ബാങ്കുകള്‍ വലുതാകുമ്പോള്‍ സംഭവിക്കുന്നത്

Deepthi Vipin lal

രാഘവന്‍ ബെള്ളിപ്പാടി

ബാങ്കുകളെ പരസ്പരം ലയിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ വലിയ ബാങ്കുകളാക്കുകയാണ്. ഈ നടപടി നമ്മുടെ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുമോ?  സാധാരണ ജനങ്ങള്‍ക്ക് ഗുണം ചെയ്യുമോ ?  ഒരാലോചന

ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുമ്പോള്‍ കേന്ദ്രഗവണ്‍മെന്റ് ബാങ്കുകളെ ലയിപ്പിച്ചുകൊണ്ട് മുന്നോട്ടു പോവുകയാണ്. സാമ്പത്തിക വളര്‍ച്ചനിരക്ക് അഞ്ചു ശതമാനത്തിലും താഴ്ന്നിരിക്കുന്നു. ആഗോള പ്രശ്‌നമായി ഇതിനെ വ്യാഖ്യാനിക്കാമെങ്കിലും രാജ്യത്തെ തനതു സാമ്പത്തിക സ്ഥിതി ഒട്ടും ഭദ്രമല്ല എന്നുവേണം കരുതാന്‍. അതിനുവേണ്ടിയാണല്ലോ റിസര്‍വ് ബാങ്കിലെ കരുതല്‍ ധനത്തുകയമായ 1,76,000 കോടി കേന്ദ്രം ഏറ്റെടുക്കുന്നത്. ബാങ്കുകളുടെ ലിക്വിഡേഷന്‍ സമയത്ത് ഉപയോഗിക്കേണ്ട പണമാണിത്. സത്യത്തില്‍ വിത്തെടുത്ത് കുത്തിത്തിന്നുന്ന പ്രതീതി.

1991 ല്‍ ചന്ദ്രശേഖര്‍ ഗവണ്‍മെന്റ് രാജ്യത്തെ സ്വര്‍ണശേഖരം എടുത്ത് വിറ്റപ്പോള്‍ ഇതുപോലുള്ള അനുഭവം രാജ്യത്തുണ്ടാവുവുകയും സാമ്പത്തിക വിദഗ്ധര്‍ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തതാണ്. രണ്ടു വര്‍ഷം മുമ്പ് സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പുകളെ ലയിപ്പിച്ചപ്പോള്‍ മറ്റു ബാങ്കുകളെയും ഈ വിധത്തില്‍ ലയിപ്പിക്കും എന്ന വ്യക്തമായ സന്ദേശം കേന്ദ്രം നല്‍കിയിരുന്നു. എന്നാല്‍, ഇത്തരത്തില്‍ ബാങ്കുകള്‍ പരസ്പരം സംയോജിപ്പിച്ച് വലിയ ബാങ്കുകളാക്കുമ്പോള്‍ അതിന്റെ ഓഹരിയുടമകളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതുപോലെ, ജനങ്ങളെ ഇതിന്റെ സാധുതയും ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇതൊന്നുമില്ലാതെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

ബാങ്ക് ലയനം

കഴിഞ്ഞവര്‍ഷം ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയ ബാങ്ക് എന്നിവയുടെ ലയനവും നടന്നതോടെ ബാങ്ക് ലയനം കുറേക്കൂടി ശക്തമായി. കാനറാ ബാങ്കും സിന്‍ഡിക്കേറ്റ് ബാങ്കും ലയിക്കും. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ യുണൈറ്റഡ് ബാങ്കും ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ആന്ധ്രാ ബാങ്കും കോര്‍പ്പറേഷന്‍ ബാങ്കും ഇന്ത്യന്‍ ബാങ്കില്‍ അലഹബാദ് ബാങ്കും ലയിക്കും.

കേരളത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ക്കെല്ലാം കൂടിയുള്ള 4059 ശാഖകളില്‍ 250 എണ്ണം പൂട്ടും. ഇവയിലെല്ലാം കൂടി രണ്ടായിരത്തില്‍പ്പരം ജീവനക്കാര്‍ ഇപ്പോള്‍ പിരിച്ചുവിടപ്പെടില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടിവരികയോ വി. ആര്‍. എസ് എടുക്കുകയോ ചെയ്യേണ്ടിവരും. ഭാവിയില്‍ അത്രയും പേര്‍ക്കും തൊഴില്‍ സാധ്യത ഇല്ലാതാവും.

