മലപ്പുറം മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിന്റെ ഭാഗമായി; സ്‌പെഷ്യല്‍ ഓഫീസര്‍ ചുമതല ഏറ്റെടുത്തു
മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചുകൊണ്ടുള്ള സർക്കാർ നടപടികൾ പൂർത്തീകരിച്ചതിന് പിന്നാലെ നിലവിലെ ഭരണസമിതിയും ഇല്ലാതായി. മറ്റ് നടപടികൾ പൂർത്തിയാക്കി പൂർണമായും കേരളബാങ്കിന്റെ ഘടകമായി പ്രവർത്തിക്കുന്ന വിധത്തിൽ സ്പെഷൽ ഓഫീസറെ നിയോഗിച്ചു. കേരളബാങ്കിന്റെ എറണാകുളം ബിസിനസ്സ് ജനറൽ മാനേജറാണ് സ്‌പെഷ്യൽ ഓഫീസറായി ചുമതലയേറ്റത്.
മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് വന്നതിനെ തുടർന്ന് ലയനം പൂർത്തിയാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു. ഇതിനെതിരെ ബാങ്ക് പ്രസിഡന്റും ഒരുസംഘം പ്രാഥമിക സഹകരണ ബാങ്ക് പ്രസിഡന്റുമാരും നൽകിയ അപ്പീലും ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. ഇതോടെയാണ് സ്പെഷൽ ഓഫീസറെ അടക്കം നിയോഗിച്ച നടപടികളിലേക്ക് കടന്നത്.
മലപ്പുറം ജില്ലാബാങ്കിനെ കൂടി ഭാഗമാക്കിയതോടെ കേരളമാകെ ശാഖകളുള്ള ഏഷ്യയിലെ എറ്റവും വലിയ സഹകരണ ബാങ്കിങ്ങ് സ്ഥാപനമായി കേരളബാങ്ക് മാറിയെന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. 769 ശാഖകളാണ് ഇന്നലെവരെ കേരളബാങ്കിന് ഉണ്ടായതെങ്കില്‍ മലപ്പുറം കൂടി ഭാഗമായതോടെ അത് 823 ആയി ഉയര്‍ന്നു എന്നത് ഏറെ അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ കൂടുതല്‍ ജനകീയമായി മാറുന്നതിന്റെ ഭാഗമായി നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് റിസര്‍വ്വ് ബാങ്കിന്റെ അംഗീകാരം നേടി ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതില്‍ നിന്ന് മലപ്പുറം ജില്ലാ ബാങ്ക് മാത്രം മാറി നില്‍ക്കുകയായിരുന്നു. 13 ജില്ലാസഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതിന് 2019 ഒക്ടോബര്‍ ഏഴിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കി. ഈ ബാങ്കുകളെ കേരള സംസ്ഥാന സഹകരണ ബാങ്കുമായി സംയോജിപ്പിക്കുക എന്ന നിയമപരമായ നടപടിയാണ് 2019 നവംബര്‍ 29 ന് പൂര്‍ത്തീകരിച്ചത്. അന്നുമുതല്‍ കോടതിയില്‍ നടന്ന നിയമപോരാട്ടങ്ങളാണ് ഇപ്പോള്‍ പൂര്‍ണമായി അവസാനിച്ചത്.
[mbzshare]