അടാട്ട് ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക്ഭ രണസമിതി പിരിച്ചുവിട്ടത് ഹൈക്കോടതി റദ്ദാക്കി
അടാട്ട് ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്ററുടെ ഭരണം ഏര്‍പ്പെടുത്തിയ നടപടി ഹൈക്കോടതി റദ്ദാക്കി.
സഹകരണ നിയമത്തിലെ നടപടിക്രമം പാലിച്ചല്ല പിരിച്ചുവിട്ടതെന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. കോണ്‍ഗ്രസിന്റെ ഭരണസമിതി മൂന്നുവര്‍ഷം പൂര്‍ത്തിയാക്കാതെ 2017 ഏപ്രില്‍ 12 നാണ് സമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്ററുടെ ഭരണം ഏര്‍പ്പെടുത്തിയത്.അന്നുമുതല്‍ അഡ്മിനിസ്‌ട്രേറ്ററുടെ ഭരണത്തിലാണ് ബാങ്ക്.
ഭരണസമിതി പിരിച്ചു വിട്ടപ്പോള്‍ പ്രസിഡന്റായിരുന്ന എം.വി. രാജേന്ദ്രനാണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ സിംഗിള്‍ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. യു.ഡി.എഫ് സര്‍ക്കാറിന്റെ ഭരണകാലത്ത് 2011 ല്‍ അടാട്ട് സഹകരണ ബാങ്കിന്റെ സി.പി.എം ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്ററുടെ ഭരണം ഏര്‍പ്പെടുത്തിയിരുന്നു. 2014 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭരണസമിതി ബാങ്ക് പിടിച്ചെടുത്തു. തുടര്‍ന്ന് ഭരണം മാറിയെത്തിയ ഇടത് സര്‍ക്കാര്‍ 2017 ല്‍ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്ററുടെ ഭരണം ഏര്‍പ്പെടുത്തി. ഭരണമേറ്റ അഡ്മിനിസ്‌ട്രേറ്റര്‍ ബാങ്കില്‍ അംഗങ്ങളായിരുന്ന 4464 പേരുടെ അംഗത്വം റദ്ദാക്കിയത് വിവാദമായിരുന്നു.
ഇത് ചോദ്യം ചെയ്ത ചില അംഗങ്ങള്‍ 2020 ല്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചില്‍ ഹര്‍ജി നല്‍കി. ഇത് പരിഗണിച്ച കോടതി അഡ്മിനിസ്ട്രറേറ്ററുടെ നടപടി തെറ്റാണെന്ന് വിധിച്ചു. എന്നാല്‍ ഇതിനെതിരെ അഡ്മിനിസ്ട്രറ്റര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ പോയി. അംഗത്വം റദ്ദാക്കി കൊണ്ടുള്ള അഡ്മിനിസ്‌ട്രേറ്ററുടെ നടപടി ഡിവിഷന്‍ ബഞ്ച് ശരിവെച്ചു. 2022 ഡിസംബര്‍ ഒന്നിന്റെ ഡിവിഷന്‍ വിധി ചോദ്യം ചെയ്ത് ചില അംഗങ്ങള്‍ സുപ്രീംകോടതിയുടെ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചു. ഈ ഹര്‍ജിയില്‍ അംഗത്വം റദ്ദാക്കി അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവ് ശരിവെച്ചുളള ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതി സ്‌റ്റേ പുറപ്പെടുവിച്ചു. ഈ നടപടിക്കിടെയാണ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കിയത്.