ബാങ്കിങ് നിയന്ത്രണ (ഭേദഗതി) ഓർഡിനൻസ് -2020 ചാർട്ടേർഡ് അക്കൗണ്ടന്റ് ആയ ശിവദാസ് ചേറ്റൂരിന്റെ ലേഖനം തുടരുന്നു..

[mbzauthor]

ബാങ്കിങ് നിയന്ത്രണ (ഭേദഗതി) ഓർഡിനൻസ് -2020 ചാർട്ടേർഡ് അക്കൗണ്ടന്റ് ആയ ശിവദാസ് ചേറ്റൂരിന്റെ ലേഖനം തുടരുന്നു..

95. ബാങ്കിംഗ്, സഹകരണ സംഘങ്ങൾ എന്നിവ സംബന്ധിച്ചുള്ള നിയമങ്ങൾ നിർമ്മിക്കാൻ പാർലമെന്റിനും സംസ്ഥാനങ്ങൾക്കും അധികാരം നൽകുന്ന ചില ഭരണഘടനാവ്യവസ്ഥകൾ നമുക്ക് നോക്കാം.

ബാങ്കിംഗ് രംഗത്തെ പൊതുവെ നിയന്ത്രിക്കാൻ ഉള്ള അധികാരം കേന്ദ്ര പട്ടിക (Union list)യിലെ “ബാങ്കിംഗ്” എന്ന പേരിലുള്ള എൻട്രി 45 ഇൽ ആണ് കൊടുത്തിരിക്കുന്നത്; അതിനാൽ ബാങ്കിങ് നിയമങ്ങൾ നിർമ്മിക്കാൻ ഉള്ള അധികാരം പാർലമെന്റിനാണ്.

96. കേന്ദ്രപട്ടികയുടെ Entry 43 ലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. അത് ഇപ്രകാരമാണ്:

Entry 43. ബാങ്കിങ്, ഇൻഷുറൻസ്, ഫൈനാൻഷ്യൽ എന്നിവ ഉൾപ്പെടുന്ന, എന്നാൽ സഹകരണസംഘങ്ങൾ ഒഴിച്ചുള്ള ട്രേഡിങ്ങ് കോർപറേഷനുകളുടെ രൂപീകരണം, നിയന്ത്രണം,പ്രവർത്തനം അവസാനിപ്പിക്കൽ.(സഹകരണസംഘങ്ങൾ Entry 43ൽ ഉൾപ്പെടുന്നില്ല ).

97. മേല്പറഞ്ഞ എൻട്രി 43 ആയി ബന്ധപ്പെട്ട , സ്റ്റേറ്റ് ലിസ്റ്റിലെ എൻട്രി 32 നോക്കുക. അതിവിടെ കൊടുക്കുന്നു:

Entry 32. പട്ടിക I-ൽ വിവരിച്ചവ ഒഴിച്ചുള്ള കോർപറേഷനുകൾ, സർവ്വകലാശാലകൾ, കോർപ്പറേറ്റ് ചെയ്യാത്ത ട്രേഡിങ്ങ്, സാഹിത്യ, ശാസ്ത്ര, മതപരമായവ എന്നിവയും മറ്റു സൊസൈറ്റികളും അസോസിയേഷനുകളും, സഹകരണസംഘങ്ങൾ എന്നിവയുടെ രൂപീകരണം, നിയന്ത്രണം, പ്രവർത്തനം അവസാനിപ്പിക്കൽ. ഇപ്രകാരം, സഹകരണസംഘങ്ങളെ സംബന്ധിക്കുന്ന നിയമങ്ങൾ നിർമ്മിക്കാൻ ഉള്ള അധികാരം സംസ്ഥാനങ്ങൾക്കാണ്.

98. Entry 44 ഒന്നിൽ കൂടുതൽ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സഹകരണസംഘങ്ങളെ സംബന്ധിക്കുന്നവയാണ്. അതിവിടെ കൊടുക്കുന്നു:

ട്രേഡിങ്ങോ അല്ലാത്തതോ ആയ ലക്ഷ്യങ്ങൾ ഒരു സംസ്ഥാനത്തിലേക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലാത്ത, എന്നാൽ സർവ്വകലാശാലകൾ ഉൾപ്പെടാത്ത, കോർപറേഷനുകളുടെ രൂപീകരണം, നിയന്ത്രണം, പ്രവർത്തനം അവസാനിപ്പിക്കൽ.
Entry 44 നൽകുന്ന അധികാരം ഉപയോഗിച്ച്, Multi-state cooperative societies Act 2002 എന്ന നിയമത്തിനു പാർലിമെൻറ് ഈ 44 എന്റ്രയിയിലെ അധികാരം ഉപയോഗിച്ചു രൂപം കൊടുത്തു.

