മധ്യപ്രദേശില്‍ സഹകരണ ഓംബുഡ്‌സ്മാനെ നിയമിക്കുന്നു
മധ്യപ്രദേശില്‍ സഹകരണ മേഖലയിലെ പരാതികള്‍ക്കു പരിഹാരമുണ്ടാക്കാന്‍ ഓംബുഡ്‌സ്മാനെ നിയമിക്കാന്‍ സര്‍ക്കാര്‍ നടപടിയാരംഭിച്ചു. ഓണ്‍ലൈനിലൂടെ സഹകരണ സംഘങ്ങളുടെ രജിസ്‌ട്രേഷനു തുടക്കമിട്ട സംസ്ഥാനത്തു സഹകരണ ഓംബുഡ്‌സ്മാന്‍ വരുന്നത് ഇതാദ്യമായാണ്. സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളിലെയും 38 ജില്ലാ കേന്ദ്ര കോ-ഓപ്പറേറ്റീവ് ബാങ്കുകളിലെയും പരാതികളാണ് ഓംബുഡ്‌സ്മാന്റെ പരിധിയില്‍ വരിക.
സംസ്ഥാന സഹകരണ വകുപ്പ് ഓംബുഡ്‌സ്മാന്‍ സംബന്ധിച്ച നിര്‍ദേശം സര്‍ക്കാരിനയച്ചുകഴിഞ്ഞു. വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥരോ അഡീഷണല്‍ / ജോയന്റ് രജിസ്ട്രാര്‍മാരോ ആയിരിക്കും ബന്ധപ്പെട്ട സംഘങ്ങളില്‍ ഓംബുഡ്‌സ്മാനായി നിയമിതരാവുക. മറ്റു ബാങ്കുകളിലെ ഓംബുഡ്‌സ്മാന്റെ മാതൃകയിലാവും സഹകരണ ഓംബുഡ്‌സ്മാനും പ്രവര്‍ത്തിക്കുക.
മധ്യപ്രദേശില്‍ അമ്പതു ലക്ഷം കര്‍ഷകരാണു സഹകരണ സംഘങ്ങളില്‍ അംഗങ്ങളായിട്ടുള്ളത്. ഇതില്‍ 25 ലക്ഷം പേരും സംഘങ്ങളില്‍ നിന്നു ഹ്രസ്വകാല കാര്‍ഷിക വായ്കളെടുക്കുന്നവരാണ്. വായ്പാ ആവശ്യത്തിലേക്കായി ജില്ലാ ബാങ്കുകള്‍ക്കു സര്‍ക്കാര്‍ വര്‍ഷത്തില്‍ 800 കോടി രൂപയുടെ ധനസഹായം അനുവദിക്കുന്നുണ്ട്. ഉത്തമവിശ്വാസത്തോടെ സഹകരണ ബാങ്കുകളില്‍ നിക്ഷേപിക്കുന്ന കര്‍ഷകരെയും നിക്ഷേപകരെയും സംരക്ഷിക്കുകയാണു ഓംബുഡ്‌സ്മാന്റെ നിയമനത്തിലൂടെ ഉദ്ദേശിക്കുന്നത്. കര്‍ഷകരുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച സംഭവങ്ങള്‍ നേരത്തേ സംസ്ഥാനത്തുണ്ടായിട്ടുണ്ട്.