തദ്ദേശീയവും വിദേശീയവുമായ സ്വകാര്യ ബാങ്കുകളുമായി മത്സരിക്കാനാണ് പൊതുമേഖലാ ബാങ്കുകളുടെ ലയനം കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ആയതിന് നിരത്തുന്ന വാദം വളരെ വിചിത്രമാണ്. അതായത്, 2011 ല്‍ രാജ്യത്തെ മൊത്തം ബാങ്ക് നിക്ഷേപത്തിന്റെ 75 ശതമാനവും പൊതുമേഖലാ ബാങ്കുകളിലായിരുന്നു. 2019 ല്‍ അത് 63 ശതമാനമായി കുറഞ്ഞു. മാത്രവുമല്ല, ലോകത്തിലെ ഏറ്റവും വികസിതമായ അഞ്ചു രാജ്യങ്ങളില്‍ ഒന്നാവാന്‍ വെമ്പല്‍ കൊള്ളുന്ന ഇന്ത്യയ്ക്ക് വലിയ ബാങ്കുകള്‍ ഗുണം ചെയ്യും എന്നാണ് പറയുന്ന ന്യായം. അതേ അവസരത്തില്‍ പേയ്‌മെന്റ് ബാങ്കുകള്‍ക്ക് ഇഷ്ടം പോലെ തുറക്കാന്‍ ആര്‍. ബി. ഐ. ലൈസന്‍സ് നല്‍കുന്നുമുണ്ട്. ഇതൊരു വൈരുധ്യമാണ്. ഇവിടെ നമ്മള്‍ ഒരു കാര്യം ഓര്‍ക്കുന്നത് നന്നായിരിക്കും. 2010 കളില്‍ ലോകത്തെ ശക്തമായ പല ബാങ്കുകളും പൂട്ടേണ്ടിവന്നപ്പോള്‍ ഇന്ത്യന്‍ ബാങ്കുകളൊന്നും തകര്‍ന്നില്ല. ഏറ്റവും ശക്തമായ രാജ്യമായ അമേരിക്കയില്‍ പത്തോളം ബാങ്കുകള്‍ തകര്‍ന്ന് തരിപ്പണമായി. എന്നാല്‍, ഇന്ത്യയില്‍ ഒറ്റ ബാങ്കും തകര്‍ന്നില്ലെന്നു മാത്രമല്ല കൂടുതല്‍ ശക്തമാവുകയാണ് ഉണ്ടായത്.

അതേസമയം, രാജ്യത്ത് സ്വകാര്യ ബാങ്കുകള്‍ കൂടുതല്‍ ശക്തമായതോടെ സ്ഥിതി വ്യത്യസ്തമാവുകയാണ്. ബാങ്ക്് ദേശസാല്‍ക്കരണത്തിന്റെ അന്തസ്സത്ത ചോദ്യം ചെയ്യപ്പെടുകയാണ്.  ഉദാരവല്‍കരണവും ആഗോളീകരണവും രാജ്യത്തെ ശക്തമായ ബാങ്കിങ്ങിനെ ചോദ്യം ചെയ്യുന്നു. റിസര്‍വ് ബാങ്കിന്റെ മോണിറ്ററി പോളിസിയുടെ ചട്ടക്കൂട്ടില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമായതുകൊണ്ടാണ് ഇന്ത്യയിലെ ബാങ്കുകള്‍ ലോകത്ത് തലയുയര്‍ത്തി നില്‍ക്കുന്നത്. ഇന്ന് ബിഎസ്എന്‍എലിന്റെ അവസ്ഥയെന്താണ്?  റിലയന്‍സിനും മറ്റു സ്വകാര്യ ടെലികമ്യുണിക്കേഷന്‍ ഏജന്‍സികള്‍ക്കും 5 ജി നല്‍കുമ്പോള്‍ ആടചഘ ഇപ്പോഴും 3 ജി കൊണ്ട് ചക്രശ്വാസം വലിക്കുകയാണ്. സ്വകാര്യ ബാങ്കുകള്‍ പുതിയ ടെക്നോളജിയുമായി നമ്മുടെ തദ്ദേശീയമായ പാരമ്പര്യ ബാങ്കുകളോട് മത്സരിച്ച് അവയെ പിന്നണിയിലേക്ക് തള്ളിവിടുകയാണ്. സര്‍ക്കാരിനും പൊതുമേഖലാ ബാങ്കുകളെ സാങ്കേതികമായി ശക്തിപ്പെടുത്താന്‍ ആഗ്രഹമില്ല. ഉണ്ടായിരുന്നെങ്കില്‍ അവ എന്നേ ശക്തമായി സാമ്പത്തിക രംഗത്ത് മുന്നേറുമായിരുന്നു.

