മള്‍ട്ടി സ്റ്റേറ്റ് ബാങ്കുകള്‍ക്ക് ഇനി കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി വേണ്ട
മള്‍ട്ടി സ്റ്റേറ്റ് സഹകരണ അര്‍ബന്‍ ബാങ്കുകള്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ഇനിമുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണ്ടതില്ല. റിസര്‍വ് ബാങ്കിന്റെ പുതിയ നയം അനുസരിച്ച് മുന്‍കൂര്‍ അനുമതിയില്ലാതെ തന്നെ അര്‍ബന്‍ ബാങ്കുകള്‍ക്ക് ശാഖ തുടങ്ങാനാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അര്‍ബന്‍ ബാങ്കുകള്‍ക്കുള്ള പ്രവര്‍ത്തന പരിധി ഇതോടെ ഇല്ലാതായി. സാരസ്വത് പോലുള്ള വന്‍കിട അര്‍ബന്‍ ബാങ്കുകള്‍ക്ക് കേരളത്തില്‍ ശാഖ തുടങ്ങുന്നതിന് ഇനി തടസ്സമുണ്ടാകില്ല.
മള്‍ട്ടി സ്റ്റേറ്റ് ക്രഡിറ്റ് സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അതിന് പ്രവര്‍ത്തന പരിധിയുള്ള സംസ്ഥാനങ്ങളുടെ എതിര്‍പ്പില്ലാ രേഖ വേണമെന്നാണ് നിലവിലെ വ്യവസ്ഥ. കേരളം ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സഹകരണ രജിസ്ട്രാര്‍ എതിര്‍പ്പില്ലാ രേഖ വേണമെന്ന വ്യവസ്ഥ കൊണ്ടുവന്നത്. കേരളം പ്രവര്‍ത്തനപരിധിയാക്കി വ്യാപകമായ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ തുടങ്ങാന്‍ മറ്റ് സംസ്ഥാനങ്ങളിലെ ഗ്രൂപ്പുകള്‍ ശ്രമം തുടങ്ങിയപ്പോഴാണ് ഇത്തരമൊരു പരാതി കേരളം ഉന്നയിച്ചത്. ഇതിന് ശേഷം മള്‍ട്ടി സ്റ്റേറ്റ് ക്രഡിറ്റ് സഹകരണ സംഘങ്ങള്‍ക്ക് കേരളം പ്രവര്‍ത്തന പരിധിയാക്കി പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സഹകരണ സംഘം രജിസ്ട്രാര്‍ എന്‍.ഒ.സി. നല്‍കിയിരുന്നില്ല.
അര്‍ബന്‍ ബാങ്കുകളില്‍ വരുത്തണ്ട പരിഷ്‌കാരങ്ങളെ കുറിച്ച് പഠിക്കാന്‍ റിസര്‍വ് ബാങ്ക് നിയോഗിച്ച എന്‍.എസ്. വിശ്വനാഥന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് പുതിയ നയം ആര്‍.ബി.ഐ. പ്രഖ്യാപിച്ചത്. സാമ്പത്തിക അടിത്തറയും നല്ല മാനേജ്‌മെന്റ് സംവിധാനവുമുള്ള (എഫ്.എസ്.ഡബ്ല്യു.എം). അര്‍ബന്‍ ബാങ്കുകള്‍ക്ക് പത്ത് ശതമാനം ശാഖകള്‍ ഒരോവര്‍ഷവും അധികമായി തുടങ്ങാമെന്നതാണ് ഈ നയത്തിലുള്ളത്. ഇത് അതത് ബാങ്കുകളുടെ പ്രവര്‍ത്തന പരിധിയ്ക്കുള്ളിലാകണമെന്ന് പറയുന്നില്ല. അര്‍ബന്‍ ബാങ്കുകള്‍ക്ക് പ്രവര്‍ത്തന പരിധി ഒഴിവാക്കണമെന്നാണ് വിശ്വനാഥന്‍ കമ്മിറ്റിയുടെ ശുപാര്‍ശയിലുള്ളത്. മികച്ച അര്‍ബന്‍ ബാങ്കുകള്‍ക്ക് അന്തര്‍ദേശിയ ബാങ്കായി പ്രവര്‍ത്തിക്കാന്‍ പോലും കഴിയണമെന്നാണ് സമിതി ശുപാര്‍ശ ചെയ്തത്. അതിനാല്‍, എഫ്.എസ്.ഡബ്ല്യു.എം. ബാങ്കുകള്‍ക്ക് പ്രവര്‍ത്തനപരിധി മാനദണ്ഡം റിസര്‍വ് ബാങ്ക് ഇനി അംഗീകരിക്കാന്‍ ഇടയില്ല.
സംസ്ഥാന സഹകരണ നിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത അര്‍ബന്‍ ബാങ്കുകള്‍ക്ക് ആ സംസ്ഥാനത്തിനുള്ളില്‍ എവിടെ വേണമെങ്കിലും ശാഖകള്‍ക്ക് അപേക്ഷിക്കാനാകും. എന്നാല്‍, ഇത്തരം അര്‍ബന്‍ ബാങ്കുകളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണമുള്ളതിനാല്‍ അക്കാര്യത്തില്‍ ഒരുനയപരമായ തീരുമാനം സര്‍ക്കാരിലും വേണ്ടിവരും. എന്നാല്‍, മള്‍ട്ടി സ്റ്റേറ്റ് സഹകരണ അര്‍ബന്‍ ബാങ്കുകള്‍ക്ക് പ്രവര്‍ത്തനപരിധി കേന്ദ്രസഹകരണ മന്ത്രാലയം നിര്‍ബന്ധമാക്കിയില്ലെങ്കില്‍ ഏത് സംസ്ഥാനത്തും അവയ്ക്ക് ശാഖ തുടങ്ങാനാകും. ഇക്കാര്യത്തില്‍ ആര്‍.ബി.ഐ. വ്യവസ്ഥകള്‍ അനുകൂലമാണ്. കേരളത്തില്‍ സഹകരണ ബാങ്കുകള്‍ക്ക് വിശ്വാസ്യത ഏറെയാണ്. അതിനാല്‍, കൂടുതല്‍ നിക്ഷേപം ലഭിക്കും. ഇക്കാരണത്താല്‍ കേരളത്തില്‍ പ്രവര്‍ത്തന കേന്ദ്രം ഉണ്ടാക്കാന്‍ മള്‍ട്ടി സ്റ്റേറ്റ് ബാങ്കുകള്‍ക്ക് താല്‍പര്യം ഏറെയാണ്.
[mbzshare]