിച്ചു. പരാതികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ രജിസ്ട്രാര്‍ ഓഫീസുകളില്‍ പോകേണ്ട എന്നതാണു വലിയ കാര്യമെന്നു പുണെ ജില്ലാ സഹകരണ ഭവനനിര്‍മാണ ഫെഡറേഷന്റെ പിംപിള്‍ സൗദാഗര്‍ ശാഖയുടെ ചെയര്‍പേഴ്‌സന്‍ ചാരുഹാസ് കുല്‍ക്കര്‍ണി അഭിപ്രായപ്പെട്ടു. ഫെഡറേഷന്റെ കീഴിലുള്ള പുണെ, മുംബൈ, താനെ ജില്ലാ ഭവനനിര്‍മാണ സഹകരണസംഘങ്ങള്‍ പോര്‍ട്ടല്‍ സജീവമായി പ്രയോജനപ്പെടുത്തുന്നുണ്ടെന്നു അവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News