ബാങ്കിന്റെ വലുപ്പവും ബാലന്‍സ ്ഷീറ്റിന്റെ കരുത്തുമാണ് ആഗോള ബാങ്കിങ് മേഖല പരിഗണിക്കുന്നത് എന്നതാണ് മറ്റൊരു കാഴ്ച്ചപ്പാട്. 1990ല്‍ ബാങ്കിങ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നരസിംഹം കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചെറിയ ബാങ്കുകളെ തമ്മില്‍ ലയിപ്പിച്ചാല്‍ ഇന്ത്യയുടെ ബാങ്കിങ് മേഖല ശക്തമാകും എന്നാണ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍, വലിയ ബാങ്കുകള്‍ രാജ്യത്തെ 95 ശതമാനത്തിലധികം വരുന്ന സാധാരണക്കാരെ ഏതുവിധേന കൈകാര്യം ചെയ്യുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. അവ വമ്പന്‍ സ്രാവുകള്‍ക്ക് പിറകില്‍ നങ്കൂരമിട്ടു മുന്നോട്ടുപോകും. ഒടുവില്‍, മല്ല്യയെപ്പോലെയുള്ള കൂറ്റന്‍ കാളകള്‍ ഇത്തരം ബാങ്കുകളുടെ പണം ചോര്‍ത്തും. നിഷ്‌ക്രിയ ആസ്തി കൂടി, കിട്ടാക്കടമായി അവ എഴുതിത്തള്ളേണ്ട സാഹചര്യമുണ്ടാവും.

സാങ്കേതികവിദ്യ വ്യാപിക്കണം

രാജ്യത്തെ ബാങ്കിങ് സാങ്കേതികവിദ്യയുടെ വ്യാപനം ത്വരിതഗതിയിലാക്കേണ്ടത് അനിവാര്യമാണ്. അതിന് ചെറിയ ബാങ്കുകള്‍ക്കുള്ള മൂലധന പര്യാപ്തത വര്‍ധിപ്പിച്ച് ടാര്‍ജറ്റ് വെച്ച് കാര്യങ്ങള്‍ മുന്നോട്ടുനീക്കുന്നതായിരിക്കും അഭികാമ്യം. ഖണ്ഡേല്‍വാള്‍ കമ്മിറ്റി ചൂണ്ടിക്കാണിച്ചതുപോലെ ടെക്നോളജി കൂട്ടാന്‍ വലിയ ബാങ്കാക്കണമെന്നില്ല. മറ്റു വികസിത രാജ്യങ്ങളെ പിന്നിലാക്കാന്‍ നമ്മള്‍ ആകാശവിപ്ലവത്തില്‍ നൂതനാധ്യായം തന്നെ രചിച്ചില്ലേ? ചാന്ദ്രയാന്‍-2 പരാജയപ്പെട്ടെങ്കിലും ഏകദേശം 95 ശതമാനം വരെ അടുത്തെത്തിയില്ലേ? രാജ്യം വലുതായതുകൊണ്ടല്ലല്ലോ ഇതു സാധിച്ചത്. നമ്മുടെ ശാസ്ത്രജ്ഞരുടെ ഇച്ഛാശക്തി ഒന്നുകൊണ്ടുമാത്രമാണ് ഇത്രയും മുന്നേറാന്‍ നമുക്ക് കഴിഞ്ഞത്.