99. Entry 45 ബാങ്കിംഗ് പൊതുവെ നിയന്ത്രിക്കാനുള്ള അധികാരം പാർലമെന്റിനു നൽകുമ്പോൾ, Entry 32 ഒരു സഹകരണസംഘത്തിന്റെ രൂപീകരണം, നിയന്ത്രണം, പ്രവർത്തനം അവസാനിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട നിയമനിർമാണം നടത്താൻ സംസ്ഥാനത്തിന് അധികാരം നൽകുന്നു. പാർലമെന്റിന് ബാങ്കിംഗ് രംഗത്ത് അധികാരം നൽകിയിട്ടുള്ളതിനാൽ സംസ്ഥാനത്തിന്റെ അധികാരം സഹകരണസംഘത്തിന്റെ സംയോജനം, നിയന്ത്രണം, പ്രവർത്തനം അവസാനിപ്പിക്കൽ എന്നിവയിൽ മാത്രം ഒതുങ്ങുന്നുവെന്നാണ് എന്റെ അഭിപ്രായം.

ബാങ്കിംഗ് ബിസിനസ്സ് അല്ലെങ്കിൽ ബാങ്കിംഗ് ബിസിനസ്സിന്റേതിനോട് ഏതാണ്ട് സമാനമായ ബിസിനസ്സ് ചെയ്യുന്ന സഹകരണ സംഘങ്ങളെ നിയന്ത്രിക്കാനുള്ള അധികാരം ബാങ്ക്”, “ബാങ്കർ”, “ബാങ്കിംഗ്” എന്നീ 3 പദങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുകൂടി ഉപയോഗിക്കാനാകുമോ എന്നതാണ് ചോദ്യം. മറ്റു തരത്തിൽ പറഞ്ഞാൽ, ബാങ്കിംഗ് ബിസിനസ്സ് അടക്കം, സഹകരണ സംഘങ്ങളുടെ ബിസിനസ്സ് നിയന്ത്രിക്കാൻ സംസ്ഥാനത്തിന് അധികാരം ഉണ്ടെന്നതിന്റെ അടിസ്ഥാനത്തിൽ Cooperative Societies Act 1969 ഭേദഗതി ചെയ്യാനും, ഈ മൂന്ന് വാക്കുകൾ ഉപയോഗിക്കാൻ പാക്സിന് അധികാരം നൽകാനും ആകുമോ? അത്തരം ഒരു വ്യവസ്ഥ, ബി. ആർ. ഓർഡിനൻസിന്റെ സെക്ഷൻ 3-ന് കടകവിരുദ്ധവും, പാർലമെന്റിന്റെ അധികാരത്തിന്മേലുള്ള കടന്നുകയവും ആകും. ഈയൊരു സാഹചര്യത്തിൽ, കോടതികൾ ഈ പ്രശ്നം തീർപ്പാക്കേണ്ടി വരും.
100. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അധികാര വിഭജനത്തെക്കുറിച്ച് ആഴത്തിലുള്ള വിശകലനം ആവശ്യമുള്ളതിനാൽ ഞാൻ ആ കാര്യങ്ങളിലേക്ക് വിശദമായി പോകുന്നില്ല. സഹകരണസംഘങ്ങളെ നിയന്ത്രിക്കുന്നതിനായി എൻട്രി 32 പ്രകാരമുള്ള സംസ്ഥാനങ്ങളുടെ അധികാരത്തിൽ പാർലമെന്റ് കൈകടത്തുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ സെക്ഷൻ 3-നെ വെല്ലുവിളിക്കുന്നത് വളരെ വിഷമകരം ആണെന്നാണ് എന്റെ അഭിപ്രായം. എങ്കിലും, ഭരണഘടന പ്രകാരം സഹകരണസംഘങ്ങൾക്ക് ചില പ്രത്യേക അവകാശങ്ങളോ പരിഗണനയോ ലഭിക്കുന്നതിനാൽ ഇത് ഒരു കോടതിയുടെ മുമ്പാകെ പരീക്ഷിക്കുന്നതിൽ തെറ്റില്ല.

