മധുരതീരമൊരുക്കി വലപ്പാട് ബാങ്ക്
(2020 ഡിസംബര്‍ ലക്കം)
ഒരു നൂറ്റാണ്ട് പിന്നിട്ട വലപ്പാട് സഹകരണ ബാങ്ക് കൃഷി ചെയ്ത ചോളത്തിനു ഒരു പ്രത്യേക മധുരമുണ്ട്. തീരദേശ മണ്ണില്‍ മറ്റു വിളകളോടൊപ്പം ചോളവും കൂടുതലായി വിളയിക്കാനാണ് ബാങ്കിന്റെ പരിപാടി. സ്വാതന്ത്ര്യ സമരത്തിന്റെ ആവേശമുള്‍ക്കൊണ്ട് ജന്മമെടുത്ത വലപ്പാട് ബാങ്ക് ഒരു നാടിന്റെ ആശ്വാസകേന്ദ്രമാണ്.
ഹൃദയത്തെപ്പോലെയാണ്, സ്‌നേഹം വിതച്ചാല്‍ മണ്ണും മധുരം വിളയിക്കും. ഉപ്പുരസത്തോട് അടുപ്പമുള്ള കടലോരം അടുത്തുണ്ടെങ്കിലും മനസ്സറിഞ്ഞ് വിതച്ചാല്‍ വിളവില്‍ മധുരം കലരുമെന്നു തൃശ്ശൂര്‍ വലപ്പാട്ടെ കൃഷിയിടങ്ങള്‍ തെളിയിക്കുകയാണ്. നാട്ടുകാരുടെ ആശ്വാസനിശ്വാസങ്ങള്‍ ഏറെ പതിച്ച ഇടമായതുകൊണ്ടാകാം, അതിനായി നൂറ്റാണ്ടിന്റെ നന്മവഴി വെട്ടിയ വലപ്പാട് സര്‍വീസ് സഹകരണ ബാങ്കിന്റെ ചോളപ്പാടത്ത് വിളഞ്ഞ സ്വര്‍ണമണികള്‍ക്ക് മണ്ണും മാനവും അല്‍പ്പം മധുരം പകര്‍ന്നു നല്‍കിയത്.
സുഭിക്ഷകേരളം പദ്ധതിയില്‍പ്പെടുത്തി വലപ്പാട് പഞ്ചായത്തില്‍ അഞ്ചിടങ്ങളിലായി ആറേക്കര്‍ സ്ഥലത്ത് ബാങ്ക് കൃഷിയിറക്കിയിട്ടുണ്ട്. കുറ്റിപ്പയര്‍, കുറ്റി അമര, കൂര്‍ക്ക, കപ്പ, പടവലം, പാവയ്ക്ക, ചീനിച്ചേമ്പ്, കോളിഫ്‌ളവര്‍, കാബേജ് തുടങ്ങി വിവിധയിനം പച്ചക്കറികളാണ് കൃഷി ചെയ്തിട്ടുള്ളത്. ഇതോടൊപ്പം ചെണ്ടുമല്ലിത്തോട്ടവും 51 ഔഷധ സസ്യങ്ങളുടെ തോട്ടവും പ്രത്യേകമായി ഒരുക്കി. ഗ്രാമപ്പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹായത്തോടെ ബാങ്ക് നേരിട്ടാണ് ഇതെല്ലം ചെയ്തത്. കൃഷിയിടങ്ങള്‍ക്ക് ചുറ്റും ഒരു പരീക്ഷണമെന്ന നിലയില്‍ ചോളം വിതച്ചു. ഒരു ജൈവ കവചം പോലെ ചോളച്ചെടികള്‍ വളര്‍ന്നത് മറ്റു വിളകള്‍ക്ക് ഗുണവുമായി. കേരളത്തില്‍ തമിഴതിര്‍ത്തി പ്രദേശങ്ങളില്‍ അപൂര്‍വമായി മാത്രം കണ്ടുവരുന്ന ചോളക്കൃഷിയില്‍ നിന്ന് വ്യത്യസ്തമായി വലപ്പാട്ടെ മണ്ണില്‍ വിളഞ്ഞ ചോളത്തിന് വേവിച്ചെടുക്കുമ്പോള്‍ അല്‍പ്പം മധുരരുചി കൈവന്നത് ആസ്വാദ്യകരമായി. തൃശ്ശൂരില്‍ നിന്നു കൊണ്ടുവന്ന വിത്തുപയോഗിച്ച് അഞ്ഞൂറോളം തടങ്ങളിലായാണ് ഇപ്പോള്‍ കൃഷിചെയ്തത്. വിളഞ്ഞ ചോളത്തിന്റെ വിത്ത് തയാറാക്കിയിട്ടുണ്ട്. ഇതുപയോഗിച്ച് 1500 തടങ്ങളില്‍ അടുത്തു തന്നെ കൃഷിയിറക്കും. കുറ്റിപ്പയറിന്റെയും ചെണ്ടുമല്ലിയുടെയും വിളവെടുപ്പ് പൂര്‍ത്തിയായി. ഉല്‍പ്പന്നങ്ങളില്‍ അധികവും കൃഷിയിടങ്ങളില്‍ നിന്നുതന്നെ വിറ്റു തീര്‍ന്നു.
കൃഷിയോട് ആഭിമുഖ്യം
മത്സ്യത്തൊഴിലാളികള്‍ കൂടുതലുള്ള വലപ്പാട്ടെ തീരദേശ മേഖലയില്‍ ഇടത്തരം വിഭാഗക്കാരും ചെറുകിട കര്‍ഷകരും തൊഴിലാളികളും പ്രവാസികളുമടങ്ങുന്ന സമ്മിശ്ര ജനവിഭാഗത്തിന്റെ സാന്നിധ്യമുണ്ട്. അതുകൊണ്ടുതന്നെ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ബാങ്ക് ഇപ്പോഴും മുന്‍തൂക്കം നല്‍കാറുണ്ട്.
2014 ല്‍ പച്ചക്കറിത്തൈകളടങ്ങിയ 5000 ഗ്രോബാഗുകളില്‍ മണ്ണും വളവും നിറച്ച് ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി ബാങ്ക് നല്‍കിയിരുന്നു. ഇതില്‍ നിന്നു വിളഞ്ഞ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനായി ജൈവ പച്ചക്കറി വിപണന കേന്ദ്രവും തുടങ്ങി. എന്നാല്‍, കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രളയവും അതിവര്‍ഷവും കൃഷിയെ സാരമായി ബാധിച്ചു. പ്രളയ പ്രഹരത്തിന്റെ നോവകറ്റാന്‍ കഴിഞ്ഞ വര്‍ഷം ബാങ്കിന്റെ സ്വന്തം സ്ഥലത്ത് നെല്ലും പച്ചക്കറിയും കൃഷി ചെയ്തു വീണ്ടും പച്ചപ്പ് വിരിച്ചു. ഇപ്പോള്‍ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ആറേക്കര്‍ തരിശുഭൂമിയില്‍ കൃഷിയുടെ വിളവെടുപ്പുകള്‍ ഒന്നൊന്നായി നടക്കുമ്പോള്‍ പഴയ ജൈവ പച്ചക്കറി വിപണന കേന്ദ്രം പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. ബാങ്ക് അതിനുള്ള ഒരുക്കത്തിലാണിപ്പോള്‍.
അഞ്ചു സ്ഥലങ്ങളിലായി നടക്കുന്ന കാര്‍ഷികവൃത്തികള്‍ക്കു നേതൃത്വം നല്‍കുന്നത് ബാങ്ക് നിയോഗിച്ച അഞ്ചു ജീവനക്കാരാണ്. നിര്‍മല്‍ തോമസ്, വി.ബി. പ്രഭാഷ്, വി.എസ്. സൂരജ്, ടി.കെ. രാഗേഷ്, പി.വൈ. നിഖില്‍ എന്നിവരാണവര്‍. ഇതിനു പുറമെ ആഴ്ചയിലൊരു ദിവസം ഭരണസമിതി അംഗങ്ങളും മറ്റെല്ലാ ജീവനക്കാരും കൃഷിയിടങ്ങളിലെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യും.
നാട്ടിലെ നാളികേര കര്‍ഷകര്‍ക്ക് ന്യായവില കിട്ടാന്‍ ബാങ്ക് തുടങ്ങിയ നാളികേര സംഭരണ – സംസ്‌കരണ കേന്ദ്രം ഇതുവരെ കൊപ്രയുണ്ടാക്കി വില്‍പ്പന നടത്തുക മാത്രമാണ് ചെയ്തിരുന്നത്. ഇനിയിപ്പോള്‍ വെളിച്ചെണ്ണയുണ്ടാക്കി പ്രത്യേക ബ്രാന്‍ഡില്‍ വില്‍പ്പന നടത്താന്‍ തയാറെടുക്കുകയാണെന്ന് ബാങ്ക് സെക്രട്ടറി വി. ആര്‍. ബാബു പറഞ്ഞു.
ദേശീയതയുടെ സഹകരണവഴി
ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപംകൊണ്ടതാണ് വലപ്പാട് സര്‍വീസ് സഹകരണ ബാങ്ക്. പഴയ മലബാര്‍ ജില്ലയുടെ ഭാഗമായ പൊന്നാനി താലൂക്കില്‍ ഉള്‍പ്പെട്ടതായിരുന്നു അന്ന് വലപ്പാട്. മലബാര്‍ മേഖലയില്‍ അക്കാലത്ത് പൊതുവെ ഉണ്ടായിരുന്ന സ്വാതന്ത്ര്യ സമരാവേശം വലപ്പാട്ടും പ്രകടമായിരുന്നു. സമര രംഗത്തെ ദേശീയ നേതാവായിരുന്ന ഗോപാലകൃഷ്ണ ഗോഖലെ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. വലപ്പാട്ടെ പഴയകാല ജ•ിമാരായിരുന്ന ബ്‌ളാഹയില്‍ കുടുംബത്തിന്റെ പിന്തുണയോടെ അന്നത്തെ സാമൂഹിക പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നുണ്ടാക്കിയ സംഘമാണ് ഇന്നത്തെ ബാങ്കിന്റെ ആദ്യ രൂപം. 1918 ല്‍ ഐക്യ നാണയ സംഘമായി രജിസ്റ്റര്‍ ചെയ്ത് അടുത്ത വര്‍ഷം പ്രവര്‍ത്തനം തുടങ്ങി. ചെറുകിട കര്‍ഷകര്‍ക്ക് പണം വായ്പ കൊടുത്ത് സഹായിക്കുക എന്നതായിരുന്നു മുഖ്യ ലക്ഷ്യം. ദേശീയതയ്ക്കായി വലപ്പാട്ടുയര്‍ന്ന സഹകരണത്തിന്റെ ഈ ഐക്യസ്തൂപം നൂറാണ്ട് പിന്നിട്ടു കഴിയുമ്പോള്‍ കൂടുതല്‍ കെട്ടുറപ്പോടെ ഒരു നാടിന്റെ ആശ്വാസ കേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുന്നു.
കര്‍ഷകര്‍ക്ക് വായ്പാ സഹായത്തിനു പുറമെ വളവും കീടനാശിനികളും ലഭ്യമാക്കിക്കൊണ്ട് പിന്നീട് ഗോഡൗണുകള്‍ തുറന്നു. ഇടയ്ക്ക് മൂന്നിടത്ത് റേഷന്‍ കടകളും നടത്തിയിരുന്നു. ഇന്നിപ്പോള്‍ സ്‌പെഷ്യല്‍ ഗ്രേഡ് പദവി എപ്പോഴും ലഭിക്കാവുന്ന ക്ലാസ് വണ്‍ ബാങ്കായി വളര്‍ച്ച നേടി. നൂറു കോടി രൂപയുടെ നിക്ഷേപവും 75 കോടി രൂപയുടെ വായ്പയും നിലവിലുണ്ട്. 20 വാര്‍ഡുകളുള്ള വലപ്പാട് ഗ്രാമപ്പഞ്ചായത്തിലെ ആറു വാര്‍ഡുകള്‍ പൂര്‍ണമായും നാലു വാര്‍ഡുകള്‍ ഭാഗികമായും അടങ്ങുന്നതാണ് ബാങ്കിന്റെ പ്രവര്‍ത്തനമേഖല. കുരിശു പള്ളി എന്ന സ്ഥലത്തെ ഹെഡ് ഓഫീസ് അടക്കം നാല് ശാഖകളുണ്ട്. ഒരു ശാഖ രാവിലെ 7.30 മുതല്‍ രാത്രി 7.30 വരെ പ്രവര്‍ത്തിക്കും. തീരദേശ മേഖലയില്‍ രണ്ടു ശാഖകളുണ്ട്. 18 ജീവനക്കാരാണ് ബാങ്കിന്റെ സേവനത്തിനായുള്ളത്. 11,000 വരുന്ന അംഗങ്ങള്‍ക്ക് പത്തു ശതമാനം വരെ ലാഭ വിഹിതം നല്‍കുന്ന ബാങ്കാണിത്.
ആദ്യഘട്ടത്തില്‍ത്തന്നെ വലപ്പാട് ബാങ്ക് നീതി മെഡിക്കല്‍ സ്റ്റോര്‍ തുടങ്ങിയിരുന്നു. തീരദേശ മേഖലയില്‍ തുടങ്ങിയ ഈ സ്ഥാപനം നാട്ടുകാര്‍ക്ക് വലിയ ആശ്വാസമാണെന്ന് വിറ്റുവരവ് കണക്കുകള്‍ തെളിയിക്കുന്നു. പ്രതിദിനം ഒന്നര ലക്ഷം രൂപയുടെ വില്‍പ്പന ഇവിടെ നടക്കുന്നുണ്ട്. ഇതോടെ മറ്റു മരുന്നുവില്‍പ്പനക്കടകള്‍ വില കുറയ്ക്കാനും തയാറായി.
പ്രസിദ്ധമാണ് വലപ്പാട് ബാങ്ക് നടത്തുന്ന ഓണച്ചന്ത. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സാധാരണ കാഴ്ചക്കുലയായി സമര്‍പ്പിക്കാറുള്ള ചങ്ങാലിക്കോടന്‍ നേന്ത്രക്കായ ഓണച്ചന്തയുടെ പ്രത്യേക ആകര്‍ഷണമാണ്. തൊലിയുടെ കനക്കുറവും നല്ല രുചിയുമാണ് ചങ്ങാലിക്കോടനെ പ്രിയതരമാക്കുന്നത്. ഓണച്ചന്തയിലേക്ക് ഈ ഇനം എത്തിക്കാന്‍ നേരത്തെതന്നെ തോട്ടങ്ങള്‍ ഉറപ്പാക്കുകയാണ് ബാങ്ക് ചെയ്യുക.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും വൈസ് പ്രസിഡന്റായും പത്തു വര്‍ഷം ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ടും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചും ആര്‍ജിച്ച പദ്ധതി ആസൂത്രണ മികവാണ് സെക്രട്ടറി എന്ന നിലയില്‍ വി.ആര്‍. ബാബു ബാങ്കിനായി പകര്‍ന്നു നല്‍കുന്നത്. ബാങ്കിന് സ്വന്തമായി വായനശാലയുണ്ട്. ഇപ്പോള്‍ 1200 ഓളം പുസ്തകങ്ങളുള്ള വായനശാല കൂടുതല്‍ വിപുലീകരിച്ച് നാട്ടുകാര്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുത്തുമെന്ന് ബാബു പറഞ്ഞു. സുനാമി ദുരിതകാലത്ത് 53 ലക്ഷം രൂപയുടെ പലിശയിളവ് ബാങ്ക് നല്‍കി. സംസ്ഥാനത്തു തന്നെ ഇതൊരു വലിയ സഹായമായി വിലയിരുത്തപ്പെട്ടു. ഭൂരിഭാഗം വരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ ആശ്വാസം ലഭിച്ച നടപടിയായിരുന്നു ഇത്. നാട്ടികയില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക കോവിഡ് ചികിത്സാ കേന്ദ്രത്തിന് ബാങ്ക് സഹായം നല്‍കി വരുന്നുണ്ട്. പഞ്ചായത്തിലെ ഒന്നാം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികളില്‍ മികവ് തെളിയിക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡുകളും നല്‍കി വരുന്നു.
വനിതയുടെ നേതൃത്വം
കഴിഞ്ഞ നാലു വര്‍ഷമായി ബാങ്ക് ഭരണസമിതിയുടെ പ്രസിഡന്റ് വനിതയാണ്. മഹിളാ സംഘടനയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു നേടിയ നേതൃപാടവവുമായാണ് രാജിഷ ശിവജി ബാങ്കിന്റെ അമരത്തെത്തുന്നത്. സ്ത്രീ ശാക്തീകരണവും ഉന്നമനവുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ക്ക് പ്രസിഡന്റിന്റെ പ്രത്യേക കയ്യൊപ്പുണ്ട്. ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ വനിതകളെ ഏകോപിപ്പിക്കുന്നതിലും രാജിഷയുടെ നേതൃത്വം ഏറെ സഹായകരമാകുന്നുണ്ട്. വനിതകള്‍ക്കായി കൂടുതല്‍ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനും അതിലൂടെ കുടുംബങ്ങള്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കാനുമായി കുറഞ്ഞ പലിശയിലും ലളിത വ്യവസ്ഥയിലും വിവിധ വായ്പകള്‍ അനുവദിക്കാനാണ് ബാങ്ക് ശ്രമിക്കുന്നതെന്ന് രാജിഷ പറഞ്ഞു. മുന്നൂറോളം കുടുംബശ്രീ ഇടപാടുകളിലൂടെ ആയിരക്കണക്കിന് സാധാരണക്കാരായ സ്ത്രീകള്‍ക്കിടയില്‍ ബാങ്ക് പണലഭ്യത ഉറപ്പുവരുത്തുന്നുണ്ടെന്നും അവര്‍ പറഞ്ഞു. സി.കെ. കുട്ടന്‍ മാസ്റ്റര്‍, ഇ.പി. അജയഘോഷ്, ബി.കെ. മണിലാല്‍, സി.എം. നാസറുദ്ദീന്‍, കെ.എ. വിജയന്‍, ജബിന്‍.കെ.ജോര്‍ജ്, കെ.വി. സജീവ്, എ.കെ. ശശി, മല്ലിക ദേവന്‍, ഷൈലജ ജയലാല്‍, ബിനു.എന്‍. ശ്രീധര്‍ എന്നിവരാണ് ഭരണ സമിതിയിലെ മറ്റ് അംഗങ്ങള്‍.