ഇന്ത്യയില്‍ വന്‍കിട ബാങ്കുകളില്ല എന്നും ചൈന പോലുള്ള രാജ്യങ്ങളോട് മത്സരിക്കുമ്പോള്‍ നാം ശക്തമാകണമെന്നുമാണ് ബാങ്ക് ലയനവാദികളുടെ മറ്റൊരു വാദം. ബാങ്കുകളുടെ പാരമ്പര്യം, സംസ്‌കാരം, ഇടപാടിന്റെ വൈഭവതലങ്ങള്‍ എന്നിവ കണക്കിലെടുത്താണ് ലയനത്തിന്റെ മാനദണ്ഡങ്ങള്‍ പരിഗണിച്ചതെന്നാണ് വിശദീകരണം. അന്തരിച്ച മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബാങ്കുകളുടെ ലയനത്തിനായി നിരന്തരം വാദിച്ചിരുന്നു. മുന്‍ ആര്‍. ബി. ഐ. ഗവര്‍ണര്‍ രഘുറാം രാജന്‍ ലയനതത്പരനല്ല. ഊര്‍ജിത് പട്ടേലും മിക്കവാറും ആ വഴിയേ ത്തന്നെയാണ് സഞ്ചരിച്ചത്. ബാങ്ക് ഓഫ് ബറോഡയും വിജയാബാങ്കും ദേനാ ബാങ്കും തമ്മിലുള്ള ലയനത്തിന് മുന്‍കൈയെടുത്തത് ജെയ്റ്റ്‌ലിയായിരുന്നു. ദുര്‍ബലമായ ബാങ്കുകളല്ല, ശക്തമായ ബാങ്കുകളാണ് രാജ്യത്തിനാവശ്യം എന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നതും അദ്ദേഹ മാണ്. ലോകത്തിലെ ഏറ്റവും വലിയ 50 ബാങ്കുകളെടുത്താല്‍ ഇന്ത്യയില്‍ നിന്ന് ഒരെണ്ണം പോലുമില്ല. ആദ്യത്തെ നാലു ബാങ്കുകളും ചൈനയില്‍ നിന്നാണ്.

വലിയ ബാങ്കുകള്‍ യഥാര്‍ഥത്തില്‍ ഇടപാടുകാര്‍ക്ക് ഗുണകരമാകാനുള്ള സാധ്യത വിരളമാണ്. എസ.് ബി. ഐ. യുടെ അനുഭവമെടുക്കാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ആയിരുന്നപ്പോള്‍ ലഭിച്ചിരുന്ന സേവനങ്ങള്‍ എസ്. ബി. ഐ. യില്‍ ലയിപ്പിച്ച ശേഷം ലഭിക്കുന്നില്ലെന്നത് യാഥാര്‍ഥ്യമാണ്. കാരണം, ഇടപാടുകാരുടെ എണ്ണം കൂടി, ബ്രാഞ്ചുകളുടെ എണ്ണം കുറഞ്ഞു. വലിയ വ്യവസായികള്‍ക്ക് ബാങ്കുകളുടെ ലയനം ഗുണകരമായിരിക്കും. കാരണം, അവരുടെ ആവശ്യങ്ങള്‍ വന്‍കിട ബാങ്കുകള്‍ പ്രഥമ പരിഗണനയിലൂടെ തീര്‍ക്കും. ബാങ്കുകളുടെ പ്രവര്‍ത്തനരീതി അതിവേഗം മാറിവരുന്ന സാഹചര്യത്തില്‍ ഡിജിറ്റല്‍ ബാങ്കിങ് എന്ന പ്രഖ്യാപിതലക്ഷ്യം നേടാന്‍ വര്‍ദ്ധിച്ച സാങ്കേതികവിദ്യ ബാങ്കുകള്‍ സ്വായത്തമാക്കേണ്ടതുണ്ട്. ആയതിന് വലിയ ബാങ്കുകളാണ് അഭികാമ്യം എന്നാണ് പൊതുവിലുള്ള അഭിപ്രായം. എന്നാല്‍, സാങ്കേതികവിദ്യ ഏവര്‍ക്കും ആര്‍ജിക്കാവുന്നതേയുള്ളു.