101. ഖണ്ഡിക 100-ലെ അഭിപ്രായങ്ങൾക്കു ഉപോൽബലകമാണ് ഭരണഘടനയുടെ നാലാം അധ്യായത്തിലെ “Directive principles of state policy” എന്ന തലക്കെട്ടിലുള്ള Article 43B.

വായനക്കാരുടെ സൗകര്യത്തിനായി ഞാൻ 43 ബി ഇവിടെ ഉദ്ധരിക്കുന്നു:

Article 43B: Promotion of co-operative societies. —The State shall endeavour to promote voluntary formation, autonomous functioning, democratic control and professional management of co-operative societies.
(ആർട്ടിക്കിൾ 43 ബി: സഹകരണ സംഘങ്ങളുടെ ഉന്നമനം മുന്നിൽ കണ്ടുകൊണ്ട് സ്വമേധയാ രൂപീകരണം, സ്വയംഭരണ പ്രവർത്തനം, ജനാധിപത്യ നിയന്ത്രണം, സഹകരണ സംഘങ്ങളുടെ പ്രൊഫഷണൽ മാനേജുമെന്റ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനം ശ്രമിക്കും).

102. മൂന്നാമത്തെ അധ്യായത്തിലെ മൗലികാവകാശങ്ങളിൽ നിന്ന് വ്യത്യസ്തമായി, നാലാം അധ്യായത്തിലെ വ്യവസ്ഥകൾ കോടതിക്ക് പരിശോക്കാനാവില്ല (അതായത് നാലാം അധ്യായത്തിലെ വ്യവസ്ഥകൾ പ്രാവർത്തികമാക്കാൻ നിർബന്ധിക്കാൻ ഒരാൾക്ക് അവകാശമില്ല). എന്നിരുന്നാലും, നിയമങ്ങൾ രൂപപ്പെടുത്തുന്ന സമയത്ത് നിയമനിർമ്മാതാക്കൾ നാലാം അധ്യായത്തിലെ വ്യവസ്ഥകൾ കണക്കിലെടുക്കണമെന്നും ആ വ്യവസ്ഥകളുടെ അന്തസ്സത്തക്ക് എതിരായി പോകരുതെന്നും കോടതികൾ വിധിച്ചിട്ടുണ്ട്. ഈ നിലക്കു നോക്കുമ്പോൾ, ഓർഡിനൻസിന്റെ സെക്ഷൻ 3 നെ കോടതിയിൽ ചോദ്യം ചെയ്യാൻ വകയുണ്ട്.

103. എത്രയോ കാലമായി യാതൊരു എതിർപ്പോ വിരോധമോ കൂടാതെ ഉപയോഗിച്ചിരുന്ന “ബാങ്ക്” എന്ന പദം പാക്സിന് നിഷേധിക്കരുത് എന്ന അടിസ്ഥാനത്തിലും കോടതിയിൽ വാദിക്കാവുന്നതാണ്. ദീർഘ കാലമായുള്ള, യാതൊരു എതിർപ്പും കൂടാതെയുള്ള “ബാങ്ക്” എന്ന വാക്ക് അതിന്റെ പേരിന്റെ ഭാഗമായുള്ള ഉപയോഗത്താൽ പാക്സിന് ഒരു അവകാശം സിദ്ധമായിട്ടുണ്ട്. നീതിനിഷേധത്തിനു കാരണമാകുന്നതിനാൽ പെട്ടെന്ന് ആ അവകാശം പിൻവലിക്കുന്നത് യുക്തിയ്ക്ക് നിരക്കാത്തതാണ്.
“ബാങ്ക്”എന്ന വാക്ക് ഉപയോഗിക്കാൻ അനുമതിയുള്ള ബാങ്കിംഗ് മേഖലയിലെ മറ്റ് വമ്പന്മാരുമായി പാക്സിനെ താരതമ്യം ചെയ്യാൻ കഴിയില്ല. തുല്യരല്ലാത്തവർക്ക് സംരക്ഷണം ആവശ്യമാണ്; തുല്യരുമായി അതുല്യരെ തുലനം ചെയ്യാനും കഴിയില്ല. അതിനാൽ, ആർട്ടിക്കിൾ 14 ന്റെ ബലത്തിൽ സെക്ഷൻ 3 നെ കോടതിയിൽ ചോദ്യം ചെയ്യാൻ വകയുണ്ട്; അതിനാൽ ഇത് പരീക്ഷിക്കാവുന്നതാണ്.
തുടരും..

[mbzshare]

Leave a Reply

Your email address will not be published.