മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കാം- ഹൈക്കോടതി

Deepthi Vipin lal

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം നിയമവരുദ്ധമല്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിര്‍ബന്ധിത ലയനത്തിന് വ്യവസ്ഥ നിശ്ചയിച്ച് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധമാണെന്ന വാദം ജസ്റ്റിസ് രാജാവിജയരാഘവന്‍ തള്ളി. ഇത്തരമൊരു നടപടിക്ക് സര്‍ക്കാരിന് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ലയന നടപടികളുമായി മുന്നോട്ടുപോകാന്‍ കോടതി സര്‍ക്കാരിന് അനുമതി നല്‍കി.

 

ഓര്‍ഡിനന്‍സിനെ എതിര്‍ത്തും അനുകൂലിച്ചും ആറ് ഹരജികളാണ് ഹൈക്കോടതി പരിഗണിച്ചത്. നിര്‍ബന്ധിത ലയനമെന്നത് സഹകരണ തത്വങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും ഭരണഘടന നല്‍കുന്ന അവകാശത്തിനും എതിരാണെന്ന് ചൂണ്ടിക്കാട്ടി നാല് ഹരജികളാണുണ്ടായിരുന്നത്. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് മാനേജിഗ് കമ്മിറ്റി, ജില്ലാബാങ്ക് അംഗസംഘങ്ങളായ തുവൂര്‍ പ്രാഥമിക സഹകരണ ബാങ്ക്, പുലാപ്പറ്റ പ്രാഥമിക സഹകരണ സഹകരണ ബാങ്ക്, ജീവനക്കാരുടെ സംഘടന എന്നിവയാണ് ഓര്‍ഡിനന്‍സ് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്.

ഓര്‍ഡിനന്‍സ് നിയമപരമാണന്നും മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കില്‍ ലയിപ്പിക്കണമെന്നും ആവശ്യപ്പെട്ട് രണ്ട് ഹരജികളാണുണ്ടായിരുന്നത്. ജില്ലാ സഹകരണ ബാങ്ക് എംപ്ലോയിസ് ഫെഡറേഷന്‍, പുലമാന്തോള്‍ സര്‍വ്വീസ് സഹകരണ ബാങ്ക് എന്നിവരാണ് ഈ ഹരജി നല്‍കിയത്. സഹകരണ വായ്പ മേഖല രണ്ടുതട്ടിലേക്ക് മാറ്റാനുള്ള തീരുമാനത്തിന്റെ ഭാഗമാണ് കേരളബാങ്ക് രൂപവത്കരണമെന്നതാണ് സര്‍ക്കാര്‍ വാദം. അതുകൊണ്ട്, മലപ്പുറം ജില്ലാസഹകരണ ബാങ്ക് മാറിനില്‍ക്കുന്നത് പ്രതിസന്ധിയുണ്ടാക്കുന്നതാണ്. അതിനാലാണ് നിര്‍ബന്ധിത ലയനത്തിലേക്ക് പോകേണ്ടിവന്നതെന്ന് സര്‍ക്കാര്‍ വാദിച്ചു. ഇക്കാര്യം ഹൈക്കോടതി അംഗീകരിച്ചാണ്, ഓര്‍ഡിനന്‍സിനെതിരെയുള്ള ഹരജി തള്ളിയതും, ലയനവുമായി മുന്നോട്ടുപോകാന്‍ അനുമതി നല്‍കിയതും.

നിര്‍ബന്ധിത ലയനത്തിന് സര്‍ക്കാര്‍ മുന്നോട്ടുവെച്ച വിശദീകരണം ഇങ്ങനെയാണ്. സഹകരണ വായ്പ ഘടന രണ്ടുതട്ടിലേക്ക് മാറ്റാനാണ് ജില്ലാസഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ നടപടക്രമം എളുപ്പമാക്കാന്‍ പൊതുയോഗത്തിന്റെ മൂന്നില്‍രണ്ട് ഭൂരിപക്ഷമെന്ന വ്യവസ്ഥമാറ്റി നിയമത്തില്‍ കേവല ഭൂരിപക്ഷം മതിയെന്നുകൊണ്ടുവന്നു. എന്നാല്‍, മലപ്പുറം ഈ ലയന നിര്‍ദ്ദേശത്തെ പൂര്‍ണമായും തള്ളി. ലയനത്തിന്റെ ഉദ്ദേശത്തെ ഉള്‍കൊള്ളാന്‍ മലപ്പുറം ജില്ലാബാങ്കിനായില്ല. ഇടത്തട്ടിലെ പലിശയും, മറ്റുചെലവുകളും, പണത്തിന്റെ ഇടത്തട്ട് കേന്ദ്രീകരണവും ഒഴിവാക്കാനാണ് ജില്ലാബാങ്കുകളെ സര്‍ക്കാര്‍ ഇല്ലാതാക്കിയത്. ഇത് മലപ്പുറത്ത് നടന്നില്ല.

ഇപ്പോഴത്തെ നിയമമനുസരിച്ച് മലപ്പുറം ജില്ലാസഹകരണ ബാങ്കിന്റെ നിലനില്‍പ് അപകടത്തിലാണ്. മലപ്പുറം ജില്ലയിലെ അടക്കം എല്ലാ പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളും കേരളബാങ്കിന്റെ അംഗങ്ങളാണ്. ജില്ലാബാങ്കിന്റെ ഭൂരിപക്ഷം ഫണ്ടും ഈ പ്രാഥമിക സഹകരണ ബാങ്കുകളുടേതാണ്. അവരത് പിന്‍വലിച്ചാല്‍ ജില്ലാബാങ്കിന്റെ നിലനില്‍പ് വെല്ലുവിളിയിലാകും. അതുകൊണ്ടാണ്, ലയനനിര്‍ദ്ദേശം പൊതുയോഗം തള്ളിയാലും മലപ്പുറം ജില്ലാബാങ്കിനെ കേരളബാങ്കിനോട് ചേര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് വൈകിയത് കോവിഡ്19 വ്യാപനം കൊണ്ടും ലോക്ഡൗണ്‍ കാരണവുമാണെന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News