ഭരണനിര്‍വഹണം മെച്ചപ്പെടുത്താന്‍ അര്‍ബന്‍ ബാങ്കുകളുടെ യോഗം വിളിച്ച് റിസര്‍വ് ബാങ്ക്

[mbzauthor]

ബാങ്കിങ് നിയന്ത്രണനിയമത്തിന്‍കീഴില്‍ വരുന്ന സഹകരണ അര്‍ബന്‍ ബാങ്കുകളിലെ ഡയറക്ടര്‍മാരുടെ ആദ്യയോഗം റിസര്‍വ് ബാങ്ക് മുംബൈയില്‍ വിളിച്ചുചേര്‍ത്തു. മുംബൈ മേഖലയില്‍പ്പെട്ട 41 അര്‍ബന്‍ ബാങ്കുകളുടെ 125 പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. അര്‍ബന്‍ ബാങ്കുകളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന സാരസ്വത് ബാങ്ക് ചെയര്‍മാന്‍ ഏക്‌നാഥ് താക്കൂര്‍, കോസ്‌മോസ് ബാങ്ക് വൈസ് ചെയര്‍മാന്‍ പ്രവീണ്‍കുമാര്‍ ഗാന്ധി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തവരില്‍പ്പെടും.

‘ ബാങ്കുകളിലെ ഭരണനിര്‍വഹണം -സുസ്ഥിരവളര്‍ച്ചക്കും സ്ഥിരതക്കുംവേണ്ടി ‘  എന്ന വിഷയത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ മുംബൈ മേഖലയിലെ ടയര്‍ – 3, ടയര്‍ – 4 വിഭാഗങ്ങളില്‍പ്പെട്ട അര്‍ബന്‍ ബാങ്കുകളുടെ ഡയറക്ടര്‍മാരുടെ യോഗമാണു ബുധനാഴ്ച വിളിച്ചുചേര്‍ത്തത്. യോഗം ഉദ്ഘാടനം ചെയ്ത റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസ് യഥാര്‍ഥ സാമ്പത്തികനില പൊലിപ്പിച്ചുകാട്ടാന്‍ നവഅക്കൗണ്ടിങ് രീതികള്‍ പ്രയോഗിക്കുന്നതിനെതിരെ അര്‍ബന്‍ സഹകരണ ബാങ്കുകളുടെ ഡയറക്ടര്‍മാര്‍ക്കു മുന്നറിയിപ്പു നല്‍കി.

ബാങ്കിങ് നിയന്ത്രണനിയമത്തിന്‍കീഴില്‍ വരുന്ന ബാങ്കുകളുടെ ഡയറക്ടര്‍മാരുമായി റിസര്‍വ് ബാങ്ക് നടത്തുന്ന രണ്ടാമത്തെ യോഗമാണിത്. ഇക്കഴിഞ്ഞ മേയില്‍ പൊതുമേഖലാ, സ്വകാര്യമേഖലാ ബാങ്കുകളുടെ ഡയറക്ടര്‍മാരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍മാരുടെ മറ്റു മേഖലായോഗങ്ങളും അടുത്തുതന്നെ നടക്കും.

കിട്ടാക്കടം തിരിച്ചുപിടിക്കുന്നതില്‍ ബാങ്ക് ഡയറക്ടമാര്‍ക്കു നിര്‍ണായക പങ്ക് വഹിക്കാനുണ്ടെന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. ബാങ്കുകളുടെ സ്ഥിരത ഉറപ്പുവരുത്തുന്നതില്‍ ഗുണമേന്മയുള്ള ഭരണനിര്‍വഹണത്തിനു വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ട് ഭരണനിര്‍വഹണരീതികള്‍ ശക്തിപ്പെടുത്താന്‍ അതിനു സഹായകരമായ മൂന്നു തൂണുകളെ – നിര്‍ദേശങ്ങള്‍ അനുസരിക്കല്‍, റിസ്‌ക് മാനേജ്‌മെന്റ്, ആഭ്യന്തര ഓഡിറ്റ് – ബലപ്പെടുത്തേണ്ടതുണ്ട്. ബാങ്കിങ് മേഖലയില്‍ മതിയായ നൈപുണ്യവും വൈദഗ്ധ്യവുമുള്ള പ്രൊഫഷണലുകളാവണം ഡയറക്ടര്‍മാര്‍. ഡയറക്ടര്‍ബോഡ് യോഗങ്ങളിലെ ചര്‍ച്ചകള്‍ സുതാര്യമായിരിക്കണം. ബോര്‍ഡ്തല സമിതികള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുകയും വേണം- ശക്തികാന്തദാസ് നിര്‍ദേശിച്ചു.

നാല് അര്‍ബന്‍ ബാങ്കുകള്‍ക്ക്
പിഴ ചുമത്തി

റിസര്‍വ് ബാങ്കിന്റെ നിയമങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചതിനു നാലു അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കു പിഴ ചുമത്തി. ജമ്മു കാശ്മീര്‍ ഉധംപൂരിലെ ദേവിക അര്‍ബന്‍ സഹകരണ ബാങ്ക്, മഹാരാഷ്ട്ര പാല്‍ഗഡിലെ ജനതാ സഹകരണ ബാങ്ക്, പുണെയിലെ വാല്‍ചാന്ദ് നഗര്‍ സഹകാരി ബാങ്ക്, ഗുജറാത്ത് വഡോദരയിലെ ശ്രീ സഹകരണ ബാങ്ക് എന്നിവയ്‌ക്കെതിരെയാണു റിസര്‍വ് ബാങ്ക് നടപടിയെടുത്തത്. നാലു ബാങ്കുകള്‍ക്കുംകൂടി ആകെ എട്ടര ലക്ഷം രൂപയാണു പിഴ ചുമത്തിയത്.

[mbzshare]

Leave a Reply

Your email address will not be published.