സാമ്പത്തിക മാന്ദ്യം

2016 ലെ നോട്ടു നിരോധനം ജനങ്ങളെ വല്ലാതെ വലച്ചുകളഞ്ഞു. നമ്മുടെ ജനസംഖ്യയുടെ മഹാഭൂരിപക്ഷവും ഇപ്പോഴും ബാങ്കിങ്ങിന്റെ പരിധിയ്ക്ക് പുറത്തുനില്‍ക്കുകയാണ്. കേരളത്തിന്റെ കാര്യം അല്‍പ്പം വ്യത്യസ്തമാണെങ്കിലും രാജ്യത്തെ പല ഗ്രാമങ്ങളിലും ബാങ്കുകളില്ല. ഗ്രാമങ്ങളോടാണെങ്കില്‍ വന്‍കിട ബാങ്കുകള്‍ക്ക് പുച്ഛവുമാണ്.  പ്രാദേശികമായ ബാങ്കുകളും സഹകരണ ബാങ്കുകളും മാത്രമാണ് സാധാരണക്കാരുടെ അത്താണിയായി നിലകൊള്ളുന്നത്. എന്നാല്‍, അവയുടെ മേല്‍ കുരുക്ക് മുറുക്കുന്ന നയസമീപനങ്ങളാണ് കേന്ദ്ര ബാങ്കും കേന്ദ്ര ഗവണ്‍മെന്റും ചെയ്തുകൊണ്ടിരിക്കുന്നത്. സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് ബാങ്കുകളുടെ ലയനം ഗുണകരമാവില്ലെന്ന് തന്നെയാണ് മിക്കവാറും സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായവും. നിലവില്‍ അനുഭവപ്പെടുന്ന മാന്ദ്യം താത്ക്കാലികമാണെന്നാണ് റിസര്‍വ്വ് ബേങ്കിന്റെ കാഴ്ച്ചപ്പാട്. എന്നാല്‍, ആഗോള തലത്തില്‍ പടര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന ഈ മാന്ദ്യം അത്ര എളുപ്പത്തില്‍ തരണം ചെയ്യാനാവും എന്ന് തോന്നുന്നില്ല. അത്രയും തീക്ഷ്ണമാണ് നിലവിലുള്ള മാന്ദ്യം. സ്വര്‍ണവില കണ്ടമാനം കൂടുന്നതും കാര്‍വില്‍പ്പന കുറയുന്നതുമൊക്കെ ഇതിന്റെ സൂചനയായി വേണം കരുതാന്‍.

ബാങ്കുകള്‍ വലുതാവുന്നതോടെ ഇടപാടുകളുടെ വ്യാപ്തിയും കൂടും. ഇത്തരത്തില്‍ വലുതാവുന്ന ബാങ്കുകള്‍ ഗവണ്‍മെന്റിന്റേയും ആര്‍. ബി. ഐ. യുടേയും നയനിര്‍വ്വഹണത്തില്‍ കാര്യമായ സ്വാധീനം ചെലുത്തും. രാജ്യത്തെ ചെറുകിട ബാങ്കുകള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും റിസര്‍വ് ബാങ്കിന്റെ പോളിസിയെ ഒരു വിധത്തിലും സ്വാധീനിക്കാന്‍ നിവൃത്തിയില്ലാതാകും. അതുപോലെ, രാജ്യത്തെ ഗ്രാമീണജനതയുടെ ശബ്ദവും വികാരവും ആവാഹിക്കാന്‍, അവരുടെ പരിദേവനങ്ങളെ അഭിമുഖീകരിക്കാന്‍ ബാങ്കുകള്‍ക്ക് സാധിക്കുകയുമില്ല. വന്‍സ്രാവുകള്‍ക്കു മുമ്പില്‍ ഓച്ഛാനിച്ചുനില്‍ക്കും ഈ ബാങ്കുകള്‍. നിഷ്‌ക്രിയ ആസ്തികള്‍ വര്‍ദ്ധിക്കും. നിയന്ത്രണങ്ങള്‍ക്ക് വിധേയമാകാത്ത വന്റാക്കറ്റുകള്‍ ബാങ്കുകളെ നക്കിക്കൊല്ലും. നിലവിലുള്ള ചെറുകിട ബാങ്കുകളും സഹകരണ ബാങ്കുകളും നിലനില്‍പ്പിനായി പരസ്പരം ലയിക്കുകയോ അല്ലെങ്കില്‍ മറ്റുവഴി തേടുകയോ ചെയ്യും.

( കാസര്‍കോട് പബ്ലിക് സര്‍വെന്റ്‌സ് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിയാണ് ലേഖകന്‍ )

Leave a Reply

Your email address will not be published.