മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ അര്‍ബന്‍ ബാങ്കുകള്‍ ആധുനികവത്കരിക്കണം – മന്ത്രി അമിത് ഷാ
രാജ്യത്തെ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ സമതുലനാവസ്ഥയിലുള്ള വികസനത്തില്‍ ശ്രദ്ധയൂന്നണമെന്നും മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ ആധുനിക ബാങ്കിങ് രീതികള്‍ അവലംബിക്കണമെന്നും കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു.
പ്രവര്‍ത്തനത്തില്‍ 100 വര്‍ഷം പിന്നിട്ട അര്‍ബന്‍ ബാങ്കുകളെ ആദരിക്കാന്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
അര്‍ബന്‍ സഹകരണ ബാങ്കിങ്ങില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരണം. ഇതിനു ഘടനാപരമായിത്തന്നെ മാറ്റങ്ങള്‍ വരുത്തണം. അക്കൗണ്ടിങ് കമ്പ്യൂട്ടര്‍വത്കരിക്കണം. മിടുക്കരായ യുവാക്കളെ സഹകരണ മേഖലയിലേക്ക് ആകര്‍ഷിക്കണം -മന്ത്രി അമിത് ഷാ നിര്‍ദേശിച്ചു.
നിക്ഷേപത്തിന്റെയും അഡ്വാന്‍സ് പെയ്‌മെന്റിന്റെയും കാര്യത്തില്‍ ബാങ്കിങ് മേഖലയെ മൊത്തത്തിലെടുത്താന്‍ അര്‍ബന്‍ ബാങ്കുകളുടെ പങ്ക് നിസ്സാരമാണ്. രാജ്യത്താകെ 1534 അര്‍ബന്‍ ബാങ്കുകളും 54 ഷെഡ്യൂള്‍ഡ് അര്‍ബന്‍ സഹകരണ ബാങ്കുകളുമാണുള്ളത്. പക്ഷേ, വികസനം പോരാ. സമതുലനമായ വികസനമാണ് അര്‍ബന്‍ സഹകരണരംഗത്തു വേണ്ടത് – അദ്ദേഹം അഭിപ്രായപ്പെട്